കരിയറിസ്റ്റ് ആയ സ്ത്രീക്ക് ജോലിസ്ഥലത്തും പൊതുപരിപാടിയിലും മക്കളുമായി പോകേണ്ട സാഹചര്യമുണ്ടാകാം. അതിനെ ഇത്ര വിമർശിക്കുന്നതെന്തിന്?
ലോകത്ത് ആദ്യമായി ജനപ്രതിനിധി സഭയിൽ മുലയൂട്ടിയ വനിതയായി ഓസ്ട്രേലിയൻ സെനറ്റർ ലാരിസ വാട്ടേഴ്സ് മാറിയപ്പോൾ സഹ സെനറ്റർ ആയ കേറ്റി ഗല്ലാഘർ പറഞ്ഞു. ‘‘സ്ത്രീകൾ ഇനിയും പ്രസവിക്കും. ജോലിയിലായിരിക്കെത്തന്നെ കുഞ്ഞുങ്ങളെ നോക്കുകയും ചെയ്യും. യാഥാർഥത്തി ൽ സംഭവിക്കാൻ പോകുന്നതു നമ്മൾ ഇത് ഉൾക്കൊള്ളേണ്ടി വരും എന്നതു മാത്രമാണ്.’’ 2017 ലായിരുന്നു ഇത്. 2016 ൽ സ്പാനിഷ് എംപി കരോളിന ബെസ്കാൻസ പാർലമെന്റിൽ കുഞ്ഞിനു മുലയൂട്ടിയത് ലോകമെമ്പാടും നിശിതമായി വിമർശിക്കപ്പെട്ടു. ലാരിസ വാട്ടേഴ്സിലേക്ക് എത്തുമ്പോൾ ലോകം മാതൃ–ശിശു സൗഹാർദത്തിലേക്ക് ചുവടുവയ്ക്കുന്നതായി കാണാം.
2018 ൽ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ അർഡൻ കുഞ്ഞുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്തു ചരിത്രം കുറിച്ചതു മാറ്റത്തിനു കൂടുതൽ ശക്തി പകർന്നു. ഈ സംഭവങ്ങളെ വാനോളം പുകഴ്ത്തുമ്പോഴും പത്തനംതിട്ട കലക്ടർ ദിവ്യ എസ്. അയ്യർ പൊതുസഭയിൽ കുഞ്ഞിനെയുമെടുത്ത് പ്രസംഗിച്ചതിനെ വിമർശിച്ചവർ ഏറെയായിരുന്നു. സ്ത്രീസമത്വത്തിലേക്കു നാടു മുന്നേറുന്നുണ്ടെങ്കിലും അതു പൂർണമാകാൻ നമ്മളിനിയെത്ര കാതം നടക്കണം എന്നു സൂചിപ്പിക്കുന്നതാണ് ഈ വിവാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദിവ്യ എസ്. അയ്യരെ പിന്തുണച്ചുകൊണ്ടു പല മേഖലകളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും മുന്നോട്ടു വന്നു എന്നത് പ്രതീക്ഷയുണർത്തുകയും ചെയ്യുന്നു.
പൊതു ഇടങ്ങൾ ബാലസൗഹൃദമാകണം: ദിവ്യ എസ്. അയ്യർ, കലക്ടർ, പത്തനംതിട്ട
ഞാൻ ഈ വിമർശനങ്ങളെ ആദ്യം മുതൽ തന്നെ പ്രതികൂല മനസ്ഥിതിയോടെയല്ല കണ്ടിരുന്നത്. എന്തു കാര്യത്തിനും അനുകൂലവും പ്രതികൂലവുമായ അഭിപ്രായം ഉള്ളവരുണ്ടാകും. സമൂഹമാധ്യമത്തിലെ പ്രതികരണങ്ങളിൽ പലതും ക്ഷണനേരം കൊണ്ടുണ്ടാകുന്നതാണ്. സംവിധായകൻ ബ്ലെസി ആയിരുന്നു അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവമേളയുടെ ഉദ്ഘാടകൻ. എന്റെ പ്രസംഗം കഴിഞ്ഞ ശേഷം ബ്ലെസി പറഞ്ഞത്. ‘എത്ര മനോഹരമായ അനുഭവമായിരിക്കുന്നു ഇത്’ എന്നാണ്.
ആ വേദിയിലുണ്ടായിരുന്ന ആർക്കും ഞാൻ മകൻ മല്‍ഹാറിനെയുമെടുത്തു പ്രസംഗിച്ചതിൽ ഒരസ്വസ്ഥതയും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ഏൽപിക്കാൻ ആളില്ലാത്തതു കൊണ്ടല്ല, മകനോടൊപ്പം ഇരിക്കണം എന്ന ആഗ്രഹം കൊണ്ടാണു ഞാനവനെ ഔദ്യോഗികമല്ലാത്ത പരിപാടികളിൽ കൊണ്ടുപോകുന്നത്. അതെന്റെ അവകാശമാണ്.
കുട്ടികളുടെ കാര്യത്തിൽ എല്ലായ്പ്പോഴും അമ്മയും കുഞ്ഞും അല്ലെങ്കിൽ കുഞ്ഞും കുടുംബവും എന്ന രീതി നല്ലതല്ല. അമ്മ എന്ന നിലയിലല്ലാതെ ഞാൻ ഏതു തരം വ്യക്തിയാണ്, എങ്ങനെ സമൂഹത്തെ അഭിമുഖീകരിക്കുന്നു, മറ്റുള്ളവരുമായി എങ്ങനെ ആശയവിനിമയം ചെയ്യുന്നു ഇതെല്ലാം അവൻ അറിഞ്ഞിരിക്കണം. ഇതെല്ലാം കണ്ടാവണം അവർ വളരേണ്ടത്.
വിവാദ പോസ്റ്റിനു ശേഷമുള്ള സ്വകാര്യ സംഭാഷണത്തിൽ ഞാനും ശബരിനാഥും പങ്കുവച്ച ചിന്ത ഒരച്ഛനായിരുന്നു കുട്ടിയെയും കൊണ്ടു വേദിയിൽ കയറിയിരുന്നതെങ്കിൽ ‘എന്തു നല്ലൊരച്ഛനാണ്’ എന്നായിരിക്കും പ്രതികരണം. അതൊരു വലിയ കാര്യമായി ആളുകൾ മനസ്സിലാക്കും. ഒരു സ്ത്രീ അതു ചെയ്യുമ്പോൾ അതിനെ നിസാരവൽക്കരിക്കുന്ന പ്രവണതയാണു സമൂഹത്തിനുള്ളത്.
പൊതു ഇടങ്ങൾ ബാല സൗഹൃദമാകണം. മുലയൂട്ടാൻ ഇടവും ഊഞ്ഞാലും സ്ലൈഡും ഒരുക്കലും മാത്രല്ല അത്. കുട്ടികളുടെ വ്യക്തിത്വ വളർച്ചയെ സഹായിക്കുന്ന വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന വിധത്തിലാകണം പൊതു ഇടങ്ങൾ.