Q: ‘പല കാര്യങ്ങളും രക്ഷിതാക്കളേക്കാൾ മനസ്സിലാക്കുന്നതു കൂട്ടുകാരാണ്. ആ ചങ്ങാത്തം പാടില്ലെന്നു രക്ഷിതാക്കൾ പറയുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല’
സുഹൃത്തുക്കളുമായുള്ള ആശയവിനിമയം ഇല്ലാതാക്കുകയല്ല വേണ്ടത് അത് ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ കുട്ടിയെ പ്രേരിപ്പിക്കുകയും അതിനുമേൽ നിരീക്ഷണം ഉണ്ടാകുകയും ചെയ്യുക ആണു പ്രധാനം.
സൗഹൃദങ്ങൾ പൂർണമായി ഇല്ലാതാക്കുന്നത് ആരോഗ്യകരമല്ല. ഓൺലൈൻ സൗഹൃദങ്ങളേക്കാൾ കൂടുതൽ മുഖാമുഖം കാണുന്ന നേരിട്ടുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കാം. ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ സ്വന്തം പ്രൊഫൈൽ മറച്ചുവച്ചുകൊണ്ട്, പ്രായം കുറഞ്ഞ വ്യക്തിയായി അഭിനയിച്ചു കുട്ടികളെ വലയിൽ വീഴ്ത്തുന്നവരുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ തന്നെ പരിചയമുള്ള, സമപ്രായക്കാരായ കുട്ടികളുമായുള്ള സൗഹൃദമാണു പ്രോത്സാഹിപ്പിക്കേണ്ടത്.
മക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് രക്ഷിതാവറിയണം. ആ സുഹൃത്തുക്കളുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാകുകയും വേണം. അങ്ങനെയെങ്കിൽ ആ സുഹൃദ്‌വലയത്തിൽപ്പെട്ട ആരുടെയെങ്കിലും സ്വഭാവത്തിൽ എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഏതെങ്കിലുമൊരു രക്ഷിതാവിന്റെ ശ്രദ്ധയിലതുപെടും. തുടക്കത്തിൽ തന്നെ പ്രശ്നങ്ങളിൽ നിന്നു രക്ഷിക്കാനാകും.
പലപ്പോഴും കുട്ടികളുടെ പ്രശ്നങ്ങൾ പലതും മാതാപിതാക്കൾക്കു മനസ്സിലാകാറില്ല എന്നുള്ളതൊരു സത്യമാണ്. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സാങ്കേതികവിദ്യയുടെ ചടുലമായ വികാസത്തെത്തുടർന്നു കുട്ടികൾക്ക് അറിയാവുന്ന പല കാര്യങ്ങളും മാതാപിതാക്കൾ അറിഞ്ഞുവരാൻ വൈകും. അവരുടെ ഇന്നുള്ള പ്രശ്നങ്ങളിൽ പലതും കഴിഞ്ഞ തലമുറയിൽപ്പെട്ട മാതാപിതാക്കൾക്കുകൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടാകുന്നു.
ഇതിനു രണ്ടു പരിഹാരങ്ങളാണുള്ളത്. ഒന്ന്, ചെറുപ്രായം തൊട്ടു തന്നെ അരമണിക്കൂറെങ്കിലും ദിവസേന കുട്ടികളോടു സംസാരിക്കാൻ സമയം കണ്ടെത്തുക. ഈ ക്വാളിറ്റി ടൈമിൽ കുട്ടികൾക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുക. ഇതുവഴി കുട്ടികളുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും തുടക്കത്തിൽത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. അവരുടെ ജീവിതത്തിലെന്തെങ്കിലും അനാരോഗ്യകരമായ സംഗതി നടക്കുന്നുവെങ്കിൽ തുടക്കത്തിൽത്തന്നെ ഫലപ്രദമായി ഇടപെടാനും നേർവഴിക്കു കൊണ്ടുവരാനും സാധിക്കും.
Q: ‘എന്റെ വിദ്യാർഥി അച്ഛനിൽ നിന്ന് ആറാം ക്ലാ സ് മുതൽ ലൈംഗിക അതിക്രമത്തിന് ഇരയായി. മുതിർന്നപ്പോഴാണ്, കൗൺസലിങ്ങിനിടെ കുട്ടി തുറന്നു പറഞ്ഞത്. അതോടെ കേസ് ആയി. അച്ഛൻ അറസ്റ്റിലായി. പക്ഷേ, അതോടെ നാട്ടിലും സ്കൂളിലും കുട്ടി പരിഹാസങ്ങൾക്ക് ഇരയാകുന്നു. ഇത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടാം?’
ചെറുപ്രായത്തിൽത്തന്നെ ഏൽക്കേണ്ടി വരുന്ന ദുരനുഭവങ്ങൾ അവരുടെ പെരുമാറ്റത്തിലും മനോഭാവത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അതുകൊണ്ടു തന്നെയാണു നിയമപരമായ പിന്തുണ നൽകണമെന്നു നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ ഇതു പുറത്തറിയുമ്പോൾ കുറേ ആളുകളെങ്കിലും കുട്ടിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അപകടകരമായ അവസ്ഥയാണത്.
സ്വന്തം കുറ്റം കൊണ്ടല്ലാതെ ദുരനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്ന കുട്ടിയെ മാനസികമായി പിന്തുണയ്ക്കുക എന്നതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണ്.
ഒരു തരത്തിലും ആ കുട്ടിയെ പരിഹസിക്കാനോ അവഹേളിക്കാനോ കൂട്ടുനിൽക്കരുത്. അങ്ങനെ ചെയ്യുന്ന വ്യക്തികളെ വിലക്കാൻ പരസ്യമായിത്തന്നെ തയാറെടുക്കുകയും വേണം. അത്തരത്തിലുള്ള ഒരു മെസേജും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കില്ലെന്നുറപ്പിക്കുക.
കടുത്ത മാനസിക സമ്മർദങ്ങളിലൂടെ കുട്ടി പോകുന്നുവെങ്കിൽ കുടുംബത്തിനൊട്ടാകെ ചികിത്സയും കൗൺസലിങ്ങും ലഭ്യമാക്കാൻ മുൻകൈ എടുക്കണം. അതിനു മടിക്കരുത്.
കുടുംബത്തിനുള്ളിൽ നിന്നു തന്നെയാണ് ഇത്തരം ചൂഷണങ്ങളുണ്ടായതെങ്കിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകാം. വലിയ തോതിലുള്ള ഛിദ്രത്തിനു കാരണമാകാം. കുടുംബത്തിനുള്ളിൽ ആ കുട്ടിയും കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവും ഒറ്റപ്പെട്ടു പോകാം. പലപ്പോഴും ആ കുട്ടിക്കും രക്ഷിതാവിനും വീടുവിട്ട് ഇറങ്ങേണ്ടിവന്നേക്കാം. അപ്പോഴൊക്കെയും അധ്യാപകരും സമൂഹവുമാണ് അവർക്കു തുണയായി നിൽക്കേണ്ടത്.
ഇതിന്റെ പേരിൽ സ്കൂളിൽ ആ കുട്ടി ഒറ്റപ്പെട്ടുപോകാനോ മറ്റു കുട്ടികളിൽ നിന്നുള്ള പരിഹാസങ്ങൾക്കു മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരാനോ ഇടയാകുന്നില്ലെന്ന് അധ്യാപകർ ഉറപ്പിക്കണം.