Friday 17 December 2021 04:31 PM IST : By Text: Pratheesh Jaison

അതിമനോഹര കാഴ്ചയൊരുക്കി കെജെറാഗ്– ബോൾട്ടൻ; കല്ലിന്റെ മുകളിൽ കയറിയ കഥ!

kk18 Photo: Andrew, Pratheesh Jaison

സഞ്ചാര ചിത്രങ്ങളിലെ കൗതുകമാണ് നോർവെയിലെ കെജെറാഗ് മലമുകളിലാണ് ഈ കല്ല്. ഈ കല്ലിന്റെ മുകളിൽ കയറിയ കഥ പറയാം...

കെജെറാഗ്–ബോൾട്ടൻ (Kjeragbolten), ഈ പേര് കേട്ടിട്ടില്ലാത്തവരും ഈ സ്ഥലം ഫോട്ടോകളിലൂടെയും സിനിമകളിലൂടെയും കണ്ടിട്ടുണ്ടാവും. ഈ കല്ലും. നോർവേയിലെ കെജെറാഗ് (Kjerag) മലമുകളിലാണ് ഈ കല്ല്. കഷ്ടിച്ച് ഒന്നര സ്ക്വയർ ഫീറ്റ് മാത്രം നില്ക്കാൻ സ്ഥലമുള്ള ഈ കല്ലിന്റെ തൊട്ടുതാഴെ വെറും 984 മീറ്റർ താഴ്ചയേ ഉള്ളൂ. അതായത് ഒരു കിലോമീറ്ററിന് വെറും 16 മീറ്റർ കുറവ്. ഇങ്ങോട്ടുള്ള യാത്രയുടെ വിശേഷങ്ങളാണ് ഇനി പറയാൻ പോകുന്നത്. 

ഫിയോർഡ് യാത്രകൾ

അതിമനോഹരമാണ് നോർവേയിലെ െലസി–ഫിയോർഡ്(Lysefjord) കായലിന്റെ വശത്തായുള്ള ഈ മലനിരകൾ. ഈ കഴിഞ്ഞ ജൂെെല മാസത്തിൽ, നോർവേ ഫിയോർഡ് (Fojard) (ഫിയോർഡ് എന്നാൽ, നോർവേയിലെ കടലിനോടു ചേർന്നു കിടക്കുന്ന ജലാശയങ്ങളും അതിനോടു ചേർന്നുള്ള മലനിരകളും എന്ന് അർഥം) യാത്രകളുടെ ഭാഗമായിട്ടാണ് കെജെറാഗ് മലകളിലേക്കു യാത്ര പോയത്. 13 കിലോമീറ്ററോളം മല കയറിയിറങ്ങിയാൽ ഇവിടെ എത്താം.

shutterstock_1211661292

ഞാൻ താമസിക്കുന്ന ഹോട്ടൽ സ്റ്റാവെഞ്ചർ (Stavenger) സിറ്റിയിലാണ്. ഇവിടെ നിന്നും കുറേ ദൂരെയാണ് കെജെറാഗ്. അതുകൊണ്ടുതന്നെ രാവിലെ നേരത്തെ തന്നെ മലകയറ്റം തുടങ്ങണം. എന്നാലേ രാത്രിയാകുമ്പോഴേക്കും തിരിച്ചുവരാനും കുറച്ച് അധികം സമയം മുകളിൽ ചെലവഴിക്കാനും എല്ലാം പറ്റുകയുള്ളൂ. കെജെറാഗിലേക്ക് എത്താൻ പബ്ലിക് ബസ്സ് ഉണ്ട്. പക്ഷേ, രാവിലെ 7.30 മുതലേ ബസ്സ് ഉള്ളൂ. അത് അവിടെ എത്തുമ്പോൾ േലറ്റ് ആകും. അതുകൊണ്ടു കയറി ഇറങ്ങാൻ സമയവും തികയില്ല. നല്ലത്, കാർ റെന്റിന് എടുക്കുകയോ ഷെയറിങ് ടാക്സി വിളിക്കുകയോ ആണ്.

kk11

ഇങ്ങനെയുള്ള യാത്രകളിൽ ഹൈക്കിങ്ങിനു വേണ്ട ചില ആക്സസറീസ് ഉറപ്പായും കരുതേണ്ടതുണ്ട്. മഴ എപ്പോൾ വേണമെങ്കിലും െപയ്യാം. അതുകൊണ്ട് റെയിൻ ജാക്കെറ്റ്, വാട്ടർ പ്രൂഫ് ഷൂ, വാട്ടർ പ്രൂഫ് ഗ്ലൗസ്, ഹിക്കിങ് പോൾസ്, അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങൾ അങ്ങനെ കുറച്ചു സാധനങ്ങൾ കരുതണം.

പ്ലാനിങ് കൗച്–സർഫിങ് വഴി

ഈ നോർവേ യാത്രയിൽ ഞാൻ കൗച്–സർഫിങ് (Couchsurfing) ഉപയോഗിച്ചാണ് പ്ലാൻ ചെയ്തത്. കൗച്–സർഫിങ് എന്നതു ലോകമെമ്പാടുമുള്ള രണ്ടു ലക്ഷം സിറ്റികളിലായി പരന്നുകിടക്കുന്ന പന്ത്രണ്ടു മില്യനിൽ അധികമുള്ള സഞ്ചാരികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണ്. യാത്രകൾ പ്ലാൻ ചെയ്യാനും നമ്മൾ പോകുന്ന സ്ഥലത്ത് അന്നേദിവസം പോകുന്ന ആളുകളെ കണ്ടുപിടിക്കാനും എല്ലാം ഇത് ഉപയോഗിക്കാം.

kk4

നോർവേ യാത്രയുടെ വിശദമായ പ്ലാൻ യാത്രയ്ക്ക് ഒരു മാസം മുമ്പേ, ഞാൻ കൗച്–സർഫിങ്ങിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലൂടെ ആ ദിവസങ്ങളിൽ സഞ്ചരിക്കുന്ന ചില ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. അമേരിക്കയിലെ Utahയിൽ നിന്നും ഉള്ള 50 വയസ്സിനു മുകളിൽ പ്രായമുള്ള മാർക്കും ആനിയും, ന്യുയോർക്കിൽ നിന്നുള്ള ഡീലനും മിഷേലിനെയും പരിചയപ്പെട്ടു. അങ്ങനെ പല ഡിസ്കഷനുശേഷം ഞങ്ങൾ കെജെറാഗ് മല കയറാനുള്ള തീയതി ഫിക്സ് ചെയ്തു. കൂടാെത കൗച്സർഫിങ്ങിലൂടെ തന്നെ ഒരു ഹോസ്റ്റിനെയും കണ്ടുപിടിച്ചു. (കുറഞ്ഞ ചെലവിൽ സ്ഥലങ്ങൾ കാണിച്ചുതരാൻ തയാറായിട്ടുള്ള കൗച്സർഫിങ് അംഗങ്ങളെയാണ് ‘ഹോസ്റ്റ്’ എന്നു പറയുന്നത്.) ഒരു ടൂർ കമ്പനിയിൽ െെഗഡായി ജോലി ചെയ്യുന്ന നോർവേക്കാരനായ ആൻഡ്രു ആണ് ഹോസ്റ്റ്. ആളു പത്തിലധികം തവണ കെജെറാഗ് മലകൾ കയറിയിറങ്ങി പരിചയം ഉള്ളതാണ്. രാവിലെ ഹോട്ടലിൽ നിന്നും പിക്ക് ചെയ്തു സ്ഥലം കാണിച്ചു തിരിച്ചു ഹോട്ടലിൽ ഡ്രോപ് ചെയ്യാൻ ഒരു ആൾക്ക് 800 NOK നിരക്കിൽ ആൻഡ്രുവിന്റെ അടുത്ത് ഡീൽ ഉണ്ടാക്കി. 

kk3

ഫെറിയിൽ കയറി കെജെറാഗിലേക്ക്

ഞങ്ങൾ താമസിച്ച Stavenger–ൽ നിന്നും രണ്ടു മണിക്കൂറോളം യാത്രയുണ്ട് കെജെറാഗിലേക്ക്. പോകുന്ന വഴി ബാക്കി ഉള്ളവരെയും പിക്ക് ചെയ്തു. അങ്ങനെ ഒരു മണിക്കൂർ െെഡ്രവ് ചെയ്തു ഞങ്ങൾ ഹോള (Hole) എന്ന സ്ഥലത്ത് എത്തി. ഇവിടന്നു ഫെറി കയറി വേണം പോകാൻ. ഒരു 7–8 ആളുകൾ ഫെറിക്കായി കാത്തുനിൽക്കുന്നുണ്ട്. ചുറ്റും പച്ചപ്പും മലകളും നിറഞ്ഞ മനോഹരമായ ഒരു സ്ഥലമാണ് ഇവിടം.

പത്തു മിനിറ്റിനുള്ളിൽ ഫെറി വന്നു. വണ്ടിയുമായി ഞങ്ങൾ ഫെറിക്കുള്ളിൽ കയറി. ഒരേ സമയം നൂറിലധികം വണ്ടികൾ കയറ്റാൻ പറ്റുന്ന കൂറ്റൻ ഫെറിയാണ് ഇത്. ഫെറിയുടെ താഴത്തെ നിലയിൽ വണ്ടി പാർക്ക് ചെയ്ത് മുകളിലത്തെ നിലയിൽ പോയി ഇരിക്കാം. ഇതിന്റെ ഉള്ളിൽ നല്ലൊരു കാന്റീൻ ഉണ്ട്. അവിടന്ന് ഒരു കാപ്പിയും വാങ്ങി ഞാൻ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ ഇറങ്ങിനിന്നു. നല്ല തണുത്ത കാറ്റുണ്ടെങ്കിലും Lysefjord കായലിന്റെയും അതിനു ചുറ്റുമുള്ള മലകളുടെയും സൗന്ദര്യം കണ്ടാൽ ഉള്ളിൽ കയറി ഇരിക്കാൻ തോന്നില്ല. ഏകദേശം ഒന്ന് ഒന്നര മണിക്കൂർ യാത്രയുണ്ട്. പോകുന്ന വഴികളിൽ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ കാണാം. മാത്രമല്ല പോകുന്ന വഴി പ്രെകിസ്റ്റോളൻ (Preikestolen)ലെ 604 മീറ്റർ പൊക്കത്തിലുള്ള പൾപ്പിറ്റ് റോക്ക് (Pulpit rock) കാണാം. നോർവേയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇത്.

kk6

Fjordsന്റെ പല ഭാഗങ്ങളിൽ കയറുവാനായി, െെഹക്കേഴ്സിനുവേണ്ടി ചില സ്ഥലങ്ങളിൽ ഫെറിക്ക് സ്റ്റോപ്പുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഫ്ലോർലി (Florli 444) (കുത്തനെയുള്ള 4444 പടികൾ കയറി കുന്നിൻ മുകളിൽ കയറൽ) എല്ലാംകൂടെ ചെയ്യാനുള്ള ആരോഗ്യം ഇല്ലാത്തോണ്ട് ഞാൻ അവിടെ ഒന്നും പോയില്ല. അവസാനം Lysefjordന്റെ അറ്റത്ത് എത്തി. അവിടന്ന് വീണ്ടും െെഡ്രവ് ചെയ്ത് 26 ഹെയർപിൻ വളവുകൾ ചുറ്റി, ‘ഈഗിൾസ് നെസ്റ്റ്’ എന്ന കെജെറാഗിനു താഴെയുള്ള പാർക്കിങ് ഏരിയായിൽ എത്തി. ഈഗിൾസ് നെസ്റ്റ് എന്നതു ശരിക്കും ഇവിടെ ഉള്ള റസ്റ്ററന്റിന്റെ പേരാണ്. കുന്നിൻചെരിവിൽ തടിയിൽ നിർമിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ നിന്നും Lysefjordന്റെ അതിമനോഹരമായ ഒരു വ്യൂ കാണാൻ പറ്റും. അവിടന്ന് കുറച്ചു സ്നാക്സ് ഒക്കെ വാങ്ങി ബാഗിൽ വച്ച്, ഫ്രഷായി, ജാക്കറ്റ് ഒക്കെ ഇട്ട് മലകയറാൻ തയാറായി.

kk15

മല കയറ്റം കഠിനം

10 ഡിഗ്രിയിൽ താഴെയാണ് താപനില. നല്ല തണുത്ത കാറ്റും ഉണ്ട്. ഭാഗ്യത്തിനു മഴയില്ല. കയറുന്നതിനു മുമ്പേ ആൻഡ്രു, ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ദൂരത്തെ പറ്റിയും സ്ഥലത്തിന്റെ പ്രത്യേകതകളെ പറ്റിയും ചെറുതായി ഒന്നു വിവരിച്ചുതന്നു. അങ്ങനെ രാവിലെ 8.30നു ഞങ്ങൾ മലകയറ്റം ആരംഭിച്ചു. തറയിൽ കല്ലുകൾ അടുക്കി വഴി മാർക്ക് ചെയ്തുവച്ചിട്ടുണ്ട്. അതുകൊണ്ടു വഴി തെറ്റില്ല. 13 കിലോമീറ്ററാണ് ആകെ കയറി ഇറങ്ങാൻ ഉള്ളത്. എങ്ങനെ പോയാലും ഒരു െെസഡിലേക്ക് രണ്ടര മണിക്കൂർ എടുക്കും.

kk10

ആദ്യത്തെ ഒന്ന് ഒന്നര കിലോമീറ്റർ കുത്തനെ കയറ്റം ആണ്. പിന്നെ ഒരു രണ്ടു കിലോമീറ്ററോളം വലിയ കുഴപ്പമില്ല. പിന്നെ വീണ്ടും കുത്തനെ കയറ്റം, ഇറക്കം, കയറ്റം അങ്ങനെ പോകും. മുകളിലേക്ക് പോകുംതോറും തണുപ്പു കൂടിക്കൂടി വരും. കുത്തനെയുള്ള സ്ഥലങ്ങളിൽ പിടിച്ചു.കയറാൻ ചങ്ങലകൾ പിടിപ്പിച്ചിട്ടുണ്ട്. അതിൽ പിടിച്ചു കയറണം. ഹൈക്കിങ് പോൾസ് ഉള്ളത് വലിയ അനുഗ്രഹമായി. ഞങ്ങൾക്കു വേണ്ടി ആൻഡ്രു അതു കൊണ്ടുവന്നിരുന്നു. ഇടയ്ക്കിടയ്ക്കു ബ്രേക്ക് എടുത്തും ചെറിയ സ്നാക്കുകൾ കഴിച്ചും അരുവികളിൽ നിന്നും വെള്ളം കോരിക്കുടിച്ചും മുന്നോട്ടു പോയി. പോകുന്ന വഴിയിൽ പല സ്ഥലങ്ങളിലും മേഞ്ഞു നടക്കുന്ന ആടുകളെ കാണാം. കൂടാതെ, കണ്ണീരുപോലെ ശുദ്ധമായ വെള്ളം ഒഴുകുന്ന അരുവികളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും വലുതും ചെറുതുമായ ധാരാളം മഞ്ഞുപാളികളും വഴികളിൽ കാണാം. പ്രകൃതി ഭംഗിയെപ്പറ്റി പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം. ആ കാഴ്ചകളാണ് മുന്നോട്ടു നടക്കുവാനുള്ള ശക്തി തരുന്നത്. ഫോട്ടോകൾ കാണുമ്പോൾ അതു മനസ്സിലാകും. 

kk19

വിസ്മയം ഈ കല്ല്

അങ്ങനെ നടന്നു നടന്ന് ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തി. 'Kjeragbolten' എന്ന ഈ കല്ലിന്റെ മുകളിൽ കയറുവാൻ വേണ്ടിയാണ് എല്ലാവരും കഷ്ടപ്പെട്ട് ഇവിടെ വരെ വരുന്നത്. എന്താണ് ഇതിന്റെ പ്രത്യേകത? കെജെറാഗിലെ രണ്ടു മലകൾക്ക് ഇടയിൽ പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുന്നേ ഉറച്ചുപോയ ഒരു ചെറിയ കല്ലാണ് ഇത്. ഇതിൽ എന്താ എത്ര വലിയ കാര്യം എന്നാവും അല്ലേ...?

കഷ്ടിച്ച് ഒന്നര ചതുരശ്ര അടി മാത്രം നിൽക്കാൻ സ്ഥലമുള്ള ഈ കല്ലിന്റെ തൊട്ടു താഴെ ‘വെറും’ 984 മീറ്റർ താഴ്ചയെ ഉള്ളൂ. അതായത് ഒരു കിലോമീറ്ററിന് വെറും 16 മീറ്റർ കുറവ്. വീണാൽ പിന്നെ തപ്പി പോകേണ്ട ആവശ്യമില്ല. മാത്രമല്ല, ഉരുണ്ട മുകൾഭാഗം ഉള്ള ഈ കല്ലിന്റെ മുകളിലേക്ക് ഇരുന്നു നിരങ്ങിയോ, ചാടിയോ വേണം കയറാൻ. പിടിച്ചു കയറാനോ നിൽക്കാനോ യാെതാരു സുരക്ഷാസംവിധാനങ്ങളും ഇല്ല. ഇതിലോട്ടു കയറൽ (ഇറങ്ങൽ എന്നും പറയാം) നല്ല െെധര്യം വേണ്ട പണിയാണ്. െെസഡിൽ ഒരു കൊളുത്തുണ്ട്. അതിൽ പിടിച്ച് ഒരു കാൽ മുന്നോട്ടുവച്ച്, ഇരുന്നുകൊണ്ട് അടുത്ത കാൽ വച്ച് ഒക്കെ വേണം കയറാൻ. ഒരുപാടു പ്രാവശ്യം ഇവിടെ കയറിയിട്ടുള്ള ആൻഡ്രു, രണ്ടു പ്രാവശ്യം ഞങ്ങൾക്ക് ഏറ്റവും സേഫായി കയറേണ്ട രീതി കാണിച്ചുതന്നു. കൂടാതെ ഞങ്ങൾക്കു െെധര്യം തന്നു. ആളു പറഞ്ഞു: ’’Kjeragbolten–നു വേറെ ഒരു പേരും കൂടെയുണ്ട്. ‘ലക്കി സ്റ്റോൺ.’ ഇന്നുവരെ ഒരാൾ പോലും അതിന്റെ മുകളിൽ നിന്നു വീണിട്ടില്ല. (അഹങ്കാരം കാണിച്ചു വീണവരും ആത്മഹത്യ ചെയ്യാൻ ചാടിയവരും ഒഴികെ). അതുകൊണ്ടു െെധര്യമായി കയറിക്കോളൂ, ആ ആദ്യത്തെ ഒരാൾ നീ ആവില്ല. കല്ലിനു മുകളിൽ നിൽക്കുമ്പോൾ താഴോട്ട് നോക്കാതെ ഇരുന്നാൽ മാത്രം മതി.’’

Extra---17

കയറുന്നതിനു മുന്നേ െെസഡിൽ ഇരുന്നു ഞാൻ താഴോട്ട് ഒക്കെ ഒന്നു നോക്കി. അഗാധമായ കുഴി. വേറെ പ്രത്യേകിച്ച് ഒന്നുമില്ല. നെറ്റ് നോക്കിയാലോ അതിമനോഹരമായ Lysefjordന്റെ നീല ജലാശയവും മലനിരകളും. ഞാൻ Kjeragboltenന്റെ മുകളിൽ കയറാൻ തയാറായി. ഷൂവിന്റെ അടിയിലെ ചെളിയും മണ്ണും െഎസും എല്ലാം തട്ടിക്കളഞ്ഞു വൃത്തിയാക്കി. തറയിൽ എല്ലാം ചെറിയ നനവുണ്ട്. അതുകൊണ്ടു വളരെ സൂക്ഷിക്കണം. നല്ല റബ്ബർ ഗ്രിപ്പ് ഉള്ള, ഹൈക്കിങ് ഷൂ ഇങ്ങനെ ഉള്ളതിന് വളരെ അത്യാവശ്യം ആണ്. ശരിയായ അക്സെസറികൾ ഇല്ലാതെ വലിഞ്ഞു കയറുമ്പോഴാണ് കൂടുതലായും അപകടങ്ങൾ ഉണ്ടാവുന്നത്. ആൻഡ്രു കാണിച്ചുതന്ന അതേ രീതിയിൽ ഒാരോ ചുവടും വളരെ ശ്രദ്ധയോടെ വച്ച്, മുകളിൽ കയറി. നിന്നുകൊണ്ടു ഫോട്ടോയ്ക്ക് പോസ് ചെയ്തു. അതു കഴിഞ്ഞു കയ്യിൽ ഉണ്ടായിരുന്ന goproയിൽ നിന്നുകൊണ്ട് ഒരു സെൽഫി എടുത്തു. ചെറിയ വെപ്രാളത്തിൽ എടുത്തതുകൊണ്ടാവും പടം അത്ര ക്ലിയർ ആയില്ല. അതുകഴിഞ്ഞു കല്ലിന്റെ പുറത്ത് ഒന്നിരുന്നു. ഒരു സെൽഫി എടുത്തു. എന്നിട്ടും ഇരുന്നുകൊണ്ട് ഒരു നിമിഷം ഒന്നു താഴേക്ക് നോക്കി... പേടിപ്പെടുത്തുന്ന താഴ്ച... നിൽക്കുമ്പോൾ താഴേക്ക് നോക്കാത്തത് നന്നായി എന്നു തോന്നി. എഴുന്നേറ്റു കല്ലിൽ നിന്നും വളരെ സാവധാനം ഇറങ്ങി. 

kk25

കുറച്ചു ചെറുപ്പക്കാർ, അതിലേക്ക് ചാടിക്കയറിയും ഒറ്റക്കാലിൽ നിന്നും എല്ലാം പടം എടുക്കുന്നതും കണ്ടു. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി എന്തിനാണ് എങ്ങനെ ഭാഗ്യം പരീക്ഷിക്കുന്നത് എന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇതാണ് നമ്മുടെ ഇപ്പോഴത്തെ തലമുറയുടെ പ്രധാന കുഴപ്പവും. ഈ പോസ്റ്റിലെ ഫോട്ടോയ്ക്കും ചില ആളുകൾ നെഗറ്റീവ് കമെന്റ് ചെയ്തിരുന്നു. റിസ്ക് എല്ലാത്തിലും ഉണ്ട്. അങ്ങനെ ചില റിസ്കുകൾ ആണ് പലപ്പോഴും പല യാത്രകളെയും വ്യത്യസ്തം ആക്കുന്നത്. എന്നാൽ വ്യക്തമായ മുന്നൊരുക്കം, അനുഭവസമ്പത്തുള്ള ആളുകളുടെ ഉപദേശം, സഹായം, അപ്പോഴത്തെ കാലാവസ്ഥ, അങ്ങനെ കുറേ കാര്യങ്ങൾ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്താൽ ഈ റിസ്കുകളുടെ കാഠിന്യം കുറെ കുറയ്ക്കാൻ കഴിയും. അതെല്ലാം മനസ്സിലാക്കുവാൻ ശ്രമിക്കാതെ ഒരു സെൽഫി അല്ലെങ്കിൽ ഫോട്ടോയ്ക്കു വേണ്ടി ശ്രമിക്കുന്നതാണ് നമ്മുടെ യുവാക്കളുടെ പ്രധാന കുഴപ്പം. ആരും ഇതു കണ്ടുകൊണ്ടു സാഹസങ്ങൾ ഒന്നും കാണിക്കരുത്.

കുറച്ചു മാറി മലമുകളിൽ നിന്നും കുറച്ചു ആളുകൾ വിങ് സ്യൂട്ട് ഇട്ടു താഴേക്ക് ചാടുന്നുണ്ട്. താഴത്തേക്കു ചാടി Lysefjordന്റെ െെസഡിൽ പോയി ലാൻഡ് ചെയ്യുന്നു. കുറെ ഫോട്ടോകൾ ഒക്കെ എടുത്തശേഷം ഞങ്ങൾ അടുത്ത പ്രധാന വ്യൂ പോയിന്റിലേക്കു നടന്നു. ഇവിടെ നിന്നും Lysefjordന്റെ കിലോമീറ്ററുകൾ നീളമുള്ള അതിമനോഹരമായ ഒരു വ്യൂ കാണാം. ഒരുപാടു സിനിമാ പാട്ടുകളും മറ്റും ഷൂട്ട് ചെയ്തിട്ടുള്ള ഒരു സ്ഥലമാണ് ഇത്. എത്ര കണ്ടാലും കൊതി തീരാത്ത അവിടെ നിന്നു നോർവെയുടെ ഭംഗി ശരിക്ക് ആസ്വദിച്ചശേഷം തിരിച്ചു മലയിറങ്ങി.

അഞ്ചു മണിയോടുകൂടി തിരിച്ചു താഴെ എത്തി. തിരിച്ചു പോകുന്ന സമയത്തു ഫെറി ഇല്ല. അതുകൊണ്ടു കാറിൽ തന്നെയാണ് തിരിച്ചു സിറ്റിയിലേക്ക് വന്നത്. വരുന്ന വഴിയിൽ മനോഹരമായ ഗ്രാമപ്രദേശങ്ങളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളും എല്ലാം ഉണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരില്ല. രാത്രിയോടെ ഞങ്ങൾ സിറ്റിയിൽ എത്തി. എന്നിട്ട് എല്ലാവരുംകൂടി ഒരു കഫേയിൽ കയറി ഭക്ഷണം കഴിച്ചു പിരിഞ്ഞു. ഇവിടെ കയറാൻ ഏറ്റവും നല്ല സമയം ജൂൺ മുതൽ ഒക്ടോബർ പകുതി വരെയാണ്. കൊടുംതണുപ്പിനെയും മഞ്ഞിനെയും നേരിടാൻ തയാറാണെങ്കിൽ, ബാക്കി മാസങ്ങളിലും ശ്രമിക്കാം.

Extra---20
Tags:
  • Manorama Traveller