സൗദി അറേബ്യയിലെ പടിഞ്ഞാറൻ മുനമ്പിൽ ചെങ്കടലിന്റെ തീരത്തായുള്ള കൊച്ചുനഗരമാണ് യാൻബു. ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ സൂര്യോദയം ആസ്വദിച്ചത് ഇവിടെ വച്ചായിരുന്നു. യാൻബു നിന്ന് 1100 കിലോമീറ്റർ അകലെയാണ് ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ അബഹ. ഇത്രയും ദൂരം പിന്നിട്ടുള്ള ഒറ്റ ഡ്രൈവ് ബുദ്ധിയല്ലാത്തതിനാൽ യാത്രയെ രണ്ടായി തിരിച്ചു. ആദ്യം യാൻബു നിന്ന് തായിഫ് വരെ. ശേഷം അൽബാഹ വഴി അബഹയിലേക്ക്. ജോലി ദിവസം ആയിരുന്നതിനാൽ ഉദ്ദേശിച്ച പ്ലാനിങ്ങിൽ യാത്ര തുടങ്ങാനായില്ല. അല്ലെങ്കിലും പ്രവാസജീവിതത്തിനിടയിലെ ഒഴിവുവേളകൾ ഇങ്ങനെയൊക്കെയാണ്. മാറ്റി നിർത്താനാവാത്ത കെട്ടുപാടുകളിൽ നിന്ന് അല്പനേരത്തേക്ക് മോചനം കൊതിച്ച് അബഹയിലേക്കുള്ള യാത്ര തുടങ്ങി. ആകാശത്തിന് ചുവപ്പ് നിറം വ്യാപിച്ചിരിക്കുന്നു. പിന്നിടുന്ന ചെറിയ ഗ്രാമങ്ങളിൽ പോലും കണ്ട് പരിചയിച്ച മുഖങ്ങൾ, എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്നത് ഒരേ ഘടകം, മലയാളികൾ.
ചുരം കടന്ന് തായിഫിലേക്ക്
മനോഹരമായ ആ സായാഹ്നത്തിൽ ഞങ്ങൾ തായിഫ് ലക്ഷ്യമാക്കി നീങ്ങി. സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലാണ് തായിഫ് നില കൊള്ളുന്നത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചു രം പോലെ തോന്നിക്കുന്ന റോഡ്. സന്ധ്യയായതോടെ നേരിയ തണുപ്പ് തുടങ്ങി. ഇരുട്ടിന് കനം വയ്ക്കുമ്പോൾ തണുപ്പും അതിനോട് മത്സരിക്കുന്നു. ഒരു ചൂട് ചായ കുടിക്കാതെ ഇനി അല്പം പോലും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് വണ്ടി നിർത്തിയത്. ആ ചെറിയ ഇടവേളയിൽ പിന്നിട്ട വഴികളിലേക്ക് കണ്ണും ന ട്ടിരുന്നു. മലനിരകൾക്ക് താഴെ താഴ്‌വാരത്തിൽ മഞ്ഞ് വീഴാൻ തുടങ്ങിയിരിക്കുന്നു. സമയം രാത്രി 11 മണിയോടടുത്തു, ആദ്യ ദിവസത്തെ യാത്ര തായിഫിൽ അവസാനിപ്പിച്ചു.
രാവിലെ അൽ ബഹയിൽ താമസിക്കുന്ന സുഹൃത്തിനെ കാണാൻ പോയി. അവിടെ നിന്ന് നേരെ അബഹ ലക്ഷ്യമാക്കി നീങ്ങി. ഭംഗിയായി പരിപാലിക്കുന്ന റോഡുകൾ. ഇ ടയ്ക്കിടെ കാണുന്ന വ്യൂപോയിന്റിൽ നിന്ന് നോക്കുമ്പോൾ അകലെ പച്ചവിരിച്ച താഴ്‌വാരങ്ങൾ കാണാം. അൽ ബഹയിൽ നിന്നും ഏ കദേശം 24 കിലോമീറ്റർ പിന്നിട്ട് ഒരു ഗ്രാമത്തിലെത്തി. ശിലയിൽ തീർത്ത വലിയ ചുവ രുകളും പൊട്ടിപ്പൊളിഞ്ഞ കൽക്കെട്ടുകളുമാണ് ചുറ്റിലും. ഇവിടുത്തെ ഏറെ പഴക്കമുള്ള ദീ അയ്ൻ (Thee ain) എന്ന ഗ്രാമമാണിത്. ഏതാണ്ട് എഡി 630 മുതലുള്ള ചരിത്രം പറയുന്നുണ്ട് ഇവിടം. പണ്ട് കാലത്ത് ഈ ഗ്രാമത്തെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നു ചെറുത്തു നിർത്തിയ കാവൽക്കോട്ടകളാണ് പൊളിഞ്ഞ് കിടക്കുന്ന കൽക്കെട്ടുകൾ.
മലഞ്ചെരിവുകളിലൂടെ സാഹസിക ഡ്രൈവ്
ഞങ്ങൾ യാത്ര തുടർന്നു. വശങ്ങളിലെ കാഴ്ചകളിലേക്ക് പെട്ടെന്ന് പച്ച നിറം പടർന്നു. ആരോ ചായം പൂശിയ പോലെ... വലിയ മലകളിലൂടെയാണ് സാഹസികമായ ഈ ഡ്രൈവ്. മലകൾ തുരന്നുണ്ടാക്കിയ വലിയ തുരങ്കങ്ങൾ. പിന്നിട്ട വഴിയിലേക്ക് തിരിഞ്ഞ് നോക്കി, മലഞ്ചെരിവുകളിലൂടെ തീർത്ത പാലങ്ങൾ തീർത്തും അദ്ഭുതാവഹം തന്നെ. ശരിക്കും എൻജിനീയറിങ് വിസ്മയം. ഈ പാതയിലൂടെയുള്ള ഡ്രൈവാണ് ഏതൊരു സഞ്ചാരിയും ഏറ്റവും ആസ്വദിക്കുക. മുകളിലെത്തും തോറും ആകാശക്കാഴ്ച കൂടുതൽ സുന്ദരമാകുന്നു. രാത്രിയും തണുപ്പും പിന്നെയും കൂട്ട് കൂടാൻ തുടങ്ങിയിരിക്കുന്നു. അങ്ങ് ദൂരെ അബഹ പട്ടണം കാണാം. അബഹയിൽ ആദ്യം ശ്രദ്ധനേടുക നിറയെ പച്ച ലെഡ് വിളക്കുകൾ പൊതിഞ്ഞ മലയാണ്. അബഹയിലെത്തുമ്പോൾ സമയം രാത്രി 11 കഴിഞ്ഞു. ഹോട്ടൽ നേരത്തേ ബുക്ക് ചെയ്തതിനാൽ താമസത്തിന് ബുദ്ധിമുട്ടുണ്ടായില്ല. യാത്ര ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു, മുന്നിൽ ഇരുട്ടിന്റെ പുതപ്പിനടിയിൽ അബഹ മയങ്ങുകയാണ്. ഇടയ്ക്കിടെ കണ്ണുചിമ്മുന്ന പച്ച ലെഡ് ലൈറ്റിന്റെ പ്രകാശത്തിൽ അബഹയെ ഒന്ന് കാണാൻ ശ്രമിച്ചു, രാത്രിയും തണുപ്പും വീണ്ടും വില്ലനായെത്തി. ഉറങ്ങിയത് എപ്പോഴായിരുന്നു!
സീസൺ ചതിച്ചാശാനെ...
തണുപ്പിനെതിരെ പോരാടി നേരത്തേ ഉറക്കമുണർന്നു. മുന്നിൽ ഒറ്റ ദിവസമേയുള്ളൂ. അബഹ പൂർണമായും കണ്ടുതീർക്കണം. ആദ്യം കണ്ട മലയാളി കടയിൽ കയറി ദോശയും ചമ്മന്തിയും കഴിക്കുമ്പോൾ അബഹയിൽ കാണാനുള്ള കാഴ്ചകളെ കുറിച്ചൊരു അന്വേഷണം നടത്തി. കാണാനുള്ള സ്ഥലങ്ങളുടെ വലിയ ലിസ്റ്റ് അയാൾ എണ്ണിയെണ്ണി പറഞ്ഞു. അവസാനം ഒന്നുകൂടി കൂട്ടിച്ചേർത്തു. സ്ഥലങ്ങളൊക്കെ ഇഷ്ടം പോലെയുണ്ട്. പക്ഷേ, നിങ്ങൾ വന്ന സമയം ശരിയായില്ല. ഇവിടെ ഇപ്പോൾ സീസണല്ല. ഓഗസ്റ്റ് മാസം കഴിഞ്ഞാലെ വ്യൂപോയിന്റുകൾ തുറക്കൂ. സൗദിയിലെ മറ്റിടങ്ങളിൽ ചൂട് കൂടുമ്പോഴാണ് ഇവിടെ സീസൺ. മ ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേബി ൾ കാർ സർവീസ് പോലും അടച്ചിട്ടിരിക്കുകയാണ്. അത് കേട്ട നിമിഷം നിരാശയുടെ കൊടുമുടി ഞങ്ങൾ ശരിക്കും കണ്ടു. എന്തുചെയ്യും എന്നറിയാതെ നിൽക്കുമ്പോഴാണ് ഇവിടെ നിന്ന് 54 കിലോമീറ്റർ അകലെയുള്ള ഹബാല എന്ന സ്ഥലത്തെ പറ്റി കേൾക്കുന്നത്. അവിടെ കേബിൾ കാർ സർവീസ് നടത്തുന്നുണ്ട്. കേട്ട മാത്രയിൽ ഹബാല ലക്ഷ്യമാക്കി യാത്ര തുടർന്നു. അറേബ്യൻ ഗ്രാമങ്ങളിൽ കൂടെയുള്ള ആ യാത്ര തികച്ചും പുതുമയുള്ളതായിരുന്നു. ഹബാല എന്ന വാക്കിനർഥം കയർ എന്നാണ്. മലകളെ തമ്മിൽ ബന്ധിപ്പിച്ച് കെട്ടിയ കയർ വഴി ആയിരുന്നത്രേ പഴയകാലത്ത് ആളുകൾ യാത്രാസംവിധാനം ഒരുക്കിയിരുന്നത്. ആധുനികതയുടെ കാൽപ്പാടുകൾ പതിയാത്ത പൗരാണിക ഗ്രാമമാണ് ഹബാല. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച മലനിരകളാണ് ചുറ്റിലും. മലയുടെ ഇടയിലായി ചെറിയ ചെറിയ ഗുഹകൾ കാണാം. വസന്തത്തിന്റെ വരവറിയിച്ച് തളിർക്കുകയും പൂക്കുകയും ചെയ്ത മരങ്ങൾ മലയടിവാരത്തെ മഞ്ഞച്ചായം പൂശിയിരിക്കുന്നു. ഒരു വശം അഗാധമായ കൊക്കയും മറുവശം പൂക്കൾ നിറഞ്ഞ മലകളും ആണ്. പാറകൾക്കിടയിലെ ചെറിയ ഗുഹയിൽ കയറിയിരിക്കാം. അതിനകത്ത് നല്ല തണുപ്പാണ്. അതിനടുത്തായി ചെറിയൊരു തടാകമുണ്ട്. ഒരു പകൽ സായാഹ്നത്തോളം ഹബാലയിൽ ചെലവിട്ടു. മടങ്ങാൻ സമയമായി. കുന്നിൻ മുകളിലൂടെ താഴ്‌വാരത്തേക്ക് നടന്നിറങ്ങും വഴി ആ സൗന്ദര്യം ഒരിക്കൽ കൂടി മനസ്സിലാവാഹിച്ചു. അപ്രതീക്ഷിതമായ യാത്രകളാണല്ലോ ഏറ്റവും മധുരം. ഹബാലയിലേക്കുള്ള ഈ യാത്ര അത്തരമൊന്നാണ്. എന്നെന്നും ഓർമിക്കുന്ന ഒന്ന്. അബഹയിൽ സന്ധ്യ പരന്നിരുന്നു. ഇത്ര ദൂരം തോൽപ്പിച്ച് ഇനി ഇവിടേക്ക് വരാൻ കഴിയുമോ എന്ന് ഉറപ്പില്ല. പക്ഷേ, ഈ സൗന്ദര്യം അതെന്നും മനസ്സിലുണ്ടാകും.