Saturday 11 April 2020 04:42 PM IST

കുട്ടികളെ മിടുക്കരാക്കാം; ശീലിപ്പിക്കാം മൈൻഡ്ഫുൾനെസ്

Chaithra Lakshmi

Sub Editor

Kid

'ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും വികൃതി തന്നെ'. മക്കളെക്കുറിച്ചുള്ള പല മാതാപിതാക്കളുടെയും പരാതിയാണിത്. മൈൻഡ്ഫുൾനസ് ശീലിപ്പിച്ചാൽ ഏത് വികൃതിയെയും മിടുമിടുക്കനാക്കാം.

ഉത്കണ്ഠയും മാനസിക സമ്മർദവും അകറ്റി മനസ്സ് ശാന്തമാക്കുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുമെന്നതാണ് മൈൻഡ്ഫുൾനസിന്റെ ഗുണം. ഇപ്പോഴുള്ള ഈ നിമിഷത്തിൽ ചെയ്യുന്ന പ്രവൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മൈൻഡ്ഫുൾനസ് അഥവാ മനോനിറവ് എന്ന് പറയുന്നത്. മനസ്സറിഞ്ഞ്, അത്രയേറെ ആസ്വദിച്ചു ചെയ്യണം ആ പ്രവൃത്തി എന്നർഥം.

കുട്ടികളെ ശീലിപ്പിക്കും മുൻപ് മാതാപിതാക്കൾ കൂടി മൈൻഡ്ഫുൾനസ് പരിശീലിക്കുന്നത് നല്ലതാണ്. കുടുംബാംഗങ്ങൾ എല്ലാവരും ഇത് ശീലിച്ചാൽ വീട്ടിലെ അന്തരീക്ഷം സന്തോഷകര മാകും. അത് കൊണ്ട് ആദ്യം മുതിർന്നവർക്ക് എളുപ്പത്തിൽ മൈൻഡ്ഫുൾനസ് ശീലിക്കുന്നതിനുള്ള വഴികൾ പറയാം.

തുടക്കക്കാർക്ക് ശീലിക്കാം മൈൻഡ്ഫുൾനസ്

മൈൻഡ്ഫുൾനസ് പരിശീലിക്കുമ്പോൾ ഗാഡ്ജറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഈ ആക്ടിവിറ്റികൾ ശീലമായി മാറിയ ശേഷം കുട്ടികളെയും ഒപ്പം കൂട്ടാം.

*എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കണം. മൂന്ന് വരെ മനസ്സിൽ എണ്ണുക. തുടർന്ന് മെല്ലെ ശ്വാസം പുറത്തേക്ക് വിടണം. ഏഴ് വരെ എണ്ണുക. ഇനി ശ്വസന വ്യായാമം ആവർത്തിക്കാം. കുറഞ്ഞത് മൂന്ന് തവണ ഈ വ്യായാമം ചെയ്യണം. ഇഷ്ടമനുസരിച്ച് എണ്ണം കൂട്ടാം. ദിവസവും ഈ വ്യായാമം ചെയ്യുക.

* ദിവസവും രാവിലെ നാരങ്ങാ വെള്ളം, ജ്യൂസ് ഇങ്ങനെ ഏതെങ്കിലും ആരോഗ്യകരമായ പാനീയം കുടിക്കുക. പാനീയം പെട്ടെന്ന് കുടിക്കുന്നതിന് പകരം അൽപനേരം വായിൽത്തന്നെ നിലനിർത്തി രുചി ആസ്വദിച്ച് മെല്ലെ ഇറക്കുക.

* ചെരുപ്പിടാതെ മുറ്റത്ത് നടക്കുക. ഭൂമിയിൽ നഗ്നപാദങ്ങൾ തൊടുന്നതറിയാനാകണം. ചെറിയ നനവുള്ള പുല്ലുകളിൽ ചവിട്ടി നടക്കുന്നത് മനസ്സിൽ ആസ്വദിക്കുക.

* സ്നാക്കോ ഡെസേർട്ടോ മൈൻഡ്ഫുൾ ആയി കഴിക്കുക. മെല്ലെ സ്വാദറിഞ്ഞ് കഴിക്കണം.

* ചെവിയോർക്കുക. പരിസരത്തിൽ കേൾക്കുന്ന രണ്ട് ശബ്ദം തിരിച്ചറിയാൻ ശ്രമിക്കണം. ഫാൻ കറങ്ങുന്ന ശബ്ദം, റോഡിലൂടെ പോകുന്ന വാഹനത്തിന്റെ ശബ്ദം ഇങ്ങനെ എന്തുമാകാം.

* ഏതെങ്കിലും രണ്ട് വ്യത്യസ്തമായ പ്രതലമോ വസ്തുവോ സ്പർശിക്കുക. മേശ, വസ്ത്രം, പാത്രം ഇങ്ങനെ എന്തുമാകാം. സ്പർശിക്കുമ്പോൾ കൈകളിൽ അവയുടെ ഘടനയും പ്രത്യേകതയും തിരിച്ചറിയുക.

രസകരമായി ശീലിക്കാം മൈൻഡ്ഫുൾനസ്

* കുട്ടിയുടെ കണ്ണ് മൂടിക്കെട്ടുക. ഇനി പഴങ്ങളോ പൂക്കറികളോ ( ഓർഗാനിക് ആയവ) മുറിച്ചത് നുണയാൻ നൽകണം. ഓരോന്നും രുചിച്ച് അവ എന്തെന്ന് കുട്ടി പറയട്ടെ. ഇങ്ങനെ രുചിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കുട്ടികൾ മൈൻഡ് ഫുൾനസ് ശീലിക്കും.

* കുട്ടിയുടെ കണ്ണ് മൂടിക്കെട്ടണം. ഒരു പേപ്പർ ബാഗിൽ ടവ്വൽ, സോഫ്റ്റ് ടോയ്, ബോൾ ഇങ്ങനെയുള്ള കുറേ വസ്തുക്കൾ നിറച്ച് കുട്ടിയുടെ കയ്യിൽ നൽകുക. തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള വസ്തുക്കൾ ഒഴിവാക്കണം. ഓരോ വസ്തുവും സ്പർശിച്ച ശേഷം കുട്ടി അവയെ തിരിച്ചറിയട്ടെ. ഇങ്ങനെ സ്പർശത്തിലൂടെ കുട്ടി മൈൻഡ്ഫുൾനസ് ശീലിക്കും.

* ഒരു പൂവ് കയ്യിൽ നൽകുക. ഇനി ഉള്ളിലേക്ക് ആഴത്തിൽ ശ്വാസമെടുത്ത ശേഷം ഈ പൂവിന്റെ ഇതളുകൾ ഊതിപ്പറത്താൻ പറയണം. പൂവിന് പകരം യുക്തി പോലെ മറ്റെന്തെങ്കിലും ഉപയോഗിക്കാം. ഇങ്ങനെ പല തവണ ചെയ്യുക.

* കയ്യിൽ സോപ്പും വെള്ളവും പുരട്ടി കുമിളയുണ്ടാക്കാൻ അനുവദിക്കുക. ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ കുമിള രൂപീകരിക്കുന്നത് മൈൻഡ്ഫുൾ ആവാൻ സഹായിക്കും.

* ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പ്രകൃതിഭംഗി ആസ്വദിച്ച് പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടുണ്ടാകാം. അങ്ങനെയുള്ളവർ വീടിനുള്ളിൽ കുട്ടികളുമായി ഒന്നിച്ചു നടക്കുക. ഓരോ മുറിയിലെയും ഒന്നോ രണ്ടോ വസ്തുക്കളുടെ പ്രത്യേകതകൾ സൂചനയായി നൽകണം. ആ വസ്തുവേതെന്ന് കുട്ടികൾ കണ്ട് പിടിക്കട്ടെ.

എന്നും ഒരേ ആക്ടിവിറ്റി ആവർത്തിച്ചാൽ കുട്ടികൾക്ക് മടുപ്പുണ്ടാകാം. വ്യത്യസ്തത നൽകി ക്ഷമയോടെ മൈൻഡ്ഫുൾനസ് കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുക. ഏകാഗ്രതയും ക്രിയാത്മകതയും വർധിച്ച് കുട്ടികൾ മിടുമിടുക്കരാകും.