അർജന്റീനയിലെ പടാഗോണിയൻ പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമാണ് പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഭൂമിയിലെ ഗ്ലേഷിയറുകൾ അഥവാ ഹിമാനികളെല്ലാം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇന്നും വളരുന്ന ഒരു ഹിമാനിയാണ് പെരിറ്റോ മൊറേനോ. അന്റാർടിക്കിലെയും ഗ്രീൻലൻഡിലെയും മഞ്ഞുപാളികൾ മാറ്റിവച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ ശുദ്ധജലശേഖരംകൂടിയാണ് ഈ ഹിമാനി. എത്തിച്ചേരാനുള്ള സൗകര്യം, പ്രകൃതി വിസ്മയങ്ങൾ ആസ്വദിക്കാനുള്ള അവസരം, താൽപര്യമുള്ളവർക്കു സാഹസികമായ ട്രെക്കിങ് സാധ്യത എന്നിവയാണ് ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്.
ഐസു കൊണ്ടൊരു തടയണ
സമുദ്രനിരപ്പിൽനിന്നു 2100 മീ ഉയരത്തിൽ ആൻഡിസ് പർവതനിരയിലെ സതേൺ പടാഗോണിയൻ മഞ്ഞുപാടത്തു തുടങ്ങി സമുദ്രനിരപ്പിൽനിന്ന് വെറും 180മീ ഉയരത്തിലുള്ള അർജന്റിനോ തടാകം വരെ നീണ്ടു കിടക്കുന്നു പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഉദ്ദേശം 30 കിലോ മീറ്റർ നീളമുണ്ട് ഹിമാനിക്ക്.
പലപ്പോഴും അർജന്റിനോ തടാകത്തിനുള്ളിൽ ഒരു അണക്കെട്ടു തീർക്കാറുണ്ട് ഈ ഹിമാനി. തടാകത്തിന്റെ തെക്കു ഭാഗത്തേക്കു നീളുന്ന ഒരു കൈവഴിക്കു കുറുകെ ഹിമാനി വളരുകയും തടാകത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. മതിലുപോലെ വളരുന്ന ഭാഗത്തെ ഹിമാനിയുടെ അടിത്തറ നന്നായി ഉറച്ചതായതിനാൽ ഇതൊരു സ്വാഭാവിക തടയണയായി മാറുകയാണ് പതിവ്. എന്നാൽ രണ്ടു വശത്തെയും ജലനിരപ്പുകളിൽ വലിയ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ബ്രസോ റിക്കോ എന്നു വിളിക്കുന്ന തെക്കന്‍ കൈവഴിയിൽ അർജന്റിനോ തടാകത്തെ അപേക്ഷിച്ച് 30 അടി മുകളിലേക്കു വരെ ജലം ഉയരാറുണ്ട്. ഹിമാനി ഉരുകി എത്തുന്ന ഹിമജലമാണ് ഈ വ്യത്യാസം സൃഷ്ടിക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ ബ്രസോ റിക്കോയിലെ ജലത്തിന്റെ സമ്മർദം താങ്ങാനാകാതെ തടയണ പൊട്ടി തകർന്ന് അർജന്റിനോ തടാകത്തിലേക്കു വീഴും. വീണ്ടും ഹിമാനി വളർന്ന് മതിലു രൂപപ്പെടുന്ന ഭാഗത്തോളം എത്താന്‍ കുറഞ്ഞത് അഞ്ചു വർഷം എടുക്കും. 2013ലാണ് അവസാനം വലിയൊരു തകർച്ച സംഭവിച്ചത്. 2016, 2018, 2019 വർഷങ്ങളിൽ തടയണ ചെറിയ തോതിൽ തകർന്നിരുന്നു. മഞ്ഞുമല ചെറിയ ഭാഗങ്ങളായി ഇടിഞ്ഞു വീഴുന്നത് പ്രകൃതിയിലെ ഒരു വിസ്മയകാഴ്ചയായി കണക്കാക്കുകയും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നുണ്ട്.
പ്രായം 18000 വർഷം
പെരിറ്റോ മൊറേനോ ഹിമാനി ഭൂമിയിലെ അവസാനത്തെ ഹിമയുഗകാലത്ത് രൂപപ്പെടാൻ തുടങ്ങിയതാണ് എന്നു കണക്കാക്കുന്നു. 2.6 മില്യൻ വർഷങ്ങൾക്കു മുൻപു തുടങ്ങി 11700 വർഷം മുൻപ് അവസാനിച്ചതാണ് ലാസ്റ്റ് ഐസ് ഏജ്. ഭൂമിയുടെ ഇന്നത്തെ പല വിശേഷതകൾക്കും കാരണം ഈ ഹിമയുഗമാണ്. ശാസ്ത്രജ്ഞരുടെ ഗവേഷണത്തിൽ ഉദ്ദേശം 18000 വർഷമാണ് മൊറേറ്റോ ഹിമാനിയുടെ പ്രായം.
പാരിസ്ഥിതിക സന്തുലനത്തിലെ തകർച്ച കാരണം ലോകമെമ്പാടും ഹിമാനികൾ പിൻവലിയുന്ന പ്രതിഭാസമാണ് നൂറ്റാണ്ടുകളായി കണ്ടു വരുന്നത്. ഇവിടെയും പെരിറ്റോ മൊറേനോ വേറിട്ടു നിൽക്കുന്നു. ദിവസവും ശരാശരി 2 മീ എന്ന കണക്കിനു മുന്നോട്ടു വളരുന്നുണ്ടത്രേ ഈ ഹിമാനി. അതുകൊണ്ടാണ് നിശ്ചിത കാലയളവിൽ അർജന്റിനോ തടാകത്തിൽ വരെ എത്തുന്നതും.
സാഹസികരുടെ ഡെസ്റ്റിനേഷൻ
അർജന്റീനയിലെ സാന്റാ ക്രൂസ് പ്രവിശ്യയിലാണ് പെരിറ്റോ മൊറേനോ ഹിമാനി. ഇത് ലോസ് നാഷനൽ ഗ്ലേഷിയർ പാർക്കിന്റെ ഭാഗവുമാണ്. 250 ചതുരശ്ര കി മീ വിസ്തീർണമുള്ള ഹിമാനിയുടെ അവസാനഭാഗം വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ഇവിടെ ടൂർ ഓപറേറ്റർമാരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂര്‍ വരെ ദൈർഘ്യമുള്ള മിനി ട്രെക്കിങ്, അഞ്ചു മണിക്കൂർ ദൈർഘ്യമുള്ള ഗ്ലേഷ്യൽ എക്സ്കർഷൻ, അർജന്റിനോ തടാകത്തിൽ ബോട്ടിങ് തുടങ്ങിയവയിൽ പങ്കെടുക്കാം. ബോട്ട് യാത്രയിൽ മഞ്ഞുമലകൾക്കിടയിലൂടെ ഹിമാനി ഭിത്തിയ്ക്കരികിലേക്കു സഞ്ചരിക്കാനുള്ള അവസരം ലഭിക്കും.
പെരിറ്റോ മോറേനയിൽനിന്ന് 78 കി മീ അകലെയുള്ള എൽ കലഫേറ്റ് എന്ന നഗരമാണ് യാത്രകളുടെ ബേസ് ക്യാംപായി തിരഞ്ഞെടുക്കാറുള്ളത്.