Thursday 09 November 2023 04:58 PM IST

സ്നേഹം വിടാതെ, ഗുണ്ടായിസം കാണിക്കാതെ മക്കളെ എങ്ങനെ കൈകാര്യം ചെയ്യാം? പുതിയ കാലത്തെ മാതാപിതാക്കള്‍ പഠിക്കേണ്ടത്!

Priyadharsini Priya

Senior Content Editor, Vanitha Online

dr-cj-john8764 Dr. C.J.John, Culprit Abees

പതിനാലുകാരിയെ വിഷം കുടിപ്പിച്ചും ഇരുമ്പുവടി കൊണ്ടടിച്ചും സ്വന്തം പിതാവ് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ദുരഭിമാനത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍ മകളെ വരെ ഇല്ലാതാക്കാന്‍ തീരുമാനിച്ച ആ പിതാവിന്റെ അപ്പോഴത്തെ മാനസികനില എന്തായിരിക്കും? കൗമാരത്തിന്റെ തുടക്കത്തില്‍ കുട്ടികളുടെ മനസ്സില്‍ തോന്നുന്ന ചെറിയ ഇഷ്ടങ്ങളെ ഇത്തരത്തില്‍ ഗുരുതരമായ ഒരു തെറ്റായി വ്യാഖ്യാനിക്കേണ്ടതുണ്ടോ? കാലം മാറിയിട്ടും നമ്മുടെ പ്രാകൃതമായ പാരന്റിങ് രീതിയില്‍ മാറ്റം വന്നിട്ടില്ല എന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. പുതിയ കാലത്തെ പാരന്റിങ്ങിലെ പാളിച്ചകളെ കുറിച്ച്, വിവിധ മാനസികതലങ്ങളെ കുറിച്ച് വനിതാ ഓണ്‍ലൈനുമായി ആശയങ്ങള്‍ പങ്കുവയ്ക്കുകയാണ് മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ സി.ജെ. ജോണ്‍.  

കുട്ടികള്‍ അടിമകളല്ല!

പ്രായഭേദമില്ലാതെ ഒരു പൊതുധാരണയുണ്ട് കുട്ടികളുടെ ഉടമസ്ഥരാണ് മാതാപിതാക്കള്‍ എന്ന്. അവര്‍ അപ്രിയമായത് എന്തെങ്കിലും ചെയ്തു കഴിഞ്ഞാല്‍ ഏതറ്റം വരെ പോയിട്ടും അത് തിരുത്താനുള്ള നടപടി എടുക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഏറെയുണ്ട്. ക്രൂരമായി അടിച്ചിട്ടും ശകാരിച്ചിട്ടും, കുട്ടിയ്ക്ക് ഒരിക്കലും അംഗീകരിക്കാനാകാത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന മാതാപിതാക്കളുണ്ട്. കുട്ടികള്‍ സ്വന്തം വീടുകളിലാണ് ഏറ്റവും കൂടുതല്‍ ഉപദ്രവിക്കപ്പെടുന്നത്. പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നതും അതാണ്. അതിന്റെ അതീവ ഗുരുതരമായ അവസ്ഥയാണ് ആലുവയിലെ അച്ഛനിലൂടെ നമ്മള്‍ കണ്ടത്.

പാരന്റിങ്ങില്‍ മനുഷ്യത്വപരവും കുട്ടികളോട് സൗഹൃദപരവുമായ സമീപനമാണ് വേണ്ടത്. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടിയെ എന്തും ചെയ്യാം എന്ന ധാര്‍ഷ്ട്യത്തോടെ മാതാപിതാക്കള്‍ പെരുമാറരുത്. ഇത്തരം മാതാപിതാക്കളില്‍ ഒരു തീവ്രവാദമുഖം ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ മുറിയില്‍ പൂട്ടിയിടുക, ഭക്ഷണം കൊടുക്കാതിരിക്കുക, ക്രൂരമായി മര്‍ദ്ദിക്കുക തുടങ്ങിയ അവസ്ഥകള്‍ കാണാറുണ്ട്. 

ഇവിടെ അതിനേക്കാള്‍ പ്രശ്നം ഉണ്ടാക്കിയത് പ്രണയം എന്ന വികാരം കയറിവന്നതാണ്.  പതിനാലു വയസുകാരി പ്രണയിച്ചു, അതും അന്യമതസ്ഥനെ.. ഈ ഘടകങ്ങള്‍ വന്നതോടെ നിലവിലുള്ള ധാര്‍മിക ബോധം കൂടി അതിനെ കൂടൂതല്‍ സങ്കീര്‍ണ്ണമാക്കി. ഇങ്ങനെയൊരു മകള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്ന തീവ്രവാദ ചിന്തയിലേക്ക് അച്ഛന്‍ പോകുകയും ചെയ്തു. അവിടെ മറന്നുപോയ ഒരു കാര്യം പതിനാലു വയസുകാരി എന്നത് തലച്ചോറും മനസും നിര്‍മിതിയുടെ ഘട്ടത്തില്‍ കൂടി സഞ്ചരിക്കുന്ന ഒരു കുട്ടിയാണ് എന്നതാണ്. പതിനാലു വയസ്സുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളെം അവര്‍ക്ക് ഇത്തരത്തിലുള്ള ഇഷ്ടങ്ങളും പ്രണയങ്ങളും ഒക്കെ ഉണ്ടാകാം. പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തില്‍ മൊബൈലും മറ്റും ഉപയോഗിക്കുന്നതു കൊണ്ട് അതിന്റെ ആവിഷ്കാരങ്ങള്‍ അതിരുവിടാം. 

അധികാരി ചമയരുത്

മാതാപിതാക്കള്‍ക്ക് അത്രയേറെ ജാഗ്രതയുണ്ടെങ്കില്‍ തുടക്കത്തിലെ ശ്രദ്ധിച്ച് ഇതൊന്നും ഈ പ്രായത്തിനു ചേര്‍ന്നതല്ല എന്ന് സൗമ്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാം. മക്കള്‍ക്ക് എന്തും തുറന്നു സംസാരിക്കാനുള്ള സാഹചര്യം വീടിനകത്തു വേണം. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും, സൗമ്യമായി ഇടപെടാനും, മനസ് കൊണ്ട് മാതാപിതാക്കള്‍ പക്വത നേടിയിരിക്കണം. ഇപ്പോള്‍ നിനക്കിത് അനുയോജ്യമാണോ, അതോ ഇത്തരം ചിന്തകളില്‍ ഒരു തീരുമാനം എടുക്കുന്നത് കുറച്ചുകൂടി നീട്ടിവയ്ക്കണോ എന്നൊക്കെ സ്നേഹത്തോടെ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്താം. 

ബോധ്യപ്പെടുത്തല്‍ എന്നൊരു ഘട്ടമുണ്ട്. പലപ്പോഴും അധികാരി ചമയുന്ന മാതാപിതാക്കളില്‍ ഇതുപോലൊരു തുറന്ന സമീപനം ഉണ്ടാവില്ല. പ്രശ്നങ്ങളില്‍ ജനാധിപത്യപരമായി ഇടപെട്ട് മൃദുവെങ്കിലും ദൃഢമായി, നോക്കൂ ഇത് ശരിയല്ല എന്ന് കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തണം. ആ രീതിയില്‍ ഒരു ഉള്‍ക്കാഴ്ചയുണ്ടാക്കി കൊടുക്കുകയും വേണം. കുട്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കാളിയാവുകയും വേണം. അതേസമയം എന്തെങ്കിലും ഒരു പാളിച്ച കുട്ടിയില്‍ നിന്നുണ്ടായാല്‍ അടച്ച് ആക്ഷേപിക്കുന്ന രീതി ശരിയല്ല. അല്ലെങ്കില്‍ തന്നെ നീ ഇങ്ങനെയാണ്, നിന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന് പറയുമ്പോള്‍ കുട്ടിയുടെ പോസ്റ്റീവ് ആയ കാര്യങ്ങളെ കൂടി നിരാകരിക്കുകയാണ്. തെറ്റ് മാത്രം ചൂണ്ടികാണിച്ച് അത് സ്വയം തിരുത്താനുള്ള സാഹചര്യം ഒരുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. 

അധികാരി ചമയുന്ന മാതാപിതാക്കളുടെ ഭീഷണികള്‍ തലച്ചോറും മനസും പാകതയെത്താത്ത കുട്ടികളില്‍ പിടിവാശിയ്ക്കു കാരണമാകും. വാശി കാണിക്കുന്ന കുട്ടികയുടെ മാനസികാവസ്ഥ തന്നെയാണ് ടോക്സിക്കായ മാതാപിതാക്കള്‍ക്കും. പ്രായത്തില്‍ മുതിര്‍ന്നിട്ടും അവരുടെ മാനസികതലം ഉയര്‍ന്നിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. 

ഹൃദയവേദനയുണ്ടാകും, പക്ഷേ...

കൗമാരത്തില്‍ പ്രണയം ഉണ്ടാകുന്നതൊക്കെ സ്വാഭാവികമാണ്. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അന്യമതസ്ഥനെ പ്രണയിക്കുന്ന കുട്ടി തീര്‍ച്ചയായും ഹൃദയവേദനയുണ്ടാക്കും. ആ മാനസിക വിഷമത്തെ പക്വതയോടെ മാതാപിതാക്കള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിലാണ് കാര്യം. അക്രമത്തിന്റെ പാതയില്‍ പ്രശ്നത്തെ നേരിടാതെ ആര്‍ക്കും ദോഷമില്ലാത്ത മികച്ച പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. തുറന്ന സംസാരമാണ് മാതാപിതാക്കളും കുട്ടിയും തമ്മില്‍ ഉണ്ടാവേണ്ടത്. 42 വയസുള്ള പിതാവ് അയാളുടെ പതിനാലാമത്തെ വയസില്‍ ലഭിക്കാത്ത അത്ര അറിവുകളാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. തലമുറകളുടെ വ്യത്യാസം, ടെക്നോളജി, അറിവ് ഇതെല്ലാം തീര്‍ച്ചയായും പരിഗണിക്കണം. 

ഇന്നത്തെ കുട്ടികള്‍ക്ക് ഈ പ്രായത്തില്‍ കിട്ടുന്നത് മുതിര്‍ന്നവരുടെ ആശയങ്ങളാണ്. അതുകൊണ്ടുതന്നെ കുട്ടികളെ കുട്ടികളായി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. നമ്മള്‍ അധികാരി ചമയുന്ന പാരന്റ് ആണോ, കുട്ടിയുടെ മാനസിക പക്വത ഇവയൊക്കെ മനസ്സിലാക്കേണ്ടതുണ്ട്. ചിലപ്പോള്‍ അവരുടെ നിലവാരത്തിലേക്ക് മാതാപിതാക്കള്‍ ഇറങ്ങി വരേണ്ടിവരും. മറ്റു ചിലപ്പോള്‍ ചിന്താപരമായി അവര്‍ക്കൊപ്പം ഉയര്‍ന്നു നില്‍ക്കാന്‍ പരിശ്രമിക്കേണ്ടി വരും. ഇന്നത്തെ കാലത്തെ പാരന്റിങ്ങില്‍ നേരിടുന്ന വലിയ വെല്ലുവിളിയും അതാണ്. സ്നേഹം വിടാതെ, ഗുണ്ടായിസം കാണിക്കാതെ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് പുതിയ കാലത്തെ മാതാപിതാക്കള്‍ പഠിക്കേണ്ടത്. ഈ സംഭവം സമൂഹത്തിനു നല്‍കുന്ന പാഠവും അതാണ്.  

Tags:
  • Mummy and Me
  • Parenting Tips