കൺചിമ്മി ഒരു പിഞ്ചുകുഞ്ഞ് ജനിക്കുമ്പോൾ ഒപ്പം ഒരമ്മയും ജനിക്കുകയാണ്. എട്ടും പൊട്ടും തിരിയാത്ത പാൽകുഞ്ഞിനെപ്പോലെ തനിക്കു കിട്ടിയ മുത്തിനെ എന്തു ചെയ്യണം എങ്ങനെ വേണം എന്നറിയാത്ത ‘അമ്മക്കുഞ്ഞ്’. വാവയെ എപ്പോൾ പാലൂട്ടണം, കുഞ്ഞുടുപ്പുകൾ എങ്ങനെ വേണം, പൊടിക്കുഞ്ഞിനും കോവിഡ് വരുമോ എന്നു തുടങ്ങി അമ്മ മനം ആശങ്കപ്പെടുന്ന പല കാര്യങ്ങളുണ്ട്. കുഞ്ഞിന്റെ ആദ്യ 90 ദിവസങ്ങളിലാണ് അവർക്കേറെ പരിചരണം വേണ്ടത്. നവജാതശിശുവിന്റെ ശാരീരിക – മാനസിക ആരോഗ്യകാര്യങ്ങളിൽ അറിഞ്ഞിരിക്കേണ്ട കൊച്ചു കൊച്ചു വലിയ കാര്യങ്ങളറിയാം.
കുഞ്ഞാവയെ കുളിപ്പിക്കുമ്പോൾ
ആരോഗ്യമുള്ള കുഞ്ഞിനെ ജനിച്ച് ആറു മണിക്കൂർ കഴിഞ്ഞു കുളിപ്പിക്കും. വീട്ടിലെത്തി ഒരാഴ്ചയ്ക്കു ശേഷം എണ്ണ തേപ്പിച്ചു ദേഹം മൃദുവായി മസാജ് ചെയ്തു കുളിപ്പിക്കാം. അതുവരെ ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കുഞ്ഞുശരീരം തുടച്ചാലും മതി.
കുഞ്ഞിന്റെ ആദ്യ മൂന്നു മാസത്തെ പരിപാലനത്തിൽ ആയുർവേദം പ്രധാനമായും പറയുന്നത് എണ്ണ തേപ്പിച്ചുള്ള കുളിയാണ്. കുഞ്ഞിനെ കുളിപ്പിക്കാൻ തേങ്ങാ വെന്ത വെളിച്ചെണ്ണ മതി. തലയിലും ശരീരത്തും ഇതു പുരട്ടാം. കാച്ചിയ എണ്ണകൾ മൂന്നു മാസം വരെ വേണ്ട. കുഞ്ഞിന്റെ ചർമസ്വഭാവവും പ്രതിരോധശക്തിയും കണക്കിലെടുത്തു മൂന്നു മാസത്തിനു ശേഷം ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം കാച്ചിയ എണ്ണകൾ ഉപയോഗിക്കാം.
കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കും. മസാജിങ് കഴിഞ്ഞാലുടനെ കുഞ്ഞിനെ കുളിപ്പിക്കാം. കുളിപ്പിക്കാനായി 5–8 മിനിറ്റിൽ കൂടുതൽ സമയം വേണ്ട. നാൽപാമര പട്ട, തെച്ചി, ത്രിഫല എന്നിവയിലേതെങ്കിലും ഇട്ടു വെന്ത വെള്ളം ഇളം ചൂടോടെ ഉപയോഗിക്കാം. സോപ്പിനു പകരം ചെറുപയറുപൊടി, നെല്ലിക്കാപ്പൊടി, തെച്ചിയോ ചെമ്പരത്തിയോ ഉണക്കിപ്പൊടിച്ചത് ഇവ ഉപയോഗിക്കാം.
കിടന്നു പാൽ കൊടുത്താൽ
അമ്മമാർക്ക് സൗകര്യപ്രദമായ രീതിയിൽ പാലൂട്ടാം. എന്നാൽ അതു കുഞ്ഞിന് അപകടമാകുന്ന തരത്തിലാകരുത്. കിടന്നു കൊണ്ടു പാലൂട്ടുന്നതല്ല പ്രശ്നം, ഉറക്കത്തിലെ പാലൂട്ടലാണ്. രാത്രിയിൽ കിടന്നു കൊണ്ടു പാലു കൊടുക്കുമ്പോൾ പലപ്പോഴും കുഞ്ഞും അമ്മയും ഉറങ്ങിപ്പോകും. കുഞ്ഞിന്റെ വായിൽ കുടിച്ചിറക്കാത്ത പാലും ഉണ്ടാകും. ഉറക്കത്തിൽ കരയുമ്പോഴോ ദീർഘമായി ശ്വസിക്കുമ്പോഴോ ഇതു ശ്വാസകോശത്തിൽ കുടുങ്ങി അപകടമുണ്ടാകും.
എപ്പോൾ പാലു കൊടുത്താലും കുഞ്ഞിനെ തോളിൽ കിടത്തി ഗ്യാസ് തട്ടിക്കളയണം. കുഞ്ഞ് പാൽ കുടിച്ചിറക്കിയെന്ന് ഉറപ്പു വരുത്തിയ ശേഷമേ കിടത്താവൂ. ഇരുന്നു കൊണ്ടാണ് പാൽ കൊടുക്കുന്നതെങ്കിൽ അമ്മ ഉറങ്ങിപ്പോകാനുള്ള സാധ്യത കുറവാണ്. മാത്രമല്ല കൈത്തണ്ടയിൽ കിടത്തുമ്പോൾ തല അൽപം ഉയർന്നിരിക്കുന്നതിനാൽ പാല്‍ വേഗം ഇറങ്ങിപ്പോകുകയും ചെയ്യും.
കിടത്തി പാലൂട്ടന്നതു കൊണ്ടുള്ള മറ്റൊരു പ്രശ്നമാണ് ചെവിയിലെ അണുബാധ. ചെവിയുടെ ഉൾഭാഗത്തേക്ക് പാൽ കടക്കുകയും അതുവഴി അണുബാധയുണ്ടാകുകയും ചെയ്യും. തലയൽപം ഉയർത്തി പാലൂട്ടിയാൽ ഈ പ്രശ്നം പരിഹരിക്കാം.
അമ്മ കോവിഡ് പോസിറ്റീവ് ആണെങ്കിൽ
അമ്മയ്ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ അതു കുഞ്ഞുങ്ങളിലേക്കു പടരുന്നത് സാമീപ്യത്തിലൂടെയും ശ്വാസത്തിലൂടെയുമാണ്. മുലപ്പാലിലൂടെ അല്ല. അതിനാൽ പാലൂട്ടൽ നിർത്തുന്നതിൽ അർഥമില്ല. പാലൂട്ടൽ നിർത്തിയാൽ കുഞ്ഞിന് മറ്റു പല അസുഖങ്ങളും ഉണ്ടാകുകയും ചെയ്യും.
കോവിഡ് പോസിറ്റീവായ അമ്മ കുഞ്ഞിനെ പാലൂട്ടുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
∙ കുഞ്ഞിനെ പാലൂട്ടും മുൻപ് കൈകൾ നന്നായി സോപ്പിട്ടു കഴുകണം. പാലൂട്ടുന്ന സമയത്ത് മൂന്നു മാസ്ക് ഉപയോഗിക്കുക. ഫെയ്സ്ഷീൽഡും ധരിക്കാം.
∙ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു മീതെ കഴുകി വച്ചിരിക്കുന്ന തുണി പുതച്ച ശേഷം കുഞ്ഞിനു പാൽ നൽകാം. അതല്ലെങ്കിൽ കുഞ്ഞിനു പാൽ നൽകുമ്പോൾ മാത്രം ധരിക്കാൻ ഒരു വസ്ത്രം മാറ്റി വയ്ക്കുക. കൈ കഴുകി മാസ്ക് ധരിച്ച ശേഷം വസ്ത്രം മാറുക.
∙ പാലൂട്ടിയ ശേഷം കുഞ്ഞിന്റെ ഉടുപ്പു മാറ്റി പുതിയതു ധരിപ്പിക്കാം. ഏതെങ്കിലും തരത്തിൽ ഉടുപ്പിൽ സ്രവം വീണിട്ടുണ്ടെങ്കിൽ അതു കുഞ്ഞിന് ദോഷമാകാതിരിക്കാനാണിത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. മുരളീധരൻ, കൺസൽറ്റന്റ് പീഡിയാട്രീഷൻ, ജനറൽ ആശുപത്രി, മാഹി. ഡോ. അഞ്‌ജലി ടി. സി, അസി. പ്രഫസർ, ഡിപാർട്മെന്റ് ഓഫ് പീഡിയാട്രിക്സ്, ഗവ. ആയുർവേദ കോളജ്, പരിയാരം