Saturday 31 December 2022 03:07 PM IST

‘കഷ്ടപ്പെട്ടും കാത്തിരുന്നുമായിരിക്കും ഒരാൾ ഇഷ്ടപ്പെട്ട കരിയറില്‍ എത്തുന്നത്; കുഞ്ഞിനെ നോക്കാനായി ജോലി ഉപേക്ഷിക്കുന്നതിനോട് യോജിക്കാനാകില്ല’

Rakhy Raz

Sub Editor

parenting6547mothers 1. സുമം തോമസ്, മാധ്യമ പ്രവർത്തക, തിരുവനന്തപുരം, 2. സിനു രാജേന്ദ്രൻ, മക്രാമേ ആർട്ടിസ്റ്റ്, ഡിജിറ്റൽ ഇല്ലസ്ട്രേറ്റർ, കോഴിക്കോട്

ലോകത്ത് ആദ്യമായി ജനപ്രതിനിധി സഭയിൽ മുലയൂട്ടിയ വനിതയായി ഒാസ്ട്രേലിയൻ സെനറ്റർ ലാരിസ വാട്ടേഴ്സ് മാറിയപ്പോൾ സഹ സെനറ്റർ ആയ കേറ്റി ഗല്ലാഘർ പറഞ്ഞു. ‘‘സ്ത്രീകൾ ഇനിയും പ്രസവിക്കും. ജോലിയിലായിരിക്കെത്തന്നെ കുഞ്ഞുങ്ങളെ നോക്കുകയും ചെയ്യും. യാഥാർഥത്തി ൽ സംഭവിക്കാൻ പോകുന്നതു നമ്മൾ ഇത് ഉൾക്കൊള്ളേണ്ടി വരും എന്നതു മാത്രമാണ്.’’ 2017 ലായിരുന്നു ഇത്.  

2016 ൽ സ്പാനിഷ് എംപി കരോളിന ബെസ്കാൻസ പാർലമെന്റിൽ കുഞ്ഞിനു മുലയൂട്ടിയത് ലോകമെമ്പാടും നിശിതമായി വിമർശിക്കപ്പെട്ടു. ലാരിസ വാട്ടേഴ്സിലേക്ക് എത്തുമ്പോൾ ലോകം  മാതൃ- ശിശു സൗഹാർദത്തിലേക്ക് ചുവടുവയ്ക്കുന്നതായി കാണാം. 2018 ൽ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ അർഡൻ കുഞ്ഞുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്തു ചരിത്രം കുറിച്ചതു മാറ്റത്തിനു കൂടുതൽ ശക്തി പകർന്നു.

ഈ സംഭവങ്ങളെ വാനോളം പുകഴ്ത്തുമ്പോഴും പത്തനംതിട്ട കലക്ടർ ദിവ്യ എസ്. അയ്യർ പൊതുസഭയിൽ കുഞ്ഞിനെയുമെടുത്ത് പ്രസംഗിച്ചതിനെ വിമർശിച്ചവർ ഏറെയായിരുന്നു. സ്ത്രീസമത്വത്തിലേക്കു നാടു മുന്നേറുന്നുണ്ടെങ്കിലും അതു പൂർണമാകാൻ നമ്മളിനിെയത്ര കാതം നടക്കണം എന്നു സൂചിപ്പിക്കുന്നതാണ് ഈ വിവാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദിവ്യ എസ്. അയ്യരെ പിന്തുണച്ചുകൊണ്ടു പല മേഖലകളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും മുന്നോട്ടു വന്നു എന്നത് പ്രതീക്ഷയുണർത്തുകയും ചെയ്യുന്നു.

സ്ത്രീയെ മനസ്സിലാക്കുന്ന സമത്വമാണ് വേണ്ടത്: സിനു രാജേന്ദ്രൻ, മക്രാമേ ആർട്ടിസ്റ്റ്, ഡിജിറ്റൽ ഇല്ലസ്ട്രേറ്റർ, കോഴിക്കോട്   

എന്തുകൊണ്ടാണു ജോലിയുള്ള സ്ത്രീ കുഞ്ഞിനെ ഓഫിസിലോ തനിക്കു പങ്കെടുക്കേണ്ട പരിപാടികളിലോ കൂടെ കൂട്ടുന്നത് എന്ന് അമ്മമാരായ സ്ത്രീകൾക്ക് ഉറപ്പായും മനസ്സിലാകും. സ്ത്രീകളെ മനസ്സിലാക്കുന്ന പുരുഷന്മാർക്കും.

ഞാൻ ഡിസൈനറും ഡിജിറ്റൽ ഇല്ലസ്ട്രേറ്ററുമായിരുന്നു. ബെംഗളൂരുവിലാണു ജോലി ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ മാക്രമേ ആർട്ടിസ്റ്റ് ആണ്. കരിയർ മാറ്റത്തിനു കാരണം മകൾ ജാൻകി ആണ്. ജാൻകി ജനിച്ചത് ആദ്യ ലോക്ഡൗൺ സമയത്തായിരുന്നു. ആ സമയം ഞാൻ നാട്ടിലും പങ്കാളി ആരോഷ് ബെംഗളൂരുവിലുമായിരുന്നു.

ചെക്കപ്പിനും പ്രസവത്തിനും കൂടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് ഭീതികൊണ്ട് ആരും വീട്ടിലേക്കു വന്നിരുന്നില്ല. വല്ലാത്ത ഒറ്റപ്പെടൽ തോന്നിയിരുന്നു.

പ്രസവത്തിനു മുൻപു തന്നെ പ്രസവാനന്തര വിഷാദത്തെക്കുറിച്ച് അറിയാമായിരുന്നതു കൊണ്ട് അതിലേക്കു നീങ്ങുകയാണെന്നു പെട്ടെന്നു മനസ്സിലായി. ജോലിയിൽ തീരെ ശ്രദ്ധിക്കാൻ കഴിയാതായി. ഡോക്ടർ സുഹൃത്താണു പരിഹാരമായി ഇതുവരെ ചെയ്യാത്ത കാര്യം പരീക്ഷിക്കുന്നതിനെക്കുറിച്ചു പറയുന്നത്. അങ്ങനെയാണ് ഡിസൈനിങ് ജോലി ഉപേക്ഷിച്ചു മാക്രമേ പരീക്ഷിക്കുന്നതും വിജയിക്കുന്നതും.

പ്രസവശേഷം ആരോഷ് ബെംഗളൂരുവിലെ ജോലി വിട്ടു നാട്ടിലെത്തി. ഞങ്ങൾ രണ്ടാളും കൂടിയാണ് ജാൻകിയെ നോക്കുന്നത്. ആരൊക്കെ എത്ര നന്നായി നോക്കിയാലും മോൾക്ക് സുഖമില്ലാതെ വന്നാൽ അമ്മ വേണം എന്നു വാശിപിടിക്കും. അമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ അങ്ങനെയാരു ഇഴയടുപ്പം ഉണ്ട്. അച്ഛന്മാർക്കോ മുത്തശ്ശീമുത്തശ്ശന്മാർക്കോ നികത്താനാകാത്തൊരു അടുപ്പം.

ഇതു മനസ്സിലാക്കി സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകിയാൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മാത്രമല്ല, സമൂഹത്തിന്റെയാകെ  ജീവിതം കൂടുതൽ സുന്ദരമാകും. സ്ത്രീകളെ സമത്വത്തോടെ കാണുക എന്നാൽ അവരുടെ അവസ്ഥകളെ ഉൾക്കൊണ്ടുകൂടി നൽകുന്ന സമത്വമായിരിക്കണം.

അനാവശ്യ വിമർശനങ്ങളെ തള്ളിക്കളയണം: സുമം തോമസ്, മാധ്യമ പ്രവർത്തക, തിരുവനന്തപുരം

പ്രസവ അവധി കഴിഞ്ഞ് ഏഴാം മാസത്തിൽ ജോലിക്കു തിരികെ കയറി. ഭർത്താവ് സുനിലൻ ജോലി ഓൺലൈൻ എഴുത്തുകളിലേക്കു മാറ്റി മകൾ പൊന്മയെ നോക്കാനായി വീട്ടിലുണ്ടായിരുന്നു. സഹായത്തിന് ഒരു ബന്ധുവും.

കൈക്കുഞ്ഞിനെ വീട്ടിൽ വിട്ടു ജോലിക്കു വരിക സ്ത്രീകളെ ശാരീരികമായും വൈകാരികമായും ബാധിക്കുന്ന സങ്കടമാണ്. ഓഫിസിലേക്ക് ഇറങ്ങുന്നതു കാഴ്ചയിൽ നിന്ന് അവളെ മാറ്റിയ ശേഷമായിരിക്കും. ഓഫിസിനടുത്തു തന്നെയായിരുന്നു താമസം. എന്നാൽ പോലും കുഞ്ഞിനെക്കുറിച്ചുള്ള വിചാരം ബാധിക്കും. ഇത് ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന പ്രയാസമാണ്. പൊന്മയ്ക്ക് ഇപ്പോൾ മൂന്നു വയസ്സായി. അംഗൻവാടിയിൽ പോയിത്തുടങ്ങി.

സുനിലന് അത്യാവശ്യമായി യാത്ര പോകേണ്ട അവസരങ്ങളിൽ, മോൾ അൽപം വലുതായശേഷം ഓഫിസിലേക്ക് കൊണ്ടുവരേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ തവണ. ഇത്തരം ഘട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ഥാപനവും സഹപ്രവർത്തകരും സ്ത്രീകളോട് അനുഭാവത്തോടെ പെരുമാറുകയാണു വേണ്ടത്. എനിക്കതു ലഭിച്ചിട്ടുണ്ട്.  

സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രധാനമാണ് കരിയർ. കഷ്ടപ്പെട്ടും കാത്തിരുന്നുമായിരിക്കും ഒരാൾ ഇഷ്ടപ്പെട്ട കരിയറിലേക്ക് എത്തുന്നത്. അതുകൊണ്ടു കുഞ്ഞിനെ നോക്കാനായി ജോലി ഉപേക്ഷിക്കുക, വീട്ടിലിരിക്കുക തുടങ്ങിയ കാര്യങ്ങളോട് യോജിക്കാനാകില്ല.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ ഉത്തരവാദിത്തമാണ്. തുടക്കക്കാലത്തു സ്ത്രീകൾക്ക് അൽപം കൂടുതലായി ഉത്തരവാദിത്തം എടുക്കേണ്ടി വരാം എന്നു മാത്രം. ആദ്യത്തെ മൂന്നോ നാലോ വർഷമേ ഇതാവശ്യമുള്ളൂ. ഈ കാലയളവിൽ ഇതിനെ അനുഭാവപൂർവം പരിഗണിക്കേണ്ടി വരും.

വേണ്ടത്ര പരിഗണന ലഭിക്കാഞ്ഞിട്ടും കരിയറും കുഞ്ഞുങ്ങളുടെ പരിപാലനവും വിജയകരമായി മുന്നോട്ടുപോകുന്ന സ്ത്രീകളുണ്ട്. കുഞ്ഞിനെ നോക്കാൻ അമ്മയ്ക്ക് സമയമില്ല, കുഞ്ഞിനേക്കാളും വലുതാണ് ജോലി തുടങ്ങിയ വിമർശനങ്ങളാണ് ജോലിയുള്ളവർ പൊതുവേ നേരിടാറുള്ളത്. കുടുംബത്തിൽ നിന്നായിരിക്കും കൂടുതലും. അക്കാദമിക് സ്വഭാവമുള്ള ചടങ്ങുകളിൽ കുഞ്ഞിനെ കൊണ്ടുപോകേണ്ടി വരുമ്പോൾ ‘ഇത് നിങ്ങളുടെ വീട്ടു കാര്യമല്ലേ’ എന്നായിരിക്കും വിമർശനം. ഇത്തരം വിമർശനങ്ങളെ തള്ളിക്കളയുക.

Tags:
  • Mummy and Me
  • Parenting Tips