യുദ്ധം നടക്കുന്ന സിറിയ മുതൽ കൊള്ളയും കൊലപാതകവും ഏറെയുള്ള നഗരങ്ങളിൽ വരെ സ്ഥിരം സഞ്ചരിക്കുന്ന ആളാണു ഞാന്‍. പെൺകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ജോലിക്കാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലും അയയ്ക്കേണ്ട ഉത്തരവാദിത്തവും ഉണ്ട്. പ്രശ്നങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്. എങ്കിലും സ്ത്രീകൾ മാത്രം കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളുമുണ്ട്. ജീവിത സാഹചര്യങ്ങളിൽ നിന്ന് ഞാൻ പഠിച്ചതും പാലിക്കുന്നതുമായ ചില കാര്യങ്ങൾ പറയാം.
കോതമംഗലത്ത് എൻജിനീയറിങ് മൂന്നാം സെമസ്റ്റർ പഠിക്കുമ്പോളാണ് ആദ്യമായി ഒരു ‘തല്ല്’ കാണുന്നത്. ഏതോ പെൺകുട്ടിയെ ആരോ കമന്റടിച്ചതിന്റെ പേരിലാണെന്നാണ് ഓർമ. ഞങ്ങളുടെ കോളജും ആർട്സ് കോളജും തമ്മിൽ പൊരിഞ്ഞ അടി. ചെറുപ്രായമല്ലേ, ആവേശം മൂത്ത് യുദ്ധരംഗത്തേക്ക് ഓടി. വലിയ താമസമില്ലാതെ ആരോ എറിഞ്ഞ കല്ല് കൃത്യമായി എനിക്കു കൊണ്ടു. തലപൊട്ടി, ചോര ഒഴുകി. ‘അന്ന് തീർന്നതാ തിരുമേനീ, ഈ ധൈര്യമെന്ന സാധനം’.
വേണ്ടതു െെധര്യമല്ല, പേടി
യഥാർഥത്തിൽ സുരക്ഷിതരായിരിക്കാൻ നമ്മളെ കൂടുതൽ സഹായിക്കുന്നത് ധൈര്യമല്ല, പേടിയാണ്. ദുരന്തനിവാരണ രംഗത്ത് ഞങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന പ്രധാന പാഠമാണ് ‘ധീരന്മാർ ചെറുപ്പത്തിൽ മരിക്കുന്നു’ എന്ന്. ഒരപകടം ഉണ്ടാകുമ്പോൾ അങ്ങോട്ട് സ്വന്തം ജീവൻ നോക്കാതെ ഓടിച്ചെല്ലുന്നതല്ല, അപകടം ഒഴിവാക്കുന്നതാണ് യഥാർഥ ഹീറോയിസം.
ഇത് മനുഷ്യന്റെ സ്വാഭാവിക വാസനകൾക്ക് എതിരാണ്, അതുകൊണ്ടാണ് ഓരോ വർഷവും മറ്റുള്ളവരെ രക്ഷിക്കാൻ എടുത്തു ചാടുന്ന അനവധി പേരുടെ മരണ വാർത്ത നാം കേൾക്കേണ്ടി വരുന്നത്. സുരക്ഷാ പ്രശ്നങ്ങളെ മുൻകൂട്ടി കാണാൻ അൽപം പരിശീലനം ആവശ്യമാണ്. കുട്ടികൾ വളർന്നുവരുമ്പോൾ അവർക്ക് നൽകേണ്ടത് സുരക്ഷയെക്കുറിച്ചുള്ള ശരിയായ ബോധവൽകരണമാണ്. ഓരോ സ്ഥലത്തേക്കും പോകുന്നതിനു മുൻപും പരിചയമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിനു മുൻപും അവിടുത്തെ സുരക്ഷാ സാഹചര്യം ആദ്യം അന്വേഷിക്കണം. മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ഒരു പ്രശ്നത്തിൽ ചെന്നുപെട്ടാൽ എങ്ങനെ പ്രതികരിക്കണം എന്ന് നേരത്തേ ചിന്തിച്ച് അതൊഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം. ഇതാണ് സുരക്ഷയുടെ ആദ്യപാഠം.
സുരക്ഷാപ്രശ്നങ്ങൾ ലോകത്തെവിടെയും ഉണ്ട്. ജിഷ കൊല്ലപ്പെടുന്നത് കേരളത്തിലെ ഒരു ഗ്രാമത്തിൽ സ്വന്തം വീട്ടിൽ വെച്ചാണ്. പ്രമുഖ ന ടി ആക്രമിക്കപ്പെട്ടത് കേരളത്തിലെ നാഷനൽ ഹൈവേയിലാണ്. അപ്പോൾ നമുക്കെതിരെ അക്രമം ഉണ്ടാകാൻ കേരളം വിട്ടോ എന്തിന്, സ്വന്തം വീടു വിട്ടോ പുറത്തുപോകേണ്ടതില്ല. അതേസമയം തന്നെ ലോകത്ത് വിവിധ രാജ്യങ്ങളിലും നഗരങ്ങളിലും സുരക്ഷാപ്രശ്നങ്ങൾ വ്യത്യസ്തമാണ്. കാബൂളിൽ തീവ്രവാദി ആക്രമണത്തെയാണ് നമ്മൾ ഭ യക്കേണ്ടതെങ്കിൽ ജോഹനാസ്ബർഗിൽ ആയുധധാരികളായ കൊള്ളക്കാരെയാണ് പേടിക്കേണ്ടത്. ജനീവയിലെ പ്രധാന പ്രശ്നം പോക്കറ്റടിക്കാരാകുമ്പോൾ പാരിസിൽ അത് തട്ടിപ്പുകാരാണ്. നമ്മൾ എവിടെ പോകുന്നതിനു മുൻപും അവിടുത്തെ സുരക്ഷയെപ്പറ്റി വായിച്ചു മനസ്സിലാക്കണം. ഓരോ രാജ്യത്തിന്റെയും സുരക്ഷാ ഉപദേശങ്ങൾ ലഭ്യമായ പല വെബ് സൈറ്റുകളുമുണ്ട് (https://www.gov.uk/foreign-travel-advice).
ലോൺലി പ്ലാനറ്റിലും മറ്റും ഉപകാരപ്രദമായ വസ്തുതകൾ കിട്ടും. നിങ്ങളുടെ സ്ഥാപനം (ഐ ടി പോലെ) ധാരാളം ആളുകളെ പുറത്തേക്ക് അയയ്ക്കുന്നുണ്ടെങ്കിൽ അവർക്ക് തന്നെ പ്രായോഗിക നിർദേശങ്ങൾ നൽകാം.
ഏതൊരു നഗരത്തിലും ആയിരക്കണക്കിന് ആളുകൾ ജീവിക്കുന്നുണ്ട്. സന്ദർശകർ വരുന്നുണ്ട്. ഇവർക്കെല്ലാമുള്ള സുരക്ഷാഭീഷണി ഒരുപോലെയല്ല. ഓരോ രാജ്യത്തും നഗരത്തിലും നമുക്ക് വ്യക്തിപരമായി നമ്മുടെ സുരക്ഷ കൂടുകയോ കുറയുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് അനവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് മറ്റ് പാശ്ചാത്യ രാജ്യങ്ങളിലുള്ളവരെ പോലെയുള്ള സുരക്ഷാപ്രശ്നങ്ങളില്ല. പാശ്ചാത്യരെ തട്ടിക്കൊണ്ടു പോയാൽ അവരുടെ എംബസി ഇടപെടുമെന്നും നഷ്ട പരിഹാരം കൊടുത്ത് മോചിപ്പിക്കുമെന്നും ഒക്കെയുള്ള ചിന്തയാണ് ഇതിന്റെ കാരണം. നമ്മൾ ഏതു രാജ്യത്തിനുവേണ്ടി ജോലി ചെയ്യുന്നുവെന്നതും നമ്മുടെ സുരക്ഷയിൽ പ്രധാനമാണ്. ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോഴുള്ള സുരക്ഷാഭീഷണിയല്ല, എണ്ണക്കമ്പനിക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ. സ്ത്രീകൾക്കുള്ള ഭീഷണിയല്ല പുരുഷന്മാർക്ക്. ഏതു സ്ഥലത്ത് പോകുന്നതിനു മുൻപും ഏതൊക്കെ വ്യക്തി സാഹചര്യങ്ങൾ സുരക്ഷയെ കൂട്ടുന്നു, കുറയ്ക്കുന്നു എന്നുകൂടി വിലയിരുത്തണം.
എപ്പോഴും ഒാര്‍ക്കുക, എന്തും സംഭവിക്കാം
യാത്ര ചെയ്യുമ്പോൾ ഉറപ്പായും ചിന്തിക്കേണ്ട കാര്യം എന്തെങ്കിലും അപകടം നമുക്ക് സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ്. അപകടങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ മറ്റുള്ളവർക്ക് മാത്രമുണ്ടാകുന്നതല്ല. കുഴപ്പങ്ങളിൽപ്പെട്ട ആരും അതിന് തൊട്ടു മുൻപ് വരെ അവർക്ക് ഒരപകടം ഉണ്ടാകുമെന്ന് ചിന്തിച്ചവരല്ല. (ആയിരുന്നെങ്കിൽ ആ വഴിക്ക് പോകാതിരുന്നാൽ മതിയായിരുന്നല്ലോ). അപ്പോൾ അപകടങ്ങൾ മറ്റുള്ളവർക്ക് മാത്രം പറ്റുന്നതല്ല. അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നത് പോലെതന്നെ സംഭവിച്ചാൽ എങ്ങനെ നേരിടാമെന്നും ചിന്തിക്കണം.
യാത്ര ചെയ്യുന്നവർ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. ഇന്ത്യക്ക് പുറത്ത് പലയിടത്തും ആരോഗ്യപരിപാലനം ചിലവേറിയതാണ്. ചില സ്ഥലങ്ങളിൽ ആവശ്യത്തിന് ആരോഗ്യ സംവിധാനങ്ങളില്ലാത്തതിനാൽ നല്ല ചികിത്സ ലഭിക്കാനും ചികിത്സ ഇല്ലാത്തിടത്ത് നിന്ന് നിങ്ങളെ നല്ല സംവിധാനമുള്ളിടത്തേക്ക് എത്തിക്കാനുമുള്ള ഇൻഷു റൻസ് തീർച്ചയായും എടുക്കണം (https://www.travelguard.com/travelinsurance/international.asp). അമേരിക്കയിലും ദുബായിലും സന്ദർശനസമയത്ത് അപകടം ഉണ്ടായിട്ട് ചികിത്സ കിട്ടാൻ പണപ്പിരിവ് നടത്തുന്നത് കണ്ടിട്ടില്ലേ. അതൊന്നും വരാതിരിക്കാൻ ചെറിയ ചിലവേ ഉള്ളൂ. മുൻകൂർ ചെയ്യണം എന്ന് മാത്രം.
ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ
പരിചയമില്ലാത്ത നഗരങ്ങളിൽ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ഹോട്ടലിലെ സുരക്ഷയും ഹോട്ടലിരിക്കുന്ന സ്ഥലത്തെ സുരക്ഷയും പ്രത്യേകം ശ്രദ്ധിക്കണം. നഗരത്തെപ്പറ്റിയുള്ള വിവരങ്ങൾ വായിച്ചു മനസ്സിലാക്കുന്നതാണ് ആദ്യപടി. മിക്ക നഗരങ്ങളിലും പൊതുവെ സുരക്ഷിതമായ യൂറോപ്യൻ നഗരങ്ങളിൽ ഉൾപ്പെടെ, അത്ര സുരക്ഷിതമല്ലാത്ത ചില സ്ഥലങ്ങളുണ്ട്. പ്രത്യേകിച്ചും റെയിൽവേ സ്റ്റേഷന്റെ പരിസരമൊക്കെ സാധാരണ അൽപം കുഴപ്പം പിടിച്ച സ്ഥലങ്ങളായിരിക്കും. ഇക്കാലത്ത് ഇന്റർനെറ്റ് വഴിയാണല്ലോ കൂടുതൽ പേരും മുറി ബുക്ക് ചെയ്യുന്നത്. അവിടെ ഓരോ ഹോട്ടലിന്റെയും റിവ്യൂ ലഭ്യമാണ്. ചുരുങ്ങിയത് നല്ല നൂറ് റിവ്യൂ എങ്കിലുമുള്ള ഹോട്ടലേ ബുക്ക് ചെയ്യാവൂ. റിവ്യൂവിൽ ഹോട്ടലിനകത്തേയും പുറത്തേയും സുരക്ഷയെപ്പറ്റി ആളുകളുടെ അഭിപ്രായവും അനുഭവങ്ങളും ശ്രദ്ധിക്കണം. ഇന്റർനെറ്റിൽ തിരയുമ്പോൾ വളരെ നല്ലതെന്ന് തോന്നുന്ന ഹോട്ടലുകൾക്ക് നിരക്ക് തീരെ കുറവാണെങ്കിൽ അവിടെ എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിക്കാം.
ഒഴിവാക്കാം ലക്‌ഷ്വറി
യാത്ര ചെയ്യുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം കരുതരുത്. അതുകൊണ്ട് യാത്രയ്ക്ക് വേണ്ടി വില കുറഞ്ഞ മറ്റൊരു ഫോൺ കൈയിൽ വെക്കണം. ഐഫോൺ പോലെ വിലകൂടിയ േഫാണുകളൊക്കെ ഇപ്പോൾ അത്ര വലിയ കാര്യമാേണാ എന്ന് തോന്നാമെങ്കിലും ചില സ്ഥലങ്ങളിൽ അങ്ങനെയാണ്. പാര്‍ക്കിലും തിരക്കേറിയ െതരുവിലും മറ്റും വിലകൂടിയ േഫാണ്‍ തട്ടിയെടുത്ത് ഒാടാന്‍ പരിശീലനം േനടിയ കുട്ടികള്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ട്. വിലപിടിച്ച ഫോൺ ഉണ്ടെങ്കില്‍ തന്നെ അത് പരമാവധി പുറത്തു കാണിക്കാതെ ശ്രദ്ധിക്കുക. ആഭരണങ്ങൾ ഏറ്റവും കുറയ്ക്കുക.
കണ്ണ് തുറന്ന് എല്ലാം കാണുക
എട്ടോ പന്ത്രണ്ടോ മണിക്കൂർ വിമാനയാത്ര കഴിഞ്ഞ് ലണ്ടനിലും ന്യൂയോർക്കിലും എത്തുമ്പോൾ യാത്രാക്ഷീണവും ജെറ്റ് ലാഗും കൊണ്ട് വല്ലാതെ തളർന്നിരിക്കും. തണുപ്പ് കാലാവസ്ഥയാണെങ്കിൽ പറയുകയും വേണ്ട. ഡൽഹിയിലേക്കും മുംെെബയിലേക്കും ഒക്കെ ട്രെയിനിൽ പോകുന്നവരുടെ കാര്യവും ഇതുപോലെ ആണ്.
ഒരിക്കൽ ഇങ്ങനെ ക്ഷീണിച്ച ഞാന്‍ ഒരു വലിയ മണ്ടത്തരം കാണിച്ചു. ജെനീവയിൽ വിമാനമിറങ്ങി ലഗേജുമെടുത്ത് വീട്ടിലെത്തി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെയാണ് പെട്ടി തുറക്കാൻ നോക്കുന്നത്. എന്തുചെയ്‌തിട്ടും നമ്പർ ലോക്ക് തുറക്കാൻ പറ്റുന്നില്ല. സ്ക്രൂ ഡ്രൈവറിട്ട് കുത്തിത്തുറന്നപ്പോൾ സ്ത്രീകളുടെ വസ്ത്രവും ഹെയർ ഡ്രയറുമൊക്കെ. പെട്ടി ഏകദേശം എന്റേതുപോലെ തന്നെയാണ്, ക്ഷീണവും തിരക്കും കാരണം പറ്റിയ തെറ്റാണ്.
എയർപോർട്ടിൽ നമ്മുടെ സാധനങ്ങൾ കണ്ണ് തുറന്ന് ശ്രദ്ധിക്കുക, എല്ലാ ബാഗുകളും ഉണ്ടോ, സ്വന്തം ബാഗ് തന്നെയാണോ എടുത്തത് എന്നൊക്കെ നോക്കണം. ലോകത്ത് എവിടെയും ദൂരയാത്ര കഴിഞ്ഞു വരുന്ന ബസ്, ട്രെയിൻ സ്റ്റേഷനുകളും എയർപോർട്ടും തട്ടിപ്പുകാരുടെ കേന്ദ്രം ആണ്. നിങ്ങൾ ക്ഷീണിച്ചിരിക്കുകയാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാകും. അനവശ്യമായി സഹായിക്കാൻ ശ്രമിക്കുന്ന പോർട്ടറേയോ ഡ്രൈവറേയോ കറൻസി മാറ്റുന്നവരെയോ അടുപ്പിക്കരുത്.
ടാക്സിയില്‍ കയറും മുന്‍പ്
ഏത് രാജ്യത്തേക്ക് യാത്ര ചെയ്യുകയാണെങ്കിലും അവിടെ പരിചയമുള്ള ഒരാളുണ്ടെങ്കിൽ എയർപോർട്ടിൽ വന്ന് സ്വീകരിക്കാൻ പറയുന്നതാണ് ഏറ്റവും സുരക്ഷിതം. ഏതെങ്കിലും സ്ഥാപനത്തിൽ ജോലിക്കോ ഏതെങ്കിലും സംഘടനയുടെ ക്ഷണം സ്വീകരിച്ചോ ആണ് പോകുന്നതെങ്കിൽ അവിടുത്തെ ആളുകളോട് എയർപോർട്ടിൽ വരാൻ പറയുക. രണ്ടും സാധ്യമല്ലെങ്കിൽ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ടാക്സി അയക്കാൻ പറയാം. പണം ചെലവായാലും അതൊക്കെ സുരക്ഷയുടെ കണക്കിൽപ്പെടുത്തണം. ജീവനോളം വലുതല്ല, മറ്റൊന്നും.
പോകേണ്ട റൂട്ടും ബസ് നമ്പറും അറിയാമെങ്കില്‍ പബ്ലിക് ട്രാന്‍പോര്‍ട്ടില്‍ യാത്ര ചെയ്യാം. പണവും ലാഭിക്കാം. അവസാന ഒാപ്ഷനായി മാത്രമേ എയർപോർട്ടിൽ നിന്ന് ടാക്സി വിളിക്കാവൂ. ‘ടാക്സി വേണോ?’ എന്നു ചോദിച്ചു പിന്നാലെ കൂടുന്നവരെ ഒഴിവാക്കണം. പ്രീ പെയ്ഡ് ടാക്സിയോ ഒാൺലൈൻ ടാക്സിയോ തിരഞ്ഞെടുക്കാം. നമുക്ക് പരിചയവും വിശ്വാസവുമില്ലാത്ത ഏതു ടാക്സിയിലും കയറുന്നതിനു മുൻപ് ഡ്രൈവർ കാൺകെ ആ വണ്ടിയുടെ നമ്പറിന്റെ ഫോട്ടോയെടുത്ത ശേഷം ഡ്രൈവറുടെ പേരും ചോദിക്കുക.
ഡ്രൈവർക്ക് എതിർവശത്ത് പുറകിലിരുന്ന ശേഷം ഉള്ളിൽ നിന്ന് ഡോർ തുറക്കാൻ പറ്റുമോ അതോ ചൈൽഡ് ലോക്ക് ഇട്ടിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം.
പിന്നീട് ഒരു സുഹൃത്തിനെ ഫോൺ വിളിച്ച്, ‘ഞാൻ ദുബായിലെത്തി, മാരിയോയുടെ ടാക്സിയിൽ ഹോളിഡേ ഇന്നിലേക്കു പോകുകയാണ്. വണ്ടിയുടെ നമ്പർ വാട്ട്സ് ആപ്പ് ചെയ്തിട്ടുണ്ട്. അവിടെ മുപ്പത് മിനിറ്റിൽ എത്തും. എന്നിട്ട് വിളിക്കാം’ എന്ന് ഡ്രൈവർക്ക് കേൾക്കാൻ പാകത്തിൽ പറയാം. ഇംഗ്ലിഷില്‍ ആകുന്നത് നല്ലത്. ടാക്സി നമ്പരും െെഡ്രവറുെട േപരും പറഞ്ഞാലും കുഴപ്പമില്ല. ടാക്സി നമ്പറും പേരും മറ്റൊരാൾക്ക് അറിയാം എന്നു തോന്നിയാൽ തന്നെ പലരും അക്രമത്തിനു മുതിരില്ല. ഈ രീതി കേ രളത്തിൽ ആണെങ്കിലും അസമയങ്ങളില്‍ പ്രയോഗിക്കാം.
ഡ്രൈവർമാരോട് ഉടൻ ചങ്ങാത്തം കൂടരുത്. സ്വകാര്യമായ ചോദ്യങ്ങൾക്കു മറുപടി പറയരുത്, എത്ര നാൾ ഇവിടെ ഉണ്ടാകും എന്നതിന് ‘നാളെ വേറെ ഒരു സ്ഥലത്തേക്ക് പോകും’ എന്നും ‘നാളെ എന്റെ ഭർത്താവ് അല്ലെങ്കിൽ സഹപ്രവർത്തകൻ വരും’ എന്നും പറയുക. ഒറ്റയ്ക്ക് ടാക്സിയിൽ കഴിവതും ഉറങ്ങാതിരിക്കുക.
പരിഭ്രമം േവണ്ട, ഒന്നിലും
യാത്രയിൽ നല്ല ആത്മവിശ്വാസം പ്രകടിപ്പിക്കണം. വഴിതെറ്റി എന്നോ സമയം വൈകിയതിനാൽ പരിഭ്രമിച്ചു എന്നോ ടാക്സി കിട്ടാത്തതിനാൽ വിഷമിച്ചുവെന്നോ പുറത്ത് കാണിക്കരുത്. അങ്ങനെയാണെങ്കില്‍ പോലും. ഫോണിൽ തന്നെ മാപ്പുകളും ആപ്പുകളുമൊക്കെയുള്ളതിനാൽ വഴി തെറ്റലും ടാക്സി കിട്ടാതിരിക്കലുമൊക്കെ അപൂർവമാണെങ്കിലും ഒരു പഴഞ്ചൻ രീതിയിലുള്ള മാപ് നമ്മുടെ കൈയിൽ വേണം. മാപിന്റെ ഫോട്ടോയോ ഗൂഗിൾ മാപിന്റെ സ്ക്രീൻ ഷോട്ടോ മതി. കാരണം, ഇന്റർനെറ്റ് കിട്ടിയില്ലെങ്കിലും വഴി തെറ്റരുത്. മാപ് ഹോട്ടലിൽ നിന്നു തന്നെ നോക്കി മനസ്സിലാക്കി പോകുക. വഴി തെറ്റി എന്നു തോന്നിയാൽ അടുത്തൊരു കോഫിഷോപ്പിൽ കയറിയിരുന്നു മാത്രമേ മാപ് നോക്കാവൂ. വഴിയിൽ കാണുന്നവരെ മാപ് കാണിച്ച് സംശയനിവൃത്തി വരുത്തരുത്. സഹായം ഇങ്ങോട്ട് വാഗ്ദാനം ചെയ്യുന്നവരെയും വിശ്വസിക്കരുത്. സംശയിച്ചോ പരിഭ്രമിച്ചോ നിൽക്കുന്നവരാണ് എളുപ്പത്തിൽ ക്രിമിനലുകളുടെയും തട്ടിപ്പുകാരുടെയും ഇരയാകുന്നത്.
തട്ടിപ്പുകാർ എവിടെയും
‘നാട്ടിലാണു കള്ളന്മാര്‍, സായിപ്പുമാരെല്ലാം മാന്യന്മാർ’ എന്ന ചിന്ത പലര്‍ക്കുമുണ്ട്. ലോകത്തെവിടെയും തട്ടിപ്പുകാരുണ്ട്. അത് പോക്കറ്റടി തൊട്ട് ഈ ഫൽ ടവറിലേക്കുള്ള ക്യൂ ഒഴിവാക്കി ടിക്കറ്റ് എടുത്തു തരാം എന്നു പറയുന്നതു വരെ എന്തുമാകാം. ഫ്രാൻസിലേയും ഇറ്റലിയിലേയുമൊക്കെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഈഫൽ ടവറും റോമൻ ഫോറവുമൊക്കെ തട്ടിപ്പുകാരുടെ പറുദീസയാണ്. മുച്ചീട്ടുകളി, സൈക്കിൾ റിക്ഷ, ഫോട്ടോ എടുക്കൽ, ചെറിയ മെമന്റോകളുടെ കച്ചവടം....പണം പോയി എന്ന് കണ്ടാൽ അവരുമായി വഴക്കിടരുത്. അവർ ഒരാളല്ല, വലിയ സംഘമാണ്. ജെനീവയിൽ ടൂറിസ്റ്റുകളെ സ്ഥിരം പറ്റിക്കുന്ന സംഘമുണ്ട്. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്നാണ് ഇത് ചെയ്യുന്നത്.
നമ്മൾ ഏതെങ്കിലും ഒരു ടൂറിസ്റ്റ് ലാൻഡ്മാർക്കിന്റെ അടുത്തു നിൽക്കുകയായിരിക്കും സുന്ദരിയായ ഒരു പെൺകുട്ടി വന്ന് ‘എന്റെ ഒരു ഫോട്ടോ എടുത്തു തരുമോ?’ എന്ന് ചോദിക്കും. ഫോട്ടോ എടുക്കുന്ന സമയത്ത് രണ്ടു പൊലീസുകാർ പ്രത്യക്ഷപ്പെട്ട് ‘ഇവർ മയക്കുമരുന്ന് ഏജന്റാണ്, നിങ്ങൾക്ക് മരുന്ന് വിറ്റിട്ടുണ്ടോ എന്ന് പരിശോധിക്കണം’ എന്ന് ആവശ്യപ്പെടും. പോലീസ് ഐഡി ഒക്കെ കാണിക്കുമ്പോൾ പരിശോധിക്കാനായി നമ്മൾ ബാഗ് നൽകും. തട്ടിപ്പു പൊലീസുകാർ ബാഗ് പരിശോധിച്ച് തിരിച്ചു തരും. പിന്നെ ബുദ്ധിമുട്ടിച്ചതിനു ക്ഷമയും പറയും. പക്ഷേ, അതിനിടയില്‍ നമ്മുടെ ശ്രദ്ധ തിരിച്ച് ബാഗിലുള്ള പണം അടിച്ചുമാറ്റിയിരിക്കും. ആരെങ്കിലും ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ തന്നെ, ‘ഞാൻ എന്റെ സുഹൃത്തിനെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ വരാം’ എന്നു പറഞ്ഞാൽ മതി.
ലൈംഗിക അതിക്രമങ്ങൾ സൂക്ഷിക്കുക
മൂന്നുതരത്തിലുള്ള ആളുകളാണ് ലൈംഗിക അക്രമം നടത്താൻ സാധ്യതയുള്ളത്. 1. അറിയുന്ന ആളുകൾ. 2. എന്തെങ്കിലും കുഴപ്പത്തിൽ പെട്ടാൽ ആ അവസരം ഉപയോഗപ്പെടുത്തുന്നവർ. 3. കുറ്റകൃത്യങ്ങൾ തൊഴിലാക്കിയവർ. മൂന്നിനേയും നേരിടേണ്ടത് ഭിന്ന മാർഗങ്ങളിലൂടെയാണ്. യാത്രയിൽ പരിചയപ്പെടുന്നവരെയോ കൂടെ ജോലി ചെയ്യുന്നവരെയോ മുറിയിലേക്ക് ക്ഷണിക്കരുത്. അവർക്കൊപ്പം അമിതമായി മദ്യപിക്കാതിരിക്കുക, ഒരു കാരണവശാലും മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കുക, ഇതൊക്കെയാണ് നമുക്കറിയാവുന്നവരിൽ നിന്നും അക്രമം ഒഴിവാക്കാനുള്ള മാർഗങ്ങൾ.
വഴിയിൽ നിന്നും ടാക്സി വിളിക്കാതിരിക്കുക, സ്ഥിരമായി സഞ്ചരിക്കുന്ന ടാക്സിയാണെങ്കിലും റൂം നമ്പർ പറഞ്ഞുകൊടുക്കാതിരിക്കുക, ലഗേജ് എടുക്കാനോ കൊണ്ടുവരാനോ മുറിയിലേക്ക് ക്ഷണിക്കാതിരിക്കുക, ഇരുട്ടുള്ള സ്ഥലങ്ങളിൽ കാത്തുനിൽക്കാതിരിക്കുക എന്നിങ്ങനെ രണ്ടാമത്തെ കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള മാർഗങ്ങൾ. അപരിചിത സ്ഥലങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, മുറിയിൽ സുരക്ഷാ മുൻകരുതലുകൾ എടുക്കണം ഇവയാണ് കുറ്റകൃത്യങ്ങൾ തൊഴിലാക്കിയവരിൽ നിന്ന് രക്ഷപെടാൻ ചെയ്യേണ്ടത്.
(െഎക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയിൽ ദുരന്ത – അപകട സാധ്യതാ ലഘൂകരണ വിഭാഗം തലവനാണ് ലേഖകൻ.)