Monday 01 November 2021 12:35 PM IST : By മിനി ഐ ജി

പാബ്ലോ നെരൂദയുടെ വീടുകളിലൂടെ... ഈ യാത്ര പൂർണമായും കവിയുടെ പ്രണയാക്ഷരങ്ങൾക്ക് പുറകെയാണ്!!

pablo-h1 Photo: Mini I.G.

പൂക്കൾ നിങ്ങൾക്ക് ഇറുത്തുമാറ്റാം, എന്നാൽ വസന്തത്തിന്റെ വരവിനെ തടയാനാവില്ല. നൊബേൽ പുരസ്കാര ജേതാവ് റിക്കാർഡോ എലിെസർ നെഫ്താലി റെയസ് ബസോആൾട്ടോ എന്ന പാബ്ലോ നെരൂദയുടെ പ്രശസ്തമായ വരികൾ. അദ്ദേഹത്തിന്റെ വരികൾക്ക് പിന്നിലൂടെയുള്ള സഞ്ചാരം ഭ്രാന്തമായി തുടരുമ്പോഴാണ് ചിലെയിലേക്കുള്ള യാത്ര ഒത്തുകിട്ടുന്നത്.  
വിപ്ലവത്തിന്റെ, പ്രണയത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ മേമ്പൊടി ചാലിച്ചെഴുതിയ കവിതകളില്‍ നെരൂദ നിറം ചേർത്തിട്ട നാടിനോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികം.

ആൻഡസ് പർവതത്തിനും പസഫിക് സമുദ്രത്തിനും ഇടയ്ക്ക് നീളത്തിലാണ് തെക്കേ അമേരിക്കൻ രാജ്യമായ ചിലെ കിടക്കുന്നത്. കാഴ്ചകൾ കൊണ്ടും സംസ്കാരം കൊണ്ടും സമ്പന്നമാണ് ചിലെ. ഈ യാത്ര പൂർണമായും പാബ്ലോ നെരൂദ എന്ന പ്രിയപ്പെട്ട കവിയുടെ അക്ഷരങ്ങൾക്കു പുറകെയാണ്. അദ്ദേഹത്തിന്റേതായ ഓർമകൾ തേടിയാണ്. ചിലെയിൽ പാബ്ലോ നെരൂദ പണിത മൂന്ന് ഗൃഹങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത മ്യൂസിയങ്ങളായി പ്രവർത്തിക്കുന്നുണ്ട്. സാന്റിയാഗോയിലെ ‘ലാ ചസ്കോന’, വാൽപറൈസോയിൽ ‘ ലാ സെബസ്റ്റ്യാന’, ഇസ്ലനെഗ്രയിലെ ‘ കാസഡെ ഇസ്‌ലാ നെഗ്ര’  എന്നീ മൂന്ന് മ്യൂസിയങ്ങൾ കാണാൻ ചിലെയിലേക്ക്.

pablo-h7

കവിത സഞ്ചരിച്ച വഴികൾ

‘നിന്റെ മിഴികളിൽ നോക്കാൻ കഴിയാതിരിക്കുമ്പോഴൊക്കെ ഞാൻ നിന്റെ കാൽപാദങ്ങളിൽ ഉറ്റു നോക്കുന്നു. കാരണം ആ കാലടികൾ ഭൂമിക്ക് മീതെയും കാറ്റിന് മീതെയും ജലത്തിനു മീതെയും സഞ്ചരിച്ചവയാണ്. ഒടുവിൽ എന്നെ കണ്ടെത്തുവോളം... നെരൂദയുടെ പ്രശസ്തമായ കവിത ‘യുവർ ഫീറ്റി’ലെ വരികളാണിവ. ചെറുതോ വലുതോ ആയ യാത്രകളാണ് ജീവിതത്തെ മഹത്തരമാക്കുന്നത്. ചിലെയിലെ ജനങ്ങളിൽ മാത്രമല്ല ലോകത്തെമ്പാടും കമ്യൂണിസത്തിന്റെ അഗ്നി പടർത്താൻ പാബ്ലോ നെരൂദയുടെ കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്.

നെരൂദയുടെ രാഷ്ട്രീയ കവിതകളുടെ ശക്തിയും സ്വാധീനവും തിരിച്ചറിഞ്ഞ ചിലെയൻ ഭരണാധികാരി പിനോഷോ പിൽകാലത്ത് നെരൂദയുടെ വീടുകൾ കത്തിച്ചു. അദ്ദേഹത്തിന്റെ ഓർമകൾ പോലും ചിലെയിൽ നിന്ന് മായ്ച്ചുകളയാനുള്ള ആ ശ്രമം പൂർണമായും പരാജയമായിരുന്നു. നെരൂദയുടെ വിധവ മാറ്റിൽഡ വീടുകൾ പഴയ രൂപത്തിൽ മാറ്റിയെടുത്തു. ഒരു ഫൗണ്ടേഷൻ മുഖേന തന്റെ സ്വത്തുക്കൾ മുഴുവനായും ചിലെയിലെ ജനങ്ങൾക്കായി നെരൂദ സമർപ്പിച്ചു.

കപ്പലുപേക്ഷിച്ച  കപ്പിത്താന്റെ മനസ്സ് കടലുപോലെയായിരിക്കും. മുങ്ങിയും പൊങ്ങിയും തെളിഞ്ഞും ഇരുണ്ടും, ഓളങ്ങളില്ലാതെ തിരകളുയർത്തുന്ന പൊങ്ങുത്തടികളെ അയാൾ സസൂക്ഷ്മം കരയിലെത്തിക്കും. യാത്രയുടെ അവശേഷിപ്പുകൾ കാത്തുസൂക്ഷിച്ച ഒരു കപ്പിത്താന്റെ മനസ്സായിരുന്നു നെരൂദയുടേത്. ജീവിതത്തെ എല്ലാ നിലയ്ക്കും ആർഭാടപൂർവം ആഘോഷിക്കുകയായിരുന്നു നെരൂദ.

pablo-h2

ലാ ചസ്കോന അഥവാ ഭാര്യയുടെ കെട്ടുപിണഞ്ഞ മുടി

രാത്രികാലങ്ങളിൽ സജീവമാകുന്ന സാന്റിയാഗോയിലെ നഗരമാണ് ബെലാവിസ്ത. വർണാഭമായ കെട്ടിടങ്ങളും ചരലുകൾ പാകിയ നിരത്തുകളും ഇവിടം സുന്ദരമാക്കുന്നു. ദിശയില്ലാതെ അലഞ്ഞു നടക്കാൻ സാന്റിയാഗോയിലെത്തുന്ന സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട കേന്ദ്രം കൂടിയാണിത്. ഇവിടെയാണ് നെരൂദയുടെ പ്രശസ്തമായ ‘ലാ ചസ്കോന’ എന്ന വീട്. മൂന്നാമത്തെ ഭാര്യയായ മെറ്റിൽഡ ഉറൂഷ്യയുടെ ചുരുൾമുടിയെ സൂചിപ്പിച്ചാണ് ഈ നാമകരണം. കപ്പൽ ക്യാബിനിന്റെ മാതൃകയിൽ ഡൈനിങ് റൂമും ലൈറ്റ് ഹൗസിന്റെ മാതൃകയിൽ ലിവിങ് റൂമും നിർമിച്ചിരിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികളെ സഹായിക്കാനായി സ്പാനിഷും ഇംഗ്ലിഷും സംസാരിക്കുന്ന ഗൈഡിന്റെ സേവനമുണ്ട്.

pablo-h5

പല രാജ്യങ്ങളിൽ നിന്നും കലാകാരന്മാരിൽ നിന്നും ലഭിച്ചിട്ടുള്ള അമൂല്യമായ കലാശേഖരം, വിവിധയിനം ശംഖുകൾ, വൈൻ ഗ്ലാസുകൾ, വീട്ടുപകരണങ്ങൾ, സ്റ്റഫ്ഡ് ജീവികൾ ഉൾപ്പെടെ പല തരം വസ്തുക്കളുടെ ശേഖരമാണ് വീട് നിറയെ. ഒട്ടനേകം അമൂല്യവസ്തുക്കൾ പിനോഷെ വീട് കത്തിക്കാൻ ശ്രമിച്ചപ്പോൾ നശിച്ചുപോയിട്ടുണ്ടെന്ന് ഗൈഡ് സൂചിപ്പിച്ചു. നെരൂദയുടെ വീടുകളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ള ഫൗണ്ടേഷന്റെ ഹെഡ് ക്വോട്ടേഴ്സ് ബെലാവിസ്തയിലാണ് പ്രവർത്തിക്കുന്നത്.  ലാ ചസ്കോന എന്ന വീടിനോട് ചേർന്ന് ഒരു കോഫീഷോപ്പും ഗിഫ്റ്റ് ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. നെരൂദയുടെ പേരും ചിത്രവും കവിതകളും പതിപ്പിച്ചിട്ടുള്ള ബുക്ക് മാർക്കുകളും , ഗ്ലാസ് ആർട് വർക്കുകളും, ഏപ്രണുകളും, കോഫീമഗ്ഗുകളും, പുസ്തകങ്ങളും വാങ്ങുന്ന തിരക്കിലാണ് സഞ്ചാരികൾ.

pablo-h4

കടലിനെ പ്രണയിച്ച കവിയുടെ വീട്ടിൽ

ചിലെയുടെ മധ്യഭാഗത്തായി വരുന്ന എൽക്വസ്കോ എന്ന പ്രദേശത്താണ് മറ്റൊരു വീടായ കാസ ഡെ ഇസ്‌ലാനെഗ്ര സ്ഥിതി ചെയ്യുന്നത്. നെരൂദയുടെയും ഭാര്യയുടെയും മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്നത്  ഇവിടെയാണ്. പസഫിക് സമുദ്രത്തെ അഭിമുഖീകരിക്കുന്ന രീതിയിലാണ് വീടിന്റെ നിർമാണം നടത്തിയിട്ടുള്ളത്. കടലുമായി ബന്ധപ്പെട്ടതെല്ലാം നെരൂദ ശേഖരിച്ചുവച്ചു. കൂടാതെ എവിടെയൊക്കെ സഞ്ചരിച്ചുവോ ആ സ്ഥലങ്ങളിലെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന കലാവസ്തുക്കൾ അദ്ദേഹം വീട്ടിൽ സൂക്ഷിച്ചു.

നൊബേൽ സമ്മാനം ലഭിച്ചപ്പോൾ ധരിച്ചിരുന്ന ഓവർ കോട്ട്, പല രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച പ്രതിമകൾ, കപ്പൽ മാതൃകകൾ, പ്രശസ്ത കലാകാരന്മാരുടെയും എഴുത്തുകാരുടെയും സമ്മാനങ്ങളുമെല്ലാം കാസ ഡെ ഇസ്‌ലാനെഗ്ര യിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരുപാട് യാത്രകൾ‌ നടത്തിയിരുന്ന കവി വീടിനടുത്ത് തന്റെ സാന്നിധ്യം അറിയിക്കുവാനായി വലിയ കുടമണി സ്ഥാപിച്ചു. യാത്രകൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഈ വലിയ മണി മുഴക്കി സമീപത്തെ ആളുകളെ താൻ വന്ന വിവരം അറിയിച്ചിരുന്നു.

വാൽപറൈസോയിൽ ഫെറാറി 692 നഗരത്തിലെ കുന്നിൻ മുകളിലാണ് ലാ സെബസ്റ്റ്യാന എന്ന വീട്. ഈ വീട്ടിലിരുന്നാൽ നഗരത്തിന്റെ ദൃശ്യം മുഴുവനായി കാണാം. വാൽപറൈസോയിൽ നടക്കുന്ന പുതുവത്സരാഘോഷവും വെടിക്കെട്ടും കാണാനായാണ് കുന്നിൻ മുകളിൽ ഈ മനോഹരമായ വീട് നെരൂദ പണിതത്. മറ്റ് രണ്ട് വീടുകളിലും കണ്ട പോലെ  ലാ സെബസ്റ്റ്യാനയിലും നെരൂദയുടെ പ്രിയപ്പെട്ട വസ്തുക്കളുടെ ശേഖരമുണ്ട്.

pablo-h3

കവിത പോലെ തന്നെ തോന്നിപ്പിക്കുന്ന വീട്ടിൽ നിന്ന് പുറത്തുകടക്കുമ്പോൾ കരകൗശലവസ്തുക്കളും ഭക്ഷണവും വിൽക്കുന്ന ആൾക്കാരെ കണ്ടു. ചിലെയിലെ തനത് വിഭവങ്ങൾ കഴിക്കാനായി ചെറിയ കടക്കാർ സഞ്ചാരികളെ മാടി വിളിക്കുന്നു. തെരുവിലെ മതിലുകളിൽ നിറയെ നെരൂദയുടെ കവിതകളും ചിത്രങ്ങളും കോറിയിട്ടിരിക്കുന്നു. പശ്ചാത്തല സംഗീതം പോലെ ഒരു അമച്വർ മ്യൂസിക് ബാൻഡ് വിഷാദഗാനം വായിക്കുന്നുണ്ട്. പാബ്ലോ നെരൂദയുടെ Tonight  I can write the saddest lines എന്ന കവിത...ആ കവിതയുടെ മലയാള പരിഭാഷ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ  വരികളിൽ, ‘ കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ’...

How to reach

സാന്റിയാഗോ രാജ്യാന്തര വിമാനത്താവളത്തിലാണ് എത്തിച്ചേരുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ചിലെയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. ഇന്ത്യയിൽ നിന്ന് ചിലെയിലേക്ക് പോകുമ്പോൾ ഇന്ത്യയിലെ ചിലെ കോൺസുലേറ്റിൽ സന്ദർശന വീസയ്ക്ക് അപേക്ഷിക്കണം. ചുരുങ്ങിയത് ആറുമാസത്തെ വാലിഡിറ്റിയുള്ള പാസ്പോർട്ട് വേണം അപേക്ഷിക്കാൻ. ട്രാവൽ ഏജൻസികൾ വഴി നേരത്തേ തന്നെ ഒരാഴ്ച നീളുന്ന ട്രിപ്പുകൾ ബുക്ക് ചെയ്യാം. ഇംഗ്ലീഷ് ഭാഷ അറിയുന്ന ഗൈഡിനെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

pablo-h6 മിനി ഐ ജി, എഴുത്തുകാരി, സംവിധായിക. തിയറ്റർ & വിഷ്വൽ മീഡിയ, ബാലുശ്ശേരി, കോഴിക്കോട്.