യൂറോപ്പിലെ ഏറെ പുരാതനമായ ജനവാസകേന്ദ്രങ്ങളിലൊന്നാണ് വടക്കൻ മസിഡോണിയയിലെ ഓഹ്‌റിഡ് നഗരം. സ്ലാവിക് സംസ്കാരത്തിന്റെ കേന്ദ്രങ്ങളിലൊന്നുകൂടിയായ അത് ഓഹ്‌റിഡ് തടാകതീരത്തെ വലിയ നഗരം കൂടിയാണ്. ബാൾക്കൻ പ്രദേശത്തിന്റെ ജറുസലം എന്ന വിളിപ്പേരുകൂടിയുള്ള ഓഹ്‌റിഡ് പ്രകൃതിയും സംസ്കാരവും ചരിത്രവും നാഗരികതയും ഒരുമിക്കുന്ന അപൂർവ ഡെസ്റ്റിനേഷനുകളിലൊന്നാണ്. ലോകസഞ്ചാരിയായ അഞ്ജലി തോമസിന്റെ ഓഹ്‍റിഡ് കാഴ്ചകളിലൂടെ...
ദിവസം എത്ര പള്ളി കാണാം?
‘‘ദിവസത്തിലൊന്ന് എന്ന കണക്കിൽ വർഷം മുഴുവൻ സന്ദർശിക്കാൻ പള്ളികളുണ്ട് ഇവിടെ. പ്രശസ്തമായ 1000 മസിഡോണിയൻ പള്ളികളിൽ 365 എണ്ണം ഓഹ്റിഡിലാണ്.’’ എനിക്കൊപ്പം തീൻമേശ പങ്കിട്ട നാട്ടുകാരി പറഞ്ഞു. പേരുകേട്ട മീൻ വിഭവം ഗ്രിൽഡ് ഓഹ്റിഡ് ട്രൗടിന്റെ ഒരു കഷ്ണം വായിലിട്ട് അവർ കൂട്ടിച്ചേർത്തു. ‘‘നഗരത്തെ ബാൾകൻസിന്റെ ജറുസലം എന്നു വിളിക്കുന്നതിനു കാരണവും ഇതു തന്നെ.’’ അവരിൽ നിന്നു ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം തന്നെ കേട്ടു. ഭക്ഷണം മറന്ന് ഞാൻ ചില കണക്കു കൂട്ടലുകളിൽ മുഴുകി. ഓഹ്‌റിഡിൽ പരമാവധി എത്ര ദേവാലയങ്ങൾ എനിക്ക് കാണാൻ പറ്റും? ‘‘ചിലതൊക്കെ നന്നേ ചെറുതാണ്, ഉള്ളിലേക്കു കയറാൻ സാധിക്കാത്തത്ര ചെറുത്. ശരാശരി 20 എണ്ണം വരെ ഒരു ദിവസം കാണാൻ സാധിക്കും.’’ എന്റെ മനസ്സു വായിച്ചിട്ടെന്നോണം അവർ പറഞ്ഞു.
പുതുതായി കിട്ടിയ വിവരങ്ങൾ നുണഞ്ഞിറക്കിയിരുന്ന എന്നെ തനിയേ വിട്ട് അവർ യാത്ര പറഞ്ഞിറങ്ങി. ഭക്ഷണം കഴിച്ച് എഴുന്നേറ്റ് മതചരിത്രത്തിന്റെ അരികു പറ്റി ആത്മീയ തീർഥയാത്രയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി. കുന്നിൻ മുകളിലെ പള്ളികളുടെ നഗരം മലമുകളിൽ, തെരുവോരങ്ങളിൽ, മതിലു കെട്ടിയ വളപ്പിനുള്ളിൽ... എല്ലാ തരത്തിലുള്ള പള്ളികളുമുണ്ട് ഓഹ്റിഡിൽ. പൊതുജനങ്ങൾക്കു പ്രവേശനമുള്ളവ, ഉപേക്ഷിക്കപ്പെട്ടവ, നിഗൂഢമായവ, ആർക്കും പ്രവേശനമില്ലാത്തവ. എല്ലാം കാണുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല.
15ാം നൂറ്റാണ്ടിലെ ഒട്ടോമൻ സഞ്ചാരി എവ്‌ലിയ സെലിബിയ 365 ക്രൈസ്തവ ദേവാലയങ്ങൾ ഇവിടെയുണ്ടെന്നു നിരീക്ഷിക്കുന്നു. ഇനി അത് അൽപം അതിശയോക്തിയായാലും 40,000 നിവാസികൾ മാത്രമുള്ള നഗരത്തിലെ പള്ളികളുടെ എണ്ണം ഒട്ടും കുറവല്ല. മധ്യകാല നിർമാണ ശൈലിയിലുള്ള കെട്ടിടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ കാലം ഒട്ടേറെ പിന്നോട്ടു സഞ്ചരിച്ചതു പോല തോന്നി.

നടക്കുന്നതിനിടെ മതിൽ കെട്ടി സംരക്ഷിച്ച ഒരു പള്ളി കണ്ടു. അതിന്റെ സൂക്ഷിപ്പുകാരൻ മെഴുകുതിരി നീട്ടി. എന്റെ ലക്ഷ്യത്തെപ്പറ്റി കേട്ടപ്പോൾ മുകളിലേക്ക് നോക്കി പ്രാർഥിച്ചുകൊണ്ട് അദ്ദേഹം വിജയാശംസകൾ നേർന്നു.
സെന്റ് സോഫിയയിൽ തുടക്കം
ഏറ്റവും പുരാതനമായ, ഏറെ പ്രശസ്തമായ പള്ളി, ഓൾഡ് സിറ്റി സെന്ററിലെ സെന്റ് സോഫിയ പള്ളിയിൽ നിന്നാണ് കാഴ്ച തുടങ്ങിയത്. ബൾഗേറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ സിനഡ് ആയിട്ടായിരുന്നു ഈ പള്ളിയുടെ തുടക്കം. പിന്നീട് ഓഹ്‌റിഡ് ആർച്ച് ബിഷപ്പിന്റെ ആസ്ഥാനമായി. ഒട്ടോമൻ ഭരണം വന്നപ്പോൾ ഈ ദേവാലയത്തെ മോസ്ക് ആയി പരിവർത്തനം ചെയ്തെങ്കിലും അവരുടെ തകർച്ചയ്ക്കു ശേഷം ക്രൈസ്തവ പള്ളിയായി.
6ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തകർക്കപ്പെട്ട കത്തീഡ്രലിന്റെ അടിത്തറയിൽ നിർമിച്ചിരിക്കുന്നതാണ് ഇപ്പോഴുള്ള പള്ളി. 10,11,12 നൂറ്റാണ്ടുകളിൽ വരച്ച മനോഹരമായ ചുമർചിത്രങ്ങളും പെയിന്റിങ്ങുകളും കൊണ്ട് അലങ്കൃതമാണ് ഉൾവശം.
ഏതാനും ചെറിയ പള്ളികൾ താണ്ടി സെന്റ് ജോൺ ഓഫ് കനിയോ ദേവാലയത്തിൽ എത്തി. തടാകത്തിന് അഭിമുഖമായി മലമുകളിലാണ് ഈ പള്ളി. അതിന്റെ സ്ഥാനവും വേറിട്ട ബൈസാന്റിയൻ നിർമാണ ശൈലിയും 13ാം നൂറ്റാണ്ടിലെ ഈ ദേവാലയത്തെ ഓഹ്റിഡിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഇടമാക്കുന്നു. ഇവിടെ നിന്നു പകർത്തുന്ന ചിത്രങ്ങൾ ഓഹ്റിഡിന്റെ അടയാളമായി മാറിയിട്ടുണ്ട്.
അവിടെ നിന്നു തടാകക്കരയിലേക്കു നീളുന്നത് എന്നു തോന്നിപ്പിക്കുന്ന പടവുകളിലൂടെ നടന്നു. എത്തിയത് ആ മുനമ്പിന് അടിയിലുള്ള ഗുഹാ ദേവാലയമായ സെന്റ് ബോഗോറോഡികയുടെ മുൻപിലാണ്. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ അൽപ സമയം ചെലവഴിക്കാൻ പറ്റിയൊരിടം എന്നു മനസ്സിൽ കരുതി. തൊട്ടടുത്തുള്ള പബിൽ പാട്ടു വച്ചതോടെ ആ ചിന്ത ഉപേക്ഷിച്ചു. അന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയും ചെയ്തു.
ക്ലെമന്റ്, പാന്റിലെയ്മൻ എന്നീ വിശുദ്ധരുടെ നാമത്തിലുള്ള പള്ളിയിൽ നിന്നാണ് രണ്ടാം ദിവസം യാത്ര ആരംഭിച്ചത്. ഈ പള്ളി ഗ്ലാഗോലിറ്റിക് അക്ഷരമാല ആദ്യമായി പഠിപ്പിച്ച സ്ഥാനത്താണ് നിർമിച്ചത് എന്നാണു വിശ്വാസം. വിശുദ്ധ ബൈബിൾ സ്ലാവോണിക് ചർച്ചിനു വേണ്ടി പരിഭാഷപ്പെടുത്തിയത് ഈ അക്ഷരമാല ഉപയോഗിച്ചാണ്. സമീപമാണ് സെന്റ് ബോഗൊറോഡിക പെരിവ്‌ലെപ്റ്റ ചർച്ച്. ഓഹ്റിഡിൽ അപൂർവമായ മുസോളിയം പള്ളികളിലൊന്ന്. 1477 ൽ നിർമിച്ച ഈ പള്ളിയുടെ സവിശേഷത 14,15 നൂറ്റാണ്ടുകളിലെ ഓഹ്‌റിഡ് ജനസമൂഹത്തെ അടയാളപ്പെടുത്തുന്ന ചുമർചിത്രങ്ങളാണ്. മസിഡോണിയൻ സിസ്റ്റൈൻ ചാപ്പൽ 1295 ൽ സ്ഥാപിതമായ ഹോളി മേരി പെരിബ്‌ലെപ്റ്റോസ് പള്ളിയിലാണ് ‘മരണക്കിടക്കയിലെ കന്യകാ മേരി’ എന്ന അപൂർവ രചന കണ്ടത്.

മച്ചിലെ അദ്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ കാരണം ‘മസിഡോണിയൻ സിസ്റ്റൈൻ ചാപ്പൽ’ എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. ഒട്ടോമൻ കാലത്തെ ഓഹ്റിഡിനെ രേഖപ്പെടുത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ അപൂർവ ശേഖരവും അവിടെയുണ്ട്. ഇലൻഡെൻസ്ക തെരുവിൽ റോമൻ ആംഫി തിയറ്ററിനു ചുറ്റും വലം വയ്ക്കുമ്പോഴാണ് സെന്റ് ബാർബറ ദേവാലയം കണ്ടത്. ലൈക്ക്നോയിഡ്സ് തെരുവിൽ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള, പഴക്കം കുറഞ്ഞ ചെറിയ പള്ളി. ഒന്നു കണ്ണു ചിമ്മിയാൽ കാണാതെ പോയേക്കാവുന്ന മറ്റൊരു പള്ളിയുണ്ട് ആംഫി തിയറ്ററിനു മുകളിൽ, സെന്റ് ബൊഗോറോഡിക. വലിയ ബെൽ ടവർ ഉണ്ടെങ്കിലും പലരുടേയും ശ്രദ്ധയിൽ അതു പതിയില്ല. സെന്റ് ഡിമിട്രി എന്ന ചെറിയ പള്ളി സൗന്ദര്യം കൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 14ാം നൂറ്റാണ്ടിലെ ഈ പള്ളി മനോഹരമായ ചുമർചിത്രങ്ങൾക്കു പ്രശസ്തമാണ്. ഇപ്പോൾ അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ് സെന്റ് ഡിമിട്രി.

ഞാനും കേട്ടു ഹൃദയതാളം
ഓഹ്റിഡിലെ കാണേണ്ട കാഴ്ച സെന്റ് നോം മൊണാസ്‍ട്രിയാണ്. നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി, അൽബേനിയൻ അതിർത്തിക്കു സമീപം മനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലാണ് പുരാതനമായ ഈ മൊണാസ്ട്രി ചർച്ച്. 10ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നോം എന്ന സന്യാസി നിർമിച്ച ആശ്രമം പല പരിഷ്കരണങ്ങൾക്കും ശേഷമാണ് ഇപ്പോൾ കാണുന്ന സമുച്ചയമായത്. ബാൾക്കൻ പ്രദേശത്തെ ഏറ്റവും മികച്ച മതചിത്രങ്ങൾ 18ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ആശ്രമത്തിൽ വരച്ചതാണ്. മനോഹരമായ ലൊക്കേഷൻ, പഴക്കം, മയിലുകളുടെ കാഴ്ച തുടങ്ങി നോമിന്റെ പ്രശസ്തിക്ക് കാരണങ്ങൾ ഒട്ടേറെ. പള്ളിക്കകത്ത് വിശുദ്ധന്റെ കല്ലറയിൽ ചെവി ചേർത്തു വച്ചാൽ അദ്ദേഹത്തിന്റെ ഹൃദയമിഡിപ്പ് കേൾക്കാം എന്നതാണ് അവയിൽ ഏറെ കൗതുകമുള്ള ഒന്ന്. ഞാനും കേട്ടു, ഹൃദയത്തിന്റെ താളാത്മകമായ ശബ്ദം. അവിശ്വസനീയം! എണ്ണായിരം വർഷമായി മനുഷ്യർ വസിക്കുന്നു എന്നു കരുതുന്ന ഓഹ്‌റിഡ് നഗരം ഒട്ടേറെ പേരുകളിലും വിശേഷണങ്ങളാലും അറിയപ്പെടുന്നുണ്ടെങ്കിലും ‘ബാൾകന്റെ മുത്ത്’ എന്ന പ്രയോഗമായിരിക്കും ഏറ്റവും അനുയോജ്യം. ഓഹ്റിഡ് നഗരവും തടാകവും 1979 ലും 1980ലും ലോക പൈതൃകങ്ങളായി യുനെസ്കോ പ്രഖ്യാപിച്ചു. മനോഹരമായ പ്രകൃതിയും ചരിത്ര സാംസ്കാരിക സ്ഥാപനങ്ങളും ഒട്ടേറെയുള്ള ഇവിടെ എല്ലാം എളുപ്പം കണ്ടു തീർക്കാനാവില്ല. അതിലുപരി പലതിലേക്കും സന്ദർശകർ ഇനിയും കടന്നു ചെന്നിട്ടില്ല..
വടക്കൻ മസിഡോണിയയുടെ തലസ്ഥാനമായ സ്കോപിയയിൽ നിന്ന് 171 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് ഓഹ്റിഡിൽ എത്താം. 3.5 മണിക്കൂർ ബസ് യാത്ര.
ഓസ്ട്രിയ, ജർമനി, സ്വിറ്റസർലൻഡ്, ഇറ്റലി, സ്ലോവേനിയ എന്നിവിടങ്ങളിൽ നിന്നും ബസിൽ ഇവിടെത്താം.
നഗര കേന്ദ്രത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ഓഹ്റിഡിലെ രാജ്യാന്തര വിമാനത്താവളം, സെന്റ് പോൾ ദി അപോസ്തൽ, ആംസ്റ്റർഡാം, ബെൽഗ്രേഡ്, ബ്രസൽസ്, സൂറിച്, ടെൽ അവീവ് എന്നിവിടങ്ങളുമായി യാത്രാബന്ധം പുലർത്തുന്നു.