തുർക്കിയിലെ ഇസ്താംബുൾ ഓർമയിലെത്തിക്കുന്നത് മൊരിഞ്ഞ ഇറച്ചിയുടെ ഗന്ധമാണെങ്കിൽ ജോർദാനിലെ അമ്മൻ നഗരത്തിനൊപ്പം മനസ്സിലെത്തുന്നത് കട്ടൻകാപ്പിയുടെ വാസനയാണ്. അതുപോലെ ഓരോ നാടിനും അതിന്റേതായ ഗന്ധമുണ്ട്. ഒരിക്കൽ സന്ദർശിച്ച രാജ്യത്തിന്റെ പേരു കേൾക്കുമ്പോൾ ഓർത്തെടുക്കാവുന്ന അനുഭവമാണ് ആ ഗന്ധം. യൂറോപ്പിന്റെ ഹൃദയമെന്നും സുവർണ ഗോപുരങ്ങളുടെ നഗരമെന്നും ചെല്ലപ്പേരുകളുള്ള പ്രാഗ് നഗരം കണ്ടു മടങ്ങിയ ശേഷം അതിനെക്കുറിച്ച് കേൾക്കുമ്പോൾ ഉള്ളിൽ നിറയുന്നത് ബീയറിന്റെ മാസ്മരിക സുഗന്ധമാണ്!

ശബ്ദത്തിൽ ട്രാം
തീർച്ചയായും, യാത്രാനുഭവം ഓരോരുത്തർക്കും വ്യത്യസ്തമാണ്. പ്രാഗ് നഗരത്തിന് പുരാതന തനിമയുടെ മുഖവും പുതുമോടിയണിഞ്ഞ രൂപവുമുണ്ട്. ‘പുതുനഗര’ത്തിലെ ഹോസ്റ്റലിലാണ് റൂം ബുക്ക് ചെയ്തത്. മുറിയിൽ കയറി ബാഗ് വച്ചതിനു ശേഷം തെരുവിൽ ഇറങ്ങി. യാത്രക്കാരുമായി സർവീസ് നടത്തുന്ന ‘ട്രാം’ ശബ്ദമാണ് ആദ്യം കേട്ടത്. കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച ട്രാമുകൾ ഇപ്പോഴും പ്രാഗിലെ തെരുവുകളിലൂടെ ഓടുന്നു.
വ്ലാറ്റാവ നദിയുടെ തീരത്താണ് പ്രാഗ് നഗരം. പ്രാദേശിക ഭാഷയിൽ ‘പ്രാഹ’യാണ് പ്രാഗ്. വെൻസെസ്ലാസ് ചത്വരമാണു നഗരത്തിന്റെ ഹൃദയഭാഗം. വിസ്താരമേറിയ ചത്വരം വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ട സ്ഥലമാണ്. ഹോട്ടൽ, റസ്റ്ററന്റ്, ബാങ്ക് തുടങ്ങിയ കെട്ടിടങ്ങൾ സമീപത്തുണ്ട്. ചത്വരത്തിന്റെ ഒരറ്റത്തുള്ള വലിയ കെട്ടിടം പഴയ കൊട്ടാരമാണ്. തെരുവു വിളക്കുകൾ തെളിയുന്ന രാത്രികളിൽ കൊട്ടാരത്തിനു ഭംഗി വർധിക്കുന്നു.

ചത്വരം നിർമിച്ച സ്ഥലം പണ്ട് കുതിരച്ചന്ത ആയിരുന്നത്രേ. സോവിയറ്റ് റഷ്യയുടെ അധികാരത്തിൽ നിന്നു സ്വാതന്ത്ര്യം നേടാനായി പ്രാഗ് ജനത നടത്തിയ 1989 വെൽവെറ്റ് വിപ്ലവത്തിന്റെ തുടക്കം ചത്വരം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നായിരുന്നു.
കാഴ്ചയിൽ മധ്യാകാല പഴമ
പ്രാഗിലെ ഒട്ടുമിക്ക കെട്ടിടങ്ങൾക്കും 600 വർഷം പഴക്കമുണ്ട്. പ്രാഗിൽ പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ നിർമാണ രേഖ ബന്ധപ്പെട്ട ഓഫിസർമാർക്ക് സമർപ്പിച്ചു അനുമതി വാങ്ങണം. നഗരപൗരാണികതയ്ക്കു മങ്ങൽ ഏൽപ്പിക്കാത്ത പ്ലാനുകളാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ നിർമാണം അനുവദിക്കുകയുള്ളു. പ്രേഗ് ഐക്കൺ യൂറോപ്പിനെ ഉലച്ച യുദ്ധങ്ങളിൽ ഏറ്റവും കുറച്ചു നാശനഷ്ടം ഉണ്ടായിട്ടുള്ളത് പ്രാഗ് എന്ന വിശ്വ നഗരത്തിനാണ്. അതുകൊണ്ടു തന്നെ പ്രാഗിനാകെ മധ്യകാല യൂറോപ്പിന്റെ മുഖമാണ്. റോമൻ, ഗോഥിക് കാല ഘട്ടത്തിൽ നിർമിക്കപ്പെട്ട ഈ നഗരത്തിൽ അതിന്റെ അടയാളം എല്ലായിടത്തും വ്യക്തമായി കാണാം. പ്രത്യേകിച്ച് നഗരത്തിലെ പ്രധാന ആകർഷണമായ ഓൾഡ് ടൗൺ സ്ക്വയറിലെ വൈവിധ്യമാർന്ന കെട്ടിട നിർമാണ ശൈലിയിൽ. സഞ്ചാരികൾക്ക് പ്രാഗിൽ ചെന്നിറങ്ങുമ്പോൾ മധ്യകാലയൂറോപ്പിൽ എത്തിയ പോലെ തോന്നും.
യൂറോപ്യൻ വാസ്തുവിദ്യയുടെ പൂർണത അവിടെ കണ്ടു മനസ്സിലാക്കാം. വെനീസ്, പാരിസ്, റോം എന്നീ രാജ്യങ്ങളിലെ പഴയ കെട്ടിടങ്ങളുടെ തനിയാവർത്തനം. ക്ലോക്ക് ടവറാണ് ഓൾഡ് ടൗണിലെ മറ്റൊരു കൗതുകം. 1410ൽ സ്ഥാപിച്ച അസ്ട്രോണോമിക്കൽ ക്ലോക്ക് തെറ്റുകൂടാതെ സമയം പ്രദർശിപ്പിക്കുന്നു. മാസം, വർഷം, തീയതി, സൂര്യചന്ദ്രന്മാരുടെ സ്ഥാനം എന്നിവയും ക്ലോക്കിൽ നോക്കി മനസ്സിലാക്കാം.

പ്രാഗ് ഐക്കണും പ്രാഗ് കാസിലും
‘പ്രാഗ് ഐക്കൺ’ എന്നു വിശേഷിപ്പിക്കാവുന്ന ചാൾസ് ബ്രിജ് കാണാൻ നേരം പുലരുന്നതിനു മുൻപ് മുറിയിൽ നിന്നിറങ്ങി. സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനാണ് സൂര്യോദയം തിരഞ്ഞെടുത്തത്. വ്ളാറ്റാവ നദിക്കു കുറുകെയാണ് ചാൾസ് ബ്രിജ് നിർമിച്ചിട്ടുള്ളത്. പാലത്തിനു മുകളിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. തൂണുകളുടെ ബലവും നിർമാണ വൈദഗ്ധ്യവും അദ്ഭുതകരം. മുപ്പതു തൂണുകളിലും പ്രതിമകൾ കൊത്തിവച്ചിട്ടുണ്ട്. വിളക്കു ഘടിപ്പിച്ച നീളമുള്ള കാലുകളും നിരയായി നിൽക്കുന്ന തൂണുകളും അതിമനോഹരം. വൈകിട്ട് നാലു മണി കഴിഞ്ഞാൽ പാലത്തിനു മുകളിൽ ആളുകൾ നിറയും. ജനത്തിരക്കു കാണാൻ വേണ്ടി മാത്രം വൈകിട്ട് അവിടെ പോയി. ഗായകർ, ഗിറ്റാറിസ്റ്റ്, ചിത്രകാരന്മാർ, മജിഷ്യൻ തുടങ്ങി പ്രാഗിലെ പ്രതിഭകൾ എല്ലാ സായാഹ്നങ്ങളിലും പാലത്തിനു മുകളിൽ ഒത്തു ചേരുന്നു. പാലത്തിനു മുകളിൽ നിന്നാൽ പ്രാഗ് കാസിൽ കാണാം.

‘ലോകത്തെ ഏറ്റവും വലിയ കോട്ട’ – പ്രാഗ് കാസിലിന്റെ പ്രശസ്തി അതാണ്. പ്രാഗ് കാസിൽ ചാൾസ് ബ്രിജിലൂടെ കുറച്ചു ദൂരം നടന്ന് താഴേയ്ക്ക് ഇറങ്ങി. ചതുരക്കല്ലു പതിച്ച് വൃത്തിയുള്ള പാത. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കൊപ്പം പ്രാഗ് കാസിലിനു മുന്നിൽ എത്തി. വാസ്തുവിദ്യയിലെ അദ്ഭുതമാണു കോട്ട. രാജഭരണത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. മുറ്റം, വാതിൽ, ജനൽ എന്നിവ കോട്ടയുടെ പഴയകാല പ്രതാപത്തിനു സാക്ഷി. പൂന്തോട്ടം, ആരാധനാലയം, ഓഡിറ്റോറിയം, നാല് കൊട്ടാരങ്ങൾ, മ്യൂസിയം എന്നിവയാണ് സമീപ കാഴ്ച. കൊട്ടാരം കണ്ടതിനു ശേഷം പെട്രിൻ ടവർ സന്ദർശിച്ചു. പാരിസിലെ ഐഫൽ ടവറിന്റെ മാതൃകയിലാണ് നിർമാണം. മുന്നൂറു പടി കയറിയാൽ ഒബ്സർവേഷൻ ഡെക്ക്. അവിടെ നിന്നാൽ പ്രാഗ് നഗരം മുഴുവൻ കാണാം. പാലങ്ങൾ, വാഹനങ്ങൾ, കോട്ട, പൂന്തോട്ടം, റോഡുകൾ... സ്റ്റിൽ ക്യാമറ 360 ഡിഗ്രി ആംഗിളിൽ തിരിച്ചാൽ പ്രാഗിന്റെ ഭംഗിയുള്ള വിഷ്വൽ കിട്ടും.

ഗന്ധത്തിൽ ബീയർ
വഴിയോരങ്ങളിലൂടെ നടന്ന് പ്രാഗിന്റെ ജീവിതം കണ്ടു മനസ്സിലാക്കി. പബ്ബുകളാണ് കൗതുകക്കാഴ്ച. ബിയർ കഴിക്കുന്നത് തദ്ദേശീയരുടെ ജീവിതശൈലിയാണ്. ലോകത്ത് ഉൽപാദിപ്പിക്കുന്ന മൊത്തം ബീയർ ആളോഹരി അളവിൽ കണക്കാക്കിയാൽ ഏറ്റവുമധികം ചെലവാകുന്നത് പ്രാഗ് ഉൾപ്പെടുന്ന ചെക് റിപ്പബ്ലിക്കിൽ ആണത്രേ. യാഥാർഥ്യം നേരിട്ടു മനസ്സിലാക്കാൻ ഒരു പബ്ബിൽ കയറി. പാനീയം നുകരുന്നവരെല്ലാം തദ്ദേശീയർ. വിദേശിയെന്നു തിരിച്ചറിഞ്ഞ് എന്നെ അവർ വിടർന്ന കണ്ണുകളോടെ നോക്കി. ആംഗ്യ ഭാഷയിലും ഗൂഗിൾ ട്രാൻസ്ലേഷന്റെ സഹായത്തോടെയും കുറച്ചു നേരം അവരുമായി സംസാരിച്ചു. പബ്ബിൽ നിന്നു കഴിച്ചതിൽ ‘സ്വിഷക്കോവ’ രുചികരമായിരുന്നു. ബീഫ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവമാണു സ്വിഷക്കോവ. വിഷെറാഡ് കാസിൽ, ജോൺ ലെനിൻ ഗ്രാഫിറ്റി മതിൽ, ജുവിഷ് ക്വാർട്ടർ തുടങ്ങിയ സ്ഥലങ്ങൾ പിന്നീടു സന്ദർശിച്ചു. ട്രാമിലായിരുന്നു യാത്ര. ഒരിക്കലും മറക്കാത്ത ഓർമകളുമായാണ് പ്രാഗിൽ നിന്നു മടങ്ങിയത്. പ്രാഗിലേക്ക് പുറപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്: ചരിത്രം മനസ്സിലാക്കിയ ശേഷം പുറപ്പെടുക, അദ്ഭുതങ്ങൾ നേരിൽ കാണാം. .