24 കുട്ടികളുടെ പേരിടീൽ ചടങ്ങോടെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ പ്രശസ്തമായ ക്വിറ്റ ഇസിന ചടങ്ങ് പൂർത്തിയായി. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ കിന്യറുവാണ്ടയിൽ ക്വിറ്റ ഇസിനയുടെ അർഥം നവജാത ശിശുക്കളുടെ നാമകരണം എന്നു തന്നെ. ഇപ്പോൾ വർഷം തോറും സെപ്റ്റംബർ 24 നു നടക്കുന്ന ക്വിറ്റ ഇസിനയിൽ പേരിടുന്നത് മനുഷ്യക്കുട്ടികൾക്കല്ല, ഗോറില്ല കുട്ടികൾക്കാണെന്നു മാത്രം. റുവാണ്ടയുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും കോർത്തിണക്കി വംശനാശഭീഷണി നേരിട്ട മൗണ്ടൻ ഗോറില്ല സമൂഹത്തെ സംരക്ഷിച്ച പദ്ധതിയായി മാറിയിരിക്കുന്നു ഇപ്പോഴിത്. 17 വർഷമായി നടന്നു വരുന്ന ക്വിറ്റ ഇസിന കോവിഡ് മഹാമാരി സാഹചര്യത്തിൽ കഴിഞ്ഞ വർഷവും ഈ വർഷവും വിർച്വൽ പ്ലാറ്റ്ഫോമിലാണ് നടന്നത്.

അപൂർവ വന്യജീവികളിലൊന്നായ മൗണ്ടൻ ഗോറില്ലകളുടെ നിലനിൽപിനായി അവയുടെ തനത് ആവാസ വ്യവസ്ഥ സംരക്ഷിക്കാനും വ്യാപിപ്പിക്കാനുമുള്ള ധനശേഖരണാർഥം 2005 ലാണ് ആദ്യമായി ഗോറില്ലക്കുട്ടികൾക്ക് പേരിടുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അതിനു മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥരും ഗവേഷകരും അവർക്ക് ഇഷ്ടമുള്ള പേരിലൂടെയായിരുന്നു ഗോറില്ലകളെ അടയാളപ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ സാംസ്കാരിക, പൈതൃക, പരിസ്ഥിതി, ജൈവ സംരക്ഷണങ്ങളെ ഒരുമിച്ച് കോർത്തിണക്കി ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ചാണ് ക്വിറ്റ ഇസിന ആഘോഷമാക്കി മാറ്റിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള റുവാണ്ട സാംസ്കാരിക പാരമ്പര്യത്തിൽ ശിശുക്കളുടെ പെരുമാറ്റവും സ്വഭാവം അനുസരിച്ചാണ് പേര് തിരഞ്ഞെടുക്കുന്നത്. കുട്ടികളുടെ ഭാവി ശോഭനമാകാൻ ഏറെ സഹായകമാണ് ഈ നാമകരണ രീതി എന്നാണ് പരമ്പരാഗതമായ വിശ്വാസം.

വോൾകനോസ് പാർക് നാഷനൽ പാർക്കിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങളുടെ സമാപനമാണ് ലോക ഗോറില്ല ദിനമായി ആചരിക്കുന്ന സെപ്റ്റംബർ24. അന്നാണ് കഴിഞ്ഞ 12 മാസ കാലയളവിൽ ജനിച്ച ഗോറില്ലക്കുട്ടികൾക്ക് പേരിടുന്നത്. പ്രമുഖ ഫുട്ബോൾ താരങ്ങളടക്കം ലോകപ്രശസ്ത വ്യക്തികളും റുവാണ്ടയിലെ പ്രമുഖരും ആണ് ഈ വർഷം 24 ഗോറില്ല കുട്ടികളുടെ പേരിടീൽ നിർവഹിച്ചത്. സാങ്വ, ടിറിൻഡെ, ഇംഗാബിർ തുടങ്ങി ആഫ്രിക്കൻ സാംസ്കാരിക പാരമ്പര്യമുള്ള പേരുകളാണ് ഇവരെ വിളിച്ചത്. ആഫ്രിക്കൻ പാരമ്പര്യ നൃത്ത, സംഗീത കലാപ്രകടനങ്ങളുടെ അകമ്പടിയോടെ ആഘോഷ വാരമായി നടത്തിയിരുന്ന ക്വിറ്റ ഇസിന ആയിരക്കണക്കിനു സഞ്ചാരികളെ റുവാണ്ടയിലേക്ക് ആകർഷിക്കുന്നുണ്ട്. പരിസ്ഥിതി പ്രർത്തകരും വന്യജീവി സംരക്ഷണത്തിനു പ്രവർത്തിക്കുന്നവരും വനപാലകരും ആ സമയത്ത് റുവാണ്ടയിൽ എത്തും.

1980 കളിൽ 210 മുതൽ 240 മൗണ്ടൻ ഗോറില്ലകളായിരുന്നു വിരുങ്ഗ പാർക്കിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് ഉദ്ദേശം 1000 ആണ്. 2005 മുതൽ നാമകരണച്ചടങ്ങിലൂടെ 328 ഗൊറില്ല കുട്ടികൾക്കാണ് പേരിടീൽ നടത്തിയിട്ടുള്ളത്. ദേശീയോദ്യാനങ്ങളുടെ വരുമാനത്തിൽ ലാഭത്തിന്റെ 10ശതമാനം വിവിധ സാമൂഹ്യ വികസന പരിപാടികൾക്കായി മാറ്റി വച്ചിട്ടുള്ള റുവാണ്ടയിൽ ഈ വർഷത്തെ ക്വിറ്റ ഇസിനയോടൊപ്പം 30 കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോജക്ടുകൾക്കും തുടക്കമായി. ഗിഷ്വതി–മുകുര ഭൗമമേഖലയെ ബയോസ്ഫിയർ നെറ്റ്വർക്കിൽ ഉൾപ്പെടുത്തി യുനെസ്കോയും റുവാണ്ടയുടെ പരിസ്ഥിതി–ജൈവ സംരക്ഷണ പ്രവർത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്.