Wednesday 19 April 2023 11:26 AM IST : By സ്വന്തം ലേഖകൻ

‘നമുക്കാണ് ഇതൊക്കെ അയ്യേ... മക്കൾ അങ്ങനെയല്ല’: ശരീരഭാഗങ്ങളുടെ ശരിയായ പേരുകൾ തന്നെ മക്കളെ പഠിപ്പിക്കണം

sex-education

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഇന്നും നിലനില്‍ക്കുന്ന തെറ്റിധാരണകൾ അകറ്റാന്‍ സഹായിക്കുന്ന പംക്തി. തെറ്റുകൾ തിരുത്തിയും പുതിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയും നല്ല നാളെക്കായി ഒരുങ്ങാം.

---

ഇതിനോടകം നമ്മൾ അനുമതികളെ (കൺസെന്റ്)കുറിച്ചും അതിരുകളെ(ബൗണ്ടറി) കുറിച്ചും മനസ്സിലാക്കിക്കഴിഞ്ഞു. ഇനി അടുത്ത വിഷയത്തിലേക്കു കടക്കാം– ലൈംഗിക ചൂഷണം എങ്ങനെ തടയാം എന്നതാണത്.

കുട്ടികളോട് ഇതേക്കുറിച്ചു പറയുമ്പോ ൾ എവിടെ തുടങ്ങണം? കുട്ടികൾക്കു കൃത്യമായ വിവരങ്ങൾ തന്നെയാണോ ലഭിക്കുന്നത് എന്ന് എങ്ങനെ ഉറപ്പു വരുത്തും? ഗുഡ് ടച്ച്– ബാഡ് ടച്ച് എന്ന പാഠം മാത്രം മതിയാകുമോ? വേട്ടക്കാരെ അവർ എങ്ങനെ തിരിച്ചറിയും? വീട്ടുകാരെ ഇതേക്കുറിച്ച് എങ്ങനെ പഠിപ്പിക്കും? കുട്ടികൾ എല്ലാ വിവരവും മാതാപിതാക്കളോടു തുറന്നു പറയുന്നുണ്ടെന്ന് എങ്ങനെ ഉറപ്പു വരുത്തും? അടുത്ത ലക്കങ്ങളിലായി ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം പറയാൻ ശ്രമിക്കാം.

∙ എവിടെ തുടങ്ങണം?

തങ്ങളുടെ സ്വകാര്യഭാഗങ്ങളെ പറ്റി തുറന്നു സംസാരിക്കാൻ സാധിക്കുന്ന കുട്ടികളാണ് ലൈംഗികാതിക്രമങ്ങളിൽ നിന്നു കൂടുതൽ സുരക്ഷിതരായിരിക്കുക. അതുകൊണ്ടു തന്നെ കുട്ടികളുമായി മാതാപിതാക്കൾ ശരീരത്തെക്കുറിച്ച്, പ്രധാനമായി സ്വകാര്യഭാഗങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കണം.

ശരീരഭാഗങ്ങളെ കുറിച്ചു പറയുമ്പോൾ അവയുടെ യഥാർഥ പേരുകൾ തന്നെ പറയാൻ ശ്രമിക്കുക. ഇരട്ടപ്പേരുകൾ തമാശപ്പേരുകൾ ഒന്നും ഉപയോഗിക്കരുത്. ഉദാഹരണത്തിന് ലൈംഗീകാവയവങ്ങളെ പീനിസ്/ലിംഗം (പുരുഷ ലിംഗം) എന്നും വൾവ/ഉപസ്ഥം (സ്ത്രീലൈംഗീകാവയവം) എന്നും മാത്രം പറഞ്ഞു കൊടുക്കുക.

മുതിർന്നവർ പോലും സ്ത്രീയുടെ ലൈംഗീകാവയവത്തെ വജൈന എന്നാണു പറയാറ്. പുറമേ കാണുന്നതു വൾവയാണെന്നും അകത്തേക്കുള്ള കനാലിനാണു വജൈന എന്നു പറയുന്നതെന്നും പലർക്കും ഇപ്പോഴും അറിയില്ല. അതുകൊണ്ടാണ് തെറ്റുകളും ധാരണാപിശകും ഒഴിവാക്കാൻ അച്ഛനമ്മമാരോട് ഇക്കാര്യങ്ങൾ വായിച്ചു പഠിക്കാൻ ഞാൻ ആവശ്യപ്പെടാറുള്ളത്. കുട്ടിയെ കുളിപ്പിക്കുമ്പോഴും കുട്ടിയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായും മറ്റു ശരീരഭാഗങ്ങളെയും കൃത്യമായ പേരുകൾ ഉപയോഗിച്ച് അടയാളപ്പെടുത്താം– ടെസ്റ്റിക്കിൾസ്, ബ്രെസ്റ്റ്, ബട്ടക്സ്... അങ്ങനെ.

∙ എപ്പോൾ മുതൽ പറഞ്ഞു തുടങ്ങണം?

പല മാതാപിതാക്കളും ചോദിക്കുന്ന ചോദ്യമാണിത്. എപ്പോൾ മുതലാണ് കുട്ടിയോടു കണ്ണുകളെ കുറിച്ചും ചെവിയെ കുറിച്ചും മൂക്കിനെ കുറിച്ചുമൊക്കെ പറഞ്ഞു തുടങ്ങുന്നത്? അതേപോലെ തന്നെ സ്വകാര്യഭാഗങ്ങളെ കുറിച്ചും എത്രയും നേരത്തെ പറയാമോ അത്രയും നേരത്തെ പറഞ്ഞു തുടങ്ങാം. നമുക്കാണ് ഇതൊക്കെ ‘അയ്യേ’ കുട്ടികൾക്ക് അങ്ങനെയല്ല. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ അര്‍ഹിക്കുന്ന ഗൗരവത്തോടെ കുട്ടി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യും.

ചില ഭാഗങ്ങളെ സ്വകാര്യഭാഗങ്ങൾ എന്നു വിളിക്കുന്നതു ശുചിത്വം നിലനിർത്താനായി അവയെ മറച്ചു സംരക്ഷിച്ചു വയ്ക്കേണ്ടതു കൊണ്ടും സുരക്ഷ മാനിച്ചുമാണെന്നു കുട്ടിയോടു പറയാം. സ്വകാര്യതയിൽ വിവസ്ത്രരാകുന്നതിൽ തെറ്റില്ലെങ്കിലും അല്ലാത്തപ്പോൾ വസ്ത്രം ധരിക്കണമെന്നും കുട്ടിയെ ബോധ്യപ്പെടുത്താം. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കുമെന്നതിനാല്‍ കുട്ടി പഠിക്കും വരെ ക്ഷമയോടെ പാഠങ്ങൾ ആവർത്തിക്കാം.

സ്വന്തം ശരീരത്തെ കുട്ടി നോക്കി നിരീക്ഷിച്ചു പഠിക്കാറും ചോദ്യങ്ങള്‍ ചോദിക്കാറുമുണ്ട്. ഇതിനായി വീട്ടിലെ സ്വകാര്യ ഇടങ്ങളായ കുളിമുറിയോ കിടപ്പുമുറിയോ തിരഞ്ഞെടുക്കാമെന്നും കുട്ടിയോടു പറയുക. അതാണു വസ്ത്രം മാറുന്ന ഇടമെന്നും കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്താം.

സ്വകാര്യഭാഗങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ മാതാപിതാക്കളുമായി മാത്രമേ ചർച്ച ചെയ്യാവൂ എന്നും തുടക്കം മുതലേ പറഞ്ഞു കൊടുക്കണം.

വിവരങ്ങൾക്ക് കടപ്പാട്:
സ്വാതി ജഗ്ദീഷ്
സെക്‌ഷ്വാലിറ്റി എജ്യൂക്കേറ്റർ