നാലു വയസ്സുകാരനായ ഉണ്ണിക്കുട്ടൻ എൽ.കെ.ജിയിൽ പോയിത്തുടങ്ങിയത് ഈ വർഷം ജൂണിലാണ്. സ്കൂളിൽ പോയിത്തുടങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോൾ, അവന്റെ സംസാരരീതിയിൽ ആകെയൊരു മാറ്റം. ‘പട്ടി’, ‘തെണ്ടി’ തുടങ്ങിയ വാക്കുകൾ അവൻ വീട്ടിൽ വച്ച് ഉപയോഗിക്കാൻ തുടങ്ങി. ഇതുകേട്ട ഉണ്ണിക്കുട്ടന്റെ അച്ഛൻ മകനോടു ദേഷ്യപ്പെട്ടു. “എവിടുന്നാടാ നീ ഈ ചീത്തയൊക്കെ പഠിച്ചത്?” ഉടൻ വന്നു മകന്റെ മറുപടി: “അതേയ്, ഇതൊക്കെ സ്കൂളിൽ എന്റെ അടുത്തിരിക്കുന്ന കുട്ടപ്പൻ പറഞ്ഞു തന്നതാ.” അച്ഛന്റെ സംശയം തീരുന്നില്ല: “അതിന് ഈ കുട്ടപ്പൻ ഇതൊക്കെ എവിടെ നിന്നു പഠിച്ചു?” ഉണ്ണിക്കുട്ടന്റെ മറുപടി: “ഇതൊക്കെ കുട്ടപ്പന്റെ അച്ഛനും അമ്മയും അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നതാ.
വീട്ടിനുള്ളിൽ പരസ്പരം വഴക്കിടുന്ന ദമ്പതികൾ പലപ്പോഴും വിസ്മരിക്കുന്ന ഒരു കാര്യമുണ്ട് – ഈ വഴക്കെല്ലാം സാകൂതം ശ്രദ്ധിക്കുന്ന കുട്ടികളുടെ കാര്യം. അവർക്കിതൊന്നും മനസ്സിലാകില്ലെന്നാണു പല മാതാപിതാക്കളുടെയും ചിന്ത. മറ്റുള്ളവരുടെ ചേഷ്ടകൾ നിരീക്ഷിക്കാനും അവയെ അനുകരിക്കാനുമുള്ള പ്രവണതയ്ക്കു കാരണമാകുന്ന ചില നാഡീവ്യൂഹങ്ങൾ നമ്മുടെ മസ്തിഷ്കത്തിലുണ്ട്. ഹിപ്പോകാമ്പസ്, പ്രോണ്ടൽ ഖണ്ഡം തുടങ്ങി തലച്ചോറിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ നാഡീവ്യൂഹങ്ങളെ ‘ദർപ്പണ നാഡികൾ’ (Mirror neurons) എന്നാണു വിളിക്കുന്നത്. മുതിർന്നവരുടെയും കുട്ടികളുടെയും തലച്ചോറിൽ കണ്ണാടി നാഡികൾ സജീവമാണ്. ഏകദേശം 11–12 വയസ്സ് പ്രായമാകുമ്പോഴാണു കുട്ടികളിൽ കാണുന്ന കാഴ്ചകളുടെ ശരി തെറ്റുകൾ വിവേചിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്ന ‘ഗുണദോഷ യുക്തിവിചാരം’ (Critical thinking) വികസിച്ചു തുടങ്ങുന്നത്. കാണുന്ന കാര്യങ്ങളെല്ലാം നല്ലതാകണമെന്നില്ലെന്നും, അവയിൽ ചിലതൊക്കെ തള്ളണമെന്നും കുട്ടിക്കു മനസ്സിലാകുന്നത് ഏകദേശം ഈ പ്രായത്തിലാണ്. ഒരു ചീത്ത വാക്കു കേട്ടാൽ അത് അനുകരിക്കുന്നത് മോശമാണെന്ന ധാരണയൊക്കെ ഈ പ്രായത്തിലാണ് മിക്കവാറും കുട്ടികളിൽ വികസിക്കുന്നത്. എന്നാൽ പതിനൊന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ വിവേചന ബുദ്ധി കുറവായിരിക്കും. അതുകൊണ്ടു തന്നെ ഈ ചെറിയ പ്രായത്തിൽ, കേട്ടും കണ്ടും വളരുന്ന കാര്യങ്ങൾ അതേപടി അവർ അനകരിക്കാനുള്ള സാധ്യതയും കൂടും. വീട്ടിൽ അച്ഛനും അമ്മയും വഴക്കിടുന്നതു കാണുന്ന ഒരു കുട്ടി സ്വാഭാവികമായും അത് ശ്രദ്ധിക്കും. അവർ പരസ്പരം വിളിക്കുന്ന ചീത്ത വാക്കുകൾ ഈ കുട്ടികൾ മനസ്സിലാക്കുകയും, പിന്നീട്, സ്കൂളിൽ ചെന്നു സഹപാഠികളുടെയടുത്ത് അവതരിപ്പിക്കുകയും ചെയ്യും.
വീട്ടിൽ, അച്ഛൻ അമ്മയെ മർദിക്കുമ്പോൾ ഉപയോഗിക്കുന്ന അതേ ചേഷ്ടകൾ, കുട്ടി തന്റെ സഹപാഠികളുടെ മേൽ പ്രയോഗിച്ചെന്നുവരാം. ചില അവസരങ്ങളിലെങ്കിലും അധ്യാപകർ ഇങ്ങനെ ചീത്ത വാക്കുകൾ ഉപയോഗിക്കുന്ന കുട്ടിയെ ‘പ്രശ്നക്കാരനായ കുട്ടി’ (Problem child) – എന്നു മുദ്രകുത്തി ശിക്ഷിക്കുന്നതു കാണാം. ‘പ്രശ്നക്കാരൻ’ എന്ന ലേബൽ പതിഞ്ഞു കഴിഞ്ഞാൽ, പിന്നെ ക്ലാസിൽ നടക്കുന്ന ഏതു പ്രശ്നത്തിനും ശകാരം അവനു കിട്ടാൻ സാധ്യതയേറെ. ഇങ്ങനെ സംഭവിക്കുന്നതോടെ, സഹപാഠികളോടും അധ്യാപകരോടുമെല്ലാം അവനു ദേഷ്യം കൂടുന്നു. ചുറ്റുമുള്ള സമൂഹത്തിൽ നിന്നകലുന്നു. ഈ ഘട്ടത്തിൽ, വീട്ടിൽ നിന്നു കൂടെ വൈകാരിക പിന്തുണ കിട്ടാതെ വന്നാൽ അവന്റെ സ്വഭാവത്തിൽ വൈകല്യങ്ങൾ കണ്ടു തുടങ്ങുന്നു. മറ്റു കുട്ടികളെ വേദനിപ്പിച്ചും കായികമായി കീഴ്പ്പെടുത്തിയും വിരട്ടിയും ‘ആളാകാനു’ള്ള ശ്രമങ്ങൾ അവൻ പ്രദർശിപ്പിച്ചേക്കും. മറ്റു കുട്ടികളെ ഭീഷണിപ്പെടുത്തിയും അവരുടെ കൈയിലുള്ള വസ്തുക്കൾ പിടിച്ചു പറിച്ചും അവൻ മെല്ലെ കുറ്റകൃത്യങ്ങളുടെ വഴിയിലേക്കു വഴുതിവീഴുന്നു. കൗമാരപ്രായമെത്തുന്നതോടെ സമാനചിന്താഗതിക്കാരായ കൂട്ടുകാരോടൊത്ത് സംഘടിത സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ അവൻ ഏർപ്പെടാനുള്ള സാധ്യത കൂടുതലാകുന്നു.
എന്താണ് പരിഹാരം?
അച്ഛനും അമ്മയും പരസ്പരം പഴിചാരുകയും പോരടിക്കുകയും ചെയ്യുന്നതു കണ്ടു വളരുന്ന ഒരു കുട്ടിക്ക് അച്ഛനോടും അമ്മയോയും ബഹുമാനമില്ലാതാകുകയാണ്. അച്ഛന്റെ കുറ്റം മക്കളോടു പറയുന്ന അമ്മയും, അമ്മയുടെ ദോഷങ്ങൾ മക്കളോടു പറയുന്ന അച്ഛനും കുട്ടികളുടെ മുന്നിൽ വികലമായ മാതൃകകളാകുകയാണ്. ഏതു വീട്ടിലും ഭാര്യയും ഭർത്താവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകാം. അതു പ്രകടിപ്പിക്കേണ്ടതും ആവശ്യമാകാം. എന്നാൽ, കുട്ടികളുടെ മുന്നിൽ വച്ച് ഇത്തരം അഭിപ്രായവ്യത്യാസ പ്രകടനങ്ങൾ ഒഴിവാക്കണം. വീട്ടിനുള്ളിൽ വച്ച്, ഉറക്കെ സംസാരിക്കുന്ന രീതിയും ഒഴിവാക്കുക. കുട്ടികൾ ദേഷ്യം വരുമ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നതൊഴിവാക്കാൻ ഇതു സഹായിക്കും. മാതാപിതാക്കൾ കുട്ടികളുടെ മുന്നിൽവച്ചു പരസ്പരബഹുമാനത്തോടെ സംസാരിച്ചാൽ, കുട്ടികളും ആ രീതിയിൽ അനുകരിച്ചു കൊള്ളും.
ഡോ. അരുൺ ബി നായർ
അസി. പ്രെഫസർ സൈക്യാട്രി
മെഡിക്കൽ കോളേജ്
തിരുവനന്തപുരം.