ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള പര്യടനത്തിൽ മൂന്നാമത്തെ രാജ്യത്തിലേക്ക് കടക്കുകയാണ് റോബോട്ടിക്സ് എൻജിനിയറിങ് രംഗത്ത് സ്വന്തം സ്ഥാപനം നടത്തുന്ന, ആലുവ കുറുമാശ്ശേരി സ്വദേശികളായ ലെന്റിൻ ജോസഫ്, അലീന ലെന്റിൻ ദമ്പതികൾ. സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലം, എന്നാൽ ഒരിക്കലും ജനക്കൂട്ടത്തിന്റെ തിരക്ക് അനുഭവപ്പെടുന്നില്ല. ലോകോത്തര നഗരങ്ങളും ഗംഭീരമായ സമുദ്രതീരങ്ങളും വശ്യസുന്ദരമായ പ്രകൃതിയും ചേരുന്ന ദ്വീപ സമൂഹങ്ങളുടെ രാജ്യം... ഞങ്ങൾ പറഞ്ഞു വന്നത് ഫിലിപ്പീൻസിനെപ്പറ്റിയാണ്. സിംഗപ്പൂരിൽ നിൽക്കുമ്പോൾ ആ രാജ്യം മനസ്സിലെത്താൻ ഒരു കാരണം കൂടിയുണ്ടായിരുന്നു. സിംഗപ്പൂർ വീസയ്ക്കൊപ്പം സാധുവായ അമേരിക്കൻ അല്ലെങ്കിൽ ഷെങ്കൻ വീസകൂടിയുള്ള ഇന്ത്യൻ പൗരൻമാർക്ക് ഫിലിപ്പീൻസിലേക്ക് പ്രത്യേക വീസ കൂടാതെ തന്നെ കടന്നു ചെല്ലാം. ടൂറിസ്റ്റ് എന്ന നിലയിൽ ഏകദേശം രണ്ടാഴ്ച അവിടെ ചെലവിടാം. മാത്രമല്ല, മെയ്മാസ ദിനങ്ങൾ അവിടെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ ഏറെ അനുയോജ്യമാണത്രെ. അതുകൂടി കേട്ടപ്പോൾ മനിലയിലേക്ക് ടിക്കറ്റെടുക്കാൻ താമസിച്ചില്ല.
ഗുഹയ്ക്കുള്ളിലെ നദി
ഏഷ്യൻ പര്യടനത്തിലെ മൂന്നാമത്തെ രാജ്യത്ത് മൂന്നു സ്ഥലങ്ങളാണ് പ്രധാനമായും ഞങ്ങൾ കണ്ടത്, പ്യുർട്ടോ പ്രിൻസസ, എൽ നിഡോ, കോറോൺ. സിംഗപ്പൂരിൽ നിന്ന് മനിലയിലേക്കായിരുന്നു രാജ്യാന്തര വിമാനം. ഒട്ടേറെ ദ്വീപുകളുടെ സമൂഹമായ ഫിലിപ്പീൻസിൽ എവിടെ പോകണം എന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. മനിലയിൽ നിന്ന് ചെറിയ നഗരമായ പ്യുർട്ടോ പ്രിൻസസയിലേക്ക് ആഭ്യന്തര വിമാനസർവീസ് തന്നെ ഉപയോഗിച്ചു. അവിടത്തെ ചെറുവിമാനത്താവളത്തിനു സമീപം തന്നെയായിരുന്നു താമസം ബുക്ക് ചെയ്തിരുന്ന ഹോട്ടൽ.ഏഷ്യൻ രാജ്യങ്ങളിൽ പലതിലും ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഡേ ടൂറുകൾ ലഭ്യമാണ്. അത്തരം ഒരു പാക്കേജ് ബുക്ക് ചെയ്താൽ, പ്രഭാതത്തിൽ ഹോട്ടലിൽ വാഹനമെത്തും. അതിൽ ഡെസ്റ്റിനേഷനുകളിലേക്കും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളായ ഇടങ്ങളിലേക്കും പോകാം. സായാഹ്നത്തോടെ നിശ്ചിത പ്രദേശങ്ങൾ സന്ദർശിച്ച് ഹോട്ടലിൽ തിരികെ എത്തിക്കും. അപരിചിതമായ ഇടങ്ങളിൽ അനാവശ്യമായി പാഴായേക്കാവുന്ന സമയവും അലച്ചിലും ഒഴിവാക്കാൻ ഈ ഡേ ടൂർ സൗകര്യങ്ങൾ പ്രയോജനപ്രദമാണ്. ഞങ്ങളുടെ സഞ്ചാരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഇത് സഹായകമായിട്ടുണ്ട്. പ്യൂർട്ടോ പ്രിൻസസയിലും ഡേ ടൂറുകളെത്തന്നെയായിരുന്നു ഞങ്ങൾ പ്രധാനമായും ആശ്രയിച്ചത്. അവിടെ സഞ്ചാരികൾക്ക് സ്കൂട്ടറുകൾ വാടകയ്ക്ക് എടുത്തും ഡെസ്റ്റിനേഷനുകളിലെത്താനുള്ള സൗകര്യമുണ്ട്.
ലോകസഞ്ചാരികളെ എക്കാലവും ആകർഷിച്ചിട്ടുള്ള പലവാൻ ദ്വീപിന്റെ ഭാഗമാണ് പ്യൂർട്ടോ പ്രിൻസസ. ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദി എന്ന അദ്ഭുതമാണ് ഇവിടത്തെ മുഖ്യ ആകർഷണം. ഭൂമിയുടെ ഉപരിതലത്തിലൂടെയല്ലാതെ, പാറക്കെട്ടുകൾക്കടിയിലൂടെയോ ഗുഹകൾക്കകത്തുകൂടിയോ മണ്ണിന്റെ പാളിക്കടിയിലൂടെയോ ഒക്കെ ഒഴുകുന്ന നദികളെയാണ് ‘സബ് ടെറേനിയൻ അഥവാ അണ്ടർഗ്രൗണ്ട് റിവർ’ എന്നു വിശേഷിപ്പിക്കുന്നത്. ഉപരിതലത്തിനടിയിലും ജലം ഒഴുകുന്നു എന്നതാണ് ഇവയുടെ ഒരു വിശേഷത. ഗുഹകൾക്കകത്തുകൂടി ഒഴുകി കടലില്‍ ചേരുന്നതാണ് പലവാനിലെ ഭൗമാന്തര നദി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യവും വേലിയേറ്റ വേലിയിറക്കങ്ങളുടെ സ്വാധീനവും ഇതിനെ ലോകാദ്ഭുതങ്ങളിലൊന്നാക്കി മാറ്റുന്നു.
മരതകപച്ച നിറത്തിൽ വിശാലമായ ജലാശയം ഗുഹാമുഖത്തേക്ക് കടക്കുന്ന സ്ഥലത്താണ് ടൂർ ആരംഭിക്കുന്നത്. ഒരു ചെറുബോട്ടിൽ സഞ്ചാരികളെ കയറ്റി അത് സാവധാനം ഗുഹ ലക്ഷ്യമാക്കി തുഴഞ്ഞു. അകത്തേക്കു കടന്നതും കുറ്റാക്കൂരിരുട്ട് വന്ന് പൊതിഞ്ഞു. വശങ്ങളിലോ മുൻപിലോ ഒന്നും കാണാൻ സാധിക്കുന്നില്ല. വഴികാട്ടി തെളിച്ച ടോർച്ചിന്റെ പ്രകാശത്തിൽ പൊടുന്നനെ ആ അദ്ഭുതക്കാഴ്ച ഞങ്ങൾക്കു മുൻപിൽ തെളിഞ്ഞു.
എട്ട് കിലോമീറ്ററിലേറെ നീളമുള്ള ഗുഹയുടെ ഉള്ളിൽ കാൽസ്യവും മറ്റ് പല ധാതുക്കളും ചേർന്ന് രൂപപ്പെടുത്തിയ പ്രകൃതിയുടെ കലാവിരുതുകൾ കാണാം. ഭൗമാന്തർനദിയുടെ പാതി ദൂരമേ സഞ്ചാരികൾക്ക് പ്രവേശനമുള്ളു, അതിനിടയിൽ തന്നെ ഗുഹയ്ക്കുള്ളിലെ ഗുഹകളും പാറക്കെട്ടുകളും ചുണ്ണാമ്പ് കൽരൂപങ്ങളും കൗതുകക്കാഴ്ചകളാകും. പ്രകൃതിയുടെയും ആവാസവ്യവസ്ഥയുടെയും പ്രത്യേക പ്രാധാന്യം കണക്കിലെടുത്താണ് ബാക്കി ഭാഗം സംരക്ഷിതപ്രദേശമാക്കി മാറ്റിയിരിക്കുന്നത്. ഏതാണ്ട് അരമണിക്കൂർ ക്രൂസ് സഞ്ചാരത്തിനു ശേഷം ഗുഹയിൽ നിന്ന് പുറത്തേക്ക് നീങ്ങി.
പലവാനിലെ പല കാഴ്ചകൾ
പലവാൻ ദ്വീപിലെ ബീച്ചുകളും കടൽകാഴ്ചകളും ഏറെ മനോഹരമാണ്. അതിലൊന്നാണ്, ഹോണ്ട ബേ ഐലൻഡ്. വാസ്തവത്തിൽ നാലഞ്ച് ദ്വീപുകൾ ചേർന്നതാണ് ഹോണ്ട ബേ. കടലിൽ പ്രകൃതി തീർത്ത ഗോപുരങ്ങൾ പോലെ ഉയരം കൂടിയ പാറക്കെട്ടുകളും തിരയൊഴിഞ്ഞ നീല ഉൾക്കടലിലനു തൊങ്ങൽ ചാർത്തിയപോലെ തീരം തൊട്ടുകിടക്കുന്ന പല വർണങ്ങളിലുള്ള വഞ്ചികളും മനോഹരമായ റിസോർട്ടുകളും ചേർന്ന ഒന്നാന്തരം വിനോദസ്ഥലമാണ് ഇത്. പവിഴദ്വീപുകളുടക്കം ദ്വീപ് കാഴ്ചകളും കനോയിങ്, കയാക്കിങ് പോലുള്ള ജലവിനോദങ്ങളും ഹോണ്ട ബേയെ രസകരമായ ഓർമയാക്കി. പ്യുർട്ടോ പ്രിൻസസിന്റെ നഗരക്കാഴ്ചകൾ കൂടി ആസ്വദിക്കാൻ അൽപസമയം കണ്ടെത്തിയ ശേഷം എൽ നീഡോ എന്ന ഡെസ്റ്റിനേഷനിലേക്ക് സഞ്ചരിച്ചു.
പ്യൂർടോ പ്രിൻസസിസിൽ നിന്ന് വാനിൽ അഞ്ച് മണിക്കൂർ സഞ്ചരിച്ചാണ് എൽ നീഡോയിലെത്തിയത്. ഭൂമിയിലെ സ്വർഗം എന്നൊക്കെ വിശേഷിപ്പിക്കാറുള്ള, ബീച്ച് എക്സ്കർഷനുകൾക്ക് ലോകപ്രശസ്തമായ ഇവിടെ ടൂർ എ,ബി,സി, ഡി എന്ന് നാല് പ്രധാന ബീച്ച് സഞ്ചാരങ്ങളുണ്ട്. അതിൽ ടൂർ എയും ടൂർ സിയും ആയിരുന്നു ഞങ്ങൾ എടുത്തത്. തെളിഞ്ഞ കടലും ചുണ്ണാമ്പു കല്ലുകളും കടലിലേക്ക് പടർന്നു കിടക്കുന്ന പാറക്കെട്ടുകളും ശാന്തസുന്ദരമായ ബീച്ചുകളും മാറി മാറിക്കാണാനുള്ള വഴിയാണ് ഈ ടൂറുകൾ. തുടർന്ന് കോറോൺ എന്ന ദ്വീപ് വഴിയാണ് മനിലയിലേക്ക് മടങ്ങാൻ നിശ്ചയിച്ചത്. എൽ നിഡോയിൽ നിന്ന് കോറോണിലേക്ക് ഫെറി സർവീസ് ഉണ്ടെന്നതാണ് ഒരു സൗകര്യം. ഫിലിപ്പീൻസിലെ ജലസവാരികളുടെ ഭംഗി അടിവരയിട്ട് പറയുന്നതായി ആ ഫെറി യാത്ര.
സത്യം പറഞ്ഞാൽ ഫിലിപ്പീൻസ് എന്ന രാജ്യത്തേക്ക് ഞങ്ങൾ ചെന്നത് ഏറെ പ്രതീക്ഷകളോടെ ഒന്നുമായിരുന്നില്ല. എന്നാൽ തിരിച്ചു പോരുന്നത്, ഞങ്ങളുടെ ഏഷ്യ– യൂറോപ്പ് സഞ്ചാരസ്മൃതികൾക്കിടയിൽ സ്വർണത്തിളക്കത്തിൽ ആലേഖനം ചെയ്തിടുന്ന കുറച്ചേറെ ദൃശ്യങ്ങളുമായാണ്.