‘പ്രണയം എന്ന വാക്കിന് ഈ കാലത്തെ കുട്ടികള്‍ കാണുന്ന അർഥം വേറെയാണെന്നു തോന്നുന്നു. അധ്യാപകരായ ഞങ്ങൾ പഴയ തലമുറ ആയതുകൊണ്ടല്ല. പക്ഷേ, ‘ഫിസിക്കൽ നീഡ്സിന് വലിയ പ്രാധാന്യമുണ്ട്. റിലേഷനിൽ അല്ല, ബെസ്റ്റി മാത്രമാണ് എന്നൊക്കെ പറഞ്ഞാലും എത്തുന്നത് പലപ്പോഴും ലൈംഗികതയിലേക്കാണ്. അതുപോലെ തന്നെയാണ് സോഷ്യൽ മീഡിയയിൽ അറിയാത്ത ആളുകളുമായുള്ള ചതിക്കുഴികളിലേക്ക് എത്തിക്കുന്നത്. അത്തരം കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്.’
മൊബൈലും ടെക്നോളജിയും കുട്ടികളുടെ ജീവിതത്തിലേക്കു വളരെ വേഗത്തിലെത്തിയത് കോവിഡിന് ശേഷമാണെന്നു പറയാം. ഓൺലൈൻ ക്ലാസ് എന്ന ചിന്തയ്ക്കു വന്ന സ്വീകാര്യത ഈ മാറ്റത്തിനു വേഗം കൂട്ടി. ടെക്നോളജിയിൽ വന്ന ഈ കുതിപ്പിലൂടെ ലോകം വിരൽതുമ്പിലൊതുങ്ങി. അന്ധമായ പാശ്ചാത്യവൽക്കരണത്തിലൂടെയും മറ്റും നിലവിലുള്ള സംസ്കാരത്തിൽ വലിയ മാറ്റങ്ങൾ പൊടുന്നനെ വന്നു. ഈ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വെല്ലുവിളിയായി.
വൈകാരികമായ പക്വത വരാൻ കുട്ടികൾക്ക് സമയമെടുക്കും. 20-24 വയസ്സു വരെ പ്രായമെടുക്കാം. അതുകൊണ്ടു തന്നെ സാമൂഹ്യമാധ്യമങ്ങളിൽ കാണുന്ന ആകർഷണീയമായ എന്തും സ്വന്തം ജീവതത്തിലേക്ക് ആവേശപൂർവം പകർത്തുമ്പോൾ അതിന്റെ പിന്നിൽ പതിയിരിക്കുന്ന അ പായം മനസ്സിലാക്കാനുള്ള യുക്തിപരമായ ചിന്ത, കൗമാരക്കാരിൽ ഉണ്ടാകണമെന്നില്ല.
കുട്ടികൾക്ക് പരസ്പരം കളിച്ചും കലഹിച്ചും വളരാനുള്ള സ്വാതന്ത്ര്യം വേണം. എന്നാൽ ബന്ധങ്ങളിൽ അതിർത്തികൾ (ബൗണ്ടറീസ്) പാലിക്കേണ്ട ആവശ്യകതയും കുട്ടികളും മുതിർന്നവരും മനസ്സിലാക്കേണ്ടതുണ്ട്.
അവനവനു സുഖകരമല്ല എന്നു തോന്നുന്ന ഏതു സമീപനത്തോടും അത് സാമൂഹിക മാധ്യമത്തിലൂടെയുള്ളതോ യഥാർഥ ജീവിതത്തിലൂടെയുള്ളതോ ആകട്ടെ. അരുത് / നോ എന്നു സധൈര്യം പറയാനുള്ള നൈപുണ്യം കുട്ടിക ൾക്കു പകർന്നു കൊടുക്കണം. ഇങ്ങനെയുള്ള സങ്കീർണമായ പ്രശ്നങ്ങൾ മാതാപിതാക്കളോടോ ടീച്ചർമാരോടോ തുറന്നു പറഞ്ഞു പ്രശ്നങ്ങൾക്കു വ്യക്തത കൈവരിച്ചു വിദഗ്ധ സഹായം നേടാൻ കുട്ടികളെ പരിശീലിപ്പിക്കണം.
നമ്മുടെ നാട്ടിലെ ‘പോക്സോ’ പോലെയുള്ള നിയമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കേണ്ടതുണ്ട്. സുരക്ഷിതമായ സ്പർശനവും അല്ലാത്തതും അതു തമ്മിലുള്ള വ്യത്യാസവും കുട്ടികളും കൗമാരപ്രായക്കാരും അറിഞ്ഞിരിക്കേണ്ടതുണ്ട്.
‘സിനിമകളും സോഷ്യൽ മീഡിയയും കുട്ടികളുടെ ലാംഗ്വേജിനെ വരെ ബാധി ക്കുന്നു. ‘അയ്ന്?’ എന്ന വാക്കാണ് ഇ പ്പോഴത്തെ ട്രെൻഡ്. എത്ര ഗൗരവമായ കാര്യമായാൽ പോലും ‘അയ്ന്’ എന്ന ചോദ്യത്തിലൂടെ തകർത്തുകളയാൻ ആകുന്നുണ്ട്. മിക്ക സിനിമയിലും അനാവശ്യമായി തിരുകി കയറ്റുന്ന മോശം വാക്കുകൾ കുട്ടികളിന്ന് പരസ്പരം കൂളായി ഉപയോഗിക്കുന്നു. അതിൽ അവർ ഒരു തെറ്റും കാണുന്നില്ല. ഇത് അവരുടെ ക്യാരക്ടറിനെ ബാധിക്കില്ലേ? കുട്ടികളെ തിരുത്താൻ എന്തൊക്കെ ചെയ്യാനാകും?’
അമിതമായി അനുകരിക്കാനുള്ള പ്രവണത കൗമാരക്കാരുടെ പ്രത്യേകതയാണ്. ഒപ്പമുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. കുട്ടികളും മുതിർന്നവരും തമ്മിൽ കാര്യ കാരണ സഹിതമായ ചർച്ചകളിലൂടെയും നർമബോധത്തിലൂടെയുള്ള സംവാദത്തിലൂടെയും വിദ്യാലയങ്ങളിലെ കലാസാംസ്കാരിക വേദികളിലൂടെയും അഭിലഷണീയമായ പെരുമാറ്റരീതികളെ കുറിച്ച് കുട്ടികളെ സരസമായി ബോധവൽക്കരിക്കാം.
കുട്ടികള്‍ അന്ധമായി ആദരിക്കുന്ന സെലിബ്രിറ്റികൾക്ക് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അഭിലഷണീയമായ പെരുമാറ്റ രീതികളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ആകർഷകമായ സന്ദേശങ്ങൾ കൊടുക്കാം. അയ്ന് എന്നവാക്ക് എന്തിനേയും ധിക്കരിക്കാനുള്ള കീ വേർഡ് അല്ലെന്നും മറിച്ച് നമുക്കു നേരെയുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാനുള്ള ആയുധമാണെന്നും പറഞ്ഞു നൽകാം.
‘രാത്രി വൈകിയുള്ള ഉറക്കം വലിയ പ്രശ്നമാണ്. ക്ലാസുകളിൽ ഉറക്കം തൂങ്ങുന്ന കുട്ടികൾ പതിവു കാഴ്ചയാണ്. എങ്ങനെയാണ് അവരെ ചിട്ടയായ ജീവിതത്തിലേക്ക് കൊണ്ടുവരുക?’
നിദ്രാശുചിത്വത്തെക്കുറിച്ചു കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ശരാശരി 7–8 മണിക്കൂറെങ്കിലും രാത്രിയിൽ കുട്ടികൾ ഉറങ്ങണം . തലച്ചോറിന്റെയും മറ്റ് ആരോഗ്യകരമായ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. രാത്രിയുടെ അന്ത്യയാമങ്ങൾ വരെ മൊബൈൽ ഉപയോഗം കുട്ടികളുടെ നിദ്രയേയും മാനസിക ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. കൃത്യമായ സമയത്ത് ഉറങ്ങുകയും പ്രഭാതത്തിൽ കൃത്യസമയത്ത് എഴുന്നേൽക്കുകയും ചെയ്ത് ഇളംവെയിൽ കൊണ്ടു ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നതു കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെ ഗുണം െചയ്യും.
മൊബൈൽ ഫോണുകളുടെ ആരോഗ്യകരമായ ഉപയോഗത്തെക്കുറിച്ച് – സമയം നിഷ്കർഷിച്ചുകൊണ്ടുള്ള ഉ പയോഗം, ഏതൊക്കെ സൈറ്റുകൾ ഉപയോഗിക്കാം, എങ്ങനെ അതിനെ ക്രമപ്പെടുത്താം, എന്നൊക്കെയുള്ള അറിവു നിരന്തരം കുട്ടികൾക്കു പകർന്നു കൊടുക്കണം. അതിനുള്ള ആപ്പുകളും ഉണ്ട്. മാതാപിതാക്കൾക്കു കുട്ടികളുടെ സെൽഫോൺ ഉപയോഗത്തിനു നിയന്ത്രണം കൽപ്പിക്കുന്ന ആപ്പുകളെക്കുറിച്ചും അറിവു പകർന്നു കൊടുക്കണം.
ചിട്ടയായ വ്യായാമം പ്രത്യേകിച്ചു വീടിനു വെളിയിൽ പ്രകൃതിയുമായി ഇഴുകിച്ചേർന്നു ചെയ്യുകയാണെങ്കിൽ കുട്ടികളുടെ മാനസിക സമ്മർദത്തിന് അയവു വരികയും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. കാലത്തെ ഇളംവെയിൽ ഏൽക്കുന്നതും വ്യായാമങ്ങളും സർക്കാഡിയൻ താളത്തിലുള്ള (CIRCADIAN RHYTHM) താളപ്പിഴകളെ തിരുത്തി രാത്രി, സുഖനിദ്ര പ്രദാനം ചെയ്യും.