നമ്മളൊക്കെ എത്ര തല്ലു കൊണ്ടിരിക്കുന്നു. വഴക്കു കേട്ടിരിക്കുന്നു. എന്നിട്ടു വഴിതെറ്റിപ്പോയോ? ഇല്ലല്ലോ? ഇതാണു ചുരുക്കത്തിൽ പറഞ്ഞാൽ മാറിയ കാലത്തും മലയാളിയുടെ പേരന്റിങ് ആപ്തവാക്യം. സ്കൂളുകൾ കുറേയൊക്കെ മുഖം മാറിയതിനാൽ ‘പഠിച്ചില്ലെങ്കിൽ നല്ലതു കൊടുത്തോ ടീച്ചറേ...’ എന്നു ട്യൂഷൻ ടീച്ചറെ ചട്ടം കെട്ടുന്ന മാതാപിതാക്കളും കുറവല്ല.
കടുത്ത നിയന്ത്രണങ്ങൾ വേണ്ട
അനുസരണയാണ് ഏറ്റവും വലിയ ഗുണം എന്നു മാതാപിതാക്കൾ മനസ്സിലുറപ്പിക്കുന്നു. അത് നടപ്പാക്കാനുള്ള ‘ചട്ടം പഠിപ്പിക്കൽ’ ആണ് പിന്നെ. മൂന്നു മുതൽ എട്ടുവയസ്സു വരെയുള്ള കാലത്തെ സ്ട്രിക്ട് പേരന്റിങ് കുട്ടിയുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുമെന്നു മനസ്സിലാക്കുക. കഠിനനിയമങ്ങളും നിയന്ത്രണങ്ങളും കടുത്ത ശിക്ഷയും വിജയത്തിന് അമിത പ്രാധാന്യം ന ൽകുന്ന ശൈലിയും ഉണ്ടെങ്കിൽ അതു മാറ്റണം.
എട്ടുവയസ്സ് വരെയുള്ള പ്രായത്തിൽ ആത്മവിശ്വാസമുള്ള വ്യക്തികളായി വളരാനുള്ള പ്രാഥമിക പാഠങ്ങൾക്കാണു മുൻഗണന. അതു സൗമ്യമായി കുട്ടികളിലേക്ക് പകരുന്ന രീതിയാണു ജെന്റിൽ പേരന്റിങ്.
കുട്ടിയെ അലസമായി വളരാൻ അനുവദിക്കുകയല്ല, മറിച്ചു കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞു വളരാൻ സഹായിക്കുന്നതാണു ജെന്റിൽ പേരന്റിങ്. സഹാനുഭൂതി, ബഹുമാനം, മനസ്സിലാക്കൽ, ശരിയായ പരിധി നിശ്ചയിക്കൽ എന്നിവ ജെന്റിൽ പേരന്റിങ്ങിൽ പ്രധാനമാണ്.
കർശനമായി നിയന്ത്രിച്ചു ശരിയിലേക്ക് എ ത്തിക്കുക എന്നതു നല്ലതല്ല. തെറ്റുകൾ സ്നേഹത്തോടെ തിരുത്തിക്കൊണ്ട്, കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിച്ച്, പരസ്പരം പിന്തുണച്ചു വളരാൻ അനുവദിക്കുന്നതാണ് ജെന്റിൽ പേരന്റിങ് രീതി. ഇത് ഉത്കണ്ഠ അകറ്റി തന്റെ അകക്കാമ്പിനെ കേൾക്കാനും അറിയാനും അതു പറയാനും കുട്ടികളെ പ്രാപ്തരാക്കും.
ക്ഷമയോടെ ആവർത്തിച്ചു പറയാം
മാതാപിതാക്കൾക്കു കാര്യങ്ങൾ അറിയാം. അതിനാൽ മൂത്തവർ പറയുന്നത് അതേപടി അനുസരിച്ചാൽ എല്ലാം ശരിയാകും എന്ന ധാരണയാണു പൊതുവേ സ്ട്രിക്റ്റ് പേരന്റിങ് രീതി പിൻതുടരുന്നത്. മുതിർന്നവരുടെ അറിവിൽ നിന്നുകൊണ്ടാണു പലരും കുട്ടികളോടു കാര്യങ്ങൾ പറയുന്നത്.
ഒന്നോ രണ്ടോ തവണ പറഞ്ഞിട്ടും കാര്യം മനസ്സിലാകുന്നില്ലെങ്കിൽ ഉടൻ ചില മാതാപിതാക്കൾ അസ്വസ്ഥരാകും. അനുസരണക്കേട് എന്ന് വിധിയെഴുതും. പക്ഷേ, പറഞ്ഞ കാര്യം കുട്ടി ഗ്രഹിച്ചോ എന്നു പലപ്പോഴും ചിന്തിക്കുകയുമില്ല. കുട്ടികളുടെ മാനസിക വളർച്ചയെക്കുറിച്ച് ബോധ്യമില്ലാത്തതിനാലാണ് ഇങ്ങനെ ചിന്തിക്കുന്നത്. ഉദാഹരണത്തിനു മേശമേൽ വിരിച്ചിരിക്കുന്ന തുണി പിടിച്ചു വലിക്കരുത് എന്നു കുട്ടിയോടു പറയുന്നു.
തുണി വലിച്ചാൽ അതിനുമേൽ ഇരിക്കുന്ന വസ്തുക്കൾ ശരീരത്തിലേക്കു വീഴും എന്നു പറഞ്ഞാലും അതിലെ അപകടം മനസ്സിലാകണമെന്നില്ല. അപകടകരമല്ലാത്ത വിധം കാണിച്ചു കൊടുക്കുകയും ആവർത്തിച്ചു പറയുകയും ചെയ്യുന്നതിലൂടെയേ കുട്ടിക്ക് അതേക്കുറിച്ചു ധാരണ കിട്ടൂ.
തനിയേ ചെയ്യാൻ അനുവദിക്കുക
മൂന്നു വയസ്സായ കുഞ്ഞിന് എന്തും ഏതും ചെയ്തു കൊടുക്കുകയാണു പല രക്ഷാകർത്താക്കളുടെയും പതിവ്. മോ ൻ ചെയ്താൽ ശരിയാകില്ല, മോൾ ചെയ്താൽ കുറേ നേരമെടുക്കും എന്നീ ന്യായങ്ങളാകും രക്ഷിതാക്കൾ പറയുക.
സ്വന്തം കാര്യം സ്വയം ചെയ്യാൻ ഉള്ള പരിശീലനം അ വർക്കു നൽകുക. ചെയ്യുന്നതു ശരിയായില്ലെങ്കിൽ പോലും അവർ കിടന്ന കിടക്കയും ഷീറ്റും എഴുന്നേൽക്കുമ്പോൾ വൃത്തിയായി വയ്ക്കാൻ പറയാം. തുടക്കത്തിൽ പെർഫക്‌ഷൻ അല്ല ആ ശീലം വളർത്തൽ ആണു പ്രധാനം
കളിക്കാനും പഠിക്കാനും എടുത്ത പുസ്തകങ്ങൾ, കള ർ പെൻസിലുകൾ എന്നിവ ഒതുക്കി വയ്ക്കുക, മറ്റുള്ളവർക്ക് ഒപ്പമിരുന്നു സ്വയം ഭക്ഷണം കഴിക്കുക, കഴിച്ച പ്ലേറ്റും ഗ്ലാസും പാത്രം കഴുകുന്ന സ്ഥലത്തു കൊണ്ടു വയ്ക്കുക എന്നീ കാര്യങ്ങൾ ചെയ്യിക്കാം.
അവർ കാര്യങ്ങൾ ചെയ്യുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ തീർച്ചയായും ആവശ്യമാണ്. ആവശ്യമെങ്കിൽ ചെറുതായി കാര്യങ്ങൾ എങ്ങനെ വേണം എന്നു കാണിച്ചുകൊടുത്തോ പറഞ്ഞുകൊടുത്തോ സഹായിക്കാം. ഈ പരിശീലനം സ്വയം കാര്യങ്ങൾ ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കും.
വാക്കുകളല്ല പ്രവൃത്തിയാണു പ്രധാനം
കൊച്ചുകുട്ടികൾക്കു പലപ്പോഴും മാതാപിതാക്കൾ നിർദേശങ്ങൾ കൊടുത്തു കൊണ്ടിരിക്കും. സ്കൂൾ ഷൂസ് യഥാ സ്ഥാനത്തു കൊണ്ടു വയ്ക്കൂ. മാറ്റിയ വസ്ത്രങ്ങൾ ഡ്രസ് ബിന്നിൽ കൊണ്ടുപോയി ഇടൂ എന്നിങ്ങനെ.
അതേസമയം സ്വയം ഇത്തരം കാര്യങ്ങൾ എങ്ങനെ ചെ യ്യുന്നു എന്നു പലരും ചിന്തിക്കുക പോലുമില്ല. കുട്ടി പറയുന്നതു കേൾക്കുക മാത്രമല്ല, കണ്ടും പഠിക്കുമെന്ന് മാതാപിതാക്കളും മുതിർന്നവരും മനസ്സിലാക്കണം. പലപ്പോഴും അവർ മാതൃകയാക്കുന്നതും അതാണ്.
വീട്ടിൽ വഴക്കുണ്ടാകുന്ന സന്ദർഭങ്ങളിലോ ഫോണിലൂടെയോ മുതിർന്നവർ ഒച്ചയെടുത്തും മര്യാദയില്ലാത്ത ഭാഷയിലും സംസാരിക്കാറുണ്ടെന്നിരിക്കട്ടെ. മറ്റൊരവസരത്തിൽ കുട്ടിയും സമാനമായ പ്രതികരണ രീതി പുറത്തെടുക്കാം. കുട്ടിയോടു പറയുന്ന നിയമങ്ങൾ ഗൃഹാന്തരീക്ഷത്തിൽ മുതിർന്നവർക്കും ബാധകമാണ്. ഏതു നല്ല സ്വഭാവത്തിനും കുടുംബാംഗങ്ങൾ മാതൃകയായേ മതിയാകൂ.
അരുതെന്നു പറയരുതേ
കൊച്ചു കുട്ടികളോടു പൊതുവെ മാതാപിതാക്കൾ കാര്യങ്ങൾ പറയുക ‘ചെയ്യരുത്’ എന്ന ശാസന വാക്കിലൂടെയാകും. അടുത്ത നടപടി അടിയായിരിക്കും. കൈ വായിലിടരുത്, മുകളിലേക്കു വലിഞ്ഞു കയറരുത് വീഴും, നിലത്തു വീ ണ ഭക്ഷണം കഴിക്കരുത്. ഈ വിധത്തിലാകും കാര്യം പറയുക. അരുത് എന്ന വാക്കും അരുതായ്കയ്ക്കു ശിക്ഷയും സൗമ്യമായ പേരന്റിങ്ങിൽ ഇല്ല. കാരണം വാക്കുകളുടെ അർഥം മൂന്നു മുതൽ ആറു വയസ്സുവരെ പ്രായമുള്ള കുട്ടിക്കു ശരിയായി ഗ്രഹിക്കാൻ കഴിയുകയില്ല.
കൈ വായിലിടരുത് എന്നു നിങ്ങൾ പറയുമ്പോൾ കൈ വായിലിടുക എന്ന പ്രവൃത്തി അവരുടെ മനസ്സിൽ ഉറയ്ക്കുകയും അരുത് എന്നു പറയുന്നത് ഗ്രഹിക്കാൻ കഴിയാതെ പോകുകയുമാണു സംഭവിക്കുന്നത്. കുട്ടി ഇത്തരം കാര്യങ്ങൾ വീണ്ടും ചെയ്യുമ്പോൾ അതിനെ അനുസരണക്കുറവായാണു പല മാതാപിതാക്കളും മനസ്സിലാക്കുന്നത്. പറഞ്ഞതു കേൾക്കാതെ അതു തന്നെ വീണ്ടും ചെയ്യുന്ന ‘ധിക്കാരി’ എന്നു കുട്ടിയെ മുദ്ര കുത്താനും മടിക്കില്ല.
കൈ വായിലിടരുത് എന്നു പറയുന്നതിനു പകരം കൈ കഴുകിയാലോ എന്നു പറയുക. ഇരിക്കാത്ത കുട്ടിയോട് ഓടരുത് എന്നു പറയുന്നതിനു പകരം ഇവിടെ ഇരുന്നു കളിക്കാം എന്നു ക്ഷണിക്കുക. അരുത് എന്നു പറയേണ്ടയിടത്തെല്ലാം നെഗറ്റീവ് ആയ ‘അരുത്’ എന്ന വാക്കിനു പകരം മറ്റെന്തെങ്കിലും പോസിറ്റീവ് ആയ കാര്യങ്ങളിലൂടെ കുട്ടിയുടെ ശ്രദ്ധ തിരിച്ചു വിടുക.
തീയുടെ അടുത്തു പോകുന്ന കുട്ടിയോടു പോകരുത് എന്നു പറയുന്നതിനു പകരം ഇങ്ങോട്ടു വരൂ എന്നു പറയാം. പലവട്ടം കേൾക്കുന്നതിലൂടെ തീയുടെ അടുത്തു പോകരുത് എന്ന ധാരണ കുഞ്ഞുങ്ങൾക്കു ലഭിക്കും. ഭാവിയിൽ എന്തിനോടും പോസിറ്റീവ് ആയി പ്രതികരിക്കുക എന്ന ശീലം വളരാനും ഇതു സഹായകമാകും.
അഭിനന്ദിക്കാൻ മടിക്കരുത്
അഭിനന്ദനം ആർക്കാണ് ഇഷ്ടമില്ലാത്തത്. ഏതു പ്രായത്തിലും മനുഷ്യർ അഭിനന്ദനം ആഗ്രഹിക്കുന്നു. വളർച്ചയു ടെ ഘട്ടത്തിൽ അഭിനന്ദനം കുട്ടികൾക്ക് അത്യാവശ്യമുള്ള ഘടകമാണ്. അഭിനന്ദനം എന്നാൽ പുകഴ്ത്തൽ അല്ല. കുട്ടി എന്തു ചെയ്താലും ആഹാ, ഗംഭീരം എന്നു പറയുന്ന രീതി വേണ്ട. തന്റെ ഏതു പ്രവൃത്തിക്കും ആഹാ ഗംഭീരം എന്ന കമന്റ് ലഭിക്കണം എന്ന തോന്നൽ ഒരിക്കലും കുട്ടിയിൽ ഉണ്ടാക്കരുത്. മറിച്ച് ഒരു ആക്ടിവിറ്റി ചെയ്യുന്നതിൽ അവർ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ രീതി നല്ലതാണെങ്കിൽ വളരെ നന്നായിരിക്കുന്നു എന്ന്് അഭിനന്ദിക്കുക. നിറം കൊടുത്തതിനു പൂർണതയുണ്ട് എന്നു ചൂണ്ടിക്കാട്ടാം. ചെറിയ തിരുത്തുകളും ഒപ്പം പറഞ്ഞു കൊടുക്കാം.
മിടുക്കൻ / മിടുക്കി എന്നീ പദങ്ങൾ കൊണ്ട് അഭിനന്ദിക്കാം. കാര്യകാരണ സഹിതം പറഞ്ഞുള്ള അഭിനന്ദനം ആണ് വേണ്ടത്. എന്തിനാണ് അഭിനന്ദിച്ചത് എന്നു കുട്ടിക്ക് വ്യക്തമായി മനസ്സിലാകണം. പാർക്കിലെ ഊഞ്ഞാലിൽ അൽപനേരം ആടിയ ശേഷം കാത്തു നിൽക്കുന്ന കുട്ടിക്കു കൊടുത്തു, ഓർമിപ്പിക്കാതെ സ്കൂളിൽ കൊണ്ടുപോയ ല ഞ്ച് ബോക്സും സ്നാക് ബോക്സും ബാഗിൽ നിന്നു പുറത്തെടുത്തു നിശ്ചിത സ്ഥലത്തു കൊണ്ടു വച്ചു തുടങ്ങിയ പ്രവൃത്തികളെ എടുത്തു പറഞ്ഞു തന്നെ അഭിനന്ദിക്കാൻ മറന്നുപോവല്ലേ.
തെറ്റായ ചെയ്തികളെ ഒരു കാരണവശാലും അഭിനന്ദിക്കരുത്. സിനിമകളിലെ മോശം ഡയലോഗുകൾ അതേപടി അനുകരിച്ചു പറയുക, കുസൃതികളെല്ലാം കുട്ടിയല്ലേ എ ന്നു കരുതി ചിരിച്ചു പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നല്ല പ്രവണതയല്ല. അത് ഒഴിവാക്കുക തന്നെ വേണം.
ഗാഡ്ജറ്റ് പരിചയം
മൊബൈൽ, ടാബ്, കംപ്യൂട്ടർ, ടിവി എന്നീ ഗാഡ് ജറ്റുകളില്ലാതെ മുന്നോട്ടു പോകുക ഇന്നത്തെ കാലത്തു പ്രയാസമാണ്. ഇവയുടെ അമിതോപയോഗം ദോഷകരമാണെന്നും നമുക്കറിയാം.
നമ്മൾ ഉപയോഗിക്കുകയും കുട്ടിക്ക് അതിലൊന്നും തൊടാൻ അവസരം പോലും കൊടുക്കാതിരിക്കുകയും ചെയ്യുന്നതു നല്ലതല്ല. അത് അവരുടെ ആഗ്രഹം വർധിപ്പിക്കും. ഗാഡ്ജറ്റുകൾ പരിചയപ്പെടുത്തുക. ഉപയോഗത്തിനു സമയക്രമം ഉണ്ടെന്നു ബോധ്യപ്പെടുത്തുക.
സ്ഥിരമായി നിശ്ചിത സമയത്ത് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയം ടിവി, ഗെയിമുകൾ എന്നിവ ആസ്വദിക്കാൻ കുട്ടിയെ അനുവദിക്കാം. അമിതഭ്രമം രൂപപ്പെടാതിരിക്കാൻ ഈ രീതി സഹായകമാകും.
എന്താണു ടിവിയിൽ കുട്ടി കാണുന്നത്, ഏതു തരം ഗെയിമാണു കളിക്കുന്നത് എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ മാതാപിതാക്കൾക്ക് ഉണ്ടാകണം. കഴിവതും മാതാപിതാക്കൾ കൂടി അതിനോടൊപ്പം ചേരുക.
എഴുത്തും വായനയും
ജോലിയുള്ള മാതാപിതാക്കൾക്കു കുഞ്ഞുങ്ങളെ ഡേ കെയറിൽ ആക്കിയിട്ടു പോകാതിരിക്കാനാകില്ല. പ്രീ സ്കൂൾ പരിശീലനം എന്ന നിലയിൽ മൂന്നര വയസ്സിനു മുൻപേ കുട്ടികളെ അംഗൻവാടിയിൽ വിടുന്ന പതിവുമുണ്ട്. തങ്ങൾ കുട്ടികളെ മിടുക്കരാക്കുന്നുണ്ട് എന്നതു തെളിയിക്കാനായി പല ഡേ കെയറുകളിലും പ്രീ സ്കൂളുകളിലും കുട്ടികളെ ചെറുപ്രായത്തിലേ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു. ഇതു ഒട്ടും ആശാവഹമായ കാര്യമല്ല.
മൂന്നര വയസ്സിനു മുൻപു കുട്ടിയുടെ മസ്തിഷ്കം എഴുത്തും വായനയും പരിശീലിക്കാൻ പ്രാപ്തമല്ല. അതു നിർബന്ധിതമായി ചെയ്യിക്കുന്നത് അവരുടെ കഴിവ് ഒരു വിധത്തിലും കൂട്ടുകയില്ല. അതുകൊണ്ട് അത്തരം തിടുക്കങ്ങൾ ബോധപൂർവം ഒഴിവാക്കണം.
വിവരങ്ങൾക്കു കടപ്പാട്: സന്ധ്യ വിശ്വൻ, വിദ്യാഭ്യാസ വിദഗ്ധ, സ്ഥാപക, എഡ്ഡീഡ് ഇമേഴ്സീവ് കമ്യൂണിറ്റി ഫോർ എജ്യൂക്കേഷൻ, ബെംഗളൂരു