ADVERTISEMENT

കഴിഞ്ഞ ദിവസം കൊച്ചി മറൈൻ ഡ്രൈവിൽ വാർത്താസംബന്ധിയായ ഒരു ചിത്രം എടുത്തുകൊണ്ടിരിക്കെയാണ് രണ്ട് കുട്ടികൾ സമീപമെത്തിയത്.  അവരുടെ ഒരു ഫോട്ടോ എടുത്തു തരുമോ എന്നതായിരുന്നു ആവശ്യം. സ്മാർട് ഫോണുകൾ വ്യാപകമായതോടെ  ചിത്രമെടുത്ത് തരുമോ എന്ന ചോദ്യം ആരും ആരോടും ചോദിക്കാതായതാണ്, പിന്നെന്താണിങ്ങനെ എന്ന് ഒരു നിമിഷം ഞാൻ ആശ്ചര്യപ്പെട്ടു. 

ആളുകൾക്കു ചിത്രമെടുത്ത് നൽകുന്ന ഫൊട്ടോഗ്രഫറല്ല ഞാനെന്നും നിങ്ങളുടെ കയ്യിൽ മൊബൈൽ ഫോണുണ്ടെങ്കിൽ അതിലെടുത്ത് തരാം എന്നും പറഞ്ഞു. മൊബൈൽ ഫോണില്ലെന്നു പറഞ്ഞ അവർ, ഫോട്ടോയെടുത്ത് ആളുകൾക്കു നൽകാത്ത ചേട്ടൻ എന്തുതരം ഫോട്ടോഗ്രാഫറാണെന്നറിയാൻ കൂടുതൽ വിശേഷങ്ങൾ ചോദിച്ചു. ആ വിശേഷം ചോദിക്കലിന്റെ അവസാനം പൈസ തരുമോ എന്നുള്ള ചോദ്യം പ്രതീക്ഷിച്ച എനിക്കു മുന്നിലേക്ക് ഒരു 10 രൂപ എടുക്കാനുണ്ടാകുമോ എന്നുള്ള ചോദ്യം വേഗത്തിലെത്തി. പണം എന്തിനാണെന്ന് ചോദിച്ചപ്പോൾ തിരിച്ചു വീട്ടിൽ പോകാനാണെന്നു പറഞ്ഞു. 

ADVERTISEMENT

ഏത് സ്കൂളിലാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോഴാകട്ടെ കൊച്ചി നായരമ്പലത്തെ ഒരു സ്കൂളിന്റെ പേര് പറഞ്ഞു. ഇന്ന് ക്ലാസിൽ കയറാതെ മറൈൻഡ്രൈവ് കാണാൻ പോന്നതാണെന്ന സത്യവും പിന്നാലെയെത്തി. ആ സ്ഥലത്തുള്ള ഞങ്ങളുടെ ലേഖകന്റെ നമ്പരിൽ വിളിച്ചു അങ്ങനൊരു സ്കൂൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നതിനിടയിൽ പതിയെ കക്ഷികൾ അവിടെനിന്നും മുങ്ങി. കുറച്ചു ദൂരെ മറ്റൊരു ആളോടും എന്തോ ചോദിക്കുന്നത് പിന്നെ കണ്ടു. ഏകദേശം ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്ന പ്രായമേ കാഴ്ചയിൽ തോന്നിച്ചുള്ളൂ. പിന്നെ അവർ മറൈൻഡ്രൈവിലെ തിരക്കിലേക്ക് അമർന്നു. 

ആ സമയം ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്. സ്കൂളിലേക്കെന്ന് പറഞ്ഞുപോയ മക്കൾ അവിടെയെത്താതെ മാതാപിതാക്കൾക്ക് അറിയാത്ത മറ്റൊരു ഇടത്തേക്ക് പോകുന്നു. വീട്ടിൽ ഒരു അത്യാഹിതമുണ്ടായി ഇവരെ കൂട്ടാൻ ആരെങ്കിലും സ്കൂളിലെത്തിയാൽ അധികൃതർക്കു പറയാൻ എന്തുണ്ടാകും? ഇവരെ എവിടെപ്പോയി അന്വേഷിക്കും? പല ന്യൂ ജനറേഷൻ സ്കൂളുകളിലും കുട്ടികൾ അവിടെയെത്തിയില്ലെങ്കിൽ രക്ഷിതാക്കൾക്ക് എസ്എംഎസ് അലർട്ട് കിട്ടുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

‘മാതാപിതാക്കളുടെ ചിറകിനടിയിൽ നിന്നു മുക്തരായി കുട്ടികൾ ലോകം കാണണ്ടേ?’ എന്നൊരു ചോദ്യമുണ്ട്. പക്ഷേ, അതിന് പ്രാപ്തരാകുന്ന പ്രായം ഏതെന്ന് കണ്ടെത്തേണ്ടത് ആ കുട്ടികളും അവരുടെ കുടുംബവും തന്നെയാണ്. ഇവിടെ ഈ കുട്ടികൾ അതിനുള്ള കാര്യക്ഷമത കൈവരിച്ചു എന്ന് ബോധ്യമുള്ളവരാണെങ്കിൽ അവരുടെ പെരുമാറ്റം ഇത്തരത്തിലാകുമായിരുന്നില്ല.  

അനുഭവം എഴുതിയത്: ജോസുകുട്ടി പനയ്ക്കല്‍, ചീഫ് ഫൊട്ടോഗ്രഫർ, മലയാള മനോരമ 

ADVERTISEMENT
ADVERTISEMENT