Monday 28 February 2022 03:20 PM IST

‘പ്രസവത്തിനു മുൻപ് ആ സത്യം അറിയാതെ പോയതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു’; കണ്ണുനീരിൽ നിന്നും പുറത്തുവന്ന അനുഭവം പറഞ്ഞ് ശ്രുതി വിപിൻ

Rakhy Raz

Sub Editor

mummy-monnnn

തന്റെ കുഞ്ഞ് മറ്റുള്ള കുഞ്ഞുങ്ങളെപ്പോലെയല്ല എന്നറിയുന്ന നിമിഷം ജീവിതം സ്വപ്നങ്ങളുമായി വഴിപിരിയുന്നു; ഇവിടെയാണ് നടി ശ്രുതി വിപിൻ വ്യത്യസ്തയാകുന്നത്..

ചെറിയ പെയിൻ തുടങ്ങിയിരിക്കുന്നു. അമ്മ ഒരു ഗ്ലാസ് പായസം നീട്ടി. മധുരവും ആനന്ദവും നിറഞ്ഞ മനസ്സുമായി ആശുപത്രിയിലേക്ക്... വേദന പതിയെ കൂടുന്നുണ്ട്. വേദന കുറയ്ക്കാനുള്ള എപ്പിഡ്യൂറൽ വേണോ? ഡോക്ടറുടെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ശ്രുതി മറുപടി പറഞ്ഞു, ‘വേണ്ട...’

‘‘ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ അവൾ വന്നു. എന്റെ ശ്രിയ... അവർ കുഞ്ഞിനെ ഉടൻ ക യ്യിൽ തന്നില്ല. ആദ്യമായി മനസ്സ് ഒന്ന് പിടഞ്ഞു.

ഏറെ വൈകി കുഞ്ഞിനെ കയ്യിൽ കിട്ടിയതും എന്തോ കുഴപ്പം ഉണ്ട് എന്നൊരു തോന്നൽ. ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ട എല്ലാ ലക്ഷണങ്ങളും കുഞ്ഞിനുണ്ട്. ആമൺ ഷേപ്ഡ് ഐസ്, പ്രൊട്രൂഡഡ് ടങ്ക്, ഷോർട് നെക്ക്, സ്മോൾ ഇയേഴ്സ്, പാൽമർ ക്രീസ്, സാൻഡൽ ഗ്യാപ്... തളരുന്നതായി തോന്നി... എന്റെ കുഞ്ഞിന് ഡൗൺ സിൻഡ്രോം ആണോ? അങ്ങനെ അല്ല എന്ന് എല്ലാ അമ്മമാരെയും പോലെ വിശ്വസിച്ചു.’’

തന്റെ കൺമണി മറ്റുള്ള കുഞ്ഞുങ്ങളെപ്പോലെയല്ല എന്നറിയുന്ന നിമിഷം മാതാപിതാക്കളുടെ ജീവിതം സ്വപ്നങ്ങളുമായി വഴിപിരിയുന്നു. പിന്നെയങ്ങോട്ട് കുഞ്ഞുങ്ങളെ നടക്കാനും സംസാരിക്കാനും സ്വയംപര്യാപ്തത വരുത്താനും പരിചരിക്കാനും വേണ്ടി മാത്രമുള്ളതായി മാറുന്നു അവരുടെ ജീവിതം.

ഇവിടെയാണ് ശ്രുതി വിപിൻ എന്ന അഭിനേത്രി വ്യത്യസ്തയാകുന്നത്. ആദ്യത്തെ തകർച്ചയ്ക്കു ശേഷം ശ്രുതി ജീവിതത്തോട് പറഞ്ഞു.  ‘പരിതപിക്കില്ല, ഉത്തരവാദിത്തത്തിൽ പിന്നോട്ടില്ല. സ്വന്തം ജീവിതം ജീവിക്കാനും മറക്കില്ല.’

ഇപ്പോൾ ‘ഉയരെ’, ‘ബ്ലാക്ക് കോഫി’, ‘കാണെക്കാണെ’ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്തെ പ്രതീക്ഷയുള്ള നടിയായി മാറിക്കഴിഞ്ഞു ശ്രുതി. ‘പൂവ്’ എന്ന ഫെസ്റ്റിവൽ മൂവിയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘‘സിനിമ എന്റെ മനസ്സിലുണ്ടായിരുന്നില്ല. മലപ്പുറത്താണ് വീട്. പഠിച്ചു ജോലി നേടുന്നതിനോട് ആഭിമുഖ്യമുള്ള കുടുംബം. അച്ഛൻ അരവിന്ദാക്ഷൻ ആർമിയിലായിരുന്നു. അമ്മ രമയും സ ഹോദരൻ രാഗേഷും ഒത്തുള്ള സന്തോഷകരമായ ജീവിതം.

ജനിച്ചതും വളർന്നതും ഉത്തരേന്ത്യയിലായിരുന്നു. എന്റെ കോളജ് കാലമായപ്പോഴേക്ക് നാട്ടിൽ താമസമാക്കി. ഹോം സയൻസിൽ ബിരുദം കഴിഞ്ഞ് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എംബിഎ പൂർത്തിയാക്കിയ ശേഷം മീഡിയ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്തു.

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് വിപിൻ കുമാറിനൊപ്പം ചെന്നൈയിലെത്തി ജോലി നേടി. താമസിയാതെ ഗർഭിണി ആയി. ഗർഭകാലം ഏറ്റവും സന്തോഷം നിറഞ്ഞതായിരുന്നു. മോണിങ് സിക്ക്നെസ് പോലും ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാനുള്ള അനോമലി സ്കാൻ ചെയ്തതിൽ ഒരു കുഴപ്പവും പറഞ്ഞിരുന്നുമില്ല.

അന്ന് അറിയാതെ പോയത്

പ്രസവത്തിന് മുൻപെടുത്ത അനോമലി സ്കാൻ റിപ്പോർട് ഞാൻ ഒരിക്കൽക്കൂടി നോക്കി. അപ്പോഴാണ് അതിലൊരു സ്റ്റാർ മാർക്ക് ശ്രദ്ധയിൽപെട്ടത്. റിസൽറ്റ് ശരിയാകാനുള്ള ശതമാന സാധ്യതയാണ് അതിൽ അടയാളപ്പെടുത്തിയിരുന്നത്. അതായത് നെഗറ്റീവ് റിസൽറ്റ് കിട്ടിയാലും ആ ഫലം നൂറ് ശതമാനം ശരിയായിരിക്കാനുള്ള സാധ്യത ഇല്ല. പ്രസവം കഴിഞ്ഞ് 21 ദിവസങ്ങൾക്കു ശേഷം മുംബൈ ലാബിൽ നിന്നും ജനറ്റിക് ടെസ്റ്റ് റിസൽറ്റ് വന്നു. കുഞ്ഞിന് ഡൗൺ സിൻഡ്രോം തന്നെ.

ആ ദിവസങ്ങൾ കടന്നുപോകാൻ പ്രയാസം ആയിരുന്നു. കുഞ്ഞിനെ കാണാൻ വരുന്നവരുടെ മുഖം വാടും. എന്താണ് പ്രശ്നം എന്നു ചോദിക്കാൻ ബുദ്ധിമുട്ടി അവരും പറയാൻ ബുദ്ധിമുട്ടി ഞങ്ങളും. രാവും പകലും ഞാൻ ക‍രഞ്ഞു. എനിക്ക് എന്തിന് ഇങ്ങനെ ഒരു വിധി എന്ന് എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.

‘എന്തു തന്നെയായാലും നമ്മുടെ കുഞ്ഞാണ്. നമ്മൾ അവളെ നന്നായി വളർത്തും.’ വിപിൻ പറഞ്ഞു. എനിക്ക് ആ ധൈര്യം മതിയായിരുന്നു. സാവധാനം ഞാൻ കണ്ണുനീരിൽ നിന്നും പുറത്തുവന്നു. അനോമലി സ്കാനിൽ ഈ വിവരം അറിയാതെ പോയതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. കാരണം അറിഞ്ഞിരുന്നെങ്കിൽ അപ്പോഴത്തെ അറിവില്ലായ്മ കൊണ്ട് ഞാൻ കുഞ്ഞിന് ഭൂമിയിൽ പിറക്കാനുള്ള അവസരം ചിലപ്പോൾ നിഷേധിക്കുമായിരുന്നു.’’

അവൾ എന്റെ രാജകുമാരി

‘‘ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾ പലവിധ ടെസ്റ്റുകളിലൂടെ കടന്നു പോകേണ്ടി വരും. അവൾ അതിനൊക്കെ ഒരു പ്രശ്നവുമില്ലാതെ സഹകരിച്ചിരുന്നു. അവളെ എങ്ങനെ പരമാവധി മിടുക്കിയാക്കാം എന്ന പഠനം ഞാനും തുടങ്ങി.

എന്തു ചെയ്യണം എന്നറിയാത്തതു കൊണ്ട് ജോലി ഉടനടി രാജി വച്ചില്ല. തുടക്കത്തിൽ മെറ്റേണിറ്റി ലീവ് നീട്ടിയെടുത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി ഉടൻ ജോലിക്ക് പോകുക സാധിക്കില്ല. അത്രയേറെ സമയം നമ്മൾ കുഞ്ഞിന് വേണ്ടി ചെലവഴിക്കേണ്ടതുണ്ട്.

essential brown  bedroom

മൂന്നാം മാസത്തിൽ ഞങ്ങൾ ഫിസിയോതെറപ്പി തുടങ്ങി. ഞങ്ങളുടെ ശ്രമം കൊണ്ട് സംസാരം ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും അവൾ സാധാരണ കുട്ടികളെപ്പോലെ നേടിയെടുത്തു. സംസാരം വൈകിയപ്പോൾ നല്ല സ്പീച്ച് തെറപ്പിസ്റ്റിനെ കണ്ടെത്തി ഞാൻ അവളെ പരിശീലിപ്പിക്കാൻ പഠിച്ചു. ഇപ്പോൾ അവൾക്ക് നാലു വയസ്സുണ്ട്. ഓൺലൈൻ ക്ലാസിൽ ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവൾ ഉത്തരം കൊടുക്കുമ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ടു നിറയും.

ഇപ്പോൾ കുഞ്ഞിന്റെ തെറപ്പികൾക്കായി ഞാൻ കൊച്ചിയിൽ ആണുള്ളത്. ഏട്ടന് ജോലി തിരുവനന്തപുരത്തും. ഇന്ന് ഞാൻ പല ഡൗൺ സിൻഡ്രോം പാരന്റ് ഗ്രൂപ്പുകളിലും അംഗമാണ്. ഡോക്ടർമാരെക്കാൾ ഇത്തരം കുട്ടികളുടെ മാതാപിതാക്കൾക്കാണ് അതേ അവസ്ഥയിൽ ഉള്ളവരെ സഹായിക്കാൻ കഴിയുക. ഗ്രൂപ്പുകളിലൂടെ മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കാനും എന്റേത് പങ്കുവയ്ക്കാനും തുടങ്ങി.

ഒരു സ്പെഷൽ ചൈൽഡ് ജനിച്ചാൽ ‘കുട്ടികളെ എ ല്ലാ കാര്യത്തിലും സഹായിക്കുക. മറ്റൊന്നും ചെയ്യാനില്ല’ എന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളത് ദയവായി നിങ്ങളിങ്ങനെ ചിന്തിക്കരുത് എന്നാണ്. കാരണം നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നമ്മുടെ ഓരോ ശ്രമത്തിനും ഫലമുണ്ട്.

മകളുടെ കാര്യങ്ങളെല്ലാം നന്നായി മുന്നേറിയെങ്കിലും എന്തോ ഒരു വിഷാദം എന്നിൽ ഊറിക്കൂടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. നല്ല ജോലിയുണ്ടായിരുന്ന എനിക്ക് ഇപ്പോൾ ജോലി ഇല്ലല്ലോ, കരിയർ ഇല്ലല്ലോ എന്ന ചിന്ത അലട്ടി.

പ്രതീക്ഷയുടെ പൂവ്

ആ സമയത്താണ് പ്രമുഖ മാസികയിലെ മിസിസ് കേരള കോൺടെസ്റ്റ് ശ്രദ്ധയിൽ പെടുന്നത്. ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചു. ഏട്ടനോട് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഞാനത്രയ്ക്ക് ഡൗൺ ആയിരുന്നു.

ഒാഡിഷനു തനിയേ പോയി. ഞാനില്ലാത്ത സമയം ഏട്ടന്റെ അമ്മയോ എന്റെ അമ്മയോ മോളെ നോക്കും. എപ്പോഴും എല്ലാത്തിനും അമ്മ വേണം എന്ന ശീലം മാറ്റിയെടുക്കണം എന്നും ആഗ്രഹമുണ്ടായിരുന്നു.

ഒാഡിഷന് സെലക്ട് ആയ ശേഷമാണ് ഏട്ടനോടും വീട്ടുകാരോടും പറയുന്നത്. ഏട്ടന് വളരെ സന്തോഷമായി. മ ത്സരത്തിന് ഏട്ടനും അമ്മ പദ്മിനിയും അച്ഛൻ വാസുവും തന്ന പിന്തുണ പറഞ്ഞാൽ തീരില്ല. അഭിനയം എന്ന ലക്ഷ്യം ഞാൻ പറഞ്ഞപ്പോഴും ഏട്ടന് സമ്മതമായിരുന്നു.

മോഡൽ – കാസ്റ്റിങ് ഏജൻസികൾക്ക് പോർട്ട് ഫോളിയോ ഫൊട്ടോഗ്രാഫ് അയച്ചു. ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ‘ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി ’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സിനിമ എന്റെ ജീവിതത്തിൽ വന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. ‌

പിന്നീട് ‘പദ്മവ്യൂഹത്തിലെ അഭിമന്യു’ എന്ന സിനിമയിലെ നായികയായി അവസരം ലഭിച്ചു. ശേഷം ‘ഉയരെ’, ‘ബ്ലാക്ക് കോഫി’, ‘കാണെക്കാണെ’ എന്നീ ചിത്രങ്ങൾ. ഇതുവരെ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് അനീഷ് ബാബു അബ്ബാസിന്റെ ‘പൂവി’ലേത്.

മോഡലിങ്ങാണ് ആദ്യം ചെയ്തു തുടങ്ങിയത്. വന്ന പല സിനിമകളും മോളെ വിട്ട് ഒരുപാട് ദിവസം നിൽക്കേണ്ടി വരുമോ എന്ന ആശങ്കയാൽ ഒഴിവാക്കിയിട്ടുണ്ട്. സാവധാനം ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന വർക്കുകൾ ചെയ്തു. ‘പൂവി’ന് വേണ്ടിയാണ് ആദ്യമായി കൂടുതൽ ദിവസം മോളെ വിട്ട് മാറി നിൽക്കുന്നത്. ഞാനില്ലാത്ത ദിവസങ്ങൾ അവൾ അമ്മൂമ്മമാരോടൊപ്പം ഭംഗിയായി മുന്നേറി.

പരാധീനതയുള്ള കുട്ടികൾക്ക് സദാ കൂട്ടിരിക്കുകയല്ല അവരെ സ്വയംപര്യാപ്തരാക്കി മാറ്റുകയാണ് വേണ്ടത്. ഒരു സ്പെഷൽ ചൈൽഡിന്റെ അമ്മയായിരിക്കുക ഒട്ടും എളുപ്പമല്ല. പക്ഷേ, അത് മാത്രമായാൽ ജീവിതം യാന്ത്രികമാകും, നമ്മുടെ ഊർജം കുറയും, വിധിയെ വല്ലപ്പോഴുമെങ്കിലും നമ്മൾ പഴിക്കും.

എന്റെ കുഞ്ഞ് എന്റെ ജീവിതം പരിമിതപ്പെടുത്തുന്നു എ ന്നു പറയാൻ എനിക്കിഷ്ടമല്ല. പകരം സ്മാർട് അമ്മയായി, അവളെയും പരമാവധി സ്മാർട് ആക്കി വളർത്തുക എന്നതാണ് എന്റെ ലക്ഷ്യം.

സത്യത്തിൽ അവളന്റെ ഏറ്റവും വലിയ ഊർജമാണ്. കാരണം ഒരു സ്പെഷൽ ചൈൽഡിന്റെ, എന്റെ നക്ഷത്രകൺമണിയുടെ സൂപ്പർ മോം അല്ലേ ഇപ്പോൾ ഞാൻ.’’

5a-copy
Tags:
  • Mummy and Me
  • Parenting Tips