ഒരു വയസ്സു മുതൽ മൂന്നു വയസ്സു വരെയുള്ള പ്രായത്തിലുള്ള കുട്ടികളെ സംബന്ധിച്ച സാധാരണ സംശയങ്ങൾക്ക് ഉത്തരം.
മണ്ണു തിന്നുക പോലുള്ള കാര്യങ്ങൾ എന്തു പ്രശ്നത്തിന്റെ സൂചനയാണ്?
സാധാരണയായി ഭക്ഷണമായി കണക്കാക്കാത്ത വസ്തുക്കൾ കുട്ടി കഴിക്കുന്നതാണു പൈക്ക എന്നറിയപ്പെടുന്ന ഈ അവസ്ഥ. രണ്ടു വയസ്സു വരെയുള്ള കുട്ടികൾ വായിൽ സാധനങ്ങൾ വയ്ക്കുന്നതു സാധാരണമാണ്. അതിനാൽ കുട്ടിക്കു രണ്ടു വയസ്സിനു മുകളിൽ പ്രായമില്ലെങ്കിൽ ഈ പെരുമാറ്റം ഒരു തകരാറായി കണക്കാക്കേണ്ട. പൈക്കയുടെ കാരണമെന്താണെന്ന് ഇന്നും കൃത്യമായി അറിയില്ല. എന്നാൽ ഓട്ടിസം, ബൗദ്ധിക വൈകല്യങ്ങൾ,
മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുള്ളവരിൽ ഇതു സാധാരണമാണ്.
പോഷകാഹാരക്കുറവ് അല്ലെങ്കിൽ
വിശപ്പു കൂടുതലുള്ള കുട്ടികളിലും ഇതു കണ്ടുവരുന്നു. പൈക്ക ഉള്ള
കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. വിളർച്ച, ലെഡ് വിഷബാധ, മലബന്ധം അല്ലെങ്കിൽ വയറിളക്കം,
വിരശല്യം, വായ അല്ലെങ്കില്‍ പല്ലുകൾക്കു പരുക്കുകൾ എന്നിവ. കുടലിൽ ഇത് അടിഞ്ഞു കൂടി കുടൽ തടസ്സമുണ്ടാക്കി മരണം വരെ സംഭവിക്കാം.
വിരശല്യം ഉണ്ടെങ്കിൽ വിരയിളക്കാനായി മരുന്നു കൊടുക്കുകയും കുട്ടിക്കു
പോഷകമൂല്യമുള്ള ഭക്ഷണം നൽകുകയും ചെയ്യുക. വിളർച്ചയ്ക്കുള്ള ചികിത്സയും ചെയ്യണം.
കുപ്പിപ്പാലിൽ നിന്നും കപ്പിലേക്കു മാറ്റേണ്ടതെപ്പോൾ?
ശിശുരോഗവിദഗ്ധരുടെ പൊതുസമ്മതം അനുസരിച്ചു കുഞ്ഞുങ്ങൾക്ക് ഒരു പ്രായത്തിലും കുപ്പിപ്പാൽ കൊടുത്തുകൂടാ. മുതിർന്ന കുഞ്ഞുങ്ങൾക്കു കപ്പും സ്പൂണും ഉപയോഗിച്ചു വേണം പാൽ കൊടുക്കാൻ. എന്തെങ്കിലും
കാരണവശാൽ കുഞ്ഞിനു കുപ്പിപ്പാൽ നൽകുകയാണെങ്കിൽ ഒരു വയസ്സിനു മുൻപു തന്നെ കുപ്പി മാറ്റി കപ്പ് ഉപയോഗിച്ചു തുടങ്ങണം. ഈ മാറ്റം എത്രയും നേരത്തെയാകാമോ അത്രയും നല്ലത്. ഏകദേശം ആറു മാസം മുതൽ കപ്പിൽ നിന്നു കുടിക്കാൻ കുഞ്ഞിനെ സഹായിക്കണം. കപ്പിൽ നിന്നു കുടിക്കുമ്പോൾ കുഞ്ഞിനൊപ്പം അച്ഛനോ അമ്മയോ ഇരിക്കുക. സ്വന്തം കപ്പിൽ നിന്ന് അച്ഛനോ അമ്മയോ കുടിക്കുന്നതു കുഞ്ഞുങ്ങൾ കണ്ടു പഠിക്കട്ടെ.
കുട്ടിയെ ഡയപ്പർ ധരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?
നനഞ്ഞ തുണി, കോട്ടൻ ബോളുകൾ അല്ലെങ്കിൽ ബേബി വൈപ്പുകൾ എന്നിവ ഉപയോഗിച്ചു കുഞ്ഞിനെ മുന്നിൽ
നിന്നു പിന്നിലേക്കു പതുക്കെ തുടയ്ക്കുക. ഒരിക്കലും പുറകിൽ നിന്നു
മുന്നിലേക്കു തുടയ്ക്കരുത്. പ്രത്യേകിച്ചു പെൺകുട്ടികളിൽ. അതു മൂത്രത്തിലെ അണുബാധയ്ക്കു കാരണമാകാം.
കുഞ്ഞിന്റെ കാലുകൾ കണങ്കാലിലൂടെ ഉയർത്തി താഴെ ഭാഗം തുടയ്ക്കണം. ചുളിവുകൾ എല്ലാം വൃത്തിയാക്കണം. ഒട്ടിക്കുന്ന ഭാഗം കുഞ്ഞിന്റെ പൊക്കിളിനു നേരെയായിരിക്കണം. കുഞ്ഞിന്റെ ചർമത്തിൽ ഡയപ്പറിന്റെ ടേപ്പ് ഒട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഡയപ്പർ മാറ്റുമ്പോൾ ചർമത്തിൽ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക. അധിക ആഗിരണശേഷിയുള്ള ഡയപ്പറുകൾ വേണം രാത്രി ഉപയോഗിക്കാൻ. ഡയപ്പർ മൂത്രത്തിൽ കുതിർന്നിരിക്കുമ്പോഴോ മലവിസർജനം നടത്തിയാലോ ഉടനെ മാറ്റണം.
കുട്ടികളോട് അലറി സംസാരിക്കരുതെന്നു വായിച്ചു. ശരിയാണോ?
മാതാപിതാക്കൾക്ക് ചിലപ്പോള്‍ അമിതമായ ദേഷ്യം തോന്നിയേക്കാം. അതു ശബ്ദമുയർത്തി സംസാരിക്കാൻ പ്രേരിപ്പിക്കുന്നു. ഇതു കുട്ടികളെ ശാന്തരാക്കുകയും കുറച്ചു സമയത്തേക്ക് അനുസരണയുള്ളവരാക്കുകയും ചെയ്തേക്കാം. പക്ഷേ, അത് അവരുടെ പെരുമാറ്റവും മനോഭാവവും ശരിയാക്കാൻ ഒട്ടും സഹായിക്കില്ല. കുട്ടിയുടെ പ്രവൃത്തിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനു പകരം മാതാപിതാക്കളെ ഭയപ്പെടാൻ മാത്രം ഇത് അവരെ പഠിപ്പിക്കുന്നു. ഒരു കുട്ടി അവരുടെ കുടുംബത്തിൽ ‘സാധാരണ’ കാണുന്നതിന്റെ ഭാഗമാണ് കോപവും ആക്രോശം പോലുള്ള വികാരങ്ങൾ എങ്കിൽ ഭാവിയിൽ അവരുടെ പെരുമാറ്റത്തിലും അതു പ്രതിഫലിക്കും. ഉത്കണ്ഠ, ആത്മവിശ്വാസമില്ലായ്മ, ആക്രമണസ്വഭാവം എന്നിവ പോലുള്ള ദീർഘകാല പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാക്കും.
കുട്ടികൾ ഇടയ്ക്കിടെ മോശമായി പെരുമാറുന്നതു വളർച്ചയുടെ ഭാഗമാണ്. അവരുടെ ആത്മാഭിമാനത്തിനു കോട്ടം തട്ടാതെ ഉറച്ച രീതിയിൽ അവരോടു സംസാരിക്കുക. ചില പെരുമാറ്റരീതികള്‍ അനുവദിക്കാൻ സാധിക്കില്ലെന്നു ശാന്തമായും ഉറപ്പോടെയും പറഞ്ഞു മനസ്സിലാക്കണം. അവരുടെ കണ്ണുകളിലേക്കു നോക്കി സംസാരിക്കുക. മാന്യമായ പെരുമാറ്റവും സംസാരവും പ്രോത്സാഹിപ്പിക്കാൻ മറക്കേണ്ട.
ഈ പ്രായത്തിൽ തുടർച്ചയായ
ചെക്കപ്പുകൾ വേണോ?
ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും ആറുമാസത്തിൽ ഒരിക്കലെങ്കിലും മെഡിക്കൽ പരിശോധനകൾ നടത്തണം. നല്ല ആരോഗ്യ സംരക്ഷണം വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും നല്ല അടിത്തറ സൃഷ്ടിക്കുന്നു. ചിലപ്പോൾ ആരോഗ്യമുള്ളതായി തോന്നുന്ന കുട്ടിക്കു മറഞ്ഞിരിക്കുന്ന ചില രോഗങ്ങൾ കാണാൻ സാധ്യതയുണ്ട്. ക്രമാനുഗതമായ പരിശോധനകളിലൂടെ ചില പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനാകും.രോഗങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ഡോക്ടർമാർ സാധാരണയായി ചെയ്യുന്ന പരിശോധനകൾ ഇവയാണ്. തല മുതൽ കാൽപാദം വരെയുള്ള
ശാരീരിക പരിശോധന, വളർച്ച,
ബുദ്ധി, കായിക വികസനം വിലയിരുത്തുക, കാഴ്ച, കേൾവി പരിശോധന, രക്തസമ്മർദ പരിശോധന, വിളർച്ച പരിശോധന, മൂത്രപരിശോധന
തുടങ്ങിയവ.
എങ്ങനെയുള്ള കളിപ്പാട്ടങ്ങളാണ് അനുയോജ്യം?
കുഞ്ഞിന്റെ ചിന്ത, ഭാഷ സാമൂഹിക – വൈകാരിക കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിൽ കളിപ്പാട്ടങ്ങൾക്കു പ്രധാന പങ്കുണ്ട്. അവയ്ക്കു മൂർച്ചയുള്ള അരികുകളോ കോണുകളോ, ചെറിയ പൊട്ടിപോകുന്ന ഭാഗങ്ങളോ ഇല്ലാതിരിക്കണം. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ രസകരമാകുന്ന കളിപ്പാട്ടങ്ങൾ കുട്ടി കുറെനാൾ ഉപയോഗിക്കും. ഉദാഹരണത്തിന്, ചെറിയ പ്ലാസ്റ്റിക് മൃഗങ്ങൾ, മനുഷ്യരൂപങ്ങൾ എന്നിവ ഒരു വയസ്സുള്ള കുട്ടിക്ക് കൗതുകകരമായ കാഴ്ചയാകുമ്പോൾ മൂന്നു വയസ്സുകാർക്ക് അവർ ഉണ്ടാക്കുന്ന ഒരു കഥ അഭിനയിക്കാൻ അവ ഉപയോഗിക്കാം. വേർപെടുത്താനും ഒരുമിച്ചു ചേർക്കാനും പുറത്തെടുക്കാനും അകത്തിടാനും കൂട്ടിച്ചേർക്കാനും കഴിയുന്ന കളിപ്പാട്ടങ്ങൾ കുട്ടിയുടെ ഭാവനയെ ഉദ്ദീപിപ്പിക്കും. ഉദാഹരണങ്ങൾ: ഇന്റർലോക്ക് ബ്ലോക്കുകൾ. വീട്ടുപകരണങ്ങളുടെ മാതൃകകൾ എന്നിവ.
കുട്ടിയെ ശാരീരികമായി സജീവമായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങുക. വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള പന്തുകൾ, ട്രൈസൈക്കിളുകൾ, പ്ലാസ്റ്റിക് ബൗളിങ് സെറ്റുകൾ, ഒരു ചരടിൽ
വലിക്കാൻ കഴിയുന്ന കളിപ്പാട്ടങ്ങൾ എന്നിവ.
ഇടയ്ക്കിടയ്ക്കു പനി വരുന്നു ?
ഈ പ്രായത്തിൽ വരുന്ന പനികളിൽ
ഭൂരിഭാഗവും തനിയെ മാറുന്ന വൈറൽ പനികളാണ്. എപ്പോഴും പനിയെ
പേടിക്കേണ്ടതില്ല. പനിയുണ്ടെങ്കിൽ ഡോക്ടറെ കാണുന്നതിനു മുൻപു തന്നെ വീട്ടിൽ വെച്ചു പാരസെറ്റമോൾ സിറപ്പ് കുട്ടിയുടെ തൂക്കമനുസരിച്ചു കൊടുക്കാം. പനിയുടെ മരുന്നു കൊടുത്തിട്ടു പനി കുറയുമ്പോൾ കളിക്കുകയും ചിരിക്കുകയും സാധാരണ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്താൽ ഒട്ടും ഭയപ്പെടേണ്ടതില്ല. അതു സാധാരണ പനിയാണ്. പനിയോടൊപ്പം ചുമ, വയറിളക്കം, ഛർദി, ചെവിയിൽ പഴുപ്പ് തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം.
പനിയുള്ള അഞ്ചു ശതമാനം കുട്ടികളിൽ ജന്നി വരാം. ശരീരോഷ്മാവു വളരെ പെട്ടെന്ന് ഉയരുമ്പോഴാണ് ജന്നിക്കു സാധ്യത. മിക്കവാറും കുട്ടികളിലും അഞ്ചു മിനിറ്റിനകം ജന്നി തനിയെ മാറും. പനിയോടു കൂടി വരുന്ന ജന്നി തികച്ചും നിരുപദ്രവകരമായ ഒന്നാണ്. നേരത്തെ ഒരിക്കലെങ്കിലും ഇത്തരം ജന്നി വന്ന കുട്ടികൾക്കു മുൻകരുതലെന്ന നിലയിൽ ജന്നിയുടെ മരുന്നുകൾ പനിയുള്ളപ്പോൾ നൽകാം.
കിടക്കയിലെ മൂത്രമൊഴിപ്പ്
കിടക്കയിലെ മൂത്രമൊഴിപ്പ്
കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം തനിയെ മാറുന്നതാണ്. ചികിത്സ ആവശ്യമാണെങ്കില്‍ സാഹചര്യത്തിന് അനുസരിച്ചു ഡോക്ടർ നിർദേശിക്കും. വൈകുന്നേരത്തിനു ശേഷം കുടിക്കുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തുക. കഫീൻ അടങ്ങിയ
പാനീയങ്ങൾ കൊടുക്കരുത്. ഉറങ്ങുന്നതിനു തൊട്ടുമുൻപു മൂത്രമൊഴിക്കുന്നതു ശീലമാക്കുക. കിടക്കയിൽ മൂത്രമൊഴിക്കുന്നതിനു കുട്ടിയെ ശിക്ഷിക്കുവാനോ കളിയാക്കുവാനോ പാടില്ല.
വാക്സീൻ മറക്കല്ലേ
ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ കുഞ്ഞിന് ഇനിപ്പറയുന്ന രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ വാക്‌സീനുകൾ നൽകണം.
∙ 15 മാസം – എം.എം. ആർ. വാക്സീൻ– രണ്ടാം ഡോസ്. ∙ പെന്റാ
വാലന്റ് വാക്‌സീനിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ച് വാക്സീനുകളിൽ മൂന്ന് എണ്ണം കുട്ടിക്ക് 18 മാസം തികയുമ്പോൾ ആവർത്തിക്കുന്നു. ഈ വാക്‌സീനുകൾ ഡിപിറ്റി (ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്) എന്നറിയപ്പെടുന്ന ഒരു കുത്തിവയ്പ് ഡോസായി സംയോജിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം ഓറൽ പോളിയോ വാക്സീൻ ബൂസ്റ്റർ ഡോസും നൽകും. ജപ്പാൻ ജ്വരം പതിവായ പ്രദേശങ്ങളിലെ കുട്ടികൾക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സീൻ നൽകുന്നു.
ഐച്ഛികമായി നൽകാവുന്ന വാക്സീനുകളും ലഭ്യമാണ്. ∙ ഉദാ:
ചിക്കൻപോക്സ് കുത്തിവയ്പ്– രണ്ടു ഡോസാണ്. 12 മുതൽ 15 മാസം വരെ പ്രായമുള്ളപ്പോൾ ആദ്യ ഡോസ് എടുക്കണം. ∙ 12–23 മാസം പ്രായമുള്ളപ്പോൾ ഹെപ്പറ്റൈറ്റിസ് എ വാക്സീൻ നൽകാം.
തുടർന്നു കുറഞ്ഞത് ആറു മാസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കണം. ∙ ആറു മാസവും അതിൽ കൂടുതലുള്ള എല്ലാവരും വർഷംതോറും ഒക്ടോബർ അവസാനത്തോടെ ഫ്ലൂ വാക്‌സീൻ എടുക്കണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജെ. സജികുമാർ
കൺസൽറ്റന്റ്
പീഡിയാട്രീഷൻ
പരബ്രഹ്മ സ്പെഷാലിറ്റി ഹോസ്പിറ്റൽ,
ഒാച്ചിറ