Wednesday 08 February 2023 04:14 PM IST : By സ്വന്തം ലേഖകൻ

കോവിഡിനു ശേഷം മക്കളെ ടീച്ചർമാരുടെ അടുത്തെത്തിച്ചപ്പോൾ ‘എല്ലാം ശരിയായോ?’: ഓരോ അച്ഛനും അമ്മയും അറിയാൻ

teachers- പഴയ ക്ലാസുകളിലെ പാഠഭാഗങ്ങൾ ശരിയായി പഠിക്കാത്തവർക്കു തുടർ ക്ലാസുകളിൽ പഠനം ബുദ്ധിമുട്ടാകും IES പബ്ലിക് സ്കൂൾ, ചിറ്റിലപ്പള്ളി, തൃശൂർ

കോവിഡിനിടെ രണ്ടുവർഷം ഓൺലൈനായി പഠിച്ച കാലം ആരും മറന്നു കാണില്ല. ക്ലാസ്മുറിക്കുള്ളിൽ നിന്നു വീടിനുള്ളിലേക്കു സ്കൂൾ പറിച്ചുനട്ടപ്പോൾ ആ സ്വാതന്ത്ര്യം കുട്ടികൾ നന്നായി ആസ്വദിച്ചു. ലോക്ഡൗണും പതിയെ വന്ന റിലാക്സേഷനുമൊക്കെ കടന്നു നാടും സ്കൂളും ശാന്തമാകുന്നേയുള്ളൂ.

ഒരു വർഷത്തെ മുഴുവൻ സമയ ഓഫ്‌ലൈൻ ക്ലാസിനു ശേഷം കൊല്ലപ്പരീക്ഷയ്ക്കായി തയാറെടുക്കുകയാണു നമ്മുടെ മക്കൾ. അവരുടെ മാർക്കിനെ കുറിച്ച് അ മിതപ്രതീക്ഷയും ആശങ്കയും രക്ഷിതാക്കൾക്കുമുണ്ടാകും. രണ്ടുവർഷത്തെ കോവിഡ് ബ്രേക്കിനു ശേഷം കുട്ടികളെ ടീച്ചർമാരുടെ അടുത്തെത്തിച്ചപ്പോൾ ‘എല്ലാം ശരിയായി’ എന്ന ആശ്വാസത്തിലാകും അ വർ. പക്ഷേ, അങ്ങനെ എല്ലാം ശരിയായോ ?

ഓൺലൈൻ പഠനം കുട്ടികളുടെ പഠനത്തെയും വ്യക്തിത്വത്തെയും എ ങ്ങനെയെല്ലാം ബാധിച്ചെന്ന് അടുത്തറിഞ്ഞത് അധ്യാപകരാണ്. ആ പ്രശ്നങ്ങൾ അടുത്തറി‍ഞ്ഞതു കൊണ്ടുതന്നെ പ രിഹാരവും അവർ പറഞ്ഞു തരും. വർഷാവസാന പരീക്ഷയിൽ ഉയർന്ന മാർക്കു വാങ്ങാൻ ഇവ മനസ്സിലോർക്കാം.

ഒന്നു ശ്രദ്ധിക്കൂ

വീട്ടിലിരുന്നുള്ള പഠനവും സ്കൂളിലെ പഠനവും തമ്മിൽ വ ലിയ വ്യത്യാസമുണ്ട്. ക്ലാസ്സിലാകുമ്പോൾ കേട്ടും ചൊല്ലിയും ഉറക്കെ വായിച്ചും പാഠഭാഗങ്ങൾ മനസ്സിലാക്കുന്നതു മുതൽ മാർക്കു നേടാൻ പരസ്പരം മത്സരിക്കുന്നതു വരെയുള്ള സജീവമായ പഠനാന്തരീക്ഷമുണ്ട് ചുറ്റും. എ ന്നാൽ വീട്ടിലിരിക്കുമ്പോൾ പല കാര്യങ്ങളിലേക്കും ശ്രദ്ധ വഴുതിപ്പോകാം. ഈ ‘വഴുതിപ്പോക്ക്’ ഓഫ്‌ലൈൻ ക്ലാസിലും പ്രകടമാണെന്നു കോട്ടയം, തെള്ളകം ഹോളിക്രോസ് എച്ച്എസ്എസിലെ അധ്യാപകരായ സോണിയയും റിനിയും ജ്യോതിയും പ്രേമലതയും ജിനിയും ഒറ്റക്കെട്ടായി പറയുന്നു.

‘‘40 മിനിറ്റ് നീളുന്ന ഒരു പീരിയഡ് മുഴുവനും ശ്രദ്ധിച്ചിരിക്കാനുള്ള കഴിവ് (അറ്റൻഷൻ സ്പാൻ) കുട്ടികളിൽ വല്ലാതെ കുറഞ്ഞു. ഓൺലൈൻ ക്ലാസ്സിനിടെ പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിയാനുള്ള അവസരം വന്നപ്പോൾ കുട്ടികൾ അതു നന്നായി മുതലാക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ ക്ലാസിലിരിക്കുമ്പോഴും അതുണ്ട്. പല കുട്ടികൾക്കും ക്ലാസിൽ തുടർച്ചയായി ശ്രദ്ധിച്ചിരിക്കാൻ പറ്റുന്നില്ല.

തീരെ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് അടങ്ങിയിക്കാനേ ആകുന്നില്ല. ഇതൊക്കെ അവരുടെ പഠനത്തെയും മാർക്കിനെയും സാരമായി ബാധിക്കും. ശ്രദ്ധയും ഏകാഗ്രതയും കൂട്ടാനുള്ള വഴികൾ ഇപ്പോഴേ ശീലിക്കുന്നതാണു പരീക്ഷയിൽ മാർക്കു നേടാനുള്ള വഴിയെന്നും സോണിയ ടീച്ചർ പറയുന്നു.

ശ്രദ്ധയും ഏകാഗ്രതയും കൂട്ടാൻ യോഗ പോലുള്ളവ പതിവാക്കാം. ഉത്സാഹവും ഊർജസ്വലതയും തലച്ചോറിന് ഉണർവും നൽകാൻ വ്യായാമവും ശീലിക്കണം. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു ഗെയിമുകളിൽ പങ്കെടുപ്പിക്കാൻ രക്ഷിതാക്കളും മുൻകൈ എടുക്കണം. അതു മനസ്സിനെ ഉണർത്തി ഉത്സാഹവും ശ്രദ്ധയും കൂട്ടാൻ സഹായിക്കും. ഏകാഗ്രത നിലനിർത്താനുള്ള എക്സർസൈസുകൾ പരിശീലിക്കുന്നതു പഠനത്തിൽ കൂടുതൽ ‘ഫോക്കസ്’ ആയിരിക്കാനും പരീക്ഷയിൽ നല്ല സ്കോർ നേടാനും സഹായിക്കും.

വിശകലനം പ്രധാനം

പഠിക്കുകയെന്നാൽ ‘കാണാപ്പാഠ’മെന്നല്ല, പാഠഭാഗങ്ങൾ ആഴത്തിൽ മനസ്സിലാക്കി കഴിഞ്ഞാൽ അതുപോലുള്ള ഏതു ചോദ്യത്തിനും ഉത്തരം എഴുതാൻ പഠിച്ചു എന്നാണർഥം. ‘ഗൂഗിൾ’ ശീലിച്ചവർക്ക് ചിന്തിക്കാനും വിവരങ്ങൾ വിശകലനം ചെയ്യാനുമുള്ള കഴിവു കുറഞ്ഞു എന്നാണു കണ്ണൂർ, ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സുഗത ടീച്ചർ പറയുന്നത്. ‘‘ഓൺലൈൻ ക്ലാസുകളുടെ സമയത്തു പഠിക്കുന്ന ബുക്കു പോലും വായിക്കാൻ പല കുട്ടികളും മടിച്ചു. പഠനാനുബന്ധ പ്രവർത്തനങ്ങളായ എക്സ്ട്രാ റീഡിങ്ങും പത്രവായനയും ക്രിയേറ്റീവ് റൈറ്റിങ് ഹോം വർക്കുകളുമൊക്കെ നിലച്ചു.

ഒരു ഖണ്ഡിക നൽകിയ ശേഷം അ തു വായിച്ച് ആശയം മനസ്സിലാക്കി തുടർന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട തരം ചോദ്യങ്ങൾ ഭാഷാ വിഷയങ്ങളിലുണ്ട്. പലർക്കും അത്രപോലും ചിന്തിച്ചു വിശകലനം ചെയ്യാനുള്ള കഴിവു കുറഞ്ഞുവെന്ന സുഗത ടീച്ചറിന്റെ അഭിപ്രായത്തോടു സഹഅധ്യാപകരായ ദീപയും ജ്യോതിലക്ഷ്മിയും പുഷ്പലതയും അജിതയും യോജിക്കുന്നു.

എഴുതുകയും വായിക്കുകയും ചെയ്യുന്നതു കുറയുന്നത് പരീക്ഷയെ ബാധിക്കുമെന്ന് ഓർക്കണം. വായന കുറയുമ്പോൾ അടിസ്ഥാനം മനസ്സിലാക്കി പഠിച്ച്, ഉറപ്പോടെ ഉത്തരമെഴുതാനുള്ള ആത്മവിശ്വാസം കുറയും. ഇതു പരീക്ഷയിൽ മാർക്കു കുറയ്ക്കും.

മൊബൈൽ ഫോൺ ഇനി വേണ്ട

രണ്ടുവർഷം പൂർണമായും മൊബൈൽ ഫോണിന്റെ (ഓൺലൈന്റെ) പിടിയിലായിരുന്ന കുട്ടികൾ സഹപാഠികളോടു കൂട്ടുകൂടാൻ പോലും മടിക്കുന്നുണ്ടോ? കൂട്ടുകൂടാനും പങ്കുവയ്ക്കാനും കടമകളും മൂല്യങ്ങളും ഉറയ്ക്കാനും സ്കൂളിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടിരുന്ന കുട്ടികൾക്കു രണ്ടുവർഷത്തെ തുടർച്ചയായ ഇടവേള ശരിക്കും ‘സമൂഹിക അകലം’ സൃഷ്ടിച്ചുവെന്നാണ് കാസർകോട്, പരവനടുക്കം, ചെമ്മനാട് ജിഎച്ച്എസ്എസിലെ മാലതി ടീച്ചറും ഷൈലജ ടീച്ചറും പറയുന്നത്. ‘‘സാമൂഹികപഠനത്തിന്റെ ആദ്യചുവടു കൂടിയാണ് സ്കൂൾ. എന്നാൽ ഓൺലൈൻ ക്ലാസിനു ശേഷം സ്കൂളിലെത്തിയ കുട്ടികൾക്ക് എ വിടെ എന്തു പറയണമെന്ന തിരിച്ചറിവില്ല. കുട്ടികളുടെ മൊബൈൽ അഡിക്‌ഷൻ രക്ഷകർത്താക്കൾക്കു പോലും നിയന്ത്രിക്കാനാകാത്ത അവസ്ഥയുമുണ്ട്.

ചിട്ടയായ ജീവിതരീതിയും പഠനരീതിയും ഉണ്ടായിരുന്നവർക്കു പോലും ഓൺലൈൻ കാലത്തിനു ശേഷം അവ തകിടം മറിഞ്ഞു. രാവിലെ നേരത്തേയുണർന്ന് സ്കൂളിലേക്കു പോകാൻ മടിയുള്ളവർ ഇനിയും ബാക്കിയുണ്ട്. ഈ മടിക്ക് മറ്റൊരു വശവുമുണ്ട്. ‘അറിവു നേടാൻ സ്കൂളിൽ തന്നെ പോണമെന്നില്ല’ എന്ന ചിന്ത ചിലർക്കെങ്കിലുമുണ്ട്. വിരൽത്തുമ്പിൽ എന്തും കിട്ടുന്ന ഘട്ടത്തെ അതിജീവിക്കാൻ ഇനിയും വഴികൾ കണ്ടെത്തണമെന്ന കാര്യത്തിൽ അധ്യാപകരായ ഷൈലജ സുരേഷിനും ജയലക്ഷ്മിക്കും മറുപക്ഷമില്ല.

മൊബൈൽ ഫോൺ അകലേക്കു മാറ്റിവച്ചു മടിയെ നേരിടുന്നതാണ് കുട്ടികളുടെ പ്രധാന വെല്ലുവിളി. കൃത്യമായി ഉണരുന്നതും ഉറങ്ങുന്നതുമാണ് ചിട്ട ശീലിക്കാനുള്ള ആദ്യവഴി. ഓരോ ദിവസത്തെയും മുഴുവൻ കാര്യങ്ങൾക്കും ടൈംടേബിൾ തയാറാക്കണം. ഹോം വർക്കുകൾ ഒരു കാരണവശാലും മുടക്കരുത്. പഠിക്കാനും എഴുതാനുമുള്ള മടിയുടെ തുടർച്ചയായി കൃത്യമായി യൂണിഫോം ധരിക്കുന്നതിലെ അലസത പോലുള്ളവയായി പ്രകടമാകുന്നുണ്ടെങ്കിൽ കുട്ടിക്കു കൗൺസലിങ് നൽകാൻ വൈകരുത്.

അക്കാദമിക് ഗ്യാപ് വില്ലൻ

സ്കൂളിന്റെ പടിചവിട്ടാത്ത രണ്ടുവർഷം ക്ലാസൊക്കെ ഓൺലൈനായി നടന്നെങ്കിലും ക്ലാസ്മുറിയിലിരുന്നുള്ള ചിട്ടയായ പഠനത്തിന്റെ കുറവു കുട്ടികളിൽ അക്കാദമിക് ഗ്യാപ് (പഠന വിടവ്) വരുത്തിയിട്ടുണ്ടെന്നാണു കൊല്ലം, അഞ്ചൽ, സെന്റ് ജോർജ് സെൻട്രൽ സ്കൂളിലെ അധ്യാപികയായ വൽസല കുമാരി പറയുന്നത്. ‘‘കുട്ടികൾക്കു പഠനത്തിലെ പടിപടിയായുള്ള വളർച്ചയുടെ ഘട്ടം നഷ്ടപ്പെട്ടു, പ്രത്യേകിച്ചും പത്തു വയസ്സിൽ താഴെയുള്ളവർക്ക്. കോവിഡ് തുടങ്ങുമ്പോൾ മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി ലോക്ഡൗണിനു ശേഷം സ്കൂളിലേക്കു വന്നത് അഞ്ചാം ക്ലാസ്സിലാണ്. എന്നാൽ ക്ലാസ്റൂമിലെ അവരുടെ രീതികൾക്ക് മൂന്നാം ക്ലാസ്സിൽ നിന്ന് ഒട്ടും മെച്ചം വന്നിരുന്നില്ല. മാസങ്ങളെടുത്താണ് അവരെ ചിട്ടകളിലേക്ക് തിരികെയെത്തിച്ചതെന്ന വൽസല കുമാരി ടീച്ചറിന്റെ അഭിപ്രായത്തോട് സഹപ്രവർത്തകരായ ആശാറാണിയും കവിതയും റൂബി തോമസും സുജയും ആശയും നൂറു ശതമാനവും യോജിക്കുന്നു.

അക്കാദമിക് ഗ്യാപ് കുട്ടികളിൽ പ്രകടമാകുന്നതു പല തരത്തിലാണെന്ന് തൃശൂർ, ചിറ്റിലപ്പള്ളി ഐഇഎസ് പബ്ലിക് സ്കൂളിലെ പ്രഥമ അധ്യാപികയായ സുജാത ഹരിമോഹൻ പറയുന്നു. ‘‘ശാസ്ത്രവിഷയങ്ങളിലും മറ്റും തുടർച്ച വളരെ പ്രധാനമാണ്. പഴയ ക്ലാസുകളിലെ പാഠഭാഗങ്ങൾ ശരിയായി പഠിക്കാത്തവർക്കു തുടർക്ലാസുകളിൽ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാകും. അവർക്കു വ്യക്തിഗതശ്രദ്ധ നൽകി മികച്ച മാർക്കു നേടാൻ കരുതലെടുക്കുകയാണ് സുജാത ടീച്ചറിന്റെ സഹഅധ്യാപകരായ ബീന ഫ്രാൻസിസും ലത ജി. മേനോനും ബീനയും ഷീല വർഗീസും സുനിതയും രാജിയുമെല്ലാം.

അക്കാദമിക് ഗ്യാപ് വരുത്തിവച്ച പഠനവിടവു നികത്തുന്നതിനൊപ്പം ഫിസിക്കൽ ഏജും മെന്റൽ ഏജും തമ്മിലുള്ള വ്യത്യാസം മറികടക്കാനും കരുതൽ വേണം. ആഴത്തിലുള്ള പഠനത്തിനു പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം. വീട്ടിലെ പഠനം ചിട്ടയിലാക്കാനും ഹോംവർക്ക് കൃത്യമായി ചെയ്യിക്കുന്നതിലും മറ്റും മേൽനോട്ടം പ്രധാനമാണ്.

teachers-1 പീരിയഡ് മുഴുവനും ശ്രദ്ധിച്ച് ഇരിക്കാനുള്ള കഴിവ് (അറ്റൻഷൻ സ്പാൻ) കുട്ടികളിൽ വല്ലാതെ കുറഞ്ഞു ഹോളിക്രോസ് HSS, തെള്ളകം, കോട്ടയം

എഴുതിയില്ലെങ്കിൽ മാർക്കില്ല

ഭാഷ പഠിച്ചു തുടങ്ങുന്ന പ്രയത്തിലുള്ള കുട്ടികളുടെ കാര്യമാണ് ഓൺലൈൻ ക്ലാസ്സുകൾ വന്നതോടെ കൂടുതൽ കഷ്ടത്തിലായതെന്ന് യുഎഇ, ഫുജൈറ, സെന്റ് മേരീസ് കാത്തലിക് ഹൈസ്കൂളിലെ മലയാളം അധ്യാപികയായ നിഷി ജയൻ പറയുന്നു. ‘‘ഇംഗ്ലിഷും മലയാളവും ഹിന്ദിയും അറബിയുമൊക്കെ എഴുതി പഠിപ്പിക്കാൻ ടീച്ചർ അടുത്തില്ലാതെ പറ്റുമോ. കൈപിടിച്ച് എഴുതിക്കുന്നതു പോയിട്ട്, തെറ്റുതിരുത്തി കൊടുക്കാൻ പോലും ഓൺലൈൻ ക്ലാസ്സിനിടെ പറ്റില്ലല്ലോ. ഓൺലൈൻ ക്ലാസിൽ വച്ച് ഹോംവർക് ചെയ്യാതെ തടിതപ്പിയിരുന്നവർക്ക് ക്ലാസിൽ വരുമ്പോൾ അതു പറ്റില്ലല്ലോ. പലർക്കും എഴുതാൻ വലിയ മടിയാണ്. മിക്കവർക്കും എഴുതാനുള്ള വേഗം കുറഞ്ഞു. ഇക്കാര്യത്തിൽ ചെറിയ ക്ലാസെന്നോ വലിയ ക്ലാസെന്നോ വ്യത്യാസമില്ലെന്ന് നിഷി ടീച്ചറിന്റെ സഹപ്രവർത്തകരായ ശാലിനി ഐപ്പും സബാന അനിലും ജൂലി ജെയിംസും നികിതയും സ്വപ്ന സുമേഷും ഹിമ്മാനയും സിന്ധുവും ബിജു സനിലും ഒരേ സ്വരത്തിൽ പറയുന്നു.

കോവിഡ് കാലത്തു മൊബൈലിനോടു ചങ്ങാത്തം കൂടിയവർക്ക് അതു വിട്ടു പുറത്തുവരാൻ മടിയാണെന്ന് ആലപ്പുഴ, ചെറിയനാട് എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രഥമ അധ്യാപികയായ കൃഷ്ണകുമാരി പറയുന്നു. ‘‘മൊബൈൽ ഫോണിന്റെ ഉപയോഗത്തെ തുടർന്നു കുട്ടികളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വന്നു. അതു ദോഷമായി ബാധിച്ചത് അ വരുടെ ഭാഷയെ കൂടിയാണ്. ഹൈസ്കൂളിലെത്തിയിട്ടും അക്ഷരങ്ങൾ പോലും തിരിച്ചറിയാൻ പാടുപെടുന്നവരും എഴുതുമ്പോൾ തെറ്റിപ്പോകുന്നവരുമുണ്ട്. അവരെ പരീക്ഷയ്ക്കു തയാറെടുപ്പിക്കാൻ ഒറ്റക്കെട്ടായ ശ്രമത്തിലാണ് ഇവിടുത്തെ അധ്യാപകരായ സുരേഷും ബിജുവും സരിത ചന്ദ്രനും ബീനയും ഐജു രാജപ്പനും.

ഓൺലൈൻ ക്ലാസിനു ശേഷം വിഷ്വൽ ലേണിങ് ശീലിച്ചവരാണ് എഴുതി പഠിക്കുന്ന ശീലം ഉപേക്ഷിച്ചത്. കോവിഡ് കാലത്ത് സിബിഎസ്ഇ വിഭാഗത്തിന് രണ്ടു ടേമുകളിലായാണ് പരീക്ഷ നടത്തിയത്. ടേം ഒന്നിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിലും രണ്ടിൽ ഡിസ്ക്രിപ്റ്റീവ് രീതിയിലും. ഓഫ്‌ലൈൻ ക്ലാസ് തുടങ്ങിയതോടെ രണ്ടു ടേമും ഡിസ്ക്രിപ്റ്റീവ് ആയി. എഴുതാൻ മടിയുള്ളവർ അതു മറികടന്നില്ലെങ്കിൽ പരീക്ഷയിൽ മികച്ച സ്കോർ നേടാനാകില്ല. നന്നായി വായിച്ചും എഴുതിയും പഠിച്ചാലേ അക്ഷരത്തെറ്റുകളില്ലാതെ വേഗത്തിൽ പരീക്ഷയെഴുതാനാകൂ.

വ്യക്തിത്വം മറയ്ക്കല്ലേ

കോവിഡ് കാലത്തു രോഗത്തെ അകറ്റി നിർത്താനായാണു മാസ്ക് ഉപയോഗിച്ചതെങ്കിൽ പരസ്പരം മുഖം നൽകാതിരിക്കാൻ മാസ്ക് മറയാക്കുന്ന ശീലം ചിലർക്ക് ഉണ്ടെന്ന് കോഴിക്കോട്, മാവൂർ ജിഎച്ച്എസ്എസിലെ പ്രഥമ അധ്യാപികയായ ശ്രീലത ടീച്ചറും മുൻസീർ മാഷും ഷൈജ ടീച്ചറും പറയുന്നു. ‘‘വീണ്ടും സ്കൂളിലേക്കു വരുന്നതോടെ ചിലർക്ക് അരക്ഷിതത്വ ബോധം (ഇൻസെക്യൂരിറ്റി ഫീലിങ്) കൂടി. വീട്ടിലിരുന്ന രണ്ടു വർഷം കൊണ്ടു ശബ്ദത്തിലും ശരീരത്തിലും ഉണ്ടായ മാറ്റം അവർക്ക് അംഗീകരിക്കാൻ പേടിയാണ്. അതു മറ്റുള്ളവർ കാണുന്നതിലുള്ള ആശങ്ക കാരണമാണ് മാസ്കിനുള്ളിൽ മുഖമൊളിപ്പിച്ച് ഉൾവലിയുന്നത്.

‘വീട്ടിലെ രാജാക്കന്മാരാ’യി കഴിഞ്ഞ ശേഷം വീണ്ടും സ്കൂളിലെത്തുമ്പോൾ സഹപാഠികളുടെ മേൽ കായികമായി പോലും മേധാവിത്വം കാണിക്കാൻ പലർക്കും മടിയില്ല. അക്കാദമിക് ഇതര പ്രവർത്തനങ്ങളിൽ ഏകമനസ്സോടെ പ്രയത്നിക്കാനും തയാറാകുന്നില്ല. കുട്ടികളുടെ മാനസികാരോഗ്യത്തിലും സാരമായ മാറ്റമുണ്ട്. പെരുമാറുന്ന രീതിയും ഉപയോഗിക്കുന്ന വാക്കുകളുമൊക്കെ മോശമാകുന്ന ഘട്ടങ്ങളുണ്ട്. അധ്യാപകരോടു കുട്ടികൾ ബഹുമാനമില്ലാതെ ഇടപെടുന്നതിൽ അധ്യാപകരായ ലേഖയ്ക്കും റെയ്ഹാനത്തിനും സുബിജയ്ക്കും നബീലയ്ക്കും നിധീഷിനും ബുഷ്റയ്ക്കുമൊക്കെ വേദനയുണ്ട്.

കുട്ടിക്കു ലക്ഷ്യബോധം ഉണ്ടാകണം. ചിട്ടയായ പഠനരീതിയും സമ്മർദരഹിതമായ ഗൃഹാന്തരീക്ഷവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും അതിൽ പ്രധാനമാണ്.

സ്കൂളി‍ൽ കൗൺസലിങ് ആവശ്യമുള്ള കുട്ടികൾക്ക് അതു ലഭ്യമാക്കാനും അധ്യാപകർ ഇ ക്കാര്യങ്ങൾ അറിയിക്കുമ്പോൾ സഹകരിക്കാനും രക്ഷിതാക്കൾ തയാറാകണം. എങ്കിലേ ഇതു പരിഹരിക്കാനാകൂ.

teachers-2 വീട്ടിലിരുന്ന രണ്ടുവർഷം കൊണ്ടു ശബ്ദത്തിലും ശരീരത്തിലും ഉണ്ടായ മാറ്റം അംഗീകരിക്കാൻ പലർക്കും പേടിയാണ്. മാവൂർ GVHSS, കോഴിക്കോട്

ഞങ്ങൾ കൂടെയുണ്ട്

കോവിഡ് കാലത്തു സ്കൂളിൽ നിന്ന് അകന്നു നിന്നപ്പോൾ അധ്യാപകരോട് ആത്മബന്ധം സൂക്ഷിക്കാനുള്ള അവ സരം കുട്ടികൾക്കു കുറഞ്ഞു. അതു പെരുമാറ്റത്തിലും പഠനത്തിലും പ്രകടമാണെന്നു തൃശൂർ വിവേകോദയം ബോയ്സ് ഹൈസ്കൂളിലെ ആനന്ദൻ മാഷ് പറയുന്നു. ‘‘ഓൺലൈൻ കാലത്തു മാനസികമായും ശാരീരികമായും സാമൂഹികമായും കുട്ടികൾക്കു മാറ്റങ്ങളുണ്ടായി. പെരുമാറ്റത്തിലും പ്രതികരണത്തിലുമൊക്കെ അതു പ്രകടമാണ്.

കുട്ടികൾക്കു പ്രധാനം സ്വന്തം കാഴ്ചപ്പാടാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിക്കാനുള്ള വിമുഖതയും പരസ്പരം പരിഗണന ഇല്ലാത്തതും അധ്യാപകരോട് ആത്മബന്ധം ഇല്ലാത്തതുമൊക്കെ പഠനത്തെയും ബാധിച്ചു. താൻ ചെയ്യുന്നതാണു ശരിയെന്ന ചിന്ത കൊണ്ടുതന്നെ അധ്യാപകർ തെറ്റു തിരുത്തുന്നത് അവർക്ക് ഇഷ്ടമല്ല.’’ ഫോണിനോടു ചങ്ങാത്തം കൂടിയതോടെ അധ്യാപകരോടു പോലും കുട്ടികൾ സംശയം ചോദിക്കുന്നില്ല എ ന്നാണ് സ്മിത ടീച്ചറുടെ പരാതി. ‘‘എല്ലാത്തിനും ഉത്തരം ഗൂഗിളിലുണ്ടല്ലോ. പരീക്ഷയുടെ തലേന്ന് ലൈവ് റിവിഷ ൻ ഓൺലൈനിൽ നടക്കുമ്പോൾ പുസ്തകം നോക്കുന്നതെന്തിന് എന്നാണ് അവരുടെ ചിന്ത. എങ്കിലും ഞങ്ങൾക്ക് അവരെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ലെന്ന് അനൂപ് മാഷും പ്രിയങ്ക ടീച്ചറും ഒരു മനസ്സോടെ പറയുന്നു.

കുട്ടികളുടെ ഈ ചിന്താഗതി കാരണം അധ്യാപനം ആ സ്വദിക്കാനോ കുട്ടികളിൽ സ്വാധീനം ഉണ്ടാക്കാനോ കഴിയാത്തതിന്റെ സങ്കടമാണ് ഡോ. എം. ദിവ്യയ്ക്കു പറയാനുള്ളത്. ‘‘അച്ചടക്കമില്ലാത്ത ക്ലാസ്മുറികളിൽ നിന്ന് അവശരായാണ് അധ്യാപകർ ഇറങ്ങുന്നത്. അറിവ് ആവശ്യമില്ല എന്ന മട്ടിലാണ് കുട്ടികളുടെ ഇരിപ്പ്. ആ മുഖങ്ങളിൽ നിന്നു പോസറ്റീവായ ഒരു പ്രതികരണവും ലഭിക്കുന്നില്ല. കുട്ടികളെ എങ്ങനെ വേണമെങ്കിലും പഠിപ്പിക്കാൻ തയാറാകുമ്പോൾ ഈ ആറ്റിറ്റ്യൂഡ് മാറ്റം സഹിക്കാനാകില്ല’’ എന്നും ദിവ്യ ടീച്ചർ.

പരിഹാരം അരികെ

സ്കൂളിൽ പഠിക്കുന്ന കാര്യങ്ങൾ വരാനിരിക്കുന്ന എല്ലാ പഠനങ്ങളുടെയും അടിസ്ഥാനമാണെന്ന ബോധത്തോടെ പരീക്ഷയെ സമീപിക്കാൻ കുട്ടികളെ തയാറെടുപ്പിക്കുകയാണ് പ്രധാനം. സമയം മാനേജ് ചെയ്യുന്നതാണ് ആദ്യ കടമ്പ. ചിട്ടയായ പഠനത്തിനു മുൻപേ ത ന്നെ ദൈനംദിന കാര്യങ്ങളിലെ ചിട്ട ശീലിക്കണം. നേരത്തേ ഉണർന്നു പഠിക്കാനും, ദിവസവും ഹോം വർക്കുകൾ പൂർത്തിയാക്കിയ ശേഷം മാത്രം ടിവി കാണാനും തീരുമാനിച്ചാൽ തന്നെ നിങ്ങളുടെ ചിട്ടകളുടെ നിയന്ത്രണം നിങ്ങളുടെ കയ്യിലാകും.

ഏകാഗ്രത കൂട്ടാനും ശ്രദ്ധിച്ചിരിക്കാനും പരിശീലിക്കണം. മെഡിറ്റേഷനോ, യോ ഗയോ, അറ്റൻഷൻ കീപ്പിങ് എക്സർസൈസുകളോ വിദഗ്ധ നിർദേശത്തോടെ പരിശീലിക്കാം. പഠനത്തോടും പരീക്ഷയോടുമുള്ള പേടിയും ഉത്കണ്ഠയും പരിഹരിക്കാൻ ഇതു സഹായിക്കും. പഠനത്തിൽ നിന്നു ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള വൈകാരിക അസ്വസ്ഥതകളോ, അഡിക്‌ഷനോ ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ കൗൺസലിങ് നൽകാം.

ഓൺലൈൻ കാലത്തു കാഴ്ചകളിലൂടെ കാര്യങ്ങൾ പ ഠിച്ചവർക്ക് ഇപ്പോൾ പല കാര്യങ്ങളുടെയും വിശദാംശങ്ങളിലേക്കു പോകാൻ മടിയാണ്. അതു പരീക്ഷയിൽ മാർക്കു കുറയ്ക്കും. ഏതു തരത്തിലുള്ള ചോദ്യത്തിനും ഉത്തരമെഴുതണമെങ്കിൽ വിഷയത്തെ ആഴത്തിൽ പഠിക്കണം. പാഠഭാഗങ്ങൾ വിശകലനം ചെയ്തു പരിശീലിക്കുന്നതു കാര്യങ്ങൾ ഓർത്തിരിക്കാൻ സഹായിക്കും. ചിന്തിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ ഇതു സഹായിക്കും. പഠിച്ച കാര്യങ്ങൾ എഴുതി നോക്കുന്നതു പ്രധാനമാണ്. ഒരു മാർക്കു പോലും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഇതിലും നല്ല വഴിയില്ല.

അധ്യാപകരോടുള്ള സമീപനത്തിലെ അവസാന തെറ്റു പോലും തിരുത്താനുള്ള സമയവുമാണിത്. പരീക്ഷയ്ക്ക് ഇനി കുറച്ചു ദിവസങ്ങളേ ഉള്ളൂ. സംശയങ്ങളുമായി ഇനി അധ്യാപകരുടെ പിന്നാലെ കൂടിക്കോളൂ...

രൂപാ ദയാബ്ജി