കുറച്ചു വർഷങ്ങൾക്കു മുൻപ് അങ്കമാലിയിൽ നിന്നു കാക്കനാട്ടേക്ക് ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങിയ സമയത്ത് വഴിനീളെ ആളുകൾ കൗകുകക്കണ്ണുകളുമായി കാത്തു നിൽക്കുമായിരുന്നു. എട്ടും പത്തും നിലകളുള്ള ക്രൂസ് ഷിപ്പുകൾ തീരമണയുന്നതു കണ്ടിട്ടുണ്ടെങ്കിലും രണ്ടു നിലയുള്ള പേടകം റോഡിലൂടെ ഇരമ്പി നീങ്ങുന്ന കാഴ്ച ആദ്യ നാളുകളിൽ കൊച്ചിക്കാരുടെ ജിജ്ഞാസ തൊട്ടുണർത്തി. കഴിഞ്ഞയാഴ്ച, കോയമ്പത്തൂരിൽ നിന്നു ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്ന ഡബിൾ ഡെക്കർ ട്രെയിനിലിരുന്നു പുറത്തേക്കു നോക്കിയപ്പോഴും ബഹുനില ശകടം കണ്ട് കൈവീശി കാണിക്കുന്നവരെ കണ്ടു, അങ്ങു തിരുപ്പൂരിൽ.
ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടുമെന്നു കേട്ടപ്പോൾ ഏറെ സന്തോഷിച്ചവരാണു മലയാളികൾ. പോത്തന്നൂർ, വാളയാർ വഴി ഒലവക്കോടുവരെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നെങ്കിലും ഇപ്പോഴും ഡബിൾ ഡെക്കർ ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ കേരളത്തിലുള്ളവർക്കു കോയമ്പത്തൂരിൽ തന്നെ പോകണമെന്നാണ് അവസ്ഥ.
ആടി മാസമായതുകൊണ്ടും പൊതുവെ കച്ചവടം കുറവായതിനാലുമായിരിക്കാം വെറും രണ്ടു ദിവസം മുൻപു ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ഉദയ് എക്സ്പ്രസ് ട്രെയിനിൽ സീറ്റ് കൺഫർമേഷൻ കിട്ടി. പുലർച്ചെ 5.45നാണ് കോയമ്പത്തൂർ സെൻട്രലിൽ നിന്നു പുറപ്പെടുന്നത്, ഉച്ചയ്ക്ക് 2.00ന് ബെംഗളൂരുവിൽ എത്തും.
ഒരു കോച്ചിൽ 120 യാത്രക്കാർ
സമയം 5.15. കോയമ്പത്തൂർ റെയിൽവെ സ്‌റ്റേഷന്റെ മുന്നിലെ റോഡ്. ഇരുട്ടു മാറിയിട്ടില്ല. മഞ്ഞുപെയ്യുന്ന പുലർവേളയിലും ഫൂട്പാത്തിൽ പൂരം പോലെ പുരുഷാരം. കുറച്ചാളുകൾ നിയോൺ വിളക്കിനു ചുവട്ടിൽ കുത്തിയിരുന്നു സൊറ പറയുന്നു. മറ്റു ചിലർ ഏതൊക്കെയോ ഭാഷകളിൽ തർക്കിക്കുന്നു. റോഡിന്റെ എതിർ വശത്തു പ്രവർത്തിക്കുന്ന ബേക്കറി കം കോഫി ഷോപ്പിലാകട്ടെ കാലു കുത്താൻ ഇടമില്ല. പഴംപൊരി, ഉഴുന്നു വട, ഉള്ളി വട ഇത്യാദി സാധനങ്ങൾ ചൂടു സഹിക്കാതെ ഉള്ളം കയ്യിലിട്ട് അമ്മാനമാടുന്നവരെയാണ് അവിടെ കണ്ടത്.
എണ്ണയിൽ പൊരിയുന്ന സമോസയുടെ സുഗന്ധം ആ ബേക്കറിയിലേക്ക് മാടി വിളിച്ചെങ്കിലും ആൾത്തിരക്കു മറികടന്ന് കടയ്ക്കുള്ളിൽ കയറുന്ന കാര്യം ഭഗീരഥ പ്രയത്നമാകുമെന്നു മനസ്സിലായപ്പോൾ ആ ഉദ്യമത്തിൽ നിന്നു പിന്മാറി. മാത്രമല്ല, തമിഴ്നാട്ടിലെ പ്രമാദമാന സമയൽകൾ തൊട്ടുപാർക്കും പയനമല്ല ഇത്. അണ്ടർ പാസിനപ്പറം അഞ്ചാമത്തെ ട്രാക്കിൽ ഓറഞ്ചും മഞ്ഞയുമണിഞ്ഞ് കാത്തു കിടക്കുകയാണ് ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർ കണ്ടീഷൻ എക്സ്പ്രസ്.
പ്ലാറ്റ് ഫോം വിജനം. സിസിടിവി ക്യാമറകൾ വിശ്രമമില്ലാതെ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു. തപാൽ കെട്ടുകൾ നിറച്ച കൈവണ്ടി ഉന്തിക്കൊണ്ട് ആർഎംഎസ് ജോലിക്കാരൻ കടന്നു വന്നു. മുത്തുവിലെ രജനീകാന്തിനെ പോലെ അയാൾ വിളക്കു കാലിന്റെ ചുവട്ടിൽക്കൂടി സിനിമാ സ്‌റ്റൈലിൽ നടന്നു പോയി. ഉന്തുവണ്ടിയുടെ പടപടാ ശബ്ദം അങ്ങകലെ ഇരുട്ടിൽ മറയുന്നതു ഡോൾബി സൗണ്ടിൽ കേൾക്കാമായിരുന്നു. മാനത്തെ ചന്ദ്രനെ സാക്ഷിയാക്കി നിലാവു പരന്ന സ്‌റ്റേഷനിൽ നിശബ്ദമങ്ങനെ ഇരിക്കുന്ന സമയത്ത് മാരിയമ്മൻ കോവിലിൽ നിന്നു സുപ്രഭാതം കേട്ടു. തൊട്ടു പിന്നാലെ പ്ലാറ്റ്ഫോമിനു മുകളിൽ മേൽക്കൂരയിലെ സ്പീക്കറിൽ അനൗൺസ്മെന്റ്:
‘‘പയനർകളിൽ തനിയാന ഗവുനത്തുക്ക്. വണ്ടി എൻ 22666 കോയമ്പത്തൂരിലിരുന്ത് തിരൂപ്പൂർ, ഈറോഡ്, സേലം, കുപ്പം വഴി ബെംഗളൂരു സെൻട്രൽ വരെ സെല്ലും ഉദയ് എക്സ്പ്രസ് പ്ലാറ്റ് ഫോം നമ്പർ അഞ്ചിലിരുന്ത് അഞ്ച് മണി നാൽപത്തഞ്ചു നിമിടത്തുക്ക് പുറപ്പെടും’’
തെല്ലിട വേണ്ടി വന്നില്ല കുക്കറിൽ നിന്നു വിസിൽ പോലെ വണ്ടിയുടെ എൻജിൻ എയർ ഡിസ്ചാർജ് ചെയ്തു. നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ വിളക്കുകൾ തെളിഞ്ഞു. ഇപ്പോൾ വ്യക്തമായി കാണാം – പ്ലാറ്റ്ഫോമിനോടു ചേർന്ന് ഒരു നില. ഇലക്ട്രിക് ലൈനിന്റെയത്രയും ഉയരത്തിൽ രണ്ടാം നില.
ടെംപേഡ് ഗ്ലാസ് ഡോർ തുറന്ന് പാൻട്രിയിലെ പയ്യൻ പുറത്തിറങ്ങി. ആ ഗ്യാപ്പിൽ ഗോവണി കയറി വന്നവരും നടപ്പാത താണ്ടിയെത്തിയവരും പെട്ടിയും ബാഗും ചേർത്തു പിടിച്ച് കുട്ടികളോടൊപ്പം വണ്ടിയിൽ കയറി.
അഞ്ചേ മുപ്പത് ആയിട്ടേയുള്ളൂ. സ്റ്റാർട്ട് ചെയ്യാൻ കാൽ മണിക്കൂർ കഴിയണം. മൊത്തത്തിലൊന്നു കാണാമെന്നു തീരുമാനിച്ച് മുന്നോട്ടു നടന്നു. സി 1 ലാണ് എസി കോച്ചുകൾ തുടങ്ങുന്നത്. സി 6 വരെ പുഷ്ബാക്ക് സീറ്റുകളോടുകൂടിയ ഇരുനില എസി കോച്ചുകൾ. അതിനപ്പുറം മുന്നിലേക്ക് ഡി1ൽ തുടങ്ങുന്ന സാധാ സ്‌ലീപ്പർ കംപാർട്മെന്റുകൾ. അതായത്, ട്രെയിനിന്റെ ഏറ്റവും പിന്നിൽ ലോക്കോ പൈലറ്റിനുള്ള ഓർഡിനറി ക്യാബിൻ. ഇടയിൽ ആറു ബോഗികൾ ഡബിൾ ഡെക്കർ എസി ബിസിനസ് ക്ലാസ്. അവിടുന്നങ്ങോട്ടു മുന്നിലേക്ക് എൻജിൻ വരെ സ്‌ലീപ്പർ കോച്ചുകൾ. ഡബിൾ ഡെക്കർ കോച്ചിൽ രണ്ടു നിലകളിലുമായി 120 യാത്രക്കാർ. മറ്റു കോച്ചുകളിൽ 78 സീറ്റ്.
സൊറ പറഞ്ഞ് സുഖയാത്ര
വണ്ടി പുറപ്പെടാൻ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോൾ തന്നെ ഡി സീരീസ് കംപാർട്ട്മെന്റുകളിലെ ഒട്ടുമിക്ക സീറ്റുകളിലും യാത്രക്കാർ ഇരിപ്പുറപ്പിച്ചു. ബിസിനസ് ക്ലാസ് വിഭാഗത്തിലെ രണ്ടു കോച്ചുകളിൽ മാത്രമേ യാത്രക്കാരുള്ളൂ.
എന്നും ഇങ്ങനെയാണോ,
ഡബിൾ ഡെക്കറിൽ കയറാൻ ആളില്ലേ?
ടിടിആറിനോടു ചോദിച്ചു.
‘‘ഇത് വന്ത് സ്റ്റാർടിങ് പോയിന്റ്. തിരുപ്പൂർ മട്രും ഈറോഡ് താണ്ടുംപോത് ഫുള്ളായിടും. സേലത്തുക്കപ്പുറം ഉക്കാറുവതുക്ക് ഇടമേ കെടക്കാത്’’
ഭസ്മക്കുറിയണിഞ്ഞ നെറ്റിച്ചുളിവിൽ അഴകു വിടർത്തിക്കൊണ്ട് ടിടിആർ കതിർവേൽ പാസഞ്ചേഴ്സ് ലിസ്റ്റ് കാണിച്ചു. മധുരയ്ക്കടുത്തു തിരുച്ചെന്തൂർ സ്വദേശിയാണു കതിർ. സർവീസിൽ കയറിയിട്ട് പതിനഞ്ചു വർഷം കഴിയുന്നു. ഒന്നര പതിറ്റാണ്ടായി രാപകൽ ട്രെയിൻ വാസമാണ്. ‘‘ഇപ്പോൾ നിശബ്ദമായ സ്ഥലങ്ങളിൽ പോകുന്നത് ഇഷ്ടമല്ല’’ കതിർവേൽ മനസ്സു തുറന്നു. തീവണ്ടിയുടെ ശബ്ദം കേട്ടില്ലെങ്കിൽ ഉറക്കം വരാറില്ലെന്നൊരു കോമഡി പീസ് ചാർട്ട് ചെയ്യാനും അദ്ദേഹം മടി കാട്ടിയില്ല.
പല രീതിയിൽ തമിഴ് പറയാം. ചെന്തമിഴ്, പൂന്തമിഴ്, കൊടുന്തമിഴ് എന്നൊക്കെയാണ് അതിനു തമിഴ്നാട്ടുകാരിട്ട ലോക്കൽ പേരുകൾ. വൈരമുത്തു, വാലി എന്നീ ‘ഓവിയ തിലകങ്ങൾ’ അവരുടെ സിനിമകളിലൂടെ ആദിഭാഷയുടെ നാട്ടു ശൈലിയെ തങ്കത്തമിഴാക്കി മാറ്റി. ഈറോഡിൽ നിന്നു ട്രെയിനിൽ കയറിയ ഒരു കുടുംബം ചെന്തമിഴ് സംസാരിക്കുന്നവരായിരുന്നു. ‘നാട്ടാമൈ’ സിനിമയിൽ ശരത്കുമാറിന്റെ ഡയലോഗിനോടു കിടപിടിക്കുന്ന വോയിസ് മോഡുലേഷൻ.
മരുത്തുവം, മാത്ര, പുട്രുനോയ് എന്നീ വാക്കുകൾ അവർ പറയുന്നതു കേട്ടപ്പോഴാണ് അവരുടെ കൂടെയുള്ള മുതിർന്നയാളെ ശ്രദ്ധിച്ചത്. എഴുപതു വയസ്സുകാരൻ കാൻസർ ബാധിതനാണ്. അദ്ദേഹത്തെ കീമോ തെറാപ്പി ചെയ്യാനായി ബെംഗളൂരുവിലേക്കു കൊണ്ടു പോവുകയാണ്. അച്ഛനെ ആശുപത്രിയിൽ കൊണ്ടു പോകാൻ മൂന്ന് ആൺമക്കളും അവധിയെടുത്ത് ചെന്നൈയിൽ നിന്നു വന്നിരിക്കുന്നു.
കാറിൽ പോകുന്നതിനെക്കാൾ സൗകര്യം ഈ ട്രെയിനാണെന്ന് അവരുടെ കൂട്ടത്തിലൊരാൾ പറഞ്ഞു. സാമാന്യം ഉച്ചത്തിലാണ് അദ്ദേഹം സംസാരിച്ചത്. അതു കേട്ടിരുന്ന യാത്രക്കാരിൽ ചിലർ രോഗവിവരങ്ങളും ചികിത്സാ പുരോഗതിയും അന്വേഷിച്ച് മുന്നോട്ടു വന്നു. ഈ ഒത്തൊരുമയെയാണ് വൈരമുത്തു തന്റെ കവിതയിലൂടെ അൻപ്, നേശം, പാശം എന്നീ വാക്കുകളുപയോഗിച്ച് തങ്കത്തമിഴാക്കി മാറ്റിയത്.
കോയമ്പത്തൂർ വിട്ടാൽ തിരുപ്പൂരാണ് ഉദയ് എക്സ്പ്രസിന്റെ അടുത്ത സ്‌റ്റോപ്പ്. തെക്കേ ഇന്ത്യയുടെ ടെക്സ്‌റ്റൈൽ തലസ്ഥാനമാണു തിരുപ്പൂർ. ടൗണിലും നഗരങ്ങളിലുമുള്ള ടെക്സ്‌റ്റൈൽ മില്ലുകളിൽ പല തരം ജൗളികൾ ഡിസൈൻ ചെയ്ത്, തയ്ച്ച്, പാഴ്സലാക്കി വിദേശത്തേക്ക് വിമാനത്തിൽ കയറ്റി അയയ്ക്കുന്നു. കേരളത്തിലെ തൂക്കി വിൽപന ശാലകളിലേക്കും തിരുപ്പൂരിൽ നിന്നു തുണിയെത്തുന്നുണ്ട്.
തിരുപ്പൂർ തുണി മില്ലുകളിൽ ജോലിക്കാരേറെയും മലയാളികളാണ്. അതികാലത്തെഴുന്നേറ്റ് ഡെബിൾ ഡെക്കറിൽ കയറി ജോലി സ്ഥലത്തേക്കു പോകുന്ന രവിയേയും കണ്ണനേയും ഈ യാത്രയ്ക്കിടെ പരിചയപ്പെട്ടു. രണ്ടാളും പാലക്കാട്ടുകാരാണ്. വെളുപ്പാൻകാലത്ത് അത്രയും വേഗം തിരുപ്പൂരിലെത്താൻ വേറെ വണ്ടിയില്ല – അഞ്ചേ മുക്കാലിനു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന വണ്ടി 6.18ന് തിരുപ്പൂരിലെത്തും. വിവിധ ആവശ്യങ്ങൾക്കായി ഈറോഡ്, സേലം എന്നിവിടങ്ങളിലേക്കു പോകുന്നവരും ഇതു തന്നെയാണു പറഞ്ഞത്.
തമിഴ്നാട്, ആന്ധ്ര, കർണാടക
തമിഴ്നാടിന്റെ അതിർത്തി കടന്നാൽ ഉദയ് എക്സ്പ്രസിന് ആന്ധ്രയിൽ രണ്ടു സ്‌റ്റോപ്പുകളാണുള്ളത് – തിരുപ്പട്ടൂർ, കുപ്പം. റെയിൽപാളം ആന്ധ്രയിലേക്കു കടക്കുന്നത് ഒറ്റനോട്ടത്തിൽ മനസ്സിലാകും. മണ്ണിന്റെ കറുപ്പു നുറം ചുവപ്പായി മാറുന്നു. കുത്തനെ ചുമരും ബാൽക്കണിയുമുള്ള വീടുകൾക്കു പകരം ആർസി ബിൽഡിങ്ങുകൾ, വിസ്താരമുള്ള മുറ്റം, ഉയരമുള്ള ചുറ്റുമതിൽ. ചില്ലു ജാലകത്തിനപ്പുറം തെക്കേ ഇന്ത്യയുടെ റിയൽ പിക്ചർ കാട്ടിത്തന്നു ഉദയ് എക്സ്പ്രസ്.
ഉച്ചയ്ക്ക് 11.40 നാണു കൃഷ്ണരാജപുരം എത്തിയത്. കർണാടകയുടെ പൂർവപിതാക്കന്മാരായി അറിയപ്പെടുന്ന വൊഡയാർ രാജാക്കന്മാരുടെ ശക്തികേന്ദ്രമാണു കൃഷ്ണരാജപുരം. ബെംഗളൂരു നഗരത്തിനു മെട്രോ സിറ്റിയുടെ മേൽവിലാസം കിട്ടിയപ്പോൾ കൃഷ്ണരാജപുരം കെ.ആർ. പുരമായി ചുരുങ്ങി. പ്രശസ്തമായ ക്ഷേത്രങ്ങളുമുള്ള കെ.ആർ. പുരത്തു നിന്നു കുറച്ചു യാത്രക്കാർ ട്രെയിനിൽ കയറി. ഉദയ് എക്സ്പ്രസിൽ അവിടെ നിന്നു ബെംഗളൂരുവിലെത്താൻ മുക്കാൽ മണിക്കൂർ ഇരുന്നാൽ മതി.
കൃത്യം പന്ത്രണ്ടരയ്ക്ക് ബെംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചു. ട്രെയിനിൽ ഇത്രയും വേഗം ബെംഗളൂരുവിൽ എത്തുന്നത് ഇതാദ്യം. സാധാരണ എക്സ്പ്രസ് ട്രെയിനുകളിലെ എ1 കോച്ച് പോലെ കുലുക്കമില്ലാത്ത യാത്രയായിരുന്നു. പോക്കറ്റിൽ നിന്നു ടിക്കറ്റ് പുറത്തെടുത്ത് ഒരിക്കൽക്കൂടി യാത്രാ കൂലി നോക്കി 625 രൂപ. സമയലാഭവും യാത്രാസുഖവും നോക്കുമ്പോൾ അതൊരു അധിക തുകയല്ല. അല്ലെങ്കിൽത്തന്നെ, ലക്ഷ്വറി കോച്ചുകളിൽ ടിക്കറ്റെടുക്കുമ്പോൾ ചെലവ് അൽപം കൂടുമെന്ന് ആർക്കാണ് അറിയാത്തത്...