Wednesday 01 September 2021 04:43 PM IST : By Text | Photo : Sudheer Manikoth

വെറുതേയല്ല ഈ നാടിനെ യൂറോപ്പിന്റെ സുന്ദരി എന്നു വിളിക്കുന്നത്

sweden 6

ജിംബ്രൂസ് (Jimbroos) എന്ന സഞ്ചാര സൗഹൃദ കൂട്ടായ്മയുടെ രണ്ടാമത് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാനുള്ള സജീവ ചർച്ചകളിൽ ഉയർന്നു വന്ന ആഗ്രഹം ഉത്തരധ്രുവ ജ്യോതി (The Northern Lights) കാണണമെന്നതായിരുന്നു. ഫിൻലാൻഡ്, നോർവേ, സ്വീഡൻ, ഐസ്‌ലൻഡ് ഈ രാജ്യങ്ങളിൽ ഏതുവേണം എന്നതായി പിന്നീടുള്ള ചർച്ച. സൗകര്യം, സാമ്പത്തികം, സുരക്ഷ, ഭാഷ എന്നീ അവസാനഘട്ട താരതമ്യപഠനത്തിൽ സ്വീഡൻ ലക്ഷ്യസ്ഥാനമായി. സ്വീഡൻ, യൂറോപ്പിലെ നാലാമത് വലിയ രാജ്യം. നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന ജനങ്ങൾ. ആയിരത്തിലധികം തടാകങ്ങൾ, ഭൂപ്രദേശത്തിന്റെ പകുതിയിലധികം വനസംരക്ഷണത്തിനു നീക്കിവച്ച് പ്രകൃതിയെ സ്നേഹിക്കുന്ന ജനത, ലോകത്തിലെ പല യുദ്ധങ്ങളിൽ നിന്ന് മാറി നിന്ന് സമാധാനം മുറുകെ പിടിച്ച രാജ്യം... യാത്രയുടെ പ്ലാനിങ് പൂർത്തിയാക്കി നോവറീജിയൻ വിമാനത്തിന്റെ അകത്തേക്കു കയറുമ്പോൾ മനസ്സിലെ ആശങ്ക ഉത്തരധ്രുവ ജ്യോതി കാണാനാവുമോ എന്നതായിരുന്നു. ദുബായിൽ നിന്നു പറന്നുയർന്ന വിമാനം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോം (Stockholm) അർലാൻഡ (Arlanda) വിമാനത്താവളത്തിലേക്ക്. ജാലകത്തിലൂടെ വലിയ ആകാംക്ഷയോടെ ആ വലിയ നഗരത്തെ നോക്കുമ്പോൾ തടാകങ്ങൾ, പുഴകൾ, കൊച്ചു ദ്വീപുകൾ, വനങ്ങൾ എന്നിവ മനോഹരമായി വിന്യസിച്ച പ്രകൃതിയുടെ പെയിന്റിങ് കണ്ണിൽ തെളിഞ്ഞു. കാലാവസ്ഥാ മുന്നറിയിപ്പ് വിമാനത്തിൽ മുഴങ്ങി.

sweden 4

sweden 1

പുറത്ത് ഊഷ്മാവ് മൈനസ് മൂന്ന് ഡിഗ്രി. പ്രാദേശിക സമയം രാവിലെ 7.40. പ്രഭാതസൂര്യന്റെ കിരണങ്ങൾ നഗരത്തെ തൊട്ടുണർത്താൻ ഇനി ഒരു നാഴിക കൂടി കഴിയണം! വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ ഉരുണ്ടു നീങ്ങു മ്പോൾ ഞങ്ങളുടെ ആശങ്കയും ആകാംക്ഷയും കണ്ട് തൊട്ടടുത്ത് ഇരുന്ന സ്വീഡിഷ് യുവാവ് ചെറുപുഞ്ചിരിയോടെ പറഞ്ഞു. ‘‘ആശങ്കപ്പെടേണ്ട... നിങ്ങളിറങ്ങിയത് യൂറോപ്പിന്റെ സുന്ദരിയായ സ്വീഡനിലാണ്.’’ ശൈത്യത്തെ പ്രതിരോധിക്കാൻ കട്ടിയുള്ള വസ്ത്രവും കയ്യുറകളും വലിയ പാദരക്ഷകളും തൊപ്പിയുമണിഞ്ഞ് വിമാനത്താവള ജോലിക്കാർ വിമാനത്തിലേക്കു നടന്നു തുടങ്ങി. അവരുടെ വസ്ത്രധാരണത്തിൽ നിന്ന് ശൈത്യത്തിന്റെ കാഠിന്യം അറിയാം. ഹോട്ടലിലേക്ക് ബസിൽ സ്വീഡൻ യാത്ര കഴിയുന്നത്ര ചെലവു കുറഞ്ഞതും തദ്ദേശീയരോട് ഇടപെടാൻ സാധിക്കുന്നതുമാവണം എ ന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അതിനായി വിമാനത്താവളം മുതൽ ഓൾഡ് ടൗണിലെ ഹോട്ടൽ വരെ യാത്ര ബസിലാക്കി. പുരാതന രീതിയിലുള്ള കെട്ടിടങ്ങളും കടകളും ഹോട്ടലുകളും നിറഞ്ഞ പട്ടണത്തിന്റെ ഒരു ഭാഗമാണ് ഓൾഡ് ടൗൺ. 17–ാം നൂറ്റാണ്ടിലെ കെട്ടിടത്തി ൽ പ്രവർത്തിക്കുന്ന ഓൾഡ് ടൗൺ ലോഡ്ജിലാണ് ഞങ്ങൾ അന്തിയുറങ്ങുന്നത്. ഈ കെട്ടിടത്തിന്റെ പ്രധാന കവാടം മുതൽ എല്ലാ മുറികളും രഹസ്യ നമ്പറുകൾ ഉപയോഗിച്ചു മാത്രമേ തുറ ക്കാനാവൂ. ഈ നമ്പറുകൾ ഹോട്ടൽ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈൽ ഫോണിൽ അയ യ്ക്കുന്നതാണ് രീതി. പഴക്കമേറെ ചെന്നതാണ് എങ്കിലും ഉന്നത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ 47 മുറികളുള്ള ഈ ഹോട്ട ൽ പൂർണമായും നടത്തുന്നത് മാത്യൂസ് എന്ന തൊഴിലാളിയാണ്. അയാൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ഏഴു വരെ മാത്രം ജോലി ചെ യ്ത് സുഗമമായി ഹോട്ടൽ നടത്തിക്കൊണ്ടു പോകുന്നു. പ്രവൃത്തി സമയത്തിനു ശേഷം ആ വശ്യമെങ്കിൽ ഹോട്ടലിന്റെ നിയന്ത്രണം മൊബൈൽ ഫോൺ വിഡിയോയിലൂടെ നിയന്ത്രിക്കാനാവുമെന്ന് മാത്യൂസ് പറഞ്ഞു. ഹോപ് ഒാൺ ഹോപ് ഒാഫ് നഗരകാഴ്ചയാണ് ആദ്യ പരിപാടി. ഞങ്ങൾ ഒാ ൾഡ് ടൗൺ ലോഡ്ജിനു പുറത്തിറങ്ങുമ്പോൾ സമയം 10. സൂര്യനെ തോൽപിക്കുന്ന തണുപ്പുണ്ടെങ്കിലും നല്ല പ്രകാശത്തിൽ ചിത്രങ്ങളെടുക്കാൻ കഴിഞ്ഞു. സ്റ്റോക്ക് ഹോം നഗരത്തിലെ കാഴ്ചകൾക്കായി ഈ നഗരത്തിൽ സദാസമയവും കറങ്ങുന്ന 'ഹോപ് ഒാൺ ഹോപ് ഒാഫ് ബുക്ക് ചെയ്തിരുന്നു. ആദ്യം നഗരം മൊത്തത്തിലൊന്നു കറങ്ങിക്കണ്ടു. പഴമയും ൈപതൃകവും വൃത്തിയായി നിലനിർത്തിയിരിക്കുന്നു സ്വീഡിഷ് ജനത. പാലസ് ഓഫ് സ്വീഡൻ എന്ന വലിയ ചരിത്ര കെട്ടിടത്തിനരുകിൽ ഇറങ്ങി. സ്വീഡിഷ് രാജാവ് രാഷ്ട്രത്തലവൻ എന്ന നിലയ്ക്കുള്ള ചുമതലകൾ നിർവഹിക്കുന്നത് ഇവിടെയാണ്. ഈ ഭീമൻ കൊട്ടാരത്തിന് 1430 മുറികളുണ്ട്. കൊട്ടാരത്തിനു പുറത്ത് ആയുധമേന്തി ചെറുപ്പക്കാരായ സുരക്ഷാഭടന്മാർ ഇമവെട്ടാതെ ചുറ്റും നിരീക്ഷിക്കുന്നു.അവിടെ നിന്ന് ചെന്നെത്തിയത് Nordiska Museet എന്ന ഭീമൻ മ്യൂസിയത്തിലാണ്. ഇപ്പോഴുള്ള ഈ മ്യൂസിയം 1907ൽ പണി തീർത്തതാണ്. 19 വർഷമെടുത്തു പൂർത്തിയാക്കാൻ. നോർഡിക് ജനതയുടെ ചരിത്രവും ജീവിതവും സംസ്കാരവും മനസ്സിലാക്കാൻ കഴിയുന്ന ഉദ്ദേശം 15 ലക്ഷം വസ്തുക്കൾ കാഴ്ചയ്ക്കായി ഇവിടെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാണ് വാസാ മ്യൂസിയം (VASA MUSEUM). ഈ വലിയ കെട്ടിടത്തിനകത്ത് മരങ്ങളിൽ നിര്‍മിച്ച ഒരു പടുകൂറ്റൻ കപ്പലുണ്ട് 1628ലെ കന്നിയാത്രയിൽ മുങ്ങിപ്പോയതാണ് ഈ കപ്പൽ. 226 അടി നീളമുള്ള ഈ ചരിത്ര കപ്പലിന്റെ വാസ്തുകല മനോഹരവും പ്രൗഢഗംഭീരവുമാണ്. അത് വീണ്ടെടുത്ത് നല്ല കാഴ്ചയൊരുക്കിയ സ്വീഡിഷ് ജനതയെ പ്രശംസിച്ചേ മതിയാവൂ. അഞ്ചു മണിക്കൂർ മാത്രമാണ് സ്വീഡനിൽ ഞങ്ങൾ കണ്ട പകലിന്റെ ദൈർഘ്യം. ഈ ചുരുങ്ങിയ പകൽവെളിച്ചത്തിൽ കഴിയുന്നത്ര നഗരദൃശ്യങ്ങൾ കണ്ടു തീർക്കാൻ ശ്രമിച്ചു... പ്രേത വഴിയിലൂടെ... മുൻകൂട്ടി തയാറാക്കിയ പ്ലാൻ അനുസരിച്ച് ഏഴു മണിക്ക് ‘പ്രേത വഴിയിലൂടെ’ യാത്രയ്ക്ക് ഒരു ഇടവഴിയിൽ ഞങ്ങൾ കാത്തുനിന്നു. കൃത്യം 7.05ന് ഭീമാകാരനായ ഒരു വ്യക്തി കറുപ്പു വസ്ത്രമണിഞ്ഞ് എത്തി. കയ്യിൽ തലയോട്ടി ചേർന്ന ഒരു വടി. മറ്റേ കയ്യിൽ ഒരു റാന്തൽ വിളക്ക്. നിഷ്കളങ്കമായ കണ്ണുള്ള അയാൾ ഭീതി ഉളവാക്കുന്ന രീതിയിൽ റാന്തൽ വിളക്ക് മുഖത്തോട് അടുപ്പിച്ച് ഞങ്ങളെ ഓരോരുത്തരെയും നോക്കി. ബീഭത്സത ഉളവാക്കുന്ന ശബ്ദമുണ്ടാക്കി അയാളെ പിൻതുടരാൻ ആവശ്യപ്പെട്ടു. ഇരുട്ടുനിറഞ്ഞ ഇടവഴികളിൽ പലയിടത്തും അയാൾ നിർത്തി. അവിടത്തെ പ്രേതസ്പർശത്തിന്റെ തെളിവും കഥകളും വിവരിച്ചു.

sweden 3

sweden 5

അങ്ങനെ പല വിവരണങ്ങൾക്ക് ഒടുവിൽ ഇടവഴിയിലെ പഴയ ഒരു വാതിൽ അയാൾ തുറന്നു. നല്ല ഇരുട്ടുളള ആ കെട്ടിടത്തിന്റെ ചുവപ്പു വെളിച്ചത്തിൽ ഭീകരത ഉളവാക്കുന്ന വസ്തുക്കൾ പലയിടത്തും കണ്ടു. ഞങ്ങൾ കുത്തനെ പടികൾ ഇറങ്ങി ഭൂതലത്തിനു താഴെ ഒരു മുറിയിൽ ചെന്നെത്തി. ചിലന്തിവലകളും തലയോട്ടികളും ഭീകരമായി തോന്നിപ്പിക്കുന്ന പല വസ്തുക്കളും പ്രത്യേക രീതിയിലുള്ള ചുവപ്പു പ്രകാശത്തിൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്നു. ചീവീടുകളും ശബ്ദമുണ്ടാക്കി പറക്കുന്ന വാവലുകളും അവിടത്തെ ഭീകരാന്തരീക്ഷം രൂക്ഷമാക്കി. മനസ്സിന് ദൗർബല്യമുള്ളവർ ഉടൻ ഇറങ്ങിപ്പോവണം എന്ന അട്ടഹാസത്തിൽ ഞങ്ങളുടെ ആശങ്ക വർധിച്ചു. ബ്രിട്ടനിൽ നിന്നു വന്ന രണ്ടു സ്ത്രീകൾ ആ മാത്രയിൽ പടി കയറി സ്ഥലം വിട്ടു. ഒൻപതു പേരില്ലേ, വരുന്നിടത്തു വച്ചു കാണാം എന്ന മനോഭാവത്തിൽ ഞങ്ങൾ ധൈര്യം സംഭരിച്ചു. അയാൾ വീണ്ടും പ്രേതകഥ തുടർന്നു. പലയിടത്തു നിന്നും ചില ചലനങ്ങളും ഭീകരമായ ശബ്ദവും. അതിനിടെ നാടകീയമായി അയാളുടെ വായിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒലിച്ചിറങ്ങി. അവ നിലത്തു വീണ് തെറിക്കുന്നുണ്ടായിരുന്നു. എല്ലാവരോടും മേൽക്കൂരചേര്‍ന്നുള്ള ചുവപ്പു വൃത്തത്തിൽ ഇമവെട്ടാതെ നോക്കാൻ ആവശ്യപ്പെട്ട് ഭീകരമായ ശബ്ദമുണ്ടാക്കി അയാൾ അപ്രത്യക്ഷനായി. ഞങ്ങൾ കാത്തു നിന്നു. ആ വൃത്തരൂപം വിണ്ടുകീറി അതിൽ നിന്ന് ഒരു അസ്ഥികൂടം പുറത്തു ചാടി. അതോടെ ‘പ്രേത വഴിയിലൂടെ യാത്ര’ പൂർണമായി. കിരൂന്നയിലെ പച്ചവെളിച്ചം അടുത്ത ലക്ഷ്യം ഉത്തരധ്രുവ ദീപ്തി (Northern Lights) ആണ്. അതിനു വേണ്ടി സ്വീഡനിലെ വടക്കൻ പ്രവശ്യയിലുള്ള കിരൂന്ന (KIRUNA) എന്ന സ്ഥലത്തേക്കു വിമാന യാത്ര. വിമാനം വളരെ താഴ്ന്നു പറക്കുന്നതിനാൽ ഭൂപ്രതലത്തിലെ ദൃശ്യങ്ങൾ വളരെ വ്യക്തമായിരുന്നു. വനസംരക്ഷിതമായ ഭൂപ്രദേശം മഞ്ഞുവീണ് വെള്ളപ്പുതപ്പണിഞ്ഞപോലെ... കായലുകളും നദികളും വെള്ളക്കെട്ടുകളും അതിശൈത്യത്തിൽ മരവിച്ച് നിശ്ചലമായിരിക്കുന്നു. കിരൂന്ന എയർപോർട്ടിന്റെ റൺവേയും പരിസരവും തൂവെള്ളനിറത്തിൽ സുന്ദരമായി കാണപ്പെട്ടു. നഗര ത്തിൽ നിന്നു പത്തു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ എയർപോർട്ട്ിനു പുറത്ത് കിരൂന്ന ഗൈഡ് ടൂറിന്റെ സാരഥി ക്ലൗഡിയ എന്ന ചെറുപ്പക്കാരി വാഹനവുമായി നിൽപുണ്ടായിരുന്നു. ഇരുമ്പ് ഖനനത്തിനു പ്രശസ്തമായ സ്ഥലമാണ് കിരൂന്ന. ഈ നഗരത്തിന്റെ മുഖ്യഭാഗത്തിനു താഴെ വലിയ ഇരുമ്പ് ഖനി കണ്ടെത്തിയതിനാൽ നഗരം മറ്റൊരിടത്തേക്കു പറിച്ചു നടുകയാണ്. രാത്രി എട്ടുമണിയായി. ടൂർ കമ്പനി തന്ന പ്രത്യേകരീതിയിലുള്ള വളരെ കട്ടിയുള്ള വസ്ത്രം ധരിച്ച് ഞങ്ങൾ തയാറെടുത്തു. ഉത്തരധ്രുവ ദീപ്തി കാണുക ഒരു ഭാഗ്യപരീക്ഷണമാണ്... കരടിയുമായി കൂടിക്കാഴ്ച ഹോട്ടലിൽ നിന്ന് 20 കിലോമീറ്റർ അകലെ മലയുടെ മുകളിലൂടെ യാത്ര ചെയ്ത് CAMP RIPAN എന്ന ഒരിടമാണ് പ്രകൃതിയുടെ ഈ അദ്ഭുത ദീപ്തി കാണാനായി തിരഞ്ഞെടുത്തത്. മഞ്ഞുകണങ്ങൾ ശക്തമായി പതിക്കുന്ന ചുരത്തിലൂടെ വാഹനം നീങ്ങുന്നത് ആശങ്കയും ഭീതിയും ജനിപ്പിക്കും. വാഹനം ഒരു വലിയ കുന്നിൻമുകളിൽ നിർത്തിയിട്ടു. ഇനി രണ്ടു കിലോമീറ്റർ കാട്ടിലൂടെ നടക്കണം. മഞ്ഞുപാളികളാൽ ക്രമപ്പെട്ട പ്രതലം ശക്തമല്ലാത്തതിനാൽ തെന്നിവീഴാൻ സാധ്യത ഏറെയാണെന്ന മുന്നറിയിപ്പ് ടീം ലീഡേഴ്സ് മാർട്ടിനും മിക്കിയും ആവർത്തിച്ചുകൊണ്ടിരുന്നു. വരിയായി നടന്നു നീങ്ങുന്ന ഞങ്ങളുടെ മുൻപിൽ മാർട്ടിനും ഏറ്റവും പിറകിൽ മിക്കിയും നിലയുറപ്പിച്ചു. നടന്നു നീങ്ങുന്നതിനിടയിൽ മാർട്ടിൻ എല്ലാവരോടും നിശ്ശബ്ദമാവാനും, ടോർച്ച്, ക്യാമറ എന്നിവ ഉപയോഗിക്കാതിരിക്കാനും ആവശ്യപ്പെട്ടു. കൂരിരുട്ടിൽ കാര്യമറിയാതെ ഞങ്ങൾ നിശ്ശബ്ദരായി. മാർട്ടിനും മിക്കിയും സ്വീഡിഷ് ഭാഷയിൽ എന്തോ സംസാരിച്ചു. ഇരുവരും അരയിൽ തൂക്കിയിട്ടിരുന്ന വടിവാൾ ഉറയിൽ നിന്ന് ഊരി എന്തോ അപകടത്തെ നേരിടാനെന്നപോലെ നിലയുറപ്പിച്ചു. അവരുടെ മുഖത്തെ ആശങ്ക ഞങ്ങളിലും ഭീതി ഉളവാക്കി. 20 മീറ്റർ അകലെ ബ്രൗൺ നിറത്തിലുള്ള ഒരു വലിയ കരടി ഞങ്ങൾക്ക് അഭിമുഖമായി നിൽക്കുന്നത് മാർട്ടിൻ തലയിൽ ഘടിപ്പിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ കാണ്ടു. അതിന്റെ പാദങ്ങൾ ഞങ്ങളെ ലക്ഷ്യം വയ്ക്കുന്നതു പോലെ. ഞങ്ങൾ പരസ്പരം ചേർത്തു പിടിച്ചു. മാർട്ടിനും മിക്കിയും കവചംപോലെ ഞങ്ങളുടെ മുൻപിൽ നിലയുറപ്പിച്ചു. ഞങ്ങളും കരടിയും തമ്മിലുള്ള ദൂരം കുറഞ്ഞുവരുന്നു. കരടിയുടെ പിറകിൽ ഒരു കുഞ്ഞുള്ള കാര്യം ഞങ്ങൾ പിന്നീടാണ് ശ്രദ്ധിച്ചത്. കരടി നിശ്ചലനായി കുറച്ചു സമയം നിന്നു. പിന്നെ ദിശ മാറി നടന്നു. സകലധൈര്യവും സംഭരിച്ച് എന്റെ ക്യാമറ അപ്പോൾ മിഴി തുറന്നു. മുൾമുനയിൽ കുറച്ചു സമയം ഞങ്ങളെ നിർത്തിയിട്ട് ആ കരടിയും കുഞ്ഞും ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. വാനിലെ വിസ്മയം വലിയ ഇറക്കമിറങ്ങി ഒരു തടാകത്തിന്റെ മുകളിലെത്തി. തടാകത്തിന്റെ പ്രതലം പൂർണമായും തണുത്ത് മരവിച്ചിരുന്നു. ഐസ് പാളികളിലൂടെ ഉദ്ദേശം അര കിലോമീറ്റർ ഞങ്ങൾ തടാകത്തിനു മുകളിൽ നടന്നു നീങ്ങി. മഞ്ഞുപാളികൾക്ക് കനമുള്ളതിനാൽ ഭയപ്പെടേണ്ടതില്ല എന്ന് മാർട്ടിനും മിക്കിയും പറഞ്ഞു. തുടക്കത്തിൽ സ്വൽപം ഭയം തോന്നിയെങ്കിലും പിന്നീട് ജലോപരിതലത്തിലെ മഞ്ഞുപാളിയിൽ ശ്രദ്ധാപൂർവം നടന്നുനീങ്ങി. കായലിന്റെ ഏകദേശം മധ്യഭാഗത്ത് പ്രകൃതിയുടെ വരദാനത്തിനായി ക്യാമറകൾ ട്രൈ പോഡിൽ ഘടിപ്പിച്ച് കാത്തു നിന്നു. രണ്ടുമണിക്കൂർ ക്ഷമയോടെ നിന്നിട്ടും നിരാശയായിരുന്നുഫലം. മാർട്ടിനും മിക്കിക്കും നിരാശ ഉണ്ടായിരുന്നു എങ്കിലും പ്രകടമാക്കാതെ ഞങ്ങളെ അത്താഴത്തിന് മരക്കൂടാരത്തിലേക്ക് ക്ഷണിച്ചു. കൂടാരത്തിനകത്ത് മരക്കഷണങ്ങൾകൊണ്ട് തീ കത്തിച്ചു വച്ചിരുന്നതിനാൽ ശൈത്യത്തെ കുറച്ചു സമയം നേരിടാനായി. മാനിറച്ചി (Rain Deer) കൊണ്ടുണ്ടാക്കിയ സൂപ്പ് ഞങ്ങൾക്കുവേണ്ടി ആ തീയിൽ വേവുന്നുണ്ടായിരുന്നു. ദീപ്തിയെക്കുറിച്ചും സന്ദർശകരുമായുള്ള അനുഭവത്തെക്കുറിച്ചും, കാട്ടിൽ തീപ്പെട്ടിയല്ലാതെ തീയുണ്ടാക്കുന്നതിനെക്കുറിച്ചുമെല്ലാം മാർട്ടിനും മിക്കിയും സംസാരിച്ചു. രണ്ടുമണി പുലർച്ചെ മാർട്ടിൻ ആകാശത്ത് മാറ്റങ്ങളുണ്ടോ എന്നു നോക്കാനായിപ്പോയി. അയാൾ ഉടനെ തിരിച്ചെത്തി തടാകത്തിലേക്കു പോവാൻ ആവശ്യപ്പെട്ടു. ധൃതി പിടിച്ചുള്ള നടത്തത്തിൽ പലരും വഴുതി വീണു.

sweden 9
sweden 10

വാനിൽ വർണവിസ്മയം സജീവമായിരുന്നു. പ്രകൃതി വർണങ്ങൾ വാരി എറിയുന്നതു പോലെയും ഇളം തെന്നലിന്റെ ഓളങ്ങളിൽ അവ തെന്നിമാറുന്നതുപോലെയും തോന്നിപ്പോകും. ആവേശവും അഭിമാനവും ആഹ്ലാദവും കൊണ്ട് ഉല്ലാസഭരിതരായി ഇമവെട്ടാതെ ആ അസുലഭ സന്ദർഭത്തെ നോക്കി നിന്നു. പ്രകൃതി കനിഞ്ഞു നൽകിയ ഹൃദയഹാരിയായ ദൃശ്യങ്ങൾ... ഡോഗ് സ്ലെഡ്ഡിങ്ങും ഐസ് ഹോട്ടലും മൂന്നാം ദിവസം ഡോഗ് സ്ലെഡ്ഡിങ്ങിനും ഐസ് ഹോട്ടൽ കാണാനുമാണ് മാറ്റി വച്ചത്. അതിൽ ആദ്യം പട്ടികൾ വലിക്കുന്ന വണ്ടിയിലുള്ള യാത്രയാണ്. പന്ത്രണ്ട് പട്ടികളാണ് രണ്ടു പേർക്കിരിക്കാവുന്ന വാഹനം വലിക്കുന്നത്. പരിശീലനം ലഭിച്ച പട്ടികൾക്ക് നിത്യവും 120 കിലോ മീറ്റർ പ്രയാസമില്ലാതെ ഓടാനാവും. ഓട്ടത്തിനിടയിൽ ദാഹിക്കുമ്പോൾ ഇവ ഓരങ്ങളിലെ മഞ്ഞു കണങ്ങൾ ഒരു കടിക്ക് വായിലാക്കും. വളരെ വേഗത്തിലാണ് ഇവ ഞങ്ങളിരുന്ന വാഹനം മുന്നോട്ടു വലിച്ചത്. ഞങ്ങൾ പോയ കേന്ദ്രത്തിൽ നന്നായി അഭ്യാസം സിദ്ധിച്ച 800 പട്ടിയുണ്ട്. കൂട്ടിൽ കയറിയാൽ ഇവ വലിയ രീതിയിൽ കുരച്ച് ബഹളം വയ്ക്കും. എന്നാൽ ജോലി സമയത്ത് ഇവ പൊതുവെ നിശ്ശബ്ദരായി ഉത്സാഹപൂർവം വണ്ടി വലിക്കും. ഇവിടെ നിന്നു ഞങ്ങൾ പോയത് ഐ സ് ഹോട്ടൽ എന്ന ലോകാദ്ഭുതത്തിലേക്കാണ്. പൂർണമായും ഐസ് കൊണ്ടു നിർമിച്ച ഹോട്ടൽ. തണുപ്പു സമയത്ത് മാത്രം നിർമിക്കുകയും ചൂടിൽ ഉരുകി ഇല്ലാതാവുകയും ചെയ്യുന്ന ഈ ഹോട്ടൽ 29–ാം വർഷവും അതിന്റെ അദ്ഭുതപ്രതിഭാസം തുടരുന്നു. പക്ഷേ, 2016 മുതൽ ICE HOTEL 365 എന്ന ഒരു സ്ഥിരമായ ഹോട്ടൽ നിർമിച്ചിട്ടുണ്ട്. ഏതു കാലാവസ്ഥയിലും ഈ ഹോട്ടലിനകത്ത് –5C എന്ന സ്ഥിരം താപമാനം നിലനിർത്തുന്നു. ഇവിടെ കട്ടിലും ഭക്ഷണ മേശയും കസേരയും മനോഹരങ്ങളായ ശിൽപങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വിളക്കുകളും ഐസ് കൊണ്ട് നിർമിച്ചിരിക്കുന്നു. കേവലം കി ടക്കമാത്രമാണ് വ്യത്യസ്തമായി കാണപ്പെട്ടത്. ഐസ് ഹോട്ടലിന് അകത്തുള്ള ബാറിൽ മദ്യം വിളമ്പുന്ന ഗ്ലാസ് പോലും ഐസ് നിർമിതമാണ്. ഇവിടെ അന്തിയുറങ്ങാനായി എത്തുന്ന സന്ദർശ കർക്ക് പ്രത്യേക രീതിയിലുള്ള വസ്ത്രവും പുതപ്പും നൽകും. ഇത്തരം പരീക്ഷണങ്ങൾക്കായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ ഈ ശൈത്യകൂടാരത്തിൽ അന്തിയുറങ്ങാനെത്തു ന്നു. വലിയ ചെലവേറിയ വിനോദമാണ് ഇത്. വൈകുന്നേരം ഞങ്ങൾ കിരൂന്നയിൽ വീണ്ടും തിരിച്ചെത്തി.

sweden 2
sweden 7

അത്താഴം കഴി‍ഞ്ഞ് ബോഡൻ (BODEN) എന്ന സ്ഥലത്തേക്കു തീവണ്ടി കയറുമ്പോൾ സമയം രാത്രി 10. പഴക്കം ചെന്നതാണെങ്കിലും വൃത്തിയുള്ളതായിരുന്നു ട്രെയിനിന്റെ ഉൾവശം. ശൈത്യത്തെ നേരിടാൻ ചൂട് കാറ്റ് പല ഭാഗത്തുനിന്നും പ്രവഹിക്കുന്നു. സമയ കൃത്യത പാലിച്ച് രണ്ടു മണിക്കൂർ 30 മിനിറ്റുകൊണ്ട് ഞങ്ങൾ ബോഡനിൽ എത്തി. തീവണ്ടി സ്റ്റേഷന് എതിർവശത്ത് നടന്നെത്താവുന്ന ഒരിടമാണ് ഞങ്ങൾക്ക് ഇന്ന് അന്തിയുറങ്ങാൻ കരുതിയിട്ടുള്ളത്. ഐസിൽ മീൻപിടുത്തം നാലാം ദിവസം തണുത്തുറഞ്ഞ തടാകത്തിൽ നിന്ന് മീൻപിടിത്തമായിരുന്നു പ്ലാൻ ചെയ്തത്. ഫിഷിങ് സാരഥി റോബര്‍ട്ട് വെസ്റ്റിൻ തണുപ്പിനെ പ്രതിരോധിക്കാനുള്ള പ്രത്യേക വസ്ത്രവും കയ്യുറകളും നീളൻ ഷൂസുമായി ഹോട്ടലിൽ എത്തിയിരുന്നു. ഞങ്ങൾ ഫിഷിങ് സ്ഥലത്ത് എത്തി. വലിയ തടാകത്തിന്റെ ഓരത്ത് ഞങ്ങളുടെ വാഹനം നിർത്തി. തണുത്തുറഞ്ഞ നിശ്ചലമായ കായലിന്റെ പ്രതലം ശക്തമായ മഞ്ഞുപാളികളാൽ ദൃഢമായിരുന്നു. ഇറങ്ങുന്നതിനു മുൻപായി റോബർട്ട് സുരക്ഷാ നിർദേശങ്ങൾ തന്നു. മീൻ പിടിക്കാനായി റോബർട്ടിനെ പിൻതുടർന്നു. എങ്ങനെയാണ് മീൻ പിടിക്കേണ്ടത് എന്ന് അയാൾ കാണിച്ചു തന്നു. വലിയ ഡ്രില്ലിങ് റോഡ് കൊണ്ട് ഐസിൽ ഒരു ദ്വാരമിടുന്നു. ആ ദ്വാരത്തിലൂടെ ചൂണ്ടൽ ഇട്ടാണ് മീൻപിടിക്കുന്നത്. എല്ലാവർക്കും ചൂണ്ടലും ഇരയും കിട്ടി. എല്ലാവരും ദ്വാരങ്ങൾ നിർമിച്ച് ചൂണ്ടലിലെ ചലനങ്ങൾക്കായി കാത്തുനിന്നു. ആദ്യ മീൻപിടിത്തത്തിന്റെ ആരവവും ആവേശവും. പലരുടെ ചൂണ്ടയിലും മീന്‍ കുരുങ്ങി. ഉച്ചഭക്ഷണത്തിന് റോബർട്ട് വിളിക്കുമ്പോ ൾ സമയം 2.45. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. മൂസ് (MOOSE) എന്ന ജീവിയുടെ ഇറച്ചി ഉപയോഗിച്ചു പാചകം ചെയ്ത സൂപ്പാണ് ഭക്ഷണം. ഇറച്ചിയിൽ പച്ചക്കറിയും മറ്റും ചേർത്ത് പാചകം ചെയ്തതാവാം. വളരെ രുചികരമായ വിഭവം ആയിരുന്നു. ബോഡനിലെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഞങ്ങൾ ലൂലിയ എയർപോർട്ട് ലക്ഷ്യം വച്ച് ബസിൽ യാത്ര തിരിച്ചു. ലൂലിയ എയർപോർട്ടിൽ നിന്നു സ്റ്റോക്ക് ഹോമിലേക്ക്. സ്വീഡനിലെ ലാസ്റ്റ് ഡേ സ്വീഡനിലെ അഞ്ചാം ദിവസം. TRIVEDEN NATIONAL PARK ലക്ഷ്യം വച്ച് വാഹനമോടിച്ചു. വലിയ മരങ്ങൾ, അരുവികൾ, കായലുകൾ, കുന്നുകൾ... സുന്ദരമായ ഈ ഭൂപ്രദേശത്തിലൂടെ ശുദ്ധവായു ശ്വസിച്ചുള്ള യാത്ര മനോഹരമാണ്. യാത്രയ്ക്കിടെ മൂസ് എന്ന വന്യ ജീവിയെ കണ്ടു. കുതിരയുടെ വലുപ്പമുള്ള ഈ ജീവി സ്വീഡനിൽ മാത്രം അഞ്ചു ലക്ഷമുണ്ട്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൂസ് വേട്ട ഒരു ആഘോഷം പോലെയാണ് സ്വീഡനിൽ. ചക്രം തിരിയുന്ന പോലെ ഒടുവിൽ സ്റ്റോക്ക്ഹോം എയർപോർട്ടിൽ തിരിച്ചെത്തി. ദുബായിലേക്കുള്ള വിമാനത്തിൽ കയറി. പറന്നുയർന്ന വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി... വെറുതേയല്ല ഈ നാടിനെ യൂറോപ്പിന്റെ സുന്ദരി എന്നു വിളിക്കുന്നത്

Tags:
  • Manorama Traveller