Tuesday 31 May 2022 03:21 PM IST : By സ്വന്തം ലേഖകൻ

അറേബ്യൻ വിസ്മയം അനുഭവിക്കാൻ 5 സൗദി ഡെസ്‌റ്റിനേഷനുകൾ

saudi 1

അസാധാരണമായ ഭൂപ്രകൃതികൊണ്ടും സമ്പന്നമായ സാംസ്കാരിക പൈതൃകത്താലും വേറിട്ടു നിൽക്കുന്ന ഇടമാണ് സൗദി. രാജ്യാന്തര സഞ്ചാരികളുടെ പട്ടികയിൽ ശ്രദ്ധേയ ഡെസ്റ്റിനേഷനായി മാറുന്ന സൗദി അവിടെത്തുന്നവർക്ക് കൗതുകം പകരുന്ന തനതായ ഒട്ടേറെ അനുഭവങ്ങൾ നൽകുന്നു.

സൂക്കെന്ന തുറസ്സായ ചന്തകളുടെ ഗന്ധവും ശബ്ദവും ആസ്വദിക്കാം... എണ്ണമറ്റ പവിഴപ്പുറ്റുകളുടെ പശ്ചാത്തലത്തിൽ ചെങ്കടലിന്റെ തെളിഞ്ഞ ജലത്തിൽ വെയിൽ കാഞ്ഞു കിടക്കാം... പുരാതന ജനപദങ്ങളുടെ കാലടികൾ പിന്തുടർന്ന് സഞ്ചരിക്കാം... രാജ്യത്തിന്റെ ഏതു ഭാഗത്തു സഞ്ചരിച്ചാലും സൗദി ജനതയുടെ സമാനതകളില്ലാത്ത ആതിഥ്യം നുകരാം... നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത 5 സൗദി ഡെസ്‌റ്റിനേഷനുകൾ ഇതാ... അറേബ്യൻ മാന്ത്രികത ആസ്വദിക്കാൻ 5 കേന്ദ്രങ്ങൾ.

ദിരിയ

saudi 2

റിയാദ് നഗരത്തിന്റെ പരിസരത്തു തന്നെയാണ് യുനെസ്കോ ലോകപൈതൃക കേന്ദ്രവും ഭരണാധികാരികളായ അൽ സൗദ് കുടുംബത്തിന്റെ പരമ്പരാഗത ആസ്ഥാനവുമായ ദിരിയ. മണ്ണുകൊണ്ടുള്ള ഇഷ്ടികകളിൽ നിർമിച്ച കെട്ടിടങ്ങൾക്ക് ഇടയിലുള്ള ഇടവഴികളിലൂടെ അലഞ്ഞു നടക്കാം. ഒട്ടേറെ തലമുറകളുടെ പാരമ്പര്യമുള്ള ഒരു ജീവിതക്രമം അവിടെ കണ്ടെത്താം. സൗദി ചരിത്ര, സംസ്കാര മ്യൂസിയം കാണാം. അക്കൂട്ടത്തിൽ പൗരാണിക നഗരത്തിലെ ഏറ്റവും പ്രൗഢമായ കെട്ടിടം സാൽവ പാലസും കാണാം. അതിനുശേഷം ദിരിയയിലെ തനതു നജദ് വിഭവങ്ങൾ രുചിക്കാൻ പരമ്പരാഗത ശൈലിയിലുള്ള ഭക്ഷണശാലകളിൽ കയറാം. പച്ചപ്പും കുളങ്ങളും ഭംഗി പകരുന്ന പശ്ചാത്തലത്തിലുള്ള ഈ കടകളിൽക്കൂടി കഥകൾ നിറയുന്ന സൗദി ചരിത്രത്തിലേക്കും ഒന്നു സഞ്ചരിക്കാം.

saudi 5

അൽഉല

ശ്വാസമടക്കി മാത്രം കാണാൻ സാധിക്കുന്ന ശിലാശിൽപങ്ങൾ, ആധുനിക ലോകത്തിന്റെ ചിഹ്നമായി മാറിയ പുതു കെട്ടിടങ്ങൾ, ലോകമെമ്പാടും സൗദിയുടെ പ്രതീകമായി മാറിയിട്ടുള്ള ഹെഗ്ര... 200000 വർഷത്തിന്റെ മനുഷ്യ ചരിത്രത്തെ ചേർത്തു പിടിക്കുന്ന ഡെസ്‌റ്റിനേഷനാണ് അൽഉല. നബേഷ്യൻ സംസ്കാരത്തിന്റെ അവശേഷിപ്പായ നൂറിലധികം ഒറ്റക്കൽ‍ ശവകുടീരങ്ങൾ അവിടുത്തെ സവിശേഷതയാണ്. അതിനു ചുറ്റുമുള്ള പാറകളിൽ ആലേഖനം ചെയ്തിരിക്കുന്ന ആ പ്രദേശത്തിന്റെ ചരിത്രം വായിക്കാം.

saudi 3

കണ്ണാടിച്ചില്ലുകളാൽ മെനഞ്ഞെടുത്ത മരയ കൺസേർട് ഹാളിന്റെ സൗന്ദര്യം ആസ്വദിക്കാം. ഇൻസ്‌റ്റഗ്രാമിൽ ഏറ്റവുമധികം തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ഈ കെട്ടിടം.

അൽ ബലാദ്

ചെങ്കടലിന്റെ വധു എന്നറിയപ്പെടുന്ന ഈ നഗരം 7ാം നൂറ്റാണ്ടിൽ നിർമിച്ചത് മക്കയിലേക്കു സഞ്ചരിക്കുന്ന തീർഥാടകർക്കുള്ള പ്രവേശനകവാടമായിട്ടായിരുന്നു. നവീകരിച്ച മക്ക ഗേറ്റ് ലോകനഗരങ്ങൾക്കു സമാനമായി പുതുമയുടേയും പഴമയുടേയും ചേർച്ചയിലേക്കുള്ള കവാടമാണ് ഇന്ന്. വർണമനോഹരമായ അൽ അലാവി സൂക്കിലൂടെ കാഴ്ച കണ്ടു നടക്കാം. സൗദി അറേബ്യയിലെ ഏറ്റവും വലിയ സൂക്കായ അൽ അലാവി ഇവിടുത്തെ വീതി കുറഞ്ഞ ഇടവഴികളിലെല്ലാം വിദേശ മസാലകളുടെ മനം മയക്കുന്ന ഗന്ധവും പല നിറങ്ങളിലുള്ള മൺപാത്രങ്ങളും നിറയുന്നു. ഏറെ സൂക്ഷ്മമായി രൂപകൽപന ചെയ്ത 500ൽ അധികം വർഷം പഴക്കമുള്ള കെട്ടിടങ്ങളിൽ പൈതൃക ഭവനങ്ങളും ഗാലറികളും മ്യൂസിയങ്ങളും കേറിക്കാണാം. ചെങ്കടലിന്റെ തീരത്തുനിന്ന് കടൽ മത്സ്യങ്ങളുടെ വിഭവങ്ങൾ അടങ്ങുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തോടെ ആ ദിവസം പൂർണമാക്കാം.

saudi 4

പനിനീർ പൂന്തോട്ടത്തിൽ

കുളിർമയുള്ള വടക്കൻ മലനിരകളിലേക്കു സഞ്ചരിക്കുന്നെങ്കിൽ പനിനീർ പൂക്കളുടെ നഗരമായ തയിഫ് കാണാം. 90 ൽ ഏറെ റോസാപ്പൂ പൂന്തോട്ടങ്ങളാണ് തയിഫിനെ പനിനീർ പൂക്കളുടെ നഗരമാക്കി മാറ്റുന്നത്. വസന്തകാലത്തിന്റെ തെളിഞ്ഞ ആകാശത്തിനു താഴെ ഈ നഗരത്തിന്റെ അന്തരീക്ഷം ഒന്നാന്തരം റോസാപുഷ്പങ്ങളുടെ വാസന നിറഞ്ഞു നിൽക്കും. ലോകമെമ്പാടും ആഡംബര വാസനതൈലങ്ങളുടെ നിർമാണത്തിൽ ചേർക്കുന്ന വിലപിടിച്ച പനിനീർ തൈലമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പ്രാദേശിക രുചിവൈവിധ്യത്തിലും ഈ നാടിന്റെ സ്വന്തം പനിനീർ ഭാഗമാണ്. പരമ്പരാഗത ആഭരണങ്ങൾ, ഊദ്, പച്ച മരുന്നുകൾ എന്നിവയുടെ വിൽപന പൊടിപൊടിക്കുന്ന നവീകരിച്ച സിറ്റി സെന്ററിലെ തയിഫ് സെൻട്രൽ മാർക്കറ്റ് വേറിട്ടൊരു അനുഭവമാകും.

ചെങ്കടൽ തീരത്ത്

saudi 6

പവിഴപ്പുറ്റുകളും ഡോൾഫിൻ, കടലാമ, ഡുഗോങ് തുടങ്ങി ഒട്ടേറെ കടൽ ജീവികളും സമൃദ്ധമാണ് സൗദിയുടെ ചെങ്കടൽ തീരത്ത്. അക്കാബ കടലിടുക്ക് മുതൽ ഫർസാൻ ദ്വീപ് വരെയുള്ള 1700 കിലോ മീറ്റർ തീരം ഡൈവിങ്, സ്നോർക്കലിങ് തുടങ്ങി കടൽ വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ്. കടൽതീരത്തിരുന്ന് ശാന്തസുന്ദരമായ അസ്തമയം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിലും പ്രാചീനമായ പവിഴപ്പുറ്റുകൾ കണ്ടെത്താൻ അലയുന്നവരായാലും നിഗൂഢമായ കപ്പൽച്ചേതങ്ങളുടെ സ്ഥാനങ്ങളിലേക്ക് മുങ്ങാങ്കുഴി ഇട്ട് ഇറങ്ങാൻ താൽപര്യപ്പെടുന്നവരായാലും ചെങ്കടലിന്റെ തീരം നിരാശരാക്കില്ല. ഈ ലോകത്ത് സമാനതകളില്ലാത്ത ഒരു ഡെസ്‌റ്റിനേഷൻ ആണ് അത്, മറക്കാനാവാത്ത പ്രകൃതി സൗന്ദര്യത്തിന്റെയും.

Tags:
  • Manorama Traveller