ഗൾഫിലെ കടൽ നീലിമയിൽ ചിറകെട്ടി മനുഷ്യൻ നിർമിച്ച അദ്ഭുത ദ്വീപ് – പാം ജുമൈറ. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിൽ ഇലപ്പച്ചയുടെ തണലൊരുക്കുന്ന ഈന്തപ്പനയുടെ രൂപത്തിലാണ് പാം ജുമൈറ എന്ന ദ്വീപ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഉപ്പുവെള്ളത്തിൽ തൂണുയർത്തി ജനവാസത്തിനു യോഗ്യമായ ദ്വീപ് നിർമിക്കാനുള്ള ചുമതല എമിറേറ്റ്സ് ഭരണാധികാരികൾ ഏർപ്പിച്ചതു ഡച്ച് കമ്പനിയെയാണ്. ദുബായ് നഗരത്തിന്റെ വിസ്തൃതി വർധിപ്പിച്ചുകൊണ്ടു കടലിനു നടുവിൽ പാം ജബൽ അലി, പാം ദെയറ ഐലൻഡ്, പാം ജുമൈറ എന്നിങ്ങനെ ‘ദ്വീപ് ത്രയങ്ങൾ’ സൃഷ്ടിച്ചു. ഇതിൽ മലയാളികൾക്കു പ്രിയപ്പെട്ടതു പാം ജുമൈറയാണ്. രുചിയുടെ പുതുലോകം തുറന്നു നൽകുന്ന റസ്റ്ററന്റുകളും അതിമനോഹരമായ ഹോട്ടലുകളും അവിടെ പ്രവർത്തിക്കുന്നു എന്നതാണു കാരണം. ദുബായ് സന്ദർശിച്ചപ്പോൾ ‘നൈറ്റ് ലൈഫ്’ ആസ്വദിക്കാനായി പാംജുമൈറയിലെത്തി.
മരുഭൂമിയിലൂടെ കുതിച്ചു പായാം
ദുബായിലെ സായാഹ്നങ്ങള്‍ക്കു പകലിനേക്കാള്‍ ശോഭയാണ്. വൈകിട്ടു നാലു മുതല്‍ പുലരും വരെ സന്ദർശകരുടെ കണ്ണുകൾക്ക് ഈ നഗരം വിസ്മയം പകരുന്നു. സൂര്യാസ്തമയത്തിനു മുൻപ് മരുഭൂമിയുടെ സമീപത്ത് എത്തിയാൽ ഡെസേർട്ട് സഫാരി ആസ്വദിക്കാം. ഓഫ് റോഡ് ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ മരുഭൂമിയിലെ കുന്നുകളിലൂടെയും മണൽച്ചെരിവുകളിലൂടെയും ‘പറക്കുന്നത്’ സാഹസിക വിനോദമാണ്. വിനോദസഞ്ചാരികൾക്ക് മരുഭൂമി കാണാൻ ക്വാഡ് ബൈക്കുകൾ വാടകയ്ക്കു ലഭിക്കും. മണൽപ്പരപ്പിലൂടെ നാലു ചക്രമുള്ള ബൈക്കിൽ യാത്ര ചെയ്യുന്നത് രസകരമായ അനുഭവമാണ്.
സുഹൃത്ത് രാജീവ് മേനോൻ അവിടെ ഞങ്ങൾക്കു വേണ്ടി ഡെസേര്‍ട്ട് സഫാരി ബുക്ക് ചെയ്തിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം അജിത്തിനൊപ്പം രാജീവിന്റെ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങി. ഡെസെര്‍ട്ട് സഫാരി ഏർപ്പാടാക്കിയ കമ്പനിയുടെ വാഹനത്തിലാണ് മരുഭൂമിയുടെ സമീപത്തേക്കു പോയത്. ഇടവഴിയിൽ വച്ച് മറ്റു രണ്ടു യാത്രക്കാർകൂടി ആ വാഹനത്തിൽ കയറി. സഹയാത്രികരിൽ ഒരാൾ യോയോ എന്നു പേരുള്ള ചൈനീസ് വംശജയായിരുന്നു. പിക്ക് അപ് വാഹനം മരുഭൂമിയുടെ സമീപത്തു നിര്‍ത്തി. കണ്ണെത്തും ദൂരം പരന്നു കിടക്കുന്ന അറേബ്യന്‍ മരുഭൂമിയിൽ ലാന്‍ഡ് ക്രൂസര്‍ വാഹനങ്ങൾ ഡെസെര്‍ട്ട് സഫാരിക്ക് തയാറായി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വന്ന വാഹനത്തില്‍ നിന്നിറങ്ങി ലാന്‍ഡ് ക്രൂസറിൽ കയറി. ക്കയറി. യോയോയ്ക്ക് ചൈനീസ് ഭാഷ മാത്രമേ അറിയൂ. ഡെസേർട്ട് സഫാരിക്ക് ഗൈഡായി എത്തിയ പാക്കിസ്ഥാൻ സ്വദേശി യാത്രയെക്കുറിച്ച് വിശദീകരിച്ചു. യാതൊന്നും മനസ്സിലായില്ലെങ്കിലും യോയോ എല്ലാം മനസ്സിലായ ഭാവത്തിൽ അദ്ദേഹത്തിനു മുന്നിലിരുന്നു.
വെയിലിന്റെ ചൂട് കുറഞ്ഞപ്പോൾ ലാൻഡ് ക്രുയിസർ സ്റ്റാർട്ട് ചെയ്തു. കേരളത്തിലെ ബസ്സുകളിൽ നിന്നു യാത്ര ചെയ്യുന്നവർക്കു പിടിക്കാനായി കമ്പിയിൽ കോർത്തിടുന്ന ബെൽറ്റ് പോലൊരു വള്ളി ലാൻഡ് ക്രുയിസറിൽ ഉണ്ട്. മരുഭൂമിയിലെ കുന്നിൻചെരിവുകളിൽ തെറിച്ചു വീഴാതിരിക്കാൻ ഈ വള്ളിയിൽ തൂങ്ങിക്കിടന്നു.
ക്വാഡ് ബൈക്കിൽ ഒറ്റയ്ക്ക്
ഒരു മണിക്കൂർ സാഹസിക സവാരിക്കൊടുവിൽ ക്വാഡ് ബൈക്കുകള്‍ നിരത്തി നിർത്തിയ സ്ഥലത്ത് എത്തി. കാർ സവാരി കഴിഞ്ഞെത്തിയവർക്ക് ഒറ്റയ്ക്ക് ബൈക്ക് സവാരി നടത്താം. വീതിയുള്ള ടയറുകൾ ഘടിപ്പിച്ച ബൈക്കുകളെയാണ് ‘ക്വാഡ് ബൈക്ക്’ എന്നു പറയുന്നത്. മണൽപ്പരപ്പിലൂടെ യാത്രയ്ക്കു വേണ്ടി തയാറാക്കിയതാണ് അവയുടെ വലിയ ചക്രങ്ങൾ. ക്വാഡ് ബൈക്കിൽ അൽപനേരം സഞ്ചരിച്ച ശേഷം ക്യാംപിലെത്തി. ഒട്ടകത്തിന്റെ പുറത്തു കയറി മരുഭൂമിയിലൂടെ യാത്രയായിരുന്നു അടുത്ത ഐറ്റം. അതു കഴിഞ്ഞപ്പോഴേക്കും ചടുലമായ ചുവടുകളുമായി അറേബ്യൻ സുന്ദരിയെത്തി. ബെല്ലിഡാൻസും മാദകസംഗീതവും ആസ്വദിച്ച് അറേബ്യൻ വിഭവങ്ങൾ കഴിച്ചു. സന്ദർശകരിൽ ചിലർ ഭക്ഷണം കഴിഞ്ഞ് ഹുക്ക വലിക്കുന്നതു കണ്ടു. ഹുക്കയുടെ കുഴൽ വായിൽ വച്ച് പുകയെടുക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി ചുമ അനുഭവപ്പെട്ടതോടെ അതിൽ നിന്നു പിൻതിരിഞ്ഞു. ക്യാംപിലെത്തുന്നവർക്ക് ഫോട്ടോ എടുക്കാനായി അവിടെയൊരു പരുന്തിനെ വളർത്തുന്നുണ്ട്. മനുഷ്യരുമായി ഇടപഴകിയ പരുന്തിനൊപ്പമുള്ള ഫോട്ടോ അവിടെ വച്ച് പ്രിന്റ് ചെയ്തു നൽകും. അറേബ്യൻ സഫാരിയുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ രാത്രിയിൽ ക്യാംപുകളിൽ താമസിക്കണം.
ഇവിടെ ജലധാര സംഗീതം പൊഴിക്കുന്നു
ദുബായ് നഗരത്തിന്റെ നിശകളെ മനോഹരമാക്കുന്ന കാഴ്ചയാണ് മ്യൂസിക് ആന്‍ഡ് ഫൗണ്ടന്‍ ഷോ. ലോകത്ത് ഏറ്റവും ഉയരമേറിയ കെട്ടിടമായി ദുബായിയിൽ നിർമിച്ച ബുര്‍ജ് ഖലീഫയുടെ സമീപത്ത് മ്യൂസിക് ആന്‍ഡ് ഫൗണ്ടന്‍ ഷോയുണ്ട്. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ജലധാരാ പ്രവാഹം രസകരമായ കാഴ്ചയാണ്. വൈദ്യുത അലങ്കാരങ്ങളിൽ തിളങ്ങുന്ന ബുർജ് ഖലീഫയും സമീപത്തുള്ള മ്യൂസിക് ഫൗണ്ടനും അദ്ഭുത ലോകമാക്കി മാറ്റുന്നു. തുള്ളിച്ചാടുന്ന പരൽമീനുകളെ പോലെയുള്ള ദീപാലങ്കാരങ്ങൾ എക്കാലത്തും മനസ്സിൽ സൂക്ഷിക്കാവുന്ന ചിത്രമാണ്.
ദുബായിലുമുണ്ട് ചായക്കടകൾ
ലോകത്തെവിടെ പോയാലും ചായ കുടിച്ച് വട്ടം കൂടിയിരുന്നു വർത്തമാനം പറയാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. പ്രവാസികൾ ഒത്തു ചേരുന്ന നിരവധി ചായക്കടകൾ ദുബായിയിലുണ്ട്. സഹപാഠിയായിരുന്ന ലിജോ, പുസ്തകങ്ങളിലൂടെ പരിചയപ്പെട്ട സമീറ എന്നിവരെ ഇവിടെ വച്ച് കണ്ടുമുട്ടി. കടുപ്പമുള്ള ചായ, മൃദുലമായ ബൺ എന്നിങ്ങനെ രിചിയുടെ ‘മലയാളിത്തം’ ചായക്കടകളിൽ അനുഭവിച്ചറിഞ്ഞു. കോഫി ഷോപ്പുകളും ബേക്കറികളും ചായക്കടകളും പാംജുമൈറയിലെ സായാഹ്നങ്ങൾക്ക് മധുരം വർധിപ്പിക്കുന്നു.
സിനിമാ പ്രേമികളുടെ മനസ്സിലേക്ക് ആക്‌ഷൻ റീലുകൾ പ്രവഹിപ്പിക്കുന്ന സ്ഥലമാണ് മോഷൻ ഗേറ്റ് ദുബായ്. സമീപ കാലത്ത് റിലീസായ മലയാള സിനിമകളുടെ പ്രിമിയർ ഷോകൾ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മോഷൻ ഗേറ്റ് ദുബായിയുടെ ചിത്രങ്ങൾ മലയാളികൾക്കു പരിചിതമാണ്. സിനിമാ ഷോകള്‍, റോളര്‍ കോസ്റ്റേഴ്‌സ്, വാട്ടര്‍ റൈഡ് എന്നിങ്ങനെ നിരവധി വിനോദ പരിപാടികൾ ഇവിടെയുണ്ട്.
കുടുംബസമേതം ദുബായിയിൽ
നൈറ്റ് ലൈഫ് ആസ്വദിക്കാൻ വേണ്ടി മാത്രം ദുബായിയിൽ എത്തുന്നവർ നിരവധിയുണ്ട്. നൈറ്റ് ക്ലബ്ബ്, പബ്ബുകൾ എന്നിവ ദുബായിയുടെ രാത്രികളെ മാസ്മരികമാക്കുന്നു. ലോകത്ത് ഏറ്റവും നിലവാരമുള്ള ക്ലബ്ബും പബ്ബും ദുബായിയിലേതാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തി. ഡാൻസ് ബാറുകളിൽ പ്രകമ്പനം കൊള്ളുന്ന സംഗീതത്തിനൊപ്പം സുന്ദരികളായ നർത്തകികൾ വേദിയിലെത്തുന്നു. നിശാമേളം രാത്രി പത്തു മുതൽ പുലർച്ചെ മൂന്നു വരെ നീളുന്നു. സൗജന്യമായി പ്രവേശനം അനുവദിച്ചതും ടിക്കറ്റ് എടുത്തവരെ മാത്രം പ്രവേശിപ്പിക്കുന്നതുമായ ക്ലബ്ബുകളുണ്ട്. സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഭക്ഷണത്തിനും മദ്യത്തിനും പണം നൽകിയാൽ മതി. മാദകരാത്രികളിൽ താൽപര്യമില്ലാത്തവർ ഫുള്‍ മൂണ്‍ ഹോഴ്‌സ് റൈഡിംഗ്, ഫുള്‍മൂണ്‍ യോഗ എന്നീ പരിപാടികളിൽ ഏർപ്പെടുന്നു.
ദുബായ് സന്ദർശകരുടെ പട്ടികയിലുള്ള പ്രധാനപ്പെട്ട കേന്ദ്രമാണ് എമിറേറ്റ്‌സ് മാൾ. സ്‌കീ ദുബായ് സ്‌നോബോള്‍ ഫൈറ്റ്, പെന്‍ഗ്വിന്‍ ഷോ, സ്‌കീയിംഗ് എന്നിവയ്ക്ക് അവിടെ അവസരമുണ്ട്. അതേസമയം, കുടുംബത്തോടൊപ്പം ദുബായിയിൽ എത്തുന്നവർക്കു പ്രിയപ്പെട്ട സ്ഥലം അണ്ടര്‍ വാട്ടര്‍ മൃഗശാലയാണ്. ദുബായ് ക്രീക്കിലൂടെ രാത്രിയിൽ ബോട്ടു യാത്രയാണ് ഏറ്റവും സുഖകരമായ അനുഭവം. പകൽ വെളിച്ചത്തിൽ കാണുന്നതിനെക്കാൾ സുന്ദരിയാണ് രാത്രിയിലെ ദുബായ്. അതെ, രാത്രികളെ പകലുകളാക്കുന്ന സുന്ദരിയാണു ദുബായ്...