Saturday 21 November 2020 04:09 PM IST

രക്ഷാകർത്താക്കളുടെ ‘നോ’ ഗ്രാൻഡ് പേരന്റ്സ് ‘യെസ്’ ആക്കരുത്; പേരക്കുട്ടികളോടുള്ള സമീപനത്തിൽ മുതിർന്നവർ വരുത്തേണ്ട ചില മാറ്റങ്ങൾ ഇതാ...

Lakshmi Premkumar

Sub Editor

_BAP5097

രണ്ടു കഥകൾ പറയാം. ഒന്നാമത്തേതിൽ ആറു വയസ്സുകാരൻ നേതൻ തന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞ് എത്തുന്നതിന് മുൻപേ മുത്തശ്ശനെയും മുത്തശ്ശിയെയും വശത്താക്കുകയാണ്. ‘ഞാൻ കളിക്കാൻ പോയ കാര്യം അച്ഛനും അമ്മയും വരുമ്പോൾ പറയരുത്. പറഞ്ഞാൽ ഞാനിനി മുത്തശ്ശനോടും മുത്തശ്ശിയോടും മിണ്ടില്ല’ ഒരു താക്കീതും നൽകി.

പനിയായതു കൊണ്ട് കളിക്കാൻ പോകരുതെന്ന് വിലക്കിയ മകൻ ധിക്കരിച്ച് പോയ കാര്യം മാതാപിതാക്കളോട് പറയാനും വയ്യ, പറയാതിരിക്കാനും വയ്യ. ഒടുവിൽ കൊച്ചുമോനെ അടിയിൽ നിന്നു രക്ഷിക്കാനല്ലേ എന്നു സമാധാനിച്ച് മുത്തശ്ശനും മുത്തശ്ശിയും ആ കാര്യമങ്ങ് വെള്ളം തൊടാതെ മറന്നു.

ഇനി രണ്ടാമത്തേത്. മൂന്നാം ക്ലാസുകാരി ശ്വേത അച്ഛ നും അമ്മയും എത്തുന്നതിന് മുൻപ് സ്കൂള്‍ വിട്ട് വീട്ടിലെ ത്തും. താക്കോലെടുത്ത് വീട് തുറന്നു കാത്തിരിപ്പാണ്, ജോലി കഴിഞ്ഞ് അച്ഛനും അമ്മയും വരാൻ. ഈ ഒറ്റയ്ക്കിരുപ്പ് കൂ ടി വന്നതോടെ കുട്ടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നുതു ടങ്ങി. അനാവശ്യ ദേഷ്യം, വാശി, കരച്ചിൽ. അപ്പോഴാണ് നാട്ടിൽ നിന്ന് മുത്തശ്ശനും മുത്തശ്ശിയും വന്നത്. ശ്വേത സ്കൂൾ വിട്ടു വരുമ്പോൾ മുത്തശ്ശൻ ഗെയ്റ്റിന്റെ അരികിൽപോയി ബസ്സിൽ നിന്ന് കൂട്ടികൊണ്ടു വരും. ചൂടു ചായയും പലഹാരങ്ങളുമായി മുത്തശ്ശി സ്വീകരിക്കും.  

ഇപ്പോൾ കുട്ടിക്ക് കംപ്യൂട്ടറും ടിവിയും വേണ്ട. കഥകൾ കേട്ടാൽ മതിയെന്നായി. ഗ്ലൂമിയായിരുന്ന ശ്വേത വളരെ പെട്ടെന്ന് ആക്ടീവായി. അതോടെ അച്ഛനും അമ്മയും മുത്തശ്ശനെയും മുത്തശ്ശിയെയും സ്ഥിരമായി കൂടെയങ്ങ് കൂട്ടി.

പക്ഷേ, കാലം  മാറുന്നതിനുസരിച്ച് കുഞ്ഞുങ്ങൾ വളരുകയും മുത്തശ്ശനും മുത്തശ്ശിയും അവരുടെ മേലുള്ള നിലപാടുകളിൽ മാറ്റമില്ലാതെ തുടരുകയും ചെയ്യും. ഇതു പതിയെ ശ്വേതയ്ക്ക് നീരസവുമായി.

നിയന്ത്രണമായാലും സ്നേഹമായാലും അമിതമായി മാറുന്ന ഈ രീതിയാണ് പ്രശ്നക്കാരൻ. മുത്തശ്ശനും മുത്തശ്ശിയും കാഴ്ചപ്പാട് വിപുലീകരിക്കുന്നത് ഗുണകരമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

ശ്രദ്ധിക്കാം, ഈ കാര്യങ്ങൾ

കൂട്ടുകാരാകാം നമുക്ക്

കുഞ്ഞുങ്ങൾക്ക് എപ്പോഴും ഒപ്പത്തിനൊപ്പമുള്ള സുഹൃത്തിനെയാണ് ആവശ്യം എന്ന കാര്യം മ റക്കരുത്. വാർധക്യം തിരികെ ബാല്യത്തിലേക്കുള്ള യാത്രയാണ് എന്നതിനെ അവിസ്മരണീയമാക്കും വിധം കുഞ്ഞുങ്ങളുടെ കൂട്ടുകാരാകാൻ ഗ്രാൻഡ് പേരന്റ്സിന് കഴിയണം. ഒരു പക്ഷേ, കുഞ്ഞിന് അച്ഛനോടും അമ്മയോടും പറയാൻ കഴിയാത്ത കാര്യം പോലും ധൈര്യത്തോടെ ഗ്രാൻഡ് പേരന്റിസിനോടു പറയാനുള്ള സ്പേസ് ഉണ്ടാക്കിയെടുക്കണം. അത് കുഞ്ഞായിരിക്കുമ്പോൾ മാത്രമല്ല, അവർ മുതിരുമ്പോഴും.

കാലം മാറിയില്ലേ...

പൊതുവേ മുത്തശ്ശനും മുത്തശ്ശിയും അവരുടെ കാഴ്ചപ്പാടിലുള്ള രീതിയാണ് മുന്നോട്ട് വയ്ക്കുന്നത്. അവർ അവരുടെ മക്കളെ വളർത്തിയത് എങ്ങനെയാണോ അ തുപോലെ. ഒരു പരിധിവരെ ജീവിതത്തിന്റെ അർഥവും ലക്ഷ്യവും അതിനൊപ്പം തന്നെ ആത്മീയതയും പകർന്നു കിട്ടാൻ ഇതു സഹായിക്കും. എന്നാൽ കാലഘട്ടങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാതെ പോകരുത്.

കാലം മാറി. കുട്ടികൾ വളരുന്ന സാഹചര്യവും. പഴയ കാലഘട്ടത്തിന്റെ രീതികൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. പുതുതലമുറയുടെ രീതികൾ ഗ്രാൻഡ് പേരന്റ്സ് മനസ്സിലാക്കണം. അതനുസരിച്ച് കൊച്ചുമക്കളെ നയിക്കണം.

_BAP5241

അധിക സ്നേഹം വേണ്ടേ, വേണ്ട

ചിലരുണ്ട്, ജോലിയുടെ തിരക്കുകളും മറ്റുമായി വേണ്ട രീതിയിൽ മക്കളെ സ്നേഹിക്കാൻ കഴിയാതെ പോയവർ. മക്കളോട് വളരെ കർക്കശക്കാരും ആയിരുന്നിരിക്കാം. പ ക്ഷേ, വാർധക്യത്തില്‍ എത്തുമ്പോൾ ഇവരാകെ മാറും. ജോലിയിൽ നിന്നു വിരമിച്ചതിനാൽ, ആവോളം സമയമുണ്ട്. മനസ്സിലാണെങ്കിൽ മക്കളോടു പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹവും. ഈ സമയത്താകും കൊച്ചുമക്കളുടെ രംഗപ്രവേശം. പിന്നൊന്നും നോക്കില്ല, കണ്ണുമടച്ച് അങ്ങ് സ്നേഹിച്ച് കളയും.

കുട്ടികൾക്ക് വാത്സല്യവും കരുതലുമായി മുത്തശ്ശനും മുത്തശ്ശിയുമുണ്ട് എന്നതു നല്ലതു തന്നെ. പക്ഷേ, ഈ അമിത സ്നേഹവും  ലാളനയും  കുട്ടികൾ മുതലെടുക്കും. വാശിക്ക് കുടപിടിച്ചു നൽകാനും മാതാപിതാക്കളുടെ ശിക്ഷകളിൽ നിന്നു രക്ഷിക്കാനും ഗ്രാൻഡ് പേരന്റ്സ് ഉള്ളപ്പോൾ പൊതുവേ കുട്ടികൾ വഷളാകുകയേ ഉള്ളൂ.

ഈ സാഹചര്യത്തിൽ വേണ്ടത് ‘ആധികാരിക രക്ഷകർതൃത്വ’മാണ്. സ്നേഹത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം നിയന്ത്രണങ്ങളും ഉത്തരവാദിത്ത ബോധവും വേണം. സ്നേഹത്തിനൊപ്പം കർശനമായ അതിർവരമ്പുകളുമുണ്ടാകണം. ന്യായമായ സ്വാതന്ത്ര്യത്തിലൂടെ ജീവിതം അ നുഭവിക്കാനും കാര്യങ്ങൾ പഠിക്കാനും കുട്ടിക്ക് കഴിയും.

പാട്ടാള ചിട്ടയോ... നോ...

ചില മുത്തശ്ശനും മുത്തശ്ശിയും പട്ടാള ചിട്ടക്കാരാണ്. അ വരുടെ ചെറുപ്പകാലത്ത് അങ്ങനെയായിരുന്നു, അതുതന്നെ തങ്ങളുടെ മക്കളിലും അടിച്ചേൽപ്പിച്ചു. പേരക്കുട്ടികളെ കിട്ടിയപ്പോൾ അവരിലേക്കും ഇതേ കർക്കശ  നിലപാട് തുടരും. ഇവിടെ അച്ചടക്കവും നിയന്ത്രണവും  മാത്രമേയുള്ളൂ. സ്വാതന്ത്ര്യവും സ്നേഹവുമില്ല.

ഒരുപ്രായം വരെ കുട്ടികൾ ഇത് വലിയ പ്രശ്നമാക്കിയേക്കില്ല. എന്നാൽ കൗമാരത്തിൽ എത്തുമ്പോൾ ഇ ത്തരം നിയന്ത്രണങ്ങൾ കടുത്ത സംഘർഷത്തിന് കാരണമായി തീരും. കുട്ടികൾ കയർത്തു സംസാരിക്കാനും ധിക്കരിക്കാനും ഇടയുണ്ട്. ഇതു ഗ്രാൻഡ് പേരന്റ്സിന് മനോവിഷമമാകുകയും ചെയ്യും. ഇത്തരം കർക്കശ നിലപാടുകളിൽ ജീവിക്കുന്ന കുട്ടികൾ പല അനാരോഗ്യകരമായ ശീലങ്ങളിലേക്ക് പോകാനും ഇടയുണ്ട്.

ഈയൊരു അവസ്ഥയിലേക്ക് എത്തിക്കാതിരിക്കാൻ ഗ്രാൻഡ് പേരന്റസ് പരിശ്രമിക്കണം. കുട്ടികൾ പുതിയ കാലത്ത് ജീവിക്കുന്നവരാണ്. നിങ്ങളുടെ ചെറുപ്പത്തിലെ ചുറ്റുപാടോ സമൂഹമോ അല്ല ഇപ്പോൾ. അതിനാൽ കൊച്ചുമക്കളുടെ ഭാഗത്തു നിന്നു ചിന്തിക്കാനും അവരിലൊരാളായി മാറാനും ശ്രമിക്കണം. അവരുടെ ലോകം മനസ്സിലാക്കി അവരോട് കൂടുതൽ അടുക്കാം.

അരുതെന്നും പറയണം

അമ്മയോ അച്ഛനോ വഴക്കു പറയുമ്പോൾ മുത്തശ്ശിയുടെ പുറകിൽ പോയി ഒളിക്കും ചില കുട്ടികൾ. അച്ഛൻ ചെയ്യരുതെന്നു പറഞ്ഞ കാര്യങ്ങൾ മുത്തശ്ശന്റെ ഒത്താശ്ശയോടെ ചെയ്യും. ഇതു ശരിയല്ല.

‘അച്ഛനെയും അമ്മയെയും അനുസരിച്ചും ബഹുമാനിച്ചും വേണം വളരാനെ’ന്ന് പേരക്കുട്ടികളോടു പറയുക. മക്കൾ കൊച്ചുമക്കളെ വളർത്തുന്നതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കില്‍ അത് കൊച്ചുമക്കൾ കേൾക്കെ പറയരുത്. ഇത് മാതാപിതാക്കളെ ധിക്കരിക്കാനുള്ള ലൈസൻസായെ കുട്ടികൾ കാണൂ.

മാതാപിതാക്കൾ ‘നോ’ പറയുന്ന കാര്യത്തിന് അ പ്പൂപ്പനും അമ്മൂമ്മയും ‘യെസ്’ പറയരുത്. ഇത് മാതാപിതാക്കളോടുള്ള കുട്ടികളുടെ സ്നേഹവും ബഹുമാനവും കുറയ്ക്കും. മാത്രമല്ല, കുട്ടി മുതിരുമ്പോൾ അരുതുകളെ വക വയ്ക്കാതെയാകും.

 എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടിയ കുട്ടിക്ക് ചെറിയ തോൽവികൾ പോലും സഹിക്കാനായെന്നും വരില്ല. സ്നേഹിക്കുന്നതിനൊപ്പം അരുതുകള്‍ പറയാനും പഠിക്കണം. കുട്ടിയുടെ വാശികളും അനാവശ്യങ്ങളും സാധിച്ചു കൊടുത്ത് അവരെ മോശം സ്വഭാവക്കാരാക്കണോ?

വേണം, ഡിജിറ്റൽ അറിവ്

‘ഓൺലൈൻ ക്ലാസാണെന്ന് പറഞ്ഞാൽ മുത്തശ്ശനെയും മുത്തശിയെയും ഈസിയായി പറ്റിക്കാം.’ മിക്ക കുട്ടികൾക്കുമുള്ള ധാരണയാണത്.

ഏറിയ പക്ഷം സ്മാർട് ഫോണിലെ വാട്സാപ്പ് മാത്രം നോക്കുന്ന മുത്തശ്ശനും മുത്തശിക്കും വിൻഡോ എന്താണെന്നോ, കംപ്യൂട്ടർ സ്ക്രീനിൽ ഒരേ സമയം നിരവധി വിൻഡോസ് തുറക്കാമെന്നോ പോലും അറിയണമെന്നില്ല. ഫലമോ ഓൺലൈൻ ക്ലാസിന്റെ മറവിൽ നടക്കുന്ന ഗെയിമിങ്ങും ചാറ്റിങ്ങും.

വേണമെന്നു വച്ചാൽ ഏതു പ്രായത്തിലും എന്തും പഠിച്ചെടുക്കാം. ഡിജിറ്റൽ യുഗത്തിൽ തങ്ങളും അ പ്ഡേറ്റഡ് ആകണമെന്ന് വാശിയുണ്ടായാൽ കാര്യങ്ങൾ എളുപ്പമാകും.

വിവരങ്ങൾക്കുള്ള കടപ്പാട്: ഡോ. അരുൺ ബി. നായർ, അസോഷ്യേറ്റ് പ്രഫസർ ഇൻ സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Mummy and Me
  • Parenting Tips