കായലുകളിലെ വിശാലമായ ജലപ്പരപ്പിൽ വഞ്ചി തുഴഞ്ഞ് നീങ്ങാം, ശാന്തമായ പുഴകളിലൂടെ കാറ്റുനിറച്ച റബർ ട്യൂബുകളിൽ കുടുംബവുമൊത്ത് ഒഴുകി നടക്കാം. കയാക്കിങ് പരിശീലിച്ചിട്ടുള്ളവർക്ക് സാഹസികമായ വൈറ്റ് വാട്ടർ റാഫ്്റ്റിങ് നടത്താം, ജലാശയത്തിലെ ഓളങ്ങൾക്കൊപ്പം ഇരുട്ടിന്റെ അലകളെ കീറിക്കൊണ്ട് രാത്രി യാത്ര ഇങ്ങനെ പലവിധ ജലവിനോദങ്ങൾക്കും ഇടമുണ്ട് വെർജീനിയയിലെ ജലാശയങ്ങളിൽ. യന്ത്രവത്കൃത വഞ്ചികളോടാണ് താൽപര്യമെങ്കിൽ വെയ്ക്ക്ബോഡിങ്, പാരാസെയിലിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയവയും വെർജീനിയ തീരത്തിന് അന്യമല്ല. കാഴ്ചകൾ ആസ്വദിച്ച് നന്നേ സാവധാനം ജലപ്പരപ്പിലൂടെ നീങ്ങിയാൽ മതി എന്നു ചിന്തിക്കുന്നവർക്ക് പലവിധം ക്രൂസ് യാത്രകളുണ്ട്. അതേ, എല്ലാ ജലവിനോദങ്ങൾക്കും ഒരിടം, അമേരിക്കയിലെ വെർജീനിയ.
തീരദേശത്തെ മൃഗക്കാഴ്ചകൾ
മിസ്റ്റി ഓഫ് ചിൻകോടീഗ് എന്ന ബാലസാഹിത്യകൃതിക്കു പശ്ചാത്തലമൊരുക്കുന്ന ഇടം വെർജീനിയ ആണ്. അതിലെ വന്യത നിറച്ച കുട്ടിക്കുതിരകളെ, പോണികളെ, കാണണമെങ്കിൽ ചിൻകോടീഗ് ദ്വീപും നാഷനൽ വൈൽഡ്‌ലൈഫ് റെഫ്യൂജും കേന്ദ്രമാക്കി അവധി ദിനങ്ങളൊരുക്കാം. ജൂലൈയിൽ പോണി സ്വിം എന്ന വാർഷികാഘോഷത്തിന്റെ കാലത്താണ് ഇവിടെത്തുന്നതെങ്കിൽ രസകരമായിരിക്കും. മറ്റു സമയങ്ങളിൽ ബോട്ടിൽ പോണികളുടെ അടുത്ത് എത്താം.

വെർജീനിയയില്‍ സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ബീച്ച്. തീരത്തിരുന്നാൽ മതി വെള്ളത്തിൽ മിന്നിമറയുന്ന ഡോൾഫിനുകളെയും തിമിംഗലങ്ങളെയും കാണാം. അടുത്തു കാണണമെങ്കിൽ ഡോൾഫിനുകൾക്കൊപ്പം കയാക്കിങ്ങിന് ഇറങ്ങുകയോ വെയിൽ വാച്ചിങ് ടൂറിൽ പങ്കെടുക്കുകയോ ചെയ്യാം. തിമിംഗലക്കാഴ്ചകളുടെ ടൂറുകൾ വെർജീനിയ അക്വേറിയം ആൻഡ് മറൈൻ സയൻസ് സെന്ററിന്റെ നേതൃത്വത്തിൽ സാധാരണ ശൈത്യകാലത്താണ് നടക്കാറുള്ളത്.

തെക്കൻ വെർജീനിയയിലെ സഫോൾക് പ്രദേശം ഏറെ വ്യത്യസ്തമായ ജൈവ മേഖലയ്ക്ക് പ്രശസ്തമാണ്. ഒരിക്കൽ നോർത്ത് കരോലിനയുടെ വടക്കു കിഴക്ക് മുതൽ തെക്ക് കിഴക്ക് വിർജീനിയ വരെ ലക്ഷക്കണക്കിന് ഏക്കർ വ്യാപിച്ചിരുന്ന ജൈവമേഖലയുടെ ശേഷിപ്പുകളാണ് ഗ്രേറ്റ് ഡിസ്മൽ സ്വാംപ് നാഷനൽ വൈൽഡ്‌ലൈഫ് റെഫ്യുജായി പ്രഖ്യാപിച്ചിരിക്കുന്നത്. പലവിധം വന്യജീവികളെയും അപൂർവ ഇനങ്ങളിലുള്ള സസ്യങ്ങളെയും കാണുന്നതിനു മാത്രമല്ല, ചതുപ്പിനു നടുവിലുള്ള ഡ്രമണ്ട് തടാകത്തിൽ കനോയിങ്, കയാക്കിങ് വിനോദങ്ങൾക്കുള്ള അവസരം കൂടിയാണ് ഇവിടെ കിട്ടുന്നത്. ജലോപരിതലത്തിൽ ഉയർന്നു നിൽക്കുന്ന സൈപ്രസ് മരങ്ങളുടെ പശ്ചാത്തലത്തിലുള്ള തോണിയാത്ര എന്നെന്നും മനസ്സു നിറയ്ക്കുന്ന ഓർമയാകും.
ചരിത്രം അലയടിക്കുന്ന തീരം
രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളായ കപ്പലുകൾക്കിടയിലൂടെ കയാക്കിങ് നടത്തണമെങ്കിൽ കിപ്ടോപ്കെ സ്‌റ്റേറ്റ് പാർക്ക് സന്ദർശിക്കാം. ചെസാപീക്ക് ഉൾക്കടലിനോട് ചേർന്ന്, മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ച് കടലോരക്കാടുകളിലൂടെ കിലോമീറ്ററുകൾ നീളുന്ന ഹൈക്കിങ്ങിനും ഇവിടെ അവസരമുണ്ട്.

റീഡ്‌വില്ലെയിൽ നിന്ന് ബോട്ട് കയറി ടാങ്ഗിയർ ദ്വീപിലെത്തിയാൽ ജീവിതത്തിൽ ഇനി ഒരിക്കലും കിട്ടാനിടയില്ലാത്ത ചില അനുഭവങ്ങൾ ഉണ്ടാകും. ചെസപീക്ക് ഉൾക്കടലിലെ ഒറ്റപ്പെട്ട ദ്വീപിൽ കഴിയുന്നവരാണ് ടാങ്ഗിയർ സമൂഹം. നൂറ്റാണ്ടുകളായി പുറംലോകവുമായി കാര്യമായ ബന്ധങ്ങളില്ലാത്ത ഇവർ ഇന്നും എലിസബത്തൻ കാലത്തെ ഉച്ചാരണ വിശേഷങ്ങളോടെയാണ് സംസാരിക്കുന്നത്.

യോർക്ടൗൺ ബീച്ചിലെ പഞ്ചാരമണലിലൂടെ നടന്ന് യോർക് നദിയുടെ സമീപത്തെത്താം. പായ്‌വഞ്ചിയിൽ കയറി ചരിത്രത്തിലൂടെ പിന്നിലേക്ക്, അമേരിക്ക സ്വാതന്ത്ര്യം നേടിയകാലം വരേക്കും പോകാം. അല്ലെങ്കിൽ അലക്സാണ്ട്രിയയുടെ സമ്പന്നമായ കപ്പലോട്ട, നാവിക, വിപ്ലവ ഗാഥകളിലേക്ക് ഒഴുകാം.

ലോകത്തെ ഏറ്റവും വലിയ നേവൽ ബെയ്സ് നോർഫോക്, നോട്ടികസിലെ മാരിറ്റൈം സയൻസ് മ്യൂസിയം, അമേരിക്കൻ നിർമിത യുദ്ധക്കപ്പലുകളിലൊന്നായ വിസ്കോൺസിൻ തുടങ്ങി വിർജീനിയ കാഴ്ചകൾ ഒട്ടേറെ.
രുചിയേറും ചിപ്പിയും വൈനും
സമുദ്രവിഭവങ്ങൾ ഇഷ്ടമാണെങ്കിൽ വെർജീനിയ യാത്ര നിങ്ങൾക്ക് പ്രിയപ്പെട്ടതാകും. പ്രത്യേകിച്ചും കക്ക, ചിപ്പി ഇറച്ചികൾ. ചിപ്പി ഫാമുകളിലെ ഷെഫ്സ് ടേബിൾ ടൂറിൽ ചേർന്നാൽ കടലിൽ നിന്ന് ചിപ്പി വാരി എടുക്കുന്നതെങ്ങനെ എന്നു തുടങ്ങി തീൻമേശയിൽ അത് എത്തുന്നതുവരെ എല്ലാ പ്രക്രിയകളും അറിയാം. മാത്രമല്ല ലോകപ്രശസ്തമായ ചെസപീക്ക് തീരം സംരക്ഷിക്കുന്നതിൽ ഇവയ്ക്കുള്ള പങ്ക് കണ്ടു മനസ്സിലാക്കുകയും ചെയ്യാം.
സഞ്ചാരികൾ ഏറെ ആസ്വദിക്കുന്ന മറ്റൊരു ജലയാത്രയാണ് ചാഥം വൈൻയാഡ് വരെയുള്ള വഞ്ചി തുഴയൽ. ചിപ്പികളുടെ അടുക്കൽ നിന്ന് 45 മിനിറ്റു കൊണ്ട് മുന്തിരിത്തോട്ടത്തിൽ എത്താം, ഒന്നോ രണ്ടോ ഗ്ലാസ് വൈൻ നുണഞ്ഞ് അവിടെ നിന്നു മടങ്ങാം.
ജീവിതത്തിൽ ഒഴുകി നീങ്ങാം
പകൽ യാത്രയ്ക്കു പറ്റിയ ചെറിയ വഞ്ചി മുതൽ അവധിക്കാലും പൂർണമായും ചെലവിടാൻ പാകത്തിലുള്ള വമ്പൻ നൗക വരെ അണിനിരക്കുന്ന വലിയ ക്രൂസ് കപ്പലുകൾ വെർജീനിയയിലുണ്ട്. അലക്സാണ്ട്രിയയിൽ നിന്ന് മൗണ്ട് വെർനൺ വരെ പോസ്‌റ്റ്മാക് നദിയിലൂടെയുള്ള വഞ്ചിയാത്ര ലോകപ്രശസ്തമാണ്. വാഷിങ്ടൺ ഡി സിയിലെ സ്മാരകങ്ങൾ കണ്ടുകൊണ്ട് ശാന്തസുന്ദരായ ജലയാത്ര ആരേയും ആനന്ദത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകും.
നോർഫോക്കാണ് ഒട്ടേറെ ക്രൂസ് യാത്രകളുടെ തുടക്കസ്ഥാനം. ജലനഗരത്തെ ആസ്വദിക്കാൻ ജലയാത്രകളെക്കാൾ മെച്ചപ്പെട്ടത് എന്തുണ്ട്? എലിസബത്ത് നദിയിലൂടെ വഞ്ചി ഒഴുകി നീങ്ങുമ്പോൾ സുഹൃത്തുക്കളോടൊപ്പം വഞ്ചിയിലിരുന്ന് ഭക്ഷണം കഴിച്ച് നഗരക്കാഴ്ചകൾ ആസ്വദിച്ച് ഇരിക്കാം. നോർഫോക്കിൽ നിന്നു ലോകത്തിന്റെ പല ഭാഗത്തേക്കുള്ള ക്രൂസ് യാത്രകൾക്ക് ആരംഭം കുറിക്കുന്നതും കാണാം. ജലയാത്രകൾ, ജലവിനോദങ്ങൾ, സമുദ്രവിഭവങ്ങൾ, ചരിത്രം, ജൈവവൈവിധ്യം, വന്യജീവി കാഴ്ചകൾ വിനോദത്തിനു പരിധിയില്ല വെർജീനിയയിൽ.