ലോകമെമ്പാടും ഡിസംബർ മാസത്തിൽ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നൊരു നാടുണ്ട്, എത്യോപ്യ. ഗെന്ന എന്നാണ് എത്യോപ്യൻ ക്രിസ്മസ് അറിയപ്പെടുന്നത്. ലോകത്തിലെ മറ്റു ഭാഗങ്ങളേക്കാൾ ഏഴുവർഷം പിന്നിലാണ് ഈ ആഫ്രിക്കൻ രാജ്യം. എത്യോപ്യൻ കലണ്ടറിലെ ഒരു വർഷമെന്നാൽ 13 മാസമുൾപ്പെടുന്നതാണ്. പതിനെട്ടു വർഷത്തോളം നീണ്ടു നിന്ന പ്രവാസജീവിതത്തിൽ ഒട്ടേറെ ആഫ്രിക്കൻ രാജ്യങ്ങളിൽ താമസിച്ചിട്ടുണ്ട്. അതിൽ ഏറ്റവുമധികം സ്വാധീനിച്ച ഒരു രാജ്യമാണ് എത്യോപ്യ. ആഫ്രിക്കയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന എത്യോപ്യ മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും തികച്ചും വിഭിന്നമാണ്.
ആഡിസ് അബാബ എന്ന മായാനഗരി
ആഡിസ് അബാബ, എത്യോപ്യയുടെ തലസ്ഥാനഗരി. പുതിയ പുഷ്പം എന്നാണ് ഈ പേരിന്റെ അർഥം. പ്രാചീനമായ ദേവാലയങ്ങൾ മുതൽ ആധുനികത തുളുമ്പുന്ന തെരുവുകൾ വരെ ആഡിസ് അബാബയുടെ മാറ്റു കൂട്ടുന്നു. എത്യോപ്യൻ സംസ്കാരത്തിന്റെ നേർകാഴ്ച നൽകുന്ന ഈ നഗരം വിനോദസഞ്ചാരികൾക്കും പ്രിയങ്കരം ആണ്. ആഡിസ് മെർക്കറ്റോയാണ് ഈ നഗരത്തിലെ വലിയ മാർക്കറ്റുകളിലൊന്ന്. കിഴക്കൻ ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റു കൂടിയാണിത്.
ആഡിസ് അബാബയിൽ വരുന്ന ഏതൊരു സഞ്ചാരിയും ലൂസിയെ കാണാൻ പോകാറുണ്ട്. ഇവിടുത്തെ നാഷനൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 32 ലക്ഷം വർഷം പഴക്കം ഉള്ള ഒരു അസ്ഥികൂടമാണ് ലൂസി. ലൂസിയെ കൂടാതെ 44 ലക്ഷം വർഷം പഴക്കം ഉള്ള ആർടിയുടെ അസ്ഥിയും 33 ലക്ഷം വർഷം പഴക്കം ഉള്ള സലൈമിന്റെ അസ്ഥിയും ഈ മ്യൂസിയത്തിൽ ഉണ്ടെങ്കിലും പ്രശസ്തിയുടെ കാര്യത്തിൽ എന്തുകൊണ്ടോ ലൂസി മുന്നിൽ കയറി. പഴയകാല എത്യോപിയയുടെ അവശേഷിപ്പുകളിൽ പലതും നാഷനൽ മ്യൂസിയത്തിൽ കാണാം.
ആഡിസ് അബാബയിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന മൌണ്ട് എൻടൊട്ടോ കുന്ന് സഞ്ചാരികളുടെ പറുദീസയാണ്. പുരാതനം ആയ ഒരു ദേവാലയം ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ എത്യോപ്യൻ ചക്രവർത്തി മേനാലിക് രണ്ടാമൻ പണി കഴപ്പിച്ച കൊട്ടാരവും ഇവിടെ സ്ഥിതി ചെയ്യുന്നു. 1881 ഇൽ മേനാലിക് രണ്ടാമൻ ചക്രവർത്തി എൻടൊട്ടോയെ തലസ്ഥാനമാക്കിയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഇന്ന് ആ സ്ഥാനം ആഡിസ് അബാബയ്ക്കു നൽകിയെങ്കിലും എൻടൊട്ടോ കുന്നുകളുടെ പ്രൗഢിക്ക് ഒട്ടും കുറവില്ല. ഇവിടെ നിന്നുള്ള ആഡിസ് അബാബയുടെ ദൃശ്യം വളരെ മനോഹരം.
വൈകി വരുന്ന ക്രിസ്മസ്
എത്യോപിയക്കാരുടെ കലണ്ടർ നമ്മുടേതിൽ നിന്നും വ്യത്യസ്തം ആണ്. ഗ്രിഗോറിയൻ കലണ്ടറിന് സമാനമല്ലാത്ത കലണ്ടറുകൾ പിന്തുടരുന്ന നിരവധി ഇടങ്ങൾ ലോകത്തുണ്ട്.. എന്നാൽ വർഷത്തിൽ 12 മാസം എന്ന നിയമം എല്ലായിടത്തും പാലിക്കുന്നു. പക്ഷേ എത്യോപ്യൻ കലണ്ടർ പ്രകാരം 13 മാസമാണ് ഒരു വർഷം. അതിനാൽ അവരുടെ ക്രിസ്മസ് കുറച്ചു വൈകിയാണ് വരവ്. ജനുവരി ഏഴിനാണു എത്യോപിയയിലെ ക്രിസ്മസ്. നമ്മുടെ നാട്ടിൽ ക്രിസ്ത്യാനികൾ 25 ദിവസം നോയമ്പ് നോൽക്കുമ്പോൾ എത്യോപിയക്കാർ 43 ദിവസം നോയമ്പ് നോക്കുന്നു.
ഗെന്ന എന്ന പേരിലാണ് ക്രിസ്മസ് എത്യോപിയയിൽ അറിയപ്പെടുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഇതേ പേരിൽ തന്നെ ഒരു കളി അവർ കളിക്കാറുണ്ട്. ഈ കളിക്ക് പിന്നിൽ രസകരമായൊരു ചരിത്രമുണ്ട്. യേശു ക്രിസ്തു ജനിച്ചതായി അറിഞ്ഞ ആട്ടിടയന്മാർ ആടിനെ മേയ്ക്കുന്ന വടികൾ ഉപയോഗിച്ച് കളിക്കുകയും നൃത്തം ചവിട്ടുകയും ഉണ്ടായത്രേ. ഇതിന്റെ ഓർമയ്ക്കായാണ് ഗെന്ന കളിക്കുന്നത്.
ക്രിസ്മസ് വിഭവങ്ങൾ
ഇന്ജെറയും ഡൊറോ വാട്ടും ഇല്ലാതെ ഒരു ആഘോഷം എത്യോപിയക്കാർക്കില്ല. ക്രിസ്മസിനും ഇതു പ്രധാനം. കോഴിയെ പന്ത്രണ്ടു കഷണങ്ങൾ ആക്കി മുറിച്ചാണ് ഡൊറോ വാട്ടിന്റെ പാചകം. ഈ ഇറച്ചികഷ്ണങ്ങൾ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യാനാണെന്നും അതല്ല യേശു ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരെ പ്രതിനിധാനം ചെയ്യാനാണെന്നും കഥകൾ പ്രചാരത്തിലുണ്ട്. ക്രിസ്മസ് ദിനത്തിൽ ഇന്ജെറ അടുക്കടുക്കായി മുറം പോലെയുള്ള ഒരു പാത്രത്തിലാണ് വിളമ്പി വയ്ക്കുന്നത്. വീട്ടുകാരും കൂട്ടുകാരുമെല്ലാം ചേർന്ന് വട്ടത്തിലിരുന്ന് ആവശ്യാനുസരണം എടുത്ത് കഴിക്കുന്നു. ആഘോഷം എന്നതിലുപരി ഒരു സ്നേഹക്കൂട്ടായ്മ എന്ന് വിളിക്കുന്നതാവും ഭംഗി.
ഡൊറോ വാട്ടിനും ഇന്ജെറക്കും പുറമെ ആട്ടിൻ മാംസം കൊണ്ടുണ്ടാക്കുന്ന സ്റ്റുവും മൽസ്യം കൊണ്ടുണ്ടാക്കുന്ന ആഷാ ഗോളാഷും എത്യോപ്യൻ വിഭവങ്ങളിൽ പ്രധാനം ആണ്. ഇവരുടെ ഇഷ്ടപാനീയം ആണ് തേജ് എന്ന വീഞ്ഞ്. തേൻ പുളിപ്പിച്ചുണ്ടാക്കുന്ന തേജിനു മത്തു പിടിപ്പിക്കാനുള്ള കഴിവ് കുറച്ചൊന്നുമല്ല. ക്രിസ്മസ് ദിവസം വൈകുന്നേരങ്ങളിൽ എല്ലാവരും ചേർന്ന് ഈ പാനീയം കുടിച്ചു ആർത്തുല്ലസിക്കുന്നു.
വിശ്വാസികളുടെ എത്യോപ്യ
എത്യോപ്യക്കാർ പൊതുവെ മതവിശ്വാസത്തെ പിന്തുടരുന്നവരാണ്. ഗെന്ന ദിവസം ഇവർ അതിരാവിലെ ഉണർന്നു പള്ളിയിൽ പോകുന്നു. വെള്ള വസ്ത്രം പ്രധാനമാണ്. നമ്മുടെ നാട്ടിലെ സ്ത്രീകൾ ചട്ടയും മുണ്ടും ഉപയോഗിക്കുന്നത് പോലെ എത്യോപ്യൻ സ്ത്രീകൾ ഒരു കോട്ടൺ തുണി കൊണ്ട് തലയും ഉടലും മൂടിപ്പൊതിഞ്ഞതാണ് പള്ളിയിൽ പോകുന്നത്. പള്ളിമുറ്റത്ത് മുട്ട് കുത്തി നിന്ന് ഭക്തിയോടെ പ്രാർഥിക്കുന്നു. പള്ളിയുടെ അകത്തളങ്ങിലേക്കു പ്രവേശിക്കുന്നവര്‍ വളരെ ചുരുക്കമേയുള്ളൂ. ഒരു കുന്നിൻമുകളിൽ പാറയ്ക്കുള്ളിലാണ് ദെബ്രെ ദാമോ ദേവാലയം. ഇതിലേക്കുള്ള ഏക പ്രവേശനമാർഗം പാറയിൽ നിന്ന് താഴേക്കിട്ടിരിക്കുന്ന വടത്തിൽ പിടിച്ചു തൂങ്ങി മുകളിൽ കയറുന്നതാണ്. മുകളിൽ നിന്ന് പുരോഹിതർ വടം വലിച്ച് വിശ്വാസികളെ മുകളിലേക്ക് കയറാൻ സഹായിക്കുന്നു.
ലാലിബെലയിലെ പുരോഹിതന്മാരുടെ ക്രിസ്മസ്
എത്യോപ്യയിൽ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായി തോന്നിയ ക്രിസ്മസ് ആഘോഷം അക്‌സാം, ലാലിബേല എന്നീ സ്ഥലങ്ങളിലേതാണ്. ഇവിടെ പുരോഹിതന്മാരാണ് ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. നൃത്തചുവടുകളോടെ ഇവർ ഓരോ ചടങ്ങുകളും നിർവഹിക്കുമ്പോൾ കണ്ടു നിൽക്കുന്നവർക്കും അത് ഊർജം പകരുന്നു. ഒറ്റക്കല്ലിൽ പണിത ലാലിബെലയിലെ ദേവാലയം നയനമനോഹരമാണ്. ക്രിസ്മസ് ആഘോഷവേളയിൽ ഈ പട്ടണത്തിലെ ഓരോ തെരുവും ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കും. എങ്ങും പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും അന്തരീക്ഷം. ഏതോ മാസ്മരികലോകത്തേക്കു എത്തിപ്പെട്ട പോലെ തോന്നും.
ക്രിസ്മസിന് 12 ദിവസം കഴിഞ്ഞു എത്യോപിയയിൽ ആഘോഷിക്കുന്ന മറ്റൊരു ചടങ്ങാണ് തിംകത് അഥവാ എപ്പിഫനി. ഈ ആഘോഷത്തിനു പിന്നിലുമുണ്ട് ധാരാളം കഥകൾ. ക്രിസ്മസ് ആഘോഷങ്ങൾ തിംകത് കഴിയുന്നതോടെ അവസാനിക്കുന്നു. അടുത്ത വർഷം വീണ്ടും ആഘോഷിക്കാം എന്ന പ്രത്യാശയോടെ വിശ്വാസികൾ അവരുടെ ജീവിതത്തിലേക്ക് മടങ്ങുന്നു.