Friday 14 April 2023 04:52 PM IST

‘കുട്ടികൾ കൃത്യസമയത്ത് ഉറങ്ങണം, നേരത്തെ ഉണരണം: ആദ്യം ആ ശീലം വേണ്ടത് മാതാപിതാക്കൾക്ക്’: ഇനി രസിച്ചു പഠിക്കാം

Roopa Thayabji

Sub Editor

kids-back-to-school

കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും ചെയ്യുന്ന ശീലം കുട്ടിക്ക് ഉണ്ടാക്കണം. ഇതിന്റെ ആദ്യപടി മാതാപിതാക്കളും ഈ ശീലത്തിലേക്ക് മാറുക എന്നതാണ്.

കോവിഡും ഓൺലൈൻ പഠനകാലവും കടന്ന് കുട്ടികൾ സ്കൂളിൽ പോകാൻ ഒരുങ്ങുന്നു.

രോഗകാലം കടന്ന് ഭീതി മാറും മുൻപേ കുട്ടികൾ സ്കൂളിൽ പോകുന്നതിനെക്കുറിച്ചുള്ള ആധിയുണ്ട് ചില രക്ഷിതാക്കളുടെ മനസ്സിൽ. നേരം വെളുക്കുന്നത് വരെ കിടന്നുറങ്ങിയ ശീലത്തിൽ നിന്ന് മാറുമ്പോൾ കുട്ടികൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ആണ് ര ക്ഷിതാക്കളെ അലട്ടുന്ന മറ്റൊരു പ്രശ്നം.

കുട്ടി ക്ലാസിൽ ഹാജരുണ്ടോ എന്നറിയാൻ സ്ക്രീനിൽ തെളിയുന്ന ഓൺലൈൻ ‘പച്ചവെളിച്ച’മായിരുന്നു രണ്ടുവർഷവും അധ്യാപകരുടെ സിഗ്‌നൽ. പക്ഷേ, നേരിട്ട് സ്കൂളിലെത്തുന്ന മിടുക്കന്മാരെയും മിടുക്കികളെയും ‘ശരിക്കും ക്ലാസ്സിലിരുത്താൻ’ ആ സിഗ്‌നൽ പോരെന്ന് അധ്യാപകർക്കുമറിയാം. പുതിയ സ്കൂൾ വർഷത്തിലേക്കുള്ള ലോങ്ബെൽ മുഴങ്ങുമ്പോൾ പഠനവും സ്കൂൾ ജീവിതവും ചിട്ടയാക്കാൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കരുതലെടുക്കേണ്ട പല കാര്യങ്ങളുണ്ട്.

പാഠം ഒന്ന്– ഓഫ് ലൈൻ

∙ രണ്ടു വർഷത്തോളം നീണ്ട ‘വീട്ടിലിരിപ്പി’നു ശേഷം പുതിയ മനസ്സോടെയും ഉത്സാഹത്തോടെയുമാണ് കുട്ടികൾ സ്കൂളിലേക്കു വരുന്നതെന്നു കരുതിയെങ്കിൽ തെറ്റി. ഓൺലൈൻ ക്ലാസ്സിന്റെ ‘സുഖാനുഭവ’ത്തിൽ നിന്ന് ഓഫ് ലൈൻ ക്ലാസ്സിന്റെ ‘ദുരിത’ത്തിലേക്കാണ് മടക്കമെന്നു ചിന്തിക്കുന്നവരാകും ഭൂരിഭാഗം കുട്ടികളും.

∙ നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറക്കുമ്പോൾ പുതിയ സാഹചര്യമാണ് കുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. പ്രത്യേകിച്ചും ആദ്യമായി സ്കൂളിലേക്ക് എത്തുന്ന പ്രൈമറി ക്ലാസുകാരും, കഴിഞ്ഞ രണ്ടു വർഷത്തിനിടെ എൽപി, യുപി, ഹൈസ്കൂൾ ലെവലുകൾ മാറേണ്ടി വന്ന മുതിർന്ന കുട്ടികളും.

സ്കൂളിൽ ഇരിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്നും അധ്യാപകർ പറയുന്നത് ശ്രദ്ധിക്കണമെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം. മടിയും ഉത്കണ്ഠയും കാണിക്കുന്ന കുട്ടികളെ സ്കൂൾ ശിക്ഷാകേന്ദ്രമാണെന്ന മട്ടിൽ പ റഞ്ഞു ഭയപ്പെടുത്തരുത്. മറിച്ച് ധാരാളം കൂട്ടുകാരെ കിട്ടുന്ന വളരെ സന്തോഷകരമായ സ്ഥലം എന്ന മട്ടിൽ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ.

∙ ക്ലാസ്സിൽ തുടർച്ചയായി ഇരിക്കാൻ പോലും കുട്ടികൾക്ക് ആദ്യദിവസങ്ങളിൽ കഴിഞ്ഞെന്നു വരില്ല. അവർക്ക് അ തുമായി ഇണങ്ങാൻ തക്ക ഇളവുകൾ നൽകണം. ക്ലാസ്സിലെത്തി കഴിഞ്ഞാൽ ഷൂ, ടൈ ഇവ ലൂസ് ആക്കിയിടാൻ അനുവദിക്കാം.

∙ ക്ലാസ്സ് തുടങ്ങുമ്പോൾ പഠിക്കാൻ മിക്കവർക്കും മടിയാണ്. ‘അന്നന്നു പഠിപ്പിക്കുന്ന പാഠങ്ങൾ അന്നന്നു തന്നെ പ ഠിക്കുക’ എന്നതാണ് ചിട്ടയായ പഠനത്തിന്റെ അടിസ്ഥാനതത്വം. ചിട്ടയായ പഠനരീതി അവലംബിച്ചാൽ 15– 20 ശതമാനം മാർക്ക് കൂടുതൽ നേടാമെന്നത് ഓർമിപ്പിക്കുക.

∙ പെട്ടെന്നു സ്കൂളിലേക്കു പോകുമ്പോൾ ചില കുട്ടിക ൾക്ക് ബുദ്ധിമുട്ട് തോന്നാം. അതെല്ലാം തുറന്നു പറയാനുള്ള സാഹചര്യം വീട്ടിൽ ഉണ്ടാകണം. അല്ലെങ്കിൽ മാനസികസമ്മർദം കുട്ടിയുടെ പഠനത്തെതന്നെ ബാധിക്കാം.

പാഠം രണ്ട് – ക്ലാസ് റൂം പഠനം

∙ ഓണ്‍ലൈന്‍ ക്ലാസ്സിനെ ഭൂരിഭാഗം വിദ്യാര്‍ഥികളും അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല എന്നാണ് പൊതുവിലയിരുത്തൽ. അക്ഷരങ്ങൾ പോലും മറന്നും നോട്ട് എഴുതുന്നതിലെ വേഗം കുറഞ്ഞുമൊക്കെയാകും പലരും ക്ലാസ്സിലേക്ക് വരിക. ഇവരെ പഠനത്തിന്റെ ‘ട്രാക്കി’ലേക്ക് കൊണ്ടുവരുന്നത് അധ്യാപകരുടെ ജോലിയാണ്.

∙ പഠനത്തിൽ ഗൗരവം കാണിക്കാതിരുന്ന കുട്ടികളുണ്ടാകും. അൽപം കള്ളത്തരം കാണിച്ചവരുമുണ്ട്. സ്കൂളിലേക്ക് നേരിട്ടെത്തുമ്പോൾ അത്തരക്കാർക്ക് അൽപം പേടിയുണ്ടാകും. Focus on HERE and NOW എന്നാണ് അവരോടു പറയേണ്ടത്. ഇനിയുള്ള സമയം പ്രയോജനപ്പെടുത്തുക.കഴിഞ്ഞതെല്ലാം ഓർത്തിരുന്നാൽ ഇ നി പഠിക്കാനുള്ള അവസരം കൂടി നഷ്ടമാകും.

∙ ചില കുട്ടികളുടെ എങ്കിലും പഠനനിലവാരം താഴെ പോയിട്ടുണ്ടാകാം. ശരാശരി ബുദ്ധി ഉണ്ടെങ്കിലും എഴുത്ത്, വായന, കണക്ക് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പിന്നാക്കാവസ്ഥ കുട്ടി പ്രദർശിപ്പിച്ചാൽ ശ്രദ്ധിക്കണം. കൃത്യമായ പരിശീലനത്തിലൂടെ വേണം ഇത്തരം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ. ചിലർക്കെങ്കിലും ‘പഠന വൈകല്യം’ ഉണ്ടാകാനുള്ള സാധ്യതയും ത ള്ളിക്കളയരുത്.

∙ ഏതു ക്ലാസ്സിലാണോ കുട്ടികള്‍ക്ക് കോവിഡ് ഇടവേള നേരിടേണ്ടി വന്നത് ആ ക്ലാസിലെ നിലവാരത്തിൽ തന്നെയാകും ഭൂരിഭാഗം കുട്ടികളും ഇപ്പോഴും. ‘അക്കാദമിക് ഗ്യാപ്’ പരിഹരിക്കാനായി റിവിഷൻ വേണ്ടി വരും. കുട്ടിക്ക് അമിതഭാരം കൊടുക്കാനും പാടില്ല.

∙ ഓണ്‍ലൈന്‍ ക്ലാസ്സിൽ ജോലികൾ കൃത്യമായി ചെയ്തവർക്ക് സ്കൂൾ തുറന്നാലും പ്രശ്നമുണ്ടാകില്ല. നോട്ട് എഴുതാതെയും അസൈൻമെന്റുകൾ വയ്ക്കാതെയും ‘മുങ്ങി നടന്ന’വർക്ക് ചില അക്ഷരങ്ങൾ പോലും ഓർമയുണ്ടാകില്ല. കൂടുതൽ ശ്രദ്ധ വേണ്ട കണക്ക്, സയൻസ് വിഷയങ്ങളിലും ഈ പോരായ്മകൾ പ്രകടമാകാം.

∙ മികച്ചത്, ശരാശരി, ശരാശരിയിൽ താഴെ എന്നിങ്ങനെ കുട്ടികളെ തരം തിരിച്ച് സീറ്റുകളിൽ ഇരുത്താം. കൂടുതൽ ശ്രദ്ധ വേണ്ടവർ ഒരേനിരയിലും അത്യാവശ്യം പഠിക്കുന്നവർ മറ്റൊരുനിരയിലും ഇരിക്കട്ടെ. ഇതാണ് ഇരിപ്പിട ക്രമീകരണത്തിന്റെ മാനദണ്ഡമെന്ന് കുട്ടി അറിയരുത്.

∙ ക്ലാസ്സിൽ അടങ്ങിയിരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ കൂട്ടത്തിൽ ഉണ്ടാകും. ശ്രദ്ധക്കുറവ്, അമിത വികൃതി, എടുത്തുചാട്ടം എന്നിവ പ്രകടമായി പ്രദർശിപ്പിക്കുന്ന ഇവർ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന പെരുമാറ്റ പ്രശ്നം ഉള്ളവരാകാം. ഇത്തരക്കാരെ ക്ലാസ്സിൽ മുൻനിരയിൽ തന്നെ ഇരുത്തണം.

പാഠം മൂന്ന് – ഓൺ ദി ട്രാക്

∙ കുട്ടികളുടെ ദിനചര്യ ക്രമീകരിക്കുക എന്നതാണ് രക്ഷിതാക്കൾ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. ഓൺലൈൻ ക്ലാസ്സിനിടെ പഠനം ‘സ്ലോ മോഷൻ’ ആയതിന്റെ സമ്മർദം കുട്ടിക്കുമുണ്ടാകും. ഇ ത് മറികടക്കാനുള്ള ശ്രമങ്ങളിൽ കൂട്ടിക്ക് പിന്തുണ നൽകണം.

∙ ഓരോ ദിവസവും പഠിക്കേണ്ട വിഷയങ്ങളും വേണ്ട സമയവും കൃത്യമായി മാർക്ക് ചെയ്ത ടൈംടേബിള്‍ തയാറാക്കി പഠനമുറിയിൽ ഒട്ടിക്കണം. ഓരോ ആഴ്ചത്തേക്ക് വേണം ഇതു തയാറാക്കാൻ. ഓരോ ആഴ്ചയും സ്വയം വിലയിരുത്തിയ ശേഷം അടുത്ത ആഴ്ചത്തെ ടൈംടേബിള്‍ തയാറാക്കാം.

∙ ഏകാഗ്രത തടസ്സപ്പെടുത്തുന്ന ഒന്നും പഠനമുറിയിൽ വേണ്ട. പുസ്തകങ്ങൾ അടുക്കി വയ്ക്കണം.

∙ ശ്രദ്ധ തിരിയാൻ സാധ്യതയുള്ള സാഹചര്യങ്ങളെയും പഠിക്കാൻ ഇരിക്കും മുൻപ് ഒഴിവാക്കണം. പഠിക്കുന്നതിനിടയില്‍ ബാത്റൂമിൽ പോകണമെന്നു തോന്നിയാൽ അ പ്പോൾ തന്നെ പോകുക. പിന്നീടു പോകാമെന്നു കരുതിയാ ൽ ആ ചിന്ത പോലും ശ്രദ്ധ തെറ്റിക്കാം.

∙ കുട്ടികൾ പഠിക്കുന്ന സമയത്ത് ശ്രദ്ധ മാറാതിരിക്കാനുള്ള സാഹചര്യം രക്ഷിതാക്കളും ഒരുക്കി കൊടുക്കണം. കുട്ടികളുടെ അടുത്തിരുന്ന് സംസാരിക്കുക, ടിവി കാണുക തുടങ്ങിയവ ഒഴിവാക്കണേ.

∙ പഠിക്കുന്നതിനിടെ ശ്രദ്ധ മാറുന്നത് പരിഹരിക്കാൻ ഒരു ട്രിക്കുണ്ട്. ഓരോ വട്ടവും ശ്രദ്ധ കുറയുമ്പോൾ കടലാസില്‍ മാര്‍ക്ക് ചെയ്യുക. പഠിച്ച ശേഷം ഈ മാര്‍ക്കുകൾ എണ്ണി എത്രവട്ടം ശ്രദ്ധ മാറിയെന്നു വിലയിരുത്തുക. അടുത്ത തവണ ഈ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുക.

പാഠം നാല്– ടീച്ചിങ് ലെസൺസ്

കുട്ടിയെ ആവശ്യത്തിലേറെ കൊഞ്ചിച്ചും ലാളിച്ചും, അവരുടെ ആവശ്യങ്ങൾ നിറവേറ്റിയും, ശാസിക്കാതെയും ശിക്ഷിക്കാതെയുമാണ് മിക്ക രക്ഷിതാക്കളും വളർത്തുന്നത്. വർക് ഫ്രം ഹോമിന്റെ കൂടി കാലത്ത് കുട്ടിയുമായി വൈകാരിക അടുപ്പവും രക്ഷിതാക്കൾക്ക് കൂടിയിരിക്കും. അവരുടെ മനസ്സു നോവിക്കുന്ന വാക്കോ, ശിക്ഷയോ കിട്ടിയാൽ രക്ഷിതാക്കൾ പെട്ടെന്നു ക്ഷുഭിതരാകാം. ഈ സാഹചര്യം അറിഞ്ഞു വേണം അധ്യാപകർ പെരുമാറാൻ.

∙ കുട്ടികളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കുറ്റപ്പെടുത്തലുകൾ കുറച്ച് പോസിറ്റീവ് ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് കുട്ടിയുടെ മനസ്സു പിടിച്ചടക്കാനുള്ള നല്ല വഴി. ഇഷ്ടമുള്ളയാൾ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ സന്തോഷത്തോടെ കുട്ടി അതു തിരുത്തും.

∙ കുട്ടികളുടെ പ്രായത്തിനനുസരിച്ച് അധ്യാപകരോടുള്ള സമീപനം മാറിവരും. ചെറിയ കുട്ടികൾക്ക് വീട്ടിലെ അതേ സ്നേഹവും കരുതലും അധ്യാപകരിൽ നിന്ന് കിട്ടണമെന്നാകും ആഗ്രഹം. കുറച്ചു മുതിർന്നാൽ ബഹുമാനം കലർന്ന സ്നേഹമായി അതു മാറും.

∙ ഹൈസ്കൂളിലേക്കും പ്ലസ് വണ്ണിലേക്കുമെത്തിയാൽ കുട്ടികളുടെ മനോനില മാറുന്നത് ശാരീരിക മാറ്റങ്ങൾ കൊണ്ടുകൂടിയാണ്. ഇതു തിരിച്ചറിഞ്ഞു വേണം അവരോട് ഇടപെടാൻ. ശിക്ഷാനടപടികളും ഒറ്റപ്പെടുത്തലും കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും എന്നോർക്കുക.

പാഠം അഞ്ച് – പഠിക്കാൻ പഠിക്കാം

ഉച്ചത്തിൽ വായിച്ചു പഠിക്കുക എന്നതാണ് പഠിക്കാനുള്ള ഏറ്റവും നല്ല വഴി. ചുണ്ട്, നാവ്, കവിൾ, തൊണ്ട, സ്വനപേടകം തുടങ്ങിയവയെയും കേൾവിയെയും ഉത്തേജിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ഈ സമയത്ത് പ്രവർത്തനക്ഷമമാകും. പഠിക്കുന്നത് മറക്കാതിരിക്കാനും ഇതാണു നല്ല വഴി. ഉറക്കെ വായിക്കുന്നതിനൊപ്പം എഴുതി കൂടി പഠിക്കുമ്പോൾ കുറച്ചുകൂടി ഓർമ നിൽക്കും.

∙ ഏറ്റവും പ്രയാസമേറിയ വിഷയം തന്നെ ആദ്യം പഠിക്കണം. മനസ്സ് ഫ്രഷായതു കൊണ്ട് പെട്ടെന്നു മനസ്സിലാകുമെന്നു മാത്രമല്ല, ബുദ്ധിമുട്ടുള്ള വിഷയം കടന്നുകിട്ടിയെന്ന ആശ്വാസത്തോടെ ഇഷ്ടവിഷയം തുടർന്നു പഠിക്കാനുമാകും.

∙ മനുഷ്യമനസ്സിനു 40 മിനിറ്റിൽ കൂടുതൽ ഒരു കാര്യം പൂ ർണമായി ശ്രദ്ധിക്കാൻ കഴിയില്ല. അതിനാൽ ഓരോ 40 മിനിറ്റിനു ശേഷവും അൽപം വിശ്രമിക്കാം. അതിനുശേഷം ശേഷം വീണ്ടും പഠിക്കാനിരിക്കാം. ഈ സമയത്ത് ഒരു കാരണവശാലും ടിവി കാണുകയോ ഫോണിലോ കംപ്യൂട്ടറിലോ ഗെയിം കളിക്കുകയോ ചെയ്യരുത്.

∙ വൈകിട്ട് വളരെ നേരം ഇരുന്ന് പഠിക്കുന്നതിനേക്കാൾ നല്ലത് വെളുപ്പിനുണർന്ന് കുറച്ചുസമയം പഠിക്കുന്നതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തലച്ചോറ് ഉണർവിലായിരിക്കും. നല്ല ഊർജവും ഈ സമയത്തുണ്ടാകും. അതിനാ ൽ ഉന്മേഷത്തോടെ പഠിക്കാം.

പകൽ സമയത്തെ മുഴുവൻ കാര്യങ്ങളും ചിന്തയിലേക്ക് വരുമെന്നതിനാൽ വൈകിട്ടത്തെ പഠനത്തിൽ ഏകാഗ്രതക്കുറവ് ഉണ്ടാകാം.

kids-school

∙ വായിച്ച കാര്യങ്ങള്‍ മറ്റൊരാളോടു പറഞ്ഞുനോക്കുക. വസ്തുതകള്‍ക്ക് വ്യക്തത കൂടുമെന്നു മാത്രമല്ല, നമ്മുടെ പാളിച്ചകള്‍ മനസ്സിലാക്കാനും കഴിയും.

പാഠം ആറ് – ഭക്ഷണം

∙ ഓൺലൈൻ പഠനകാലത്ത് വീട്ടില്‍ നിന്ന് ഇടയ്ക്കിടെ ലഭിച്ചിരുന്ന ചെറുപലഹാരങ്ങൾ സ്കൂളിൽ കിട്ടില്ലല്ലോ. അതിനാൽ സ്കൂൾ തുറക്കും മുൻപേ തന്നെ കുട്ടിയുടെ ഭക്ഷണശീലം സ്കൂൾ സമയത്തെന്നപോലെ ക്രമപ്പെടുത്തണം. സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയിൽ തന്നെ വീട്ടിലും ഭക്ഷണം നൽകുക. സ്കൂളിലെ ഇടനേരങ്ങൾ കണക്കാക്കി അപ്പോൾ മാത്രം സ്നാക്സ് നൽകുക. ഇതല്ലാതെയുള്ള സമയത്ത് ഭക്ഷണം കൊടുക്കരുത്. ഇങ്ങനെ ശീലം ഉറപ്പിച്ചില്ലെങ്കിൽ സ്കൂളിലെത്തിയാൽ കുട്ടിയെ വിശപ്പും ക്ഷീണവും അലട്ടും. ഉത്സാഹക്കുറവും ഉണ്ടാകും.

∙ പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിൽ പോകുന്നത് അ നാരോഗ്യകരമാണ്. പകൽ സമയത്തെ പഠന–പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജം ലഭിക്കുന്നത് പ്രഭാതഭക്ഷണത്തിൽ നിന്നാണ്. രാവിലെ നേരത്തെ ഉണർന്നു പ്രാതൽ കഴിക്കുന്ന ശീലം ഉണ്ടാക്കണം.

∙ ഓരോ ദിവസവും ഓരോ രുചികൾ പരീക്ഷിച്ചാൽ കുട്ടിക്ക് താൽപര്യം കൂടുമെന്നു മാത്രമല്ല, പോഷണവും ഉറപ്പാക്കാം. പച്ചക്കറികൾ കഴിക്കാൻ മടിയുള്ളവർക്ക് സ്റ്റഫ്ഡ് ചപ്പാത്തി, സാൻവിച്ച്, കട്‌ലെറ്റ് തുടങ്ങിയവ നൽകാം. ഓംലെറ്റിലും ദോശയിലും പൊടിയായി അരിഞ്ഞ ചീര, കാരറ്റ് പോലുള്ള പച്ചക്കറികൾ ചേർത്തു നൽകാം. സ്നാക്സായി പഴങ്ങളും ഡ്രൈ ഫ്രൂട്സും നൽകാം. ജങ്ക് ഫൂഡ് പൂർണമായും ഒഴിവാക്കണം.

പാഠം ഏഴ് – അഡിക്‌ഷൻ മാറ്റാം

∙ ഓൺലൈൻ ക്ലാസ് കാലത്ത് ഫോൺ ഉപയോഗിച്ച് ഇ പ്പോൾ അതില്ലാതെ പറ്റില്ല എന്നു ചിന്തിക്കുന്ന കുട്ടികളുണ്ടാകും. ഇങ്ങനെ മൊബൈൽ അടിമത്തത്തിലേക്ക് പോയവരെ മാറ്റിയെടുക്കാൻ ചിട്ടയോടെ ശ്രമിക്കണം.

∙ ദിവസം ഒരു മണിക്കൂർ മാത്രം മൊബൈൽ ഫോണോ ടാബോ ഉപയോഗിക്കാൻ കുട്ടിയെ അനുവദിക്കുക. ഇത് കുട്ടിക്ക് വേണ്ടി നൽകുന്ന സൗകര്യമാണെന്നും ബോധ്യപ്പെടുത്തുക. രാത്രി 10 നു ശേഷം മൊബൈൽ ഉപയോഗം വേണ്ട. കുട്ടികളുടെ കയ്യിൽ മൊബൈൽ നൽകുമ്പോൾ ‘പേരന്റൽ കൺട്രോൾ’ ഓപ്ഷൻസ് ഉപയോഗിക്കാൻ മറക്കല്ലേ. ഇതിലൂടെ ഫലപ്രദമായി ദുരുപയോഗം തടയാൻ കഴിയും.

∙ കായിക വ്യായാമങ്ങൾ, സംഗീതം തുടങ്ങിയ ആരോഗ്യകരമായ വിനോദങ്ങൾക്ക് വേണ്ടി സമയം ചെലവിടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. മൊബൈൽ അഡിക്‌ഷനിൽ നിന്നു വിടുതൽ കിട്ടാൻ ഇത് നല്ലതാണ്.

∙ പഠനത്തോടൊപ്പം ഇഷ്ട വിനോദത്തിനും അവസരം നൽകണം. വീട്ടിൽ തന്നെ അടച്ചിരുന്ന് പഠിക്കാൻ നിർബന്ധിച്ചാൽ കുട്ടിയുടെ ശ്രദ്ധ കുറയുമെന്നു മാത്രമല്ല, വാശി യും കൂടും.

പാഠം എട്ട് – ഉറങ്ങാനും പഠിക്കണം

∙ ഓൺലൈൻ ക്ലാസുകൾ നടന്ന കാലത്ത് രാത്രി വൈ കി ഉറങ്ങുകയും രാവിലെ വൈകി ഉണരുകയും ചെയ്യുന്ന ശീലത്തിലേക്ക് ഭൂരിപക്ഷം കുട്ടികളും എത്തിച്ചേർന്നിട്ടുണ്ടാകും. രാത്രിയിൽ വളരെ വൈകിയും മൊബൈൽ ഉപയോഗിക്കുകയും പകൽ ഉറക്കം തൂങ്ങുകയും ചെയ്യുന്ന കുട്ടികളെ ചിട്ടയോടെ പുതിയ ശീലത്തിലേക്ക് മാറ്റിയെടുക്കണം.

∙ കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും ചെയ്യുന്ന ശീലം കുട്ടിക്ക് ഉണ്ടാക്കണം. ഇതിന്റെ ആദ്യപടി മാതാപിതാക്കളും ഈ ശീലത്തിലേക്ക് മാറുക എന്നതാണ്. നിശ്ചിതമായ ഒരു സമയത്ത് തന്നെ എന്നും ഉറങ്ങാൻ കിടക്കുക, നിശ്ചിത സമയത്ത് തന്നെ ഉണരുകയും വേണം.

∙ രാത്രിയിൽ ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറക്കം കിട്ടുന്ന രീതിയിൽ ഉറക്കസമയം ക്രമീകരിക്കണം. പകൽ സമയത്ത് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യങ്ങൾ തലച്ചോറിൽ അടുക്കിവയ്ക്കുന്ന പ്രക്രിയ രാത്രിയിൽ ഉറക്ക സമയത്താണ് സംഭവിക്കുന്നത്. അതുകൊണ്ട് നല്ല ഉറക്കം കിട്ടുന്നത് ഓർമശക്തിയും പഠനവും മെച്ചപ്പെടുത്തും.

∙ പകൽ സമയത്ത് പ്രവർത്തിക്കുന്ന തലച്ചോർ വിശ്രമിക്കുന്നത് ഉറങ്ങുമ്പോഴാണ്. അതിനാൽ ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കണം.

ശരിയായി ഉറങ്ങിയില്ലെങ്കിൽ തലച്ചോറിനു വിശ്രമം കിട്ടാതെ പകൽ സമയത്ത് ക്ഷീണം, ഉറക്കം, ശ്രദ്ധക്കുറവ്, ഓ ർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് പഠനത്തെ സാരമായി ബാധിക്കും.

∙ വൈകിട്ട് നാലു മണിക്കു ശേഷം ചായ, കാപ്പി, കോള പോലെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നവ ഒഴിവാക്കാം.

∙ വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ സൂര്യപ്രകാശമേ റ്റുള്ള കളികളോ വ്യായാമങ്ങളോ ചെയ്യുക. വ്യായാമത്തിനു ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നതു നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

∙ കിടക്കുന്നതിനു തൊട്ടുമുൻപ് ദീർഘശ്വസന വ്യായാമങ്ങൾ പോലെയുള്ള റിലാക്സേഷൻ പരിശീലനം നടത്തം. ഇതും സുഖനിദ്ര നൽകും. ഇനി സുഖമായി പുതിയ അധ്യന വർഷത്തിലേക്ക് ഉണർന്നെഴുന്നേറ്റോളൂ.

പാഠം ഒൻപത്– വിഷാദവും വിമുഖതയും

∙ തുടർച്ചയായി നീണ്ടുനിൽക്കുന്ന വിഷാദം, മുൻപ് ആ സ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താൽപര്യമില്ലായ്മ, അകാരണ ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവർത്തികളുടെയും വേഗതയിൽ കുറവ്, നിരാശയും പ്രതീക്ഷ ഇല്ലായ്മയും, ആത്മഹത്യാപ്രവണത എന്നീ ലക്ഷണങ്ങളിൽ അഞ്ചെണ്ണം എങ്കിലും രണ്ടാഴ്ചയിലേറെ തുടർച്ചയായി നീണ്ടുനിൽക്കുകയാണെങ്കിൽ കുട്ടിക്ക് വിഷാദരോഗം ഉ ണ്ടോ എന്നു സംശയിക്കണം. ഇവർക്ക് എത്രയും വേഗം മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ലഭ്യമാക്കണം.

∙ വിഷാദത്തിന്റെയോ മറ്റോ പ്രേരണ കൊണ്ട് ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്കും കുട്ടി തിരിയാം. കുട്ടിയുടെ സ്വഭാവത്തിൽ പൊടുന്നനെ വ്യത്യാസങ്ങൾ കാണുക, ശരീരം ക്ഷീണിക്കുക, മുറിപ്പാടുകൾ പ്രത്യക്ഷപ്പെടുക, ദീർഘനേരം മുറി അടച്ചിരിക്കുക, അകാരണമായ ദേഷ്യം തുടങ്ങിയവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

പാഠം പത്ത് – കോവിഡ് പാഠം പ്രധാനം

∙ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള പരിശീലനം കുട്ടികൾക്ക് നൽകണം. ദിവസേന ഒരു മ ണിക്കൂർ എങ്കിലും വീട്ടിൽ മാസ്ക് ധരിച്ചിരുന്ന് കുട്ടിയെ പരിശീലിപ്പിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യത്തിൽ വീട്ടിലെ മുതിർന്നവർ കുട്ടികൾക്ക് മാതൃകയാകണം.

∙ കൂട്ടുകാരെ കണ്ട സന്തോഷത്തിൽ സാമൂഹിക അകലമൊന്നും പലരും പാലിച്ചേക്കില്ല. സ്നേഹപ്രകടനങ്ങൾക്കു ശേഷം കൈകഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും കൂടി പറഞ്ഞു കൊടുക്കണേ.

പഠിക്കാം മാർക്കു നേടാം

∙ വായനയ്ക്കു നാലു ഘട്ടങ്ങളുണ്ട്, Read, Recall, Reflect, Review. ഒഴുക്കൻ മട്ടിൽ വായിക്കാതെ ഓരോ പോയിന്റും ശ്രദ്ധയോടെ മനസ്സിലാക്കി, കൃത്യതയോടെ ഓര്‍മയിൽ നിന്നെഴുതിയാലാണ് പരീക്ഷയിൽ മികച്ച മാർ ക്ക് നേടാനാകുന്നത്.

∙ പാഠഭാഗങ്ങൾ കാണാപ്പാഠം പഠിക്കുന്നതിനെക്കാൾ നല്ലത് മനസ്സിരുത്തി വായിക്കുന്നതാണ്. വാചകങ്ങൾ അതേപടി മനഃപ്പാഠമാക്കുന്നതിനെക്കാൾ പ്രയോജനം ചെയ്യുന്നത് ആശയം മനസ്സിലാക്കുന്നതാണ്. ഉപന്യാസവും മറ്റും എഴുതേണ്ടി വരുമ്പോൾ ഈ ആശയങ്ങളെ സ്വന്തം വാചകങ്ങളിലൂടെ വിശദമാക്കാനുമാകും.

∙ കാണാപ്പാഠം പഠിക്കേണ്ട പദ്യങ്ങൾ, കണക്കിലെയും മറ്റും ഫോര്‍മുലകള്‍, ചരിത്രപരമായ തീയതികളും പേരുകളും, നിര്‍വചനങ്ങള്‍, സയൻസ് നിയമങ്ങള്‍ തുടങ്ങിയവ ഉറച്ചുവായിച്ചു തന്നെ പഠിക്കണം. പല വട്ടം വായിക്കുമ്പോൾ ഇവ മനപ്പാഠമാകും.

∙ വലിയ പാരഗ്രാഫുകൾ കാണാപ്പാഠം പഠിക്കേണ്ടി വ രുമ്പോൾ കഥയായോ ചിത്രങ്ങളുടെ തുടർച്ചയുമായോ കണക്ട് ചെയ്തു പഠിക്കുന്നതാണ് നല്ലത്. ഓരോ ചിത്രത്തിനും പിന്നാലെ വരുന്ന ചിത്രം ഓർക്കുന്നതിലൂടെ വാചകങ്ങൾ ഓർത്തെഴുതാനാകും. പരിചിത സംഭവങ്ങളുമായി ബന്ധപ്പെടുത്തിയും ഉത്തരങ്ങൾ ഓർക്കാം.

∙ VIBGYOR എന്ന സൂത്രം കൊണ്ട് സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങളെ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ ഓർത്തു വയ്ക്കാന്‍ സാധിക്കില്ലേ. ഇത്തരം സൂത്രങ്ങള്‍ നമുക്ക് തന്നെ ഉണ്ടാക്കാം. പ്രാസവും താളവുമുണ്ടെങ്കില്‍ ഓര്‍ക്കാന്‍ എളുപ്പമാകും.

∙ ടെക്സ്റ്റ് ബുക് വായിക്കുമ്പോള്‍ പട്ടികകളും ഗ്രാഫുകളും നോക്കി മനസ്സിലാക്കുക. കാണാപ്പാഠം പഠിക്കുന്നതിനെക്കാൾ തലച്ചോറിലേക്ക് വേഗം റജിസ്റ്റർ ചെയ്യുന്നത് ഇത്തരം ഇമേജുകളാണ്. പഠിക്കാനായി നിങ്ങൾക്കുതന്നെ ചിത്രങ്ങളും ചാര്‍ട്ടുകളും തയാറാക്കാം.

രൂപാ ദയാബ്ജി

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അരുൺ ബി. നായർ

അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രി,

ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.