Monday 30 January 2023 02:57 PM IST

‘അന്ന് അവളെയും കൊണ്ട് ആശുപത്രികളിലേക്കുള്ള ഓട്ടമായിരുന്നു, ഇന്ന് ആ വേദനയില്ല’: മാജിക് പോലെ കരിഷ്മയുടെ ജീവിതം

Tency Jacob

Sub Editor

karishma അച്ഛന്‍ അൻവർ അമ്മ ഫാത്തിമ എന്നിവരോടൊപ്പം കരിഷ്മ– ഫൊട്ടോ: സുഭാഷ് കുമാരപുരം

സുഗതകുമാരിയുടെ കവിതയിലെ വരികൾ പോലെ ‘തിങ്കൾ തെല്ലിനു തുല്യമാമൊരു പുഞ്ചിരിയോടെ’ സമൂഹത്തെ ആർദ്രമായി നോക്കുന്ന മൂന്നു പേർ. ‘മർത്യന്റെ ഭാഷകളിലൊന്നിലുമല്ല, ഏതോ പക്ഷിക്കിടാവ് മുറിവേറ്റ് വിളിച്ചിടും പോൽ’ അവർ നമ്മോട് മൊഴിയുന്നു.‘സഹതാപമല്ല, പിന്തുണയാണ് ആവശ്യം.’ ഇഷ്ടമുള്ള മേഖലകളിൽ മുഴുകി സ്വന്തം വരുമാനം നേടുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഡൗൺ സിൻഡ്രം ബാധിതരായ മൂന്നു ചെറുപ്പക്കാരും അവരുടെ കുടുംബവും.

മാന്ത്രികവടി വീശി വീശി...

കയ്യിലിരിക്കുന്ന പച്ചക്കൊമ്പിലെ ചുവന്ന റോസാപ്പൂവ് ഉള്ളം കൈക്കുള്ളിലാക്കി പറിച്ചെടുത്ത് തൊട്ടടുത്തു നിൽക്കുന്ന കൂട്ടുകാരനു കൊടുത്തു. പിന്നെ, ശൂന്യമായ ഉള്ളം കൈ നിവർത്തി കാണിച്ചു.

‘എവിടെ, റോസാപ്പൂവ് എവിടെ?’ എന്നൊരു ചോദ്യം നോട്ടത്തിലൂടെ എറിഞ്ഞു കാണികളെ അദ്ഭുതപ്പെടുത്തി. ഒരു നിമിഷം എന്തുചെയ്യുമെന്ന് ചിന്തിക്കുന്ന പോലെ അഭിനയിച്ചു. പിന്നെ ‘അബ്രകാഡബ്ര...’ മാന്ത്രികരുടെ മന്ത്രം ചൊല്ലി ശൂന്യതയിലേക്ക് കയ്യുയർത്തി, ഒരു പൂ പൊട്ടിച്ചെടുക്കുന്നതു പോലെ കാണിച്ചു. കാണികൾക്കു മുന്നിൽ ഉള്ളം കൈ നിവർത്തി. അതാ, ചുവന്ന റോസാപ്പൂ!

കയ്യടികൾക്കിടയിൽ പൂവ് വീണ്ടും പച്ചക്കൊമ്പിലുറപ്പിച്ചു. ആ നിമിഷം മാജിക് പെൺകുട്ടി കരിഷ്മയുടെ മുഖത്ത് വിരിഞ്ഞ സന്തോഷച്ചിരിക്ക് അമ്പിളിച്ചന്തമുണ്ടായിരുന്നു. ആ ചിരിയിലലിഞ്ഞ് അവൾ നിന്നു.

തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ എത്തിയ അതിഥികൾക്കു മുന്നിലായിരുന്നു പ്രദർശനം. അവിടുത്തെ ‘ഡിഫറന്റ് ആർട് സെന്ററി’ ലാണ് കരിഷ്മ മാജിക് പഠിക്കുന്നത്. വിവിധ തെറപ്പികൾക്കൊപ്പം പാട്ടും നൃത്തവും ചിത്രരചനയും മാജിക്കുമൊക്കെ ഇവിടെ പരിശീലിക്കുന്നുണ്ട്.

‘‘പെർഫോമൻസ് കാണാൻ വരുന്ന അതിഥികൾ നൽകുന്ന കയ്യടികളാണ് ഇവരുടെ മാറ്റത്തിന്റെ കാരണം. നമ്മ ൾ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ കയ്യടിച്ചാൽ എനർജി കൂടുന്ന പോലെ തന്നെയാണ് ഇതും. ഓരോ ദിവസവും പുതുമുഖങ്ങളല്ലേ അവർ കാണുന്നത്.’’ കരിഷ്മയുടെ അമ്മ ഫാത്തിമ നിറ‍ഞ്ഞ സന്തോഷത്തിലാണ്.

‘‘ഇവിടെ ഏഴു വിഭാഗങ്ങളുണ്ട്. എല്ലാം എല്ലാവരും പഠിക്കണമെന്നാണ്. പക്ഷേ, നിർബന്ധിച്ച് ഒന്നും പഠിപ്പിക്കില്ല. കരിഷ്മയ്ക്ക് മാജിക്ക് ചെയ്യാൻ താൽപര്യമായിരുന്നു. മ്യൂസിക്കിന്റെ അകമ്പടിയോടെ സ്േറ്റജിലേക്കു വരുന്ന വരവു കാണേണ്ടതു തന്നെയാണ്. ആറു തരം മാജിക് െചയ്യാനറിയാം. ഒരു കമ്പിനെ ഏഴു കമ്പുകൾ ആക്കി മാറ്റും.’’

അടുത്തു നിന്ന കരിഷ്മ ഉടനെ അമ്മയെ തിരുത്തി. ‘‘ഏഴല്ല, ആറ്’’ വായുവിൽ ആറ് എന്നു എഴുതി കാണിക്കുകയും ചെയ്തു.

‘ഇപ്പോൾ നൃത്തം ചെയ്യാനാണ് കൂടുതൽ ഇഷ്ടം.’ എ ന്ന് ഉമ്മ പറഞ്ഞപ്പോൾ കരിഷ്മ ഭരതനാട്യത്തിന്റെ ചുവടുകളിലേക്ക് ഒഴുകി നീങ്ങി. മുഖത്ത് ഭാവങ്ങൾ വിരിഞ്ഞു.

നൃത്തത്തെ സ്നേഹിച്ച കുട്ടി

‘‘തിരുവനന്തപുരം പോത്തൻകോടാണ് സ്വദേശം. ഭർത്താവ് അൻവർ ഡ്രൈവറാണ്. എന്റെ പതിനെട്ടാം വയസ്സിലാണ് മകളെ പ്രസവിക്കുന്നത്. പിന്നെ, അവളെയും കൊണ്ട് ആശുപത്രികളിലേക്കുള്ള ഓട്ടമായിരുന്നു. ഞങ്ങളുടെ ജീവിതം തന്നെ ചുരുങ്ങിപ്പോയി.

ചെറുപ്പത്തിലേ അവൾ നൃത്തത്തിൽ താൽപര്യം കാണിച്ചിരുന്നു. പക്ഷേ, ആരും പഠിപ്പിക്കാൻ തയാറായില്ല. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുക എന്നത് ക്ഷമ വേണ്ട കാര്യമാണല്ലോ. ഒരു ടീച്ചർ പറഞ്ഞു. ‘ആദ്യം അമ്മ പഠിക്ക്. എന്നിട്ടു മകളെ പഠിപ്പിക്കാം.’ എനിക്കും കുട്ടിക്കാലത്ത് നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നു. പാതിവഴിയിൽ മറന്നു പോയ നൃത്തം ഞാൻ ഒാർത്തെടുത്തു.

ക്ലാസിക്കൽ ഡാൻസാണ് മകളെ പഠിപ്പിച്ചത്. മകളുടെ നൃത്തം കണ്ട് ഇങ്ങനെയുള്ള കുട്ടികളുടെ അമ്മമാർ വന്നു ‘ഞങ്ങളുടെ മക്കളെ കൂടി പഠിപ്പിക്കാമോ’ എന്നു ചോദിച്ചു. അങ്ങനെ ഞാൻ ഡാൻസ് ടീച്ചറുമായി.

ഒരു പ്രോഗ്രാമിനു നൃത്തം ചെയ്തതു കണ്ട് ഗോപിനാഥ് സർ പ്രോത്സാഹിപ്പിച്ചു. പിന്നീട് മാജിക് പ്ലാനറ്റിന്റെ പ്രോഗ്രാം എവിടെ നടത്തിയാലും കുട്ടികളുടെ ഒപ്പം എന്നെയും കൊണ്ടുപോകും. ഞാനും മകളുടെയൊപ്പം നൃത്തം ചെയ്യും.’’ കരിഷ്മ പാറി വന്ന ഒരു തുമ്പിയെ കൈക്കുമ്പിളിലാക്കാനോടി. അമ്മ വേവലാതി പെട്ട് പിന്നാലെ പോയതേയില്ല.

‘‘ഞങ്ങളുടെ കാലശേഷം മോൾ എന്തു ചെയ്യുമെന്ന ആകുലതയുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ ചിന്തയേയില്ല. മാജിക് പ്ലാനറ്റിൽ അവൾ സുരക്ഷിതയാണ്.’’

കണിയാപുരത്തുള്ള മുസ്‌ലിം ഗേൾസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് കരിഷ്മ. അക്ഷരമെല്ലാം അറിയുന്നതു കൊണ്ട് സ്ക്രൈബ് ഇല്ലാതെയാണ് പരീക്ഷ എഴുതിയത്. അധ്യാപകരുടെ പിന്തുണ നന്നായുണ്ട്.

മകളുടെ സംസാരം എനിക്കു തന്നെ മനസ്സിലാകില്ലായിരുന്നു. ഇപ്പോൾ ഇവിടെയെത്തുന്ന എല്ലാ അതിഥികളോടും നല്ല രീതിയിൽ ഇടപെടും. പറ്റുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യും. ഇതൊക്കെ മതി എനിക്ക്.’’ ഫാത്തിമയുടെ മുഖത്ത് തൃപ്തി നിറഞ്ഞു.

മകൾ മാത്രമല്ല, ഞാനും മാറി

മാജിക് പ്ലാനറ്റിൽ വന്ന അതിഥികളുടെ ക്ഷണപ്രകാരം സിംഗപ്പൂരും ഡൽഹിയിലും പോയിരുന്നു കുട്ടികൾ. 13 കുട്ടികളും നാലു മാതാപിതാക്കളും രണ്ടു അധ്യാപകരുമാണ് പോയത്. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. രാഷ്ട്രപതി ഭവനിൽ ഞങ്ങളുടെ പരിപാടി നടത്താമെന്ന് ഉറപ്പു തന്നിട്ടുണ്ട്. ആദ്യമായാണ് ഞങ്ങളെല്ലാം ഫ്ലൈറ്റിൽ കയറുന്നത്. രണ്ടു സ്ഥലത്തും എന്റെയും മകളുടെയും നൃത്തമുണ്ടായിരുന്നു.

കുട്ടികളുടെ കൂടെയെത്തുന്ന മാതാപിതാക്കൾക്കു വേണ്ടി ‘കരിസ്മ’ എന്നൊരു സ്ഥാപനമുണ്ട്. അവിടെ പലതരം ചെറുസംരംഭങ്ങളുണ്ട്. ഇവിടെ വന്നതിനു ശേഷം എനിക്കും വളരെ മാറ്റങ്ങളുണ്ടായി.

മാജിക് പ്ലാനറ്റിനുള്ളിലുള്ള വില്ലയിലാണ് ഞങ്ങൾ താമസിക്കുന്നത്. ഭർത്താവിനു കോവിഡ് കാലത്ത് ജോലിയില്ലാതെ, താമസിച്ചിരുന്ന വീടിന്റെ വാടക കൊടുക്കാൻ കഴി‍ഞ്ഞില്ല. അപ്പോൾ ഗോപിനാഥ് സാറാണ് ഞങ്ങളെ ഇവിടേക്കു കൂട്ടിയത്.’’

ഗോപിനാഥ് എന്ന പേരു പറഞ്ഞതും കരിഷ്മയുടെ മുഖത്ത് ആഹ്ലാദം വിരിഞ്ഞു. അമ്മയോട് എന്തോ പറ‍ഞ്ഞു. ‘‘പ്ലാനറ്റിൽ പോകാൻ സമയമായെന്നാണ്. അവിടമാണ് ഇ പ്പോൾ ഇവളുടെ ജീവിതം. തിങ്കൾ അവധിയാണ്. അന്നു സ്കൂളിലേക്കു പോകും. പ്ലസ് ടു കഴിഞ്ഞാൽ അവൾക്ക് പ്ലാനറ്റിൽ ജോലി കിട്ടും. പിന്നെന്തിനാണ് ഞാൻ എന്റെ കുഞ്ഞിനെ ഒാർത്ത് വേവലാതിപ്പെടുന്നത്?’’

സൂപ്പർ മോം പറയുന്നു

∙ ഡൗൺ സിൻഡ്രം കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് നല്ലതാണ്. വ്യായാമം കൂടിയാകും അത്. കുറച്ചു ക്ഷമ വേണം എന്നു മാത്രം.

∙ കൂട്ടുകൂടി വളരാനാണ് ഇവർക്ക് ഇഷ്ടം. എന്റെ മകൾക്ക് വീട്ടിൽ വരാനേ താൽപര്യമില്ല. വീട്ടിൽ ഞ ങ്ങൾ മൂന്നു പേരല്ലേ ഉള്ളൂ. അതുകൊണ്ടു വീട്ടിലടച്ചിട്ടു വളർത്താതിരിക്കുക.

∙ ഓരോ ചെറിയ നേട്ടങ്ങൾക്കും പ്രോത്സാഹനം കൊടുത്താൽ വലിയ സന്തോഷമാണ്. നമ്മുടെ മുഖത്തെ സന്തോഷം കാണാനായി അവർ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും. കയ്യടികൾക്ക് ഇവരുടെ ജീവിതത്തിൽ വലിയ വിലയുണ്ട്.

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ : ബേസിൽ പൗലോ, സുഭാഷ് കുമാരപുരം

</p>