Tuesday 13 April 2021 03:54 PM IST

‘പാട്ടിൽ പ്രസവത്തിന് മെറ്റേണിറ്റി ലീവോ, ശമ്പളത്തോട് കൂടിയ ആനുകൂല്യങ്ങളോ ഒന്നുമില്ല; അങ്ങനെയിരിക്കെയാണ് ആ വില്ലൻ അനുഗ്രഹമായത്’; ഗർഭകാലം ആഘോഷമാക്കിയ കാവ്യ അജിത് പറയുന്നു

Lakshmi Premkumar

Sub Editor

kabvyyedghh

ആകുലതകളുടേതല്ല സുന്ദര വിസ്മയങ്ങളുടേതാണ് ഗർഭകാലം എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഗർഭകാലം ആഘോഷമാക്കിയ അമ്മമാർ...

എത്ര ചിന്തിച്ചിട്ടും കരിയറും ഗർഭകാലവും തമ്മിൽ ‘സെറ്റ്’ ആകുന്നില്ല എന്ന തോന്നലായിരുന്നു മുൻപ്  മനസ്സിൽ. അതിന് കാരണമുണ്ട്. ഞാനൊരു ഫ്രീലാൻസ് മ്യൂസിഷ്യൻ ആണ്. സ്‌റ്റേജ്ഷോയും ലൈവ് പെർഫോമൻസും മാറി മാറി വരുന്ന ദിവസങ്ങളാണ് മുന്നിൽ.

ഗർഭിണിയായാൽ ബെഡ്റെസ്റ്റ് ഒക്കെ വേണ്ടി വന്നാലോ? ഒൻപത് മാസം എങ്ങനെ മാറ്റി വയ്ക്കാനാണ്? പാട്ടിൽ നിന്നാണ് വരുമാനം. പ്രസവത്തിന് മെറ്റേണിറ്റി ലീവോ, ശമ്പളത്തോട് കൂടിയ ആനുകൂല്യങ്ങളോ ഒന്നുമില്ല. ഈ കാരണം തന്നെയായിരുന്നു പിന്നെയാകട്ടെ എന്ന ചിന്തയിൽ തന്നെ പിടിച്ചു നിർത്തിയത്. ഗർഭകാലത്ത് ചെറിയ വിഷമമോ ടെൻഷനോ ഉണ്ടാകരുതെന്നും നിർബന്ധമായിരുന്നു. അങ്ങനെയിരിക്കെയാണ് കോവിഡ്കാലം വന്നത്.

ആ വില്ലൻ അനുഗ്രഹമായി   

_REE5025

കോവിഡ് എല്ലാവർക്കും വില്ലനാണെങ്കിലും കഴിഞ്ഞു പോയ ലോക്ഡൗൺ കാലത്തോട് കടപ്പെട്ടിരിക്കുന്ന ആളാണ് ഞാൻ. ഇനി കുറച്ചു കാലത്തേക്ക് എല്ലാ മേഖലകളും നിശബ്ദമായിരിക്കുമെന്ന് തോന്നി. കുഞ്ഞിനുവേണ്ടി പ്ലാൻ ചെയ്യാൻ ഇപ്പോഴാണ് പറ്റിയ സമയം. എന്റെയുള്ളിൽ ജീവൻ തുടിച്ചു തുടങ്ങിയെന്ന് അറിഞ്ഞതു മുതൽ ഞാൻ എന്നെ തന്നെ ഏറ്റവും നല്ല അമ്മയായി മാറാൻ പഠിപ്പിച്ചു കൊണ്ടിരുന്നു.

ഗർഭിണിയാണെന്നു കരുതി സ്ഥിരമായി ചെയ്യുന്ന ഒന്നും മാറ്റി വച്ചില്ല. കൂടുതല്‍ പാട്ടുകൾ പാടി. നിത്യവും പല തരത്തിലുള്ള വസ്ത്രങ്ങളിട്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ ങ്കുവച്ചു. ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി കുറച്ചു ട്രാക്കുകൾ കംപോസ് ചെയ്യണമെന്ന്. അതും സാധിച്ചു. പ്രസവത്തിന് ശേഷം ആ പാട്ടുകൾ ഓരോന്നായി സോഷ്യൽ മീഡിയയിലൂടെ പുറത്തേക്ക് വിടണമെന്നാണ് കരുതുന്നത്.

സ്റ്റൈലിങ്ങിൽ കണ്ടെത്തിയ ആനന്ദം

kv2

ഓരോ മാസവും വയറിന്റെ വലുപ്പം കൂടി വരുന്നതനുസരിച്ച് ഏതൊക്കെ വസ്ത്രങ്ങൾ എങ്ങനെയൊക്കെ സ്‌റ്റൈൽ ചെയ്യാമെന്ന് പരീക്ഷിച്ചു കൊണ്ടിരുന്നു. പൊതുവേ മെലിഞ്ഞ പ്രകൃതമുള്ള ഞാൻ വണ്ണം കൂടുന്നതും ശരീരം മാറുന്നതും അദ്ഭുതത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്.

ഞാനും ഭർത്താവ് വിദ്യാസാഗറും ചെന്നൈയിലാണ് താമസിക്കുന്നത്. അവിടെ കോവിഡ്‌കാലം വളരെ രൂക്ഷമായിരുന്നു. പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥ. പക്ഷേ, ഞാനെന്റെ ഗർഭകാലത്തിന്റെ എല്ലാ ദിവസവും ഫോട്ടോ എടുത്തു സൂക്ഷിക്കാൻ തുടങ്ങി. വീടിന്റെ ഒാരോ മൂലയിലും ഇരുന്ന് ചിത്രങ്ങൾ എടുത്തു. ഇടയ്ക്ക് ഈവനിങ് ഔട്ടിങ് പോലെ ടെറസിന് മുകളിൽ പോയി കോഫി കുടിക്കും. അങ്ങനെ ഒാരോ നിമിഷവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് വ്യത്യസ്തമാക്കിക്കൊണ്ടിരുന്നു.

പ്ലസ് ടു പഠനം കഴിഞ്ഞ് സ്വന്തം നാടായ കോഴിക്കോട് വിട്ടതാണ്. പിന്നീട് ഇപ്പോഴാണ് ഒരുപാടുകാലം അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കുന്നത്. എന്റെ അമ്മ ഗൈനക്കോളജിസ്റ്റാണ് അതുകൊണ്ടു ഞാൻ ആശുപത്രിയിൽ പോകാറേയില്ല. ഞാനൊരു അമ്മയാകുമ്പോള്‍ അത് എന്റയമ്മ തന്നെ പരിശോധിക്കുകയും കുഞ്ഞിന്റെ അനക്കങ്ങൾ ഫീൽ ചെയ്യു കയും ചെയ്യുമ്പോൾ ഞങ്ങൾ രണ്ടു പേരും ചിരിക്കും.

പിന്നെ, വേറൊരു കാര്യമുണ്ട്. എന്റെയുള്ളിലെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അമ്മയ്ക്ക് അറിയാം. അത് വീട്ടിൽ വേറെയാർക്കും പറഞ്ഞു കൊടുക്കാതെ സർപ്രൈസാക്കി വച്ചിരിക്കുകയാണ്.

Tags:
  • Mummy and Me