ഷെർലക് ഹോംസ് എന്ന ലോക പ്രശസ്ത കുറ്റാന്വേഷകനെ സൃഷ്ടിച്ച സർ ആർതർ കോനൻ ഡോയലിന്റെ ഒരു സയൻസ് ഫിക്ഷൻ രചനയുണ്ട്; ദി ലോസ്റ്റ് വേൾഡ്. അൽപം ഭ്രാന്തുള്ള, മുൻകോപിയായ സുവോളജിസ്റ്റ് പ്രൊഫസർ ചാലഞ്ചറിനൊപ്പം ചെറുപ്പക്കാരനായ ഒരു പത്രപ്രവർത്തകൻ എഡ്വേഡ് മലോൺ, പ്രൊഫസർ സമ്മർ ലീ, റോക്സ്റ്റൺ പ്രഭു എന്നിവർ ഒരു തെക്കേ അമേരിക്കൻ കാടുകളിലേക്ക് ഒരു പര്യവേക്ഷണത്തിനു പോകുന്നതാണ് ഇതിവൃത്തം. ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായതായി ശാസ്ത്ര ലോകവും ബഹുജനവും കരുതിയിരുന്ന ദിനോസർ വർഗത്തിൽ പെട്ട ചില ജീവികളെ അടക്കം അവിടെ കണ്ടെത്തുന്ന ഒരു സാഹസിക യാത്രയായി മാറി ആ എക്സ്പഡിഷൻ. കോനൻ ഡോയൽ വിവരിക്കുന്ന അത്രമാത്രം മറഞ്ഞു കിടക്കുന്നതല്ലെങ്കിലും ശാസ്ത്ര സമൂഹത്തിനു മുന്നിൽ ഇന്നും ഒരുപാട് സവിശേഷതകളുള്ള ലോകത്ത് മറ്റെങ്ങും കണ്ടെത്തിയിട്ടില്ലാത്ത ഒട്ടേറെ ജീവജാലങ്ങളുമായി കഴിയുന്ന ഒരു ദ്വീപ സമൂഹം ഈ ഭൂമിയിൽ ഉണ്ട് ... ഗലാപഗോസ് ദീപുകൾ. ദിനോസറുകളോ കുരങ്ങു മനുഷ്യരോ ഇല്ലെങ്കിലും ഇവിടെ കാണുന്ന ജീവികളൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കൗതുകവും വിസ്മയവും സൃഷ്ടിക്കുന്നു കാഴ്ചക്കാരിൽ.
ജീവിക്കുന്ന മ്യൂസിയം
പസഫിക് സമുദ്രത്തിൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നു 1000 കിലോ മീറ്റർ അകലെ, ഭൂമധ്യരേഖയോട് ചേർന്നുള്ള 19 ദ്വീപുകളാണ് ഗലാപഗോസ് ദ്വീപ സമൂഹത്തിൽ ഉള്ളത്. ഇക്വഡോറിന്റെ ഒരു പ്രൊവിൻസാണ് ആകെ 79000 ചതുരശ്ര കി മീ വരുന്ന ഈ ദ്വീപുകളെങ്കിലും ബഹുഭൂരിപക്ഷം പ്രദേശങ്ങളും ജനവാസ രഹിതമാണ്. ജീവിക്കുന്ന മ്യൂസിയവും പരിണാമത്തിന്റെ പ്രദർശന ശാലയുമായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടം 1978 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥാനവുമാണ്.
ഭൂമിശാസ്ത്രപരമായിട്ടും ഏറെ പ്രത്യേകതകളുള്ള ഗലാപഗോസ് ദീപുകൾ സജീവമായ അഗ്‌നിപർവതങ്ങളുടെ സാന്നിധ്യത്താലും ശ്രദ്ധേയമാണ്. ബാൾട്ര, ഫ്ലോറേന, ഇസബെല, സാൻ ക്രിസ്‌റ്റോബാൾ, സാന്റ ക്രൂസ് എന്നീ ദ്വീപുകളാണ് ജനവാസം അനുവദിച്ചിട്ടുള്ളത്. വെളുത്ത പഞ്ചസാര മണൽ വിരിച്ച ബർ തലോമിയോ ദ്വീപിന്റെ കടൽ തീരങ്ങളിൽ ഗലാപഗോസ് പെൻഗ്വിനുകളും സാഫ്നി ദ്വീപിലെ ഡാർവിൻ ഫിഞ്ചുകളും വടക്കൻ സെയ്മുറിലെ പാറക്കെട്ടുകളിലൂടെ കൂട്ടമായി നടക്കുന്ന ബ്ലൂ ഫൂട്ടഡ് ബൂബികളുമൊക്കെ ഇവിടെത്തുന്ന സഞ്ചാരികൾക്ക് കൗതുക കാഴ്ചകളാണ്.
ഗലാപഗോസ് ദ്വീപുകളിലെ ഏറ്റവും വലിയ കാഴ്ചകൾ ഭീമാകാരൻമാരായ ആമകളും (ജയന്റ് ടോർടോയിസ്) മറൈൻ ഇഗ്വാനകളും ആണ്. ഹിംസ്ര മൃഗങ്ങൾ ഇവിടെ ഇല്ല; ആമകളുടെയും ഇഗ്വാനകളുടെയുമൊക്കെ അടുത്തു ചെന്ന് കാണാൻ സാധിക്കും. 90 ദശലക്ഷം വർഷം പഴക്കം കണക്കാക്കുന്ന എസ്പനോള എന്ന ദ്വീപാണ് ഈ സമൂഹത്തിലെ ഏറ്റവും പഴക്കമുള്ള ദ്വീപ്. ഇവിടെ മറ്റു ദ്വീപുകളിൽനിന്നുള്ള മൃഗങ്ങളൊന്നും ഇന്നോളം കടന്നുകയറി താമസമാക്കിയിട്ടില്ല എന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.
ക്രൂയിസ് എക്സ്പഡിഷൻ
ഏതോ ഒരു കാലത്ത് ഭൂമിയുടെ സ്ഥിതി ഇങ്ങനെ ആയിരുന്നു എന്ന് ഓർമിപ്പിക്കാനായി ബാക്കി വച്ച ഈ ദ്വീപുകളെ സംരക്ഷിക്കാൻ മനുഷ്യരാശി പ്രതിജ്ഞാബദ്ധമാണ്. പക്ഷിനിരീക്ഷകരുടെ പറുദീസയാണ് ചില ദ്വീപുകൾ. ലോകമെമ്പാടുമുള്ള വന്യജീവി സ്നേഹികൾക്കും ഫൊട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട ഇടമാകുമ്പോഴും ഗലാപഗോസ് നിയന്ത്രണ വിധേയമായിട്ടേ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നുള്ളു. ബാൾട്രാ ദ്വീപിലും സാൻ ക്രിസ്റ്റോബാളിലും ആണ് എയർപോർട്ടുകൾ ഉള്ളത്. ഇക്വഡോറിലെ കിറ്റോ , ഗയാകിൽ നഗരങ്ങളിൽ നിന്ന് ഇങ്ങോട്ട് സർവീസുകൾ ഉണ്ട്.
ജനവാസം അനുവദിച്ചിട്ടുള്ള ദ്വീപുകളിലെ ഹോട്ടലുകളിൽ താമസിച്ച് സമീപ ദ്വീപുകളിലേക്ക് യാത്ര ചെയ്യാൻ തടസമില്ല. എന്നാൽ ഇത് പണച്ചിലവുള്ളതും സമയം അപഹരിക്കുന്നതും ആണ്. സാധാരണ സഞ്ചാരികൾക്ക് ഏറ്റവും ഗുണപരമായത് ക്രൂയിസ് ബോട്ട് ട്രിപ്പുകളാണ്. ക്രൂയിസ് എന്നു കണ്ട് വലിയ ആഡംബര കപ്പൽ അല്ല; ബോട്ടിന്റെ വലിപ്പം മുതൽ കയറാവുന്ന ആളുകളുടെ എണ്ണത്തിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിലും ഒക്കെ കർശനമായ നിയന്ത്രണങ്ങളുണ്ട്. എങ്കിലും 2 രാത്രി / 3 പകൽ പാക്കേജുകൾ മുതൽ 12 പകൽ വരെ നീളുന്ന പാക്കേജുകൾ ഇവർ നൽകുന്നുണ്ട്.
പരിണാമത്തിന്റെ വഴിയിൽ
ഗലാപഗോസ് എന്ന പേര് ഒട്ടുമിക്ക ആളുകളും പരിചയപ്പെടുന്നത് ബയോളജി പുസ്തകത്തിൽ ചാൾസ് ഡാർവിന്റെ സിദ്ധാന്തം പഠിച്ചപ്പോഴാകും. എച്ച് എം എസ് ബീഗിൾ എന്ന കപ്പലിൽ ലോക സഞ്ചാരത്തിനു പുറപ്പെട്ട ഡാർവിൻ ഗലാപഗോസ് ദ്വീപുകളിലും എത്തിയിരുന്നു. ഒരേ ഇനം പക്ഷിക്കു തന്നെ ഇവിടത്തെ പല ദ്വീപുകളിലും അതാതിടത്തേക്കു വേണ്ട അനുകൂലനം ശ്രദ്ധയിൽ പെട്ടിട്ടാണ് അദ്ദേഹം പ്രകൃതി നിർദ്ധാരണം എന്ന ആദ്യ സിദ്ധാന്തത്തിൽ എത്തി ചേർന്നത്. അത് പിന്നീട് അത്യന്തികമായി പരിണാമസിദ്ധാന്തത്തിൽ പരിണമിച്ചു.
ഇന്ന് ശാസ്ത്ര ലോകം ഏറ്റവുമധികം വില കൽപിക്കുന്ന ഒരു ഭൂഭാഗമാണ് ഗലാപഗോസ് ദ്വീപ സമൂഹം. വ്യക്തിപരമായി ഏറെ മാറ്റി മാറിച്ച സന്ദർശനം എന്നാണ് ഒട്ടേറെ സഞ്ചാരികൾ ഗലാപഗോസ് യാത്രയെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളത്. പ്രകൃതിയെയും ഭൂമിയെയും അതിന്റെ ഏറ്റവും പഴക്കമുള്ള രൂപങ്ങളിൽ, ഭാവത്തിൽ കാണാൻ സാധിക്കുന്ന ഗലാപഗോസ് അവിടെത്തുന്നവരിൽ ഒരു ആത്മപരിശോധനയ്ക്കു വഴിവെച്ചില്ലങ്കിലേ അത്ഭുതമുള്ളു.