Wednesday 28 July 2021 04:11 PM IST : By Hari kumar

വഴി തെറ്റാതെ കടലുകളും, മലകളും, നദികളും താണ്ടി വർഷാവർഷം ആഫ്രിക്കയിൽ നിന്നും സ്കോട്ട്ലാൻഡിൽ എത്തിച്ചേരുന്ന താലിപ്പരുന്ത്

osprey 1

ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് വഴി തെറ്റാതെ കടലുകളും, മലകളും, നദികളും താണ്ടി വർഷാവർഷം ആഫ്രിക്കയിൽ നിന്നും സ്കോട്ട്ലാൻഡിൽ എത്തിച്ചേരുന്ന താലിപ്പരുന്ത് എന്നറിയപ്പെടുന്ന ഓസ്‌പ്രേകൾ. അതിലേറെ അദ്ഭുതം ഉളവാക്കുന്നതാണ് അവ തന്നോളം വലുപ്പമുള്ള മത്സ്യങ്ങളെ നിഷ്പ്രയാസം റാഞ്ചിക്കൊണ്ടു പറന്നകലുന്ന കാഴ്ച . ആഴമേറിയ നദീതടങ്ങളിൽ ഒരു ചാട്ടുളി പോലെ ചൂഴ്ന്നിറങ്ങി തന്റെ കൂർത്ത നഖങ്ങൾക്കിടയിൽ പിടക്കുന്ന മീനുമായി നിമിഷനേരം കൊണ്ട് ഓസ്‌പ്രേകൾ വിദൂരതയിലേക്ക് പറന്നകലുന്നു... താലിപ്പരുന്ത് ചിറകുവിരിച്ച് പറന്നിറങ്ങുന്നതു കാണുമ്പോൾ ആകാശത്ത് നിന്നും ഭൂമിയിലേക്ക് പറന്നെത്തുന്ന മാലാഖമാരെ പോലെ തോന്നും. എത്രയോ കാലമായി മനസ്സിൽ കൊണ്ടു നടന്ന മോഹമാണ് താലിപ്പരുന്തിന്റെ സുന്ദരമായൊരു ഫ്രെയിം. നദിയിൽ നിന്നും ഒരു മാലാഖയെപ്പോലെ ചിറകുകൾ വിരിച്ച് തന്റെ കൂർത്ത നഖങ്ങൾക്കിടയിൽ പിടയ്ക്കുന്ന മീനുമായി പറന്നുയരുന്ന ഓസ്‌പ്രേയുടെ ചിത്രം പകർത്തുക എന്നത് പക്ഷികളുടെ ചിത്രങ്ങളെടുക്കാൻ താൽപര്യമുള്ള ഏതൊരു ഫൊട്ടോഗ്രഫറുടെയും സ്വപ്നമായിരിക്കും. ആ ദൃശ്യം തേടി സ്കോട്‌ലാൻഡിലേക്ക്...

osprey 3


മീൻപിടിയൻ പരുന്തിനെ തേടി

osprey 2

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ശൈത്യകാലത്തെ തുടക്കത്തിൽ തന്നെ താലിപ്പരുന്തുകൾ ദേശാടന യാത്ര ആരംഭിക്കുന്നു. ഉദ്ദേശം മാർച്ച് മാസത്തിന്റെ തുടക്കത്തിൽ അവ കൂട്ടമായി സ്കോട്‌ലാൻഡ് താഴ്‌വരകളിൽ എത്തിച്ചേരുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് ഉദ്ദേശം എണ്ണൂറോളം ഓസ്‌പ്രേകൾ വർഷാവർഷം സ്കോട്ട്ലാൻഡിൽ എത്തിച്ചേരാറുണ്ട്. ആദ്യമെത്തുന്ന ആൺ പക്ഷികൾ കൂടു പണിയുന്നതിനായി നദികൾകു സമീപമുള്ള വൻ വൃക്ഷങ്ങൾ കണ്ടുപിടിക്കും. പിന്നീടുള്ള കുറച്ചു ദിവസം ആൺപക്ഷിയും പെൺപക്ഷിയും കൂടു പണിയുന്ന തിരക്കിലായിരിക്കും. ഏപ്രിൽ അവസാനത്തോടുകൂടി അമ്മപക്ഷി രണ്ടു മുതൽ നാലു വരെ മുട്ടകളിടുന്നു. വലിപ്പത്തിൽ ആണിനേക്കാൾ ഒരു പടിമുന്നിൽ പെൺ പക്ഷികൾ തന്നെ.

osprey 5

osprey 4

രൂപത്തിൽ പരുന്തിനോട് നല്ല സാദൃശ്യമുള്ള പക്ഷികളാണ് ഓസ്‌പ്രേകൾ. ഇവയുടെ കൂർത്ത നഖങ്ങളും ചുണ്ടുകളും ഇരയെ പിടിക്കാനും റാഞ്ചികൊണ്ടുവരുന്ന മീനുകളെ കുഞ്ഞുങ്ങൾക്ക് ചെറിയ കഷണങ്ങളായി കൊടുക്കാനും സഹായിക്കുന്നു. കാഴ്ചയുടെ കാര്യത്തിൽ ഓസ്‌പ്രെകളെ വെല്ലാൻ മറ്റു പക്ഷികൾ ഇല്ലെന്നുതന്നെ പറയാം. വളരെ ഉയരത്തിൽ നിന്നും തൻറെ ഇരയെ നിഷ്പ്രയാസം കണ്ടുപിടിച്ചതിനു ശേഷം ഈ പക്ഷികൾ തോക്കിൽ നിന്നും ഉതിരുന്ന വെടിയുണ്ട പോലെ നദിയിലേക്ക് ഊളിയിട്ടു പോകും. മറ്റ് പക്ഷികളെപ്പോലെ താലിപ്പരുന്തിനും രണ്ടു കൺപോളകൾക്കിടയിൽ വളരെ നേരിടുന്നതും സുതാര്യവും ആയൊരു പാട ഉണ്ട്. ഇതു ശക്തമായി വെള്ളത്തിലേക്ക് പതിക്കുമ്പോൾ കണ്ണുകളെ സംരക്ഷിക്കുന്നു.


കാത്തിരിപ്പിനൊടുവിൽ...

ഒരു വേനൽക്കാലത്താണ് താലിപ്പരുന്തിനെ തേടി സ്കോട്‌ലാൻഡ് താഴ്‌വരയിലേക്കുള്ള യാത്ര. വേനലായതിനാൽ അതിരാവിലെ മൂന്ന് മണിയോടുകൂടി സൂര്യനുദിക്കും. പിന്നെ ഏതുനിമിഷവും ഓസ്‌പ്രേകൾ മീൻ പിടിക്കാൻ എത്താം. സുഹൃത്തിനോടൊപ്പം ആ കാഴ്ചയ്ക്കായുള്ള കാത്തിരിപ്പിലാണ്. കുറച്ചു സമയത്തിനുള്ളിൽ തന്നെ ചെറിയൊരു പ്രതീക്ഷ നൽകിക്കൊണ്ട് ഒരു പക്ഷി വളരെ ഉയരത്തിൽ വട്ടമിട്ട് പറക്കുന്നത് കണ്ടു. നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിൽ വന്നുവീഴുന്നത് അദ്ഭുതത്തോടെ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. തൽക്ഷണം തന്നെ ആ പക്ഷി വലിയൊരു മീനുമായി പറന്നകന്നു. വെളിച്ചക്കുറവും പരിചയക്കുറവും നല്ലൊരു ചിത്രം നഷ്ടപ്പെടുത്തി. പിന്നീടങ്ങോട്ട് നീണ്ട കാത്തിരിപ്പായിരുന്നു. അതേ കാഴ്ച ഒരിക്കൽ കൂടി നേരത്തെ സംഭവിച്ചതു പോലെ തന്നെ ആവർത്തിച്ചു. ചിത്രമെടുക്കുന്ന കാര്യത്തിൽ നിരാശയായിരുന്നു ഫലം. വീണ്ടും കാത്തിരിപ്പ്... അവൻ വീണ്ടും വരുമെന്ന പ്രതീക്ഷയിൽ. മൂന്നാമത്തെ വരവ് എന്തായാലും ഒറ്റയ്ക്കല്ല കൂടെ മറ്റൊരു താലിപ്പരുന്ത് കൂടിയുണ്ട്. തൊട്ടടുത്ത നിമിഷം മുതൽ അവർ ഞങ്ങൾക്ക് മുന്നിൽ നിരവധി സുന്ദരഫ്രെയിമുകൾ വച്ചുനീട്ടി. പലതവണ മത്സ്യത്തിനെ റാഞ്ചാൻ ശ്രമിച്ചു എന്നാൽ പരാജയമായിരുന്നു. ഇത്തവണ എല്ലാ തയാറെടുപ്പുകളും കൂടിയായിരുന്നു ഞങ്ങൾ കാത്തിരുന്നത്. വെളിച്ചവും അനുകൂലം. ഒരു ഫൊട്ടോഗ്രഫറെ സംബന്ധിച്ചിടത്തോളം അസുലഭ നിമിഷമായിരുന്നു അത്. വെള്ളത്തിലേക്ക് അതിവേഗം പതിക്കുന്ന താലിപ്പരുന്തും ക്യാമറയിൽ നിന്നും വരുന്ന നിരന്തരമായ ഷോട്ടുകളുടെ ശബ്ദവും മാത്രം ഓർമയിൽ ബാക്കിയാകുന്നു. തന്നോളം വലിപ്പമുള്ള മീനുമായി അവ ഞങ്ങൾക്കു ചുറ്റും രണ്ടുവട്ടം വട്ടമിട്ടു പറന്നു.


ഓസ്‌പ്രേകൾ രണ്ട് രീതിയിലാണ് മീൻ പിടിക്കാറുള്ളത്. പരുന്തുകളെ പോലെ വെള്ളത്തിനു മുകളിൽ പൊങ്ങി വരുന്ന മീനുകളെ റാഞ്ചിക്കൊണ്ടു പോവുകയോ അല്ലെങ്കിൽ വെള്ളത്തിനു മുകളിൽ വച്ച് തന്റെ ഇരയെ കാണുന്ന ഇവ പെട്ടെന്ന് തന്നെ തന്റെ ശരീരം അമ്പു പോലെ വളക്കുകയും വളരെ നീളമുള്ള കാലുകൾ മുന്നിലേക്ക് നീട്ടി നദിയിലേക്കു ആഴ്ന്നിറങ്ങും. ഏകദേശം രണ്ടു മാസം പ്രായം ആകുമ്പോൾ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങും. ദേശാടന പക്ഷികളായ ഇവർ സഞ്ചരിക്കുന്ന ദൂരം കേട്ടാൽ നമ്മൾ ഒന്ന് ഞെട്ടും. ഉദ്ദേശം 6,700 കിലോമീറ്ററുകൾ താണ്ടിയാണ് ഇവ ആഫ്രിക്കയിൽ നിന്നും ബ്രിട്ടനിൽ എത്തിച്ചേരുന്നത്. കൃത്യമായി പറഞ്ഞാൽ ഒരു ദിവസം 260 കിലോമീറ്ററുകൾ സഞ്ചരിക്കുന്നു. സാധാരണയായി അമ്മയും കുഞ്ഞുങ്ങളും ആൺപക്ഷിയെ പിൻതുടർന്നാണ് യാത്ര. ഇംഗ്ലീഷ് ചാനൽ കടക്കുന്ന ഇവർ ഫ്രാൻസും സ്പെയിനും താണ്ടി ആഫ്രിക്കയിലേക്ക് പറക്കുന്നു. ഇന്നും ശാസ്ത്രത്തിനു മുന്നിലെ ഒരു ചോദ്യ ചിഹ്നമാണ് ഇവരുടെ സഞ്ചാര പദം. ദശാബ്ദങ്ങളായി ശാസ്ത്രജ്ഞർ ഇതിനെ പറ്റി പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞർ മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളുടെ കാലുകളിൽ സംഖ്യകൾ പതിച്ച വളയങ്ങളും ശരീരത്തിൽ ചിപ്പുകളും സ്ഥാപിക്കാറുണ്ട്. ഇതു അവയുടെ സഞ്ചാര പാത മനസിലാക്കാൻ സഹായിക്കുന്നു.

പ്രാചീന ബുദ്ധമതത്തിലെ പല ഗ്രന്ഥങ്ങളിലും ഓസ്‌പ്രേകൾ അറിയപ്പെടുന്നത് പക്ഷികളുടെ രാജാക്കന്മാർ എന്നാണ്. രൂപത്തിലും ഭാവത്തിലും അവർ തികച്ചും രാജാക്കന്മാർ തന്നെ. ചുരുളറിയാത്ത രഹസ്യങ്ങളുമായി സഞ്ചരിക്കുന്ന ഈ പക്ഷിരാജാക്കന്മാർക്കായി വരും വർഷങ്ങളിലും ക്യാമറയുമായി കാത്തിരിക്കണം.


Tags:
  • Manorama Traveller