ADVERTISEMENT

നല്ല കുടുംബ സിനിമ എന്ന ലേബൽ കണ്ട്  ഭാര്യയെയും മക്കളേയും കൂട്ടി ‘ജയ ജയ ജയ ജയ ഹേ’ കാണാനിറങ്ങിയതാണ് പലരും.  പക്ഷേ, സിനിമ ചുരുൾ നിവർന്നതും കുടുംബത്തിലെ ആണുങ്ങൾ സ്തംഭിച്ചിരിക്കുകയും പെണ്ണുങ്ങൾ കയ്യടിക്കുകയും വിസിലടിക്കുകയും  ചെയ്യുന്ന കാഴ്ചയാണ് അരങ്ങേറിയത്. 

വിവാഹശേഷം ജയയുടെ ഇഷ്ടങ്ങൾ, പദവികൾ, തീരുമാനങ്ങൾ എല്ലാം ഭർത്താവായ രാജേഷിന്റേതായി മാറുകയാണ്. ഇതെല്ലാം ഭാര്യയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത്, താൻ വളരെ ‘കെയറിങ്’ ആയ ഭർത്താവാണ് എന്നാണ് രാജേഷിന്റെ ഭാവം. അധീശത്വവും കാപട്യവും കഥയുടെ വളവിലും തിരിവിലും ചിരിയുടെ തിരിയിട്ട് നിന്നു കത്തുന്നുണ്ട്.

ADVERTISEMENT

പല സ്ത്രീകൾക്കും  ജയയുെട സങ്കടങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുമായി ‘റിലേറ്റ്’ ചെയ്യാൻ കഴിയുന്നു. അതുകൊണ്ടാകാം രാജേഷിനെതിരേയുള്ള ജയയുടെ ഓരോ ‘കിക്കി’നും അവർ ആവേശത്തോടെ കയ്യടിച്ചത്. ഒരൊറ്റ കിക്കിൽ സമൂഹത്തിൽ നിലനിൽക്കുന്ന ആണധികാരം അപ്പാടെ മാറില്ലായിരിക്കാം. ചിലരെങ്കിലും ചെയ്യുന്നത് തെറ്റാണെന്നു മനസ്സിലാക്കാതെ കണ്ടു വളർന്ന ശീലങ്ങൾ തുടരുന്നവരാണ്. 

നമുക്കറിയാം, കുടുംബത്തിൽ സ്ത്രീ–പുരുഷ സമത്വം ഇന്നും വടിവൊത്ത കയ്യക്ഷരത്തിലെഴുതിയ വെറും വാക്ക് മാത്രം. അതിൽനിന്ന് മാറാനുള്ള ചിന്ത ഇനിയുമുണ്ടായില്ലെങ്കിൽ ആത്മാഭിമാനമുള്ള ‘പെൺകാലം ’ നിങ്ങളെ ചവിട്ടിത്തെറിപ്പിക്കുക തന്നെ ചെയ്യും.

ADVERTISEMENT

അതെന്താ, ഭാര്യ തീരുമാനമെടുത്താൽ? 

ഒരു വൈകുന്നേരം ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ സംസാരിക്കുകയായിരുന്നു. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സ്ത്രീ സുഹൃത്തിന് നോർവേയിൽ പോകാനായി ലഭിച്ച അവസരം വേണ്ടെന്നു വച്ചതിനെ കുറിച്ച് പരാമർശം ഉണ്ടായി. 

ADVERTISEMENT

‘ഭർത്താവിന് ഞാനില്ലാതെ പറ്റില്ല. പിന്നെ, കുഞ്ഞിനെയും നോക്കേണ്ടേ’ എന്നവൾ സ്വയം സമാധാനം പറഞ്ഞു.‘തന്റെ ഭർത്താവിനാണ് ഈ അവസരം ലഭിച്ചതെങ്കിൽ ആൾ ഒറ്റയ്ക്ക് നോർവെയിൽ പോകില്ലെ? എന്റെ ഭാര്യ ആയിരുന്നെങ്കിൽ ഞാൻ അവളെ എന്തായാലും  വിട്ടേനെ’ എന്നു ഞാൻ പറഞ്ഞു കഴിഞ്ഞതും മറ്റൊരു സ്ത്രീ സുഹൃത്ത് എന്റെ നേരെ തിരിഞ്ഞു. 

‘‘നിങ്ങൾ ഭർത്താക്കന്മാരുടെ വിചാരം എന്താണ്. സ്ത്രീകൾ എവിടെയെങ്കിലും പോകണമോ, വേണ്ടയോ എന്ന് തീരുമാനിക്കാൻ നിങ്ങള്‍ക്ക് എങ്ങനെയാണ് അധികാരം ലഭിക്കുന്നത്. സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കെൽപ് ഞങ്ങൾക്കുണ്ടെന്നു ആദ്യം മനസ്സിലാക്കൂ’. ഈ സിനിമ പറയുന്നത് ഭർത്താവെന്ന പുരുഷന്റെ, ഭാര്യയ്ക്ക് മേലെയുള്ള അധീശത്വത്തിന്റെ കഥയാണ്. അവളുടെ ഇഷ്ടങ്ങൾ, പദവികൾ, തീരുമാനങ്ങൾ എല്ലാം അയാളുടേതാണ്. 

പക്ഷേ, ഇതെല്ലാം അവൾക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്നുള്ള വ്യാജമായ ബോധ്യപ്പെടുത്തലിന്റെ ‘ഗ്യാസ് ലൈറ്റിങ്’ ഭർത്താക്കന്മാർ കാലങ്ങളായി വിജയകരമായി നടത്തിവരുന്നു. അടിയെത്ര കൊണ്ടാലും അവഹേളനം നേരിട്ടാലും ദാമ്പത്യം തകരാതെ സൂക്ഷിക്കേണ്ട ബാധ്യത സ്ത്രീയുടേത് മാത്രമാകുന്ന ലോകത്തിന് മാറ്റം വരണമെന്നു തന്നെയാണ് സ്ത്രീ പ്രേക്ഷകരെല്ലാം ആഗ്രഹിക്കുക എന്നതിൽ സംശയമില്ല.

രജിത്ത് ലീല രവീന്ദ്രൻ, അസിസ്റ്റന്റ് പ്രഫസർ,ഗവ. വിമൻസ് കോളജ് തിരുവനന്തപുരം

ADVERTISEMENT