അഭൗമമായ സൗന്ദര്യത്താൽ ലോകശ്രദ്ധയാകർഷിക്കുന്ന പ്രദേശമാണ് എത്യോപ്യയിലെ ഡല്ലോൾ. ഭൂമിയിൽ മറ്റെങ്ങും കാണാത്ത ഭൂപ്രകൃതി, മഞ്ഞയുടെ തിളക്കത്തിൽ ശോഭിക്കുന്ന നാട്. എന്നാൽ ഈ പുറംമോടികൾക്കപ്പുറത്ത്, ഉപ്പുപരലുകളിൽ ഒളിഞ്ഞു കിടക്കുന്ന ആഡിഡ് കുളങ്ങൾ ഉൾപ്പടെയുള്ള അപകടങ്ങൾ പതിയിരിക്കുന്നു ഡല്ലോളിൽ.
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ വടക്കൻ പ്രവിശ്യയിലാണ് നഗരത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഡല്ലോൾ. 45 ഡിഗ്രി സെൽഷ്യസ് ശരാശരി താപനിലയുള്ള ഈ സ്ഥലം ഭൂമിയിലെ ജനവാസ പ്രദേശങ്ങളിൽ ഏറ്റവുമധികം താപനില അനുഭവപ്പെടുന്ന ഇടമാണ്. സവിശേഷമായ ഭൂപ്രകൃതിയും സജീവമായ അഗ്നിപർവതവും അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങളും ഡല്ലോളിന്റെ വിശേഷതകളാണ്. സമുദ്രനിരപ്പിൽ നിന്ന് 125 മീറ്റർ താഴ്ന്നു കിടക്കുന്ന ഇവിടെ ഒരു വർഷം ആകെ ലഭിക്കുന്ന മഴ 200 മില്ലി മീറ്റർ മാത്രം. ഭൂമിയിലെ ഏറ്റവും കഠിനമായ കാലാവസ്ഥയുള്ള ഡാണകിൽ ഡിപ്രഷനു സമീപമാണ് ഡല്ലോളെന്നത് അതിന്റെ കാഠിന്യമേറ്റുന്നു.
ഭൂമിയിലെ ഏറ്റവും വിദൂരസ്ഥമായ സ്ഥലങ്ങളിലൊന്നും പരിഷ്‌കൃതമനുഷ്യർ അവസാനം എത്തിച്ചേർന്ന ഇടങ്ങളിലൊന്നുമാണ് ഡല്ലോൾ. എങ്കിലും ആഫ്രിക്കയിലെ നാടോടി വർഗങ്ങളിലൊന്നായ അഫാർ വിഭാഗത്തിൽപെട്ടവർ കാലങ്ങളായി ഇവിടെ വസിക്കുന്നുണ്ട്.
വിവിധ വർണങ്ങളിൽ തിളങ്ങുന്ന അരുവികളും ചൂടു നീരുറവകളും ഭൂവൽകത്തിനു പുറത്തേക്കൊഴുകിയെത്തുന്ന ധാതുക്കൾ ഉറഞ്ഞു കൂടി രൂപപ്പെടുന്ന പരൽ നിർമിതകളുമാണ് സഞ്ചാരികളെ ഇവിടേക്കു സാഹസികയാത്രയ്ക്കു പ്രേരിപ്പിക്കുന്നത്. വെളുപ്പ്, പിങ്ക്, ചുമല, മഞ്ഞ, പച്ച, ചാര നിറങ്ങളിലുള്ള ധാതു നിക്ഷേപങ്ങൾ കാണാം. എങ്കിലും ആസിഡിറ്റി കൂടിയ നീരുറവകളുടെ മഞ്ഞ, പച്ച നിറങ്ങൾ ഈ പ്രദേശത്തെ മഞ്ഞനഗരം എന്നു വിളിക്കാൻ ഇടയാക്കിയിട്ടുണ്ട്.
മാഗ്മ ഉറഞ്ഞു രൂപപ്പെടുന്ന പൊട്ടാഷ് ഖനനമാണ് ഡല്ലോളിലേക്ക് വ്യാവസായത്തെ എത്തിച്ചത്. ഇവിടെനിന്ന് ഉപ്പും സംഭരിച്ചിരുന്നു. ഇത്തരം വാണിജ്യ സംരംഭങ്ങൾ ഉപേക്ഷിച്ചുപോയതിനാൽ ഗോസ്റ്റ് ടൗൺ ആയിട്ടും ഡല്ലോൾ അറിയപ്പെടുന്നു. അഫാർ ഗോത്രക്കാർ ഒട്ടകങ്ങളെ ആശ്രയിച്ചാണ് ഇവിടെ സഞ്ചരിക്കുന്നതും ചരക്കുനീക്കം നടത്തുന്നതും.
എവറസ്റ്റ് ആരോഹണം പോലെ സാഹസിക യാത്രകളിലെ അതിസാഹസികതയായിട്ടാണ് ഡല്ലോൾ എക്‌സ്പഡിഷനെ പരിഗണിക്കുന്നത്. ഉറഞ്ഞുകിടക്കുന്ന ധാതു പരലുകളുടെ അടിയിലെ ആസിഡ് ജലാശയങ്ങളും തിളയ്ക്കുന്ന ഉപ്പുവെള്ളവും ചൂടുനീരുറവകളും ആവിയായി പൊങ്ങുന്ന ആസിഡുകളും സഞ്ചാരികൾക്കു വെല്ലുവിളിയാകും.
ഹോട്ടലുകളോ റസ്റ്ററന്റുകളോ ഇല്ലാത്ത ഡല്ലോൾ പ്രദേശത്തേക്ക് എക്‌സ്പഡിഷൻ നടത്തുന്ന അംഗീകൃത സംഘങ്ങൾക്കൊപ്പം യാത്ര അനുവദിക്കാറുണ്ട്. രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്നതാണ് ഈ യാത്രകൾ.