ഗൾഫ് മേഖലയിൽ കേരളത്തിന്റെ പ്രകൃതി ഭംഗിയുമായി താരതമ്യം ചെയ്യാവുന്ന തീരദേശ പട്ടണമാണ് ഒമാനിലെ സലാല. തലസ്ഥാന നഗരമായ മസ്കറ്റിൽ നിന്ന് ആയിരം കിലോമീറ്റർ ദൂരം. സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായിരുന്നു സലാല. സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദ് ജനിച്ചതു സലാലയിലാണ്. ഇന്ത്യയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന സുൽത്താൻ ഖാബൂസാണ് ആധുനിക ഒമാന്റെ രാഷ്ട്രശിൽപി. സലാലയിലെ ഗ്രാമങ്ങളെ വൻകിട ഫാക്ടറികൾ നിർമിക്കാതെ പരിരക്ഷിക്കണമെന്നു സുൽത്താൻ ഖാബൂസിനു നിർബന്ധമുണ്ടായിരുന്നു. എട്ടു മാസം വേനലും നാലു മാസം മഴയുമാണ് സലാലയുടെ കാലാവസ്ഥ. അതുകൊണ്ടു തന്നെ സലാലയിലെ കൃഷിഭൂമിയും തീരങ്ങളും സമൃദ്ധമായി നിലനിൽക്കുന്നു. സലാലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ ഡെസ്റ്റിനേഷനുകളുണ്ട്. ആ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം ഞങ്ങൾ പുതിയൊരു ലൊക്കേഷൻ കണ്ടെത്തി. ആ സ്ഥലത്തിന് ‘ക്രാബ് ഐലൻഡ്’ എന്ന പേരാണ് അനുയോജ്യമെന്നു തോന്നി.
ഞണ്ടുകളുടെ പാറ
സലാലയിൽ നിന്ന് അൻപതു കി.മീ അകലെ താഖ – മിർബാത് റോഡിൽ ഒരു കി.മീ സഞ്ചരിച്ചാൽ ഞണ്ടുകളുടെ തീരത്തെത്താം. പാറക്കെട്ടും മണൽത്തീരവും ആസ്വദിച്ചുള്ള യാത്ര മെയിൻ റോഡിൽ നിന്നു വഴി തിരിഞ്ഞു. ഒരു കുന്നിന്റെ മറുവശത്താണ് കടൽത്തീരം. കുന്നിനരികിൽ വാഹനം നിർത്തി. ബാക്കി ദൂരം കാൽനട യാത്ര. ചരൽക്കല്ലു പോലെ കട്ടിയുള്ള മണ്ണാണ്. വളരെ സൂക്ഷിച്ചായിരുന്നു നടത്തം.
ആദ്യം എത്തിച്ചേർന്ന പാറയുടെ മുകളിൽ നിന്നു കടലിന്റെ ചിത്രം പകർത്തി. തീരത്തു നിന്ന് ഉദ്ദേശം നൂറടി അകലെ കടലിനു നടുവിൽ ഒരു പാറ. ലെൻസ് സൂം ചെയ്തപ്പോൾ പാറയുടെ മുകളിൽ അനക്കം കണ്ടു. പാറയ്ക്കു ചുറ്റും കല്ലുമ്മക്കായും ഞണ്ടുകളും. ക്ലോസ് ഷോട്ടിൽ ചിത്രം വ്യക്തം. സലാലയിൽ ഞണ്ടുകൾ വിഹരിക്കുന്ന ഒരു പാറയുണ്ടെന്ന് അതിനു മുൻപ് മറ്റാരും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൗതുകക്കണ്ണുകളോടെ കുറേ ഫോട്ടോ പകർത്തി. അതിനു ശേഷം പാറയിൽ കയറാൻ വഴി നോക്കി. അവിടുത്തെ കടലിന്റെ ‘സ്വഭാവം’ കണ്ടപ്പോൾ അപകടം പതിയിരിക്കുന്നുണ്ടെന്നു വ്യക്തമായി. തെന്നി വീണാൽ സഹായത്തിനെത്താൻ ആ പരിസരത്തെവിടെയും ആരുമില്ല. വേലിയിറക്കത്തിൽ തിരമാല താഴ്ന്ന് വഴി തെളിഞ്ഞാൽ പോലും പാറയിൽ കയറുന്നതു സുരക്ഷിതമല്ല. അതു തിരിച്ചറിഞ്ഞതിനാൽ ആയിരിക്കാം അവിടേക്ക് സഞ്ചാരികൾ വരാത്തത്. എന്തായാലും അതു പ്രകൃതിക്ക് അനുഗ്രഹമായി. ഞണ്ടുകളും കക്കയുമുള്ള ആവാസവ്യവസ്ഥ പരിക്കേൽക്കാതെ നിലനിൽക്കുന്നു.
ഓരോ കടൽത്തീരത്തും ഞണ്ടുകളുടെ നിറവും രൂപവും വ്യത്യാസ്തം. സലാലയിലെ ഞണ്ടുകൾക്ക് ഇളം ചുവപ്പാണു നിറം. കാലുകൾക്കു വണ്ണം കുറവ്. പ്രഭാതത്തിലാണ് സലാലയിൽ കടൽ ഉൾവലിയുക. ഈ സമയത്ത് ഞണ്ടുകൾ കൂട്ടത്തോടെ തീരത്തിറങ്ങും. പാറയുടെ മുകളിലും മണൽപ്പരപ്പിലും ഞണ്ടുകൾ നിറയും. അവ കൂട്ടത്തോടെ പായുന്നതിന്റെ ഫോട്ടോ കിട്ടി. മനുഷ്യ സാന്നിധ്യം മനസ്സിലായിട്ടെന്നതു പോലെ ഞണ്ടുകൾ പരക്കം പാഞ്ഞു. മണൽപ്പരപ്പിൽ അവയുടെ കുഞ്ഞിക്കാലുകൾ പതിഞ്ഞുണ്ടായ അടയാളങ്ങൾ ലെൻസിൽ ഒപ്പിയെടുത്തു. കടൽപ്പായലിന്റെ പശ്ചാത്തലത്തിൽ ഉദയസൂര്യന്റെ വെളിച്ചം പടർന്ന് കടൽത്തീരം നിറച്ചാർത്തണിഞ്ഞിരുന്നു. വെളുത്ത ശംഖും കക്കയുടെ തോടും മിന്നിത്തിളങ്ങി. പാറയുടെ മുകളിൽ കല്ലുമ്മക്കായ്കളുടെ കൂട്ടം ചിത്രങ്ങൾ പോലെ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.
റോക്ക് ഫൊർമേഷൻ
നീറ്റലുണ്ടാക്കാത്ത ഉപ്പുകാറ്റാണ് സലാലയിലേത്. തെക്കു നിന്നുള്ള കാറ്റിനു പുൽമേടുകളിലേതു പോലെ തണുപ്പ്. എസിയുടെ കുളിരു പോലെ ശരീരം മരവിപ്പിക്കുന്ന തണുപ്പല്ല. ഉടലിലേക്ക് ഇരച്ചു കയറുന്ന പ്രകൃതിയുടെ തലോടൽ. കുറേ നേരം അവിടെയിരുന്നു. ആർത്തലയ്ക്കുന്ന തിരമാലകൾ പതിച്ചായിരിക്കാം കല്ലുകൾ ആകർഷകമായ രൂപം പ്രാപിച്ചിരിക്കുന്നു. പാറക്കൂട്ടം കണ്ടാൽ ശിൽപങ്ങളുടെ പാർക്ക് പോലെ തോന്നും. ‘റോക്ക് ഫൊർമേഷൻ’ – അവിടെയിരുന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു. Canyon പോലെയുള്ള റോക്ക് ഫോർമേഷനാണ് ക്രാബ് ഐലൻഡിൽ രൂപപ്പെട്ടിട്ടുള്ളത്. അദ്ഭുത ദൃശ്യം ഒപ്പിയെടുക്കാൻ മനസ്സിനൊപ്പം ക്യാമറയും മത്സരിച്ചു.
അപകടമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം തീരത്തിറങ്ങി. കടലിന് അഭിമുഖമായി ഒരു ഗുഹ. ഇക്കാണായ തീരമെല്ലാം ഒരു കാലത്ത് കടലിനടിയിൽ ആയിരുന്നു. കടലിറങ്ങിയപ്പോൾ ഗുഹാമുഖം തെളിഞ്ഞു. മണ്ണു കയറി ഗുഹാമുഖം അടഞ്ഞിരിക്കുന്നു. അൻപതു പേർക്ക് കയറി നിൽക്കാവുന്നത്രയും വിസ്താരമുണ്ട് ഗുഹയ്ക്ക്. അവിടെ നിന്നു പനോരമ മോഡിൽ കുറേ ഫോട്ടോ എടുത്തു. ചിത്രങ്ങൾ കണ്ടപ്പോൾ അമേരിക്കയിലെ ഗ്രാൻഡ് കന്യോൺ ഓർമയിലെത്തി.
നീലക്കടലിനെ തൊട്ട് ഓടിയെത്തിയ തിരമാലകൾ കാൽപാദങ്ങളിൽ ഇക്കിളി കൂട്ടി. വെയിൽച്ചൂട് കനത്തു. ഞണ്ടുകൾ മാളങ്ങളിലേക്ക് പിൻവലിഞ്ഞിരിക്കുന്നു. കക്കയും കല്ലുമ്മക്കായും വെള്ളത്തിനടിയിലേക്ക് നീങ്ങി. ഉച്ചവരെ ഞണ്ടുകളുടെ തീരം സമ്മാനിച്ച ചിത്രങ്ങളുമായി പതുക്കെ കുന്നു കയറി.
സലാല ടൂർ
കൊച്ചി നഗരത്തിന്റെ പകുതി വലുപ്പമില്ല സലാല സിറ്റി. ഒരു ടവറിനെ ചുറ്റി നിലനിൽക്കുന്ന പട്ടണം. വൃത്തിയും വെടിപ്പുമുള്ള റോഡുകൾ. ഇരുവശത്തും പൂന്തോട്ടങ്ങൾ അലങ്കരിച്ച് മനോഹരമാക്കിയ വീഥികൾ. യാത്രയ്ക്ക് ബസുകളുണ്ട്. ടാക്സി കാറുകൾ ആളുകളെ വിളിച്ചു കയറ്റി സർവീസ് നടത്തുന്നു. ഒമാനിലെ ഭരണാധികാരിയ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ ജന്മദേശമാണ് സലാല. ഭരണതലസ്ഥാനം മസ്കറ്റിലേക്കു മാറ്റിയപ്പോൾ രാജ്യത്തെ നഗരങ്ങളുടെ വലുപ്പത്തിൽ സലാല രണ്ടാം സ്ഥാനത്തായി. അതേസമയം, ഗ്രാമഭംഗിയിൽ ഗൾഫ് മേഖലയിലെ ഏറ്റവും വ്യത്യസ്തമായ നാടെന്നു പേരുകേട്ടു.
സലാലയുടെ കേരള കണക്ഷന് ചരിത്രത്തിന്റെ പിന്തുണയുണ്ട്. പുരാതന സഞ്ചാരിയായ ഇബ്നു ബത്തൂത്തയും മാർക്കോപോളോയും സലാലയിൽ പോയതിനു ശേഷമാണു കോഴിക്കോട്ടേക്കു യാത്ര ചെയ്തത്. മൺസൂൺ കാറ്റിന്റെ ദിശയെ കൂട്ടുപിടിച്ച് അപകടങ്ങളില്ലാതെ സഞ്ചരിക്കാവുന്ന പായ് കപ്പൽച്ചാലായിരുന്നു സലാലയ്ക്കും കേരളത്തിനുമിടയിലുണ്ടായിരുന്നത്. ചരിത്രകാലത്ത് കിഴക്കൻ രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള സാധനങ്ങൾ കടത്തിയത് സലാല തുറമുഖത്തിലൂടെയായിരുന്നു. സലാലയിൽ എത്തുന്നവർ നിർബന്ധമായും കാണേണ്ട സ്ഥലമാണ് വിശാലമായ സലാല തുറമുഖം.
എന്തൊക്കെയാണ് സലാലയിൽ കാണാനുള്ളതെന്നു ചോദിച്ചാൽ ഒറ്റ ശ്വാസത്തിൽ പറയാൻ കുറച്ച് സംഗതികളുണ്ട്. സുൽത്താൻ ഖാബൂസ് പാലസ്, അൽ–ഹിസ്ൻ സൂക്ക്, ഹഫ്ഫ സൂക്ക്, അൽ–ബലീദ് ആർക്കിയോളജിക്കൽ സൈറ്റ്, സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയം, അൽ ഹഫ്ഫ ബീച്ച്.