അമിതവണ്ണമെന്നത് ഒരു സുപ്രഭാതത്തിൽ വന്നുചേരുന്നതല്ല. മുട്ടിലിഴയുന്ന പ്രായം മുതലേ കഴിക്കുന്ന ഭക്ഷണവും വ്യായാമമില്ലായ്മയും തൽഫലമായി ചെലവിടാതെ അടിഞ്ഞുകൂടുന്ന ഊർജവും ചേർന്നു പതിയെ രൂപപ്പെടുന്നതാണ്. ഈ യാഥാർഥ്യം അംഗീകരിച്ചുകൊണ്ടാണ് ഒരു വയസ്സിൽ താഴെയുള്ള കുട്ടികളെ വരെ ഉൾപ്പെടുത്തിയുള്ള ഒരു ശാരീരിക പ്രവർത്തന മാനദണ്ഡം ഈയടുത്ത് ലോകാരോഗ്യസംഘടന പുറപ്പെടുവിച്ചത്.
ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ദിവസം 30 മിനിറ്റ് കൈകാലിട്ടടിച്ച് കളിക്കുവാനോ കമിഴ്ന്നുനീന്തിനടക്കാനോ അവസരമൊരുക്കണം. ഒറ്റയടിക്ക് ഒരു മണിക്കൂറിൽ അധികം കുട്ടിയെ എടുത്തുപിടിക്കുകയോ കസേരയിൽ ഇരുത്തുകയോ ചെയ്യരുത്. ഒന്നിനും രണ്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ദിവസവും മൂന്നുമണിക്കൂർ ശാരീരികപ്രവർത്തനം ആവശ്യമാണെന്നു ലോകാരോഗ്യസംഘടന പറയുന്നു. ഒരു മണിക്കൂറിലധികം അലസമായിരിക്കാനോ ടിവിയുടെ മുന്നിൽ കുത്തിയിരിക്കാനോ അനുവദിക്കരുത്. മൂന്നിനും നാലിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കും മൂന്നു മണിക്കൂർ ശാരീരികപ്രവർത്തനം വേണം. ഇതിൽ ഒരു മണിക്കൂറെങ്കിലും മിതമോ കഠിനമോ ആയ ശാരീരികാധ്വാനമാകണം. പന്തു കളിക്കുകയോ ബാഡ്മിന്റൺ കളിക്കുകയോ ഒാടുകയോ പോലുള്ള പ്രവൃത്തികൾ.
വ്യായാമമെന്നു പറഞ്ഞ് ഒരു മണിക്കൂർ ചിട്ടയോടെ ചെലവിടാൻ കുട്ടികൾ മടി കാണിക്കാം. ഒന്നുകിൽ മാതാപിതാക്കളും കൂടി ചേർന്ന് കൂട്ടായി ഒരു മണിക്കൂർ വ്യായാമം ചെയ്യുക. അല്ലെങ്കിൽ വ്യായാമമെന്നു തോന്നിക്കാത്ത രീതിയിൽ ഒരു മണിക്കൂർ നേരം പന്തോ ഷട്ടിലോ പോലുള്ള കളികളിലേർപ്പെടുത്തുക. പണ്ടുകാലത്ത് കുട്ടികൾ കൂട്ടം ചേർന്ന് പന്തുകളിക്കുകയോ ഒാടിപ്പിടുത്തം കളിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ദിവസവും ശരീരത്തിനു വേണ്ടുന്ന വ്യായാമം അവരറിയാതെ ലഭിച്ചിരുന്നു. അത്തരം കളിയിലൂടെയുള്ള വ്യായാമങ്ങൾക്ക് ഇന്നത്തെക്കാലത്തു സാഹചര്യമൊരുക്കണം. കളിമൈതാനങ്ങളും സ്കൂൾ ഗ്രൗണ്ടുകളും ഉയർന്നുവരേണ്ടിയിരിക്കുന്നു.

പുതിയ കാലത്തിന്റേതായ ചില വ്യായാമങ്ങൾ വണ്ണം കുറയ്ക്കുന്നതിലും വയറു ചാടുന്നത് തടയുന്നതിലും വളരെ പ്രയോജനപ്രദമാണ്. ഉദാഹരണത്തിന് ഹൂല ഹൂപ് എന്നു പറയുന്ന ജിംനാസ്റ്റിക് വളയങ്ങൾ ഉപയോഗിച്ചുള്ള വ്യായാമം ശരീരം മുഴുവൻ ഗുണം ചെയ്യുമെന്നു മാത്രമല്ല അരക്കെട്ട് ഒതുങ്ങാനും മികച്ചതാണ്. ഉദരപേശികളെ ദൃഢമാക്കാനും അങ്ങനെ നടുവിന് കരുത്തുപകരാനും ഈ വ്യായാമം സഹായിക്കും. ഏതു വ്യായാമം ചെയ്യുമ്പോഴും മിതമായ ശക്തിയിൽ ഒരു മണിക്കൂറെങ്കിലും ചെയ്താലേ ഉദ്ദേശിച്ചപോലെ ഫലം ലഭിക്കൂ.