Tuesday 12 November 2024 03:00 PM IST : By സ്വന്തം ലേഖകൻ

'എല്ലാവരെയും എതിർക്കും, നിശബ്ദരാകും, നിരാശ ബാധിച്ചവരായി മാറും'; ഹെലികോപ്റ്റർ പാരന്റിങ് അഥവാ അമിത നിയന്ത്രണം, രക്ഷിതാക്കൾ അറിയാൻ!

helicopter-parenting

കുഞ്ഞു കാര്യങ്ങള്‍ക്കുപോലും അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്നുപറഞ്ഞ് കുട്ടികളുടെ പുറകേ നടക്കുന്ന രക്ഷിതാവാണോ നിങ്ങൾ? കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന രക്ഷിതാവാണ് നിങ്ങളെങ്കിൽ ഇതുകൂടി കേട്ടോളൂ. നിങ്ങളുടെ ഈ സ്വഭാവം കുട്ടിയുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കും. അവന്റെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും, അത് പെരുമാറ്റത്തെയും പഠനത്തെയും മോശമായി ബാധിക്കുകയും ചെയ്യും. ഹെലികോപ്റ്റർ പാരന്റിങ് എന്നാണ് ഈ രീതിക്ക് പറയുന്ന പേര്. 

ഹെലികോപ്റ്റർ പാരന്റിങ് എന്താണ്?

കുട്ടികളെ എപ്പോഴും ഗൈഡ് ചെയ്തുകൊണ്ടേയിരിക്കുക, എന്താണ് കളിക്കേണ്ടത്, എങ്ങനെയാണ് ഒരു കളിപ്പാട്ടം കൊണ്ടു കളിക്കേണ്ടത്, കളിച്ചു കഴിഞ്ഞാൽ ആ സ്ഥലം വൃത്തിയാക്കാൻ ആവശ്യപ്പെടുക, കൂടുതൽ സ്ട്രിക്റ്റ് ആകുക ഇതെല്ലാം ഹെലികോപ്റ്റർ പാരന്റിന്റെ ലക്ഷണങ്ങളാണ്. 

ഹെലികോപ്റ്റർ പാരന്റ്സിന്റെ കുട്ടികൾ സ്കൂളിലും സമൂഹികാന്തരീക്ഷത്തിലും അഡ്ജസ്റ്റ് ചെയ്യാൻ ഏറെ പ്രയാസപ്പെടും. രക്ഷിതാക്കളുടെ അമിത ഇടപെടലുകളും അമിതനിയന്ത്രണവും ഇല്ലാത്ത കുട്ടികൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സന്ദർഭങ്ങളെ അതിജീവിക്കാനും ജീവിതത്തിൽ വിജയിക്കുവാനും സാധിക്കും. 

അമിതനിയന്ത്രണം അടിച്ചേൽപ്പിക്കാത്ത രക്ഷിതാക്കളുടെ കുട്ടികൾക്ക് പത്തു വയസ്സാകുമ്പോഴേക്കും വൈകാരിക പ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്ന സാഹചര്യം വളരെ കുറവായിരിക്കുമെന്നും പഠനത്തിൽ മികച്ചവരായിരിക്കുമെന്നും പറയുന്നു.

വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും പെരുമാറ്റം എങ്ങനെ മികച്ചതാക്കാമെന്നും കുട്ടികൾ പഠിക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ അമിത നിയന്ത്രണം കുട്ടികളിലെ ഈ കഴിവുകളെ ഇല്ലാതാക്കുന്നു. രക്ഷിതാക്കളുടെ അമിതനിയന്ത്രണത്തിൽ വളരുന്ന കുട്ടികളിൽ ചിലർ എല്ലാവരെയും എതിർക്കുന്നവരായി മാറും. ചിലരോ നിശബ്ദരാകും, മറ്റു ചിലർ നിരാശ ബാധിച്ചവരുമായി മാറും. 

കുട്ടികൾക്ക് വളരാനും സ്വയം അറിവു നേടാനും ഒരു ഇടം നല്‍കണം. അങ്ങനെ നൽകിയാല്‍ മുതിരുമ്പോൾ ഏതു സാഹചര്യത്തെയും നേരിടാൻ അവർക്ക് സാധിക്കും. കൂടാതെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഉള്ളവരും ആരോഗ്യകരമായ സാമൂഹ്യ ബന്ധം നിലനിർത്തുന്നവരും അക്കാദമിക തലത്തില്‍ വിജയം നേടുന്നവരായിരിക്കും. 

സ്വയം തിരുത്താം 

കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് പോലും നിർദേശവും നിയന്ത്രണവും ഏർപ്പെടുത്തും മുൻപ് ചിന്തിക്കൂ... നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ സ്വാതന്ത്ര്യവും ശ്വസിക്കാൻ ഇടവും നൽകിയാൽ അവർ നല്ല മാനസികാരോഗ്യമുള്ള വ്യക്തികളായി മാറും. കുട്ടികളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സഹായിക്കാൻ സാധിക്കും. അവരോട് സ്നേഹത്തോടെ സംസാരിക്കുക, അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. പോസിറ്റീവ് ചിന്തകൾ വളര്‍ത്താൻ ചില മാർഗനിർദേശങ്ങൾ നൽകുക, നിറം കൊടുക്കുക, പാട്ടു കേൾക്കുക, ദീർഘശ്വാസം എടുക്കുക, ശാന്തമായ സ്ഥലത്ത് കണ്ണടച്ചിരുന്ന് ധ്യാനിക്കുക, അങ്ങനെ പലവഴികളും അവർക്ക് പറഞ്ഞു കൊടുക്കാം. 

Tags:
  • Mummy and Me
  • Parenting Tips