Friday 30 August 2024 12:55 PM IST : By സ്വന്തം ലേഖകൻ

'b'യെ 'd' എന്നു വായിച്ചാൽ കുഞ്ഞുങ്ങളെ തല്ലേണ്ട! കുഞ്ഞുങ്ങളിലെ പഠന വൈകല്യം ഇങ്ങനെ തിരിച്ചറിയാം

learning

അച്ഛനമ്മമാർ ആ കുട്ടിയേയും കൊണ്ട് എന്റെ അടുത്തുവന്നത് വിചിത്രമായ ഒരു പ്രശ്നവുമായിട്ടാണ്. കുട്ടി പഠിക്കാൻ മണ്ടനൊന്നുമല്ല. മടിയുമില്ല. പക്ഷേ, കണക്ക് ബുക്ക് മാത്രം തുറന്നുപോലും നോക്കില്ല. കണക്കിൽ ക്ലാസ്സിൽ ഏറ്റവും പിന്നിൽ. കുട്ടിയോട് വിശദമായി സംസാരിച്ചു. അവന്റെ നോട്ട്ബുക്ക് പരിശോധിച്ചു. ഗണിതക്ലേശം അഥവാ ഡിസ്കാൽകുലിയ എന്നതാണ് പ്രശ്നമെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. കാര്യങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ ഗ്രഹിക്കാനും അതു മനസ്സിലാക്കി ചെയ്യാനും പ്രയാസമില്ലെങ്കിലും വായിക്കാനും എഴുതാനുമൊക്ക പ്രശ്നമുള്ള ഇങ്ങനെയുള്ള ചില കുട്ടികൾ നമ്മുടെ വിദ്യാലയങ്ങളിലുണ്ട്. ഈ കുട്ടികൾക്കു ‘പഠന െെവകല്യം’ (Learning Disability) എന്ന പ്രശ്നമുണ്ടോെയന്ന് സംശയിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് ഇടപെടലുകൾ നടത്തിയാൽ കുട്ടി പഠനത്തിൽ മുന്നേറുമെന്നു തീർച്ച.

l3

പുതിയ അറിവുകൾ, നിപുണതകൾ, മനോഭാവങ്ങൾ എന്നിവയൊക്കെ സ്വാംശീകരിക്കുന്ന പ്രക്രിയയെയാണ് ‘പഠനം’. തലച്ചോറിൽ സംഭവിക്കുന്ന അതിസങ്കീർണമായ ഒട്ടേറെ പ്രക്രിയകളുടെ ഫലമായാണു വായനയും എഴുത്തും കണക്കുകൂട്ടലുമൊക്കെ നടക്കുന്നത്. ഉദാഹരണത്തിന് ‘വീട്’ എന്ന ചെറിയ വാക്ക് വായിക്കുമ്പോൾ, ‘വീ’ ‘ട്’ എന്നീ അക്ഷരങ്ങളെ വ്യത്യസ്തമായും തുടർന്ന് ഒന്നായും വായിച്ചെടുക്കാനും ആ വാക്കിനു ‘താമസസ്ഥലം’ എന്ന അർഥം കൽപിച്ചു കൊടുക്കാനും, വിവിധ വലുപ്പമുള്ള വ്യത്യസ്തമായ വീടുകളുടെ ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞുവരാനുമൊക്കെ കാരണമാകുന്നത് മസ്തിഷ്കത്തിലെ വിജ്ഞാനവിശകലനശേഷി എന്ന കഴിവിന്റെ ഭാഗമാണ്. വാക്കുകളെയും ശബ്ദങ്ങളെയും ദൃശ്യങ്ങളെയുമൊക്കെ ഇതുപോലെ കാര്യക്ഷമതയോടെ വിലയിരുത്താൻ തലച്ചോറിനും കഴിയാതെ പോയാൽ, ആ വ്യക്തിക്കു പഠനം ദുഷ്കരമാകും. ഇതാണു പഠന െെവകല്യമായി മാറുകയും കുട്ടിയുടെ വിദ്യാഭ്യാസ ജീവിതത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നത്.

െെവകല്യങ്ങൾ പലതരം

സാധാരണ ബുദ്ധിയുണ്ടെങ്കിലും എഴുത്ത്, വായന, ഗണിതം എന്നിവയിൽ ഏതെങ്കിലുമൊന്നിലെങ്കിലും പിന്നാക്കാവസ്ഥ പ്രകടമാകുന്ന അവസ്ഥയാണ് ‘പഠനക്ലേശം’ (Learning disorder). വായനാക്ലേശം (Dyslexia), രചനാക്ലേശം (Dysgraphia), ഗണിതക്ലേശം (Dyscalculia), സമ്മിശ്ര പഠനക്ലേശം (Mixed learning disorder) എന്നിങ്ങനെ നാലു തരത്തിൽ ഈ പ്രശ്നം പ്രകടമാകാറുണ്ട്. പരിഹാരമായി പരിശീലനങ്ങൾ നൽകിയശേഷവും പ്രശ്നങ്ങൾ ബാക്കിനിന്നാൽ ആ അവസ്ഥയെ ‘പഠന െെവകല്യം’ (Learning disability) എന്നു വിളിക്കാം.

താഴെപ്പറയുന്നവയിൽ രണ്ടിലധികം ലക്ഷണങ്ങൾ, ചുരുങ്ങിയത് ആറു മാസം നീണ്ടുനിന്നാൽ പഠനക്ലേശമുണ്ടെന്നു കരുതാം.

learning

വായനാക്ലേശം:

∙ ചില അക്ഷരങ്ങൾ ഉച്ചരിക്കാൻ പ്രയാസമുണ്ടാകുകയോ, വായിക്കുമ്പോൾ വിട്ടുപോകുകയോ ചെയ്യുക, ചില വാക്കുകൾ വായിക്കുമ്പോൾ അക്ഷരങ്ങളുെട ക്രമം തെറ്റിപ്പോകുക. വാക്കിലെ ആദ്യ അക്ഷരം മാത്രം വായിച്ചു ബാക്കി ഊഹിച്ചു പറയുക എന്നിവയൊക്കെ ഇവർ ചെയ്തേക്കാം. ദർപ്പണപ്രതിച്ഛായാ സ്വഭാവമുള്ള അക്ഷരങ്ങൾ വായിക്കുമ്പോൾ പരസ്പരം മാറിപ്പോകാം– ഉദാഹരണത്തിന് 'b'യെ 'd' എന്നും ‘സ’യെ ‘ഡ’യെന്നും വായിക്കുക, 'hat', 'hut', 'hot' എന്നിങ്ങനെ സമാനമായ അക്ഷരങ്ങളുള്ള വാക്കുകൾ തിരിച്ചറിയാൻ ഇവർ വിഷമിച്ചേക്കും.

∙ വളരെ സാവധാനം തപ്പിത്തടഞ്ഞാണു വായിക്കുക, വാക്കുകളുടെ ഉച്ചാരണം ശരിയാകാനും, അർഥം മനസ്സിലാക്കാനും വളരെയേറെ നേരം ഇവർ എടുത്തേക്കും. നീളം കൂടുതലുള്ള സങ്കീർണമായ ഉച്ചാരണമുള്ള വാക്കുകൾ ഇവർക്കു കൂടുതൽ പ്രയാസകരമാകും.

∙ വാക്കുകൾക്കിടയിലെ പൂർണവിരാമവും അർഥവിരാമവുമൊക്കെ (കുത്തും കോമയും) അവഗണിക്കുക, വാക്കുകൾക്കിടയിലെ വിടവുകൾ കണ്ണിൽപെടാതെ പോകുക ഇവ സാധാരണമാണ്.

∙ വായിക്കുമ്പോൾ വാക്കുകൾക്ക് ഊന്നൽ കൊടുക്കേണ്ടിടത്ത് അതു ചെയ്യാതിരിക്കുകയോ ആവശ്യമില്ലാത്തയിടത്ത് ഊന്നൽ കൊടുക്കുകയോ ചെയ്യുക.

∙ വായിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗം ഇടയ്ക്കിടെ മറന്നുപോകുക. ഇത് ഒഴിവാക്കാനായി വായിക്കുന്ന ഭാഗത്തു വിരലുകൾ വയ്ക്കുക.

∙ പഠനഭാഗങ്ങൾ പകർത്തിയെഴുതുമ്പോൾ തെറ്റുകൾ പറ്റുക.

∙ദൃശ്യരൂപത്തിലുള്ള വിവരങ്ങൾ ഗ്രഹിക്കാൻ പ്രയാസമുണ്ടാകുക. വായിക്കുന്ന കാര്യങ്ങൾ വേഗം മറക്കുക. എന്നാൽ അതേ കാര്യം കേട്ടുപഠിച്ചാൽ ഒാർത്തിരിക്കുക.

∙വായിക്കാൻ ഒട്ടും താൽപര്യം കാട്ടാതിരിക്കുക. വായിക്കുമ്പോൾ തലവേദന, കണ്ണിൽ ചൊറിച്ചിൽ, കണ്ണിനു നീരുവരിക തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുക. എന്നാൽ മറ്റൊരാൾ വായിക്കുന്നതു കേൾക്കാൻ ഇവർക്ക് ഇഷ്ടമായിരിക്കും.

l1

രചനാക്ലേശം

∙എഴുതുമ്പോൾ അക്ഷരക്രമത്തിലും വ്യാകരണത്തിലും നിരന്തരം തകരാറു വരിക, ദർപ്പണ പ്രതിച്ഛായകളായ അക്ഷരങ്ങൾ നിരന്തരം തിരിഞ്ഞുപോകും. b-d, p-g, സ–ഡ, ന–ധ തുടങ്ങിയ അക്ഷരങ്ങൾ ഇവർക്കു തിരിഞ്ഞുപോകും. എഴുതുമ്പോൾ അക്ഷരങ്ങളോ, വാക്കുകളോ, വാചകങ്ങളുടെ ഭാഗങ്ങളോ വിട്ടുപോയേക്കും. ഒരേ വാക്ക് പല നേരത്ത് പല രീതിയിലെഴുതും. വാക്കുകൾക്കിടയിൽ അർഥവിരാമം, പൂർണവിരാമം, കുത്തുകൾ എന്നിവയിടാതിരിക്കുക, എഴുതുമ്പോൾ ഏറെ വെട്ടും തിരുത്തുമുണ്ടാവുക, കയ്യക്ഷരം മോശമാകുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാകാം.

∙ ചില കുട്ടികൾ എഴുതാൻ ഏറെ സമയമെടുക്കും. എഴുതുമ്പോൾ പെട്ടെന്നു ക്ഷീണിക്കുകയും തന്മൂലം എഴുതാൻ താൽപര്യം കാട്ടാതിരിക്കുകയും ചെയ്യും.

∙ ഇംഗ്ലിഷിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും കൂട്ടിക്കുഴയ്ക്കാം.

∙ ഉച്ചാരണത്തിനനുസൃതമായി അക്ഷരങ്ങളെ നിരത്തിവയ്ക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഉദാഹരണത്തിന് 'enough' എന്ന വാക്കിന്റെ ഉച്ചാരണം കേൾക്കുമ്പോൾ 'enuff' എന്നെഴുതിവയ്ക്കുക, 'enough' എന്ന വാക്കും 'though' എന്ന വാക്കും തമ്മിൽ ഉച്ചാരണത്തിലെ അന്തരം മനസ്സിലാക്കാൻ കഴിയാെത വരിക.

∙ എഴുതുമ്പോൾ തെറ്റായ രീതിയിൽ പേന പിടിക്കുക, താൻ ഇടംകയ്യനോ വലംകയ്യനോ എന്ന കാര്യത്തിൽ സംശയമുണ്ടാകുക.

ഗണിതക്ലേശം

∙ കണക്കു ചെയ്യാൻ ഒട്ടും താൽപര്യം കാട്ടാതിരിക്കുക. ചെറിയ സംഖ്യകൾ പോലും കൂട്ടാനോ കുറയ്ക്കാനോ കഴിയാെതവരിക.

∙ ഗുണനപ്പട്ടികകൾ ഒാർത്തുവയ്ക്കാൻ കഴിയാെതവരിക.

∙ സംഖ്യകൾ എഴുതുമ്പോൾ തിരിഞ്ഞുപോകുക–47 എന്നതിനു പകരം 74 എന്നെഴുതുക. കണക്കിലെ ക്രിയകളിൾ തെറ്റുവരുത്തുകയും എടുത്തെഴുതുമ്പോൾ മാറിപ്പോകുകയും ചെയ്യുക. ഉദാഹരണത്തിന് 63+5 എന്നതിനു 635 എന്ന് ഉത്തരമെഴുതുക.

∙ മനക്കണക്കു കൂട്ടുമ്പോൾ, ഉത്തരവുമായി ഒരു സാമ്യവുമില്ലാത്ത വല്ലാത്ത രീതിയിലുള്ള തെറ്റുകൾ വരുത്തുക.

∙ പണം കൈകാര്യം ചെയ്യുമ്പോഴും സമയം നോക്കുമ്പോഴും തെറ്റുവരുത്തുക. േവഗം, ദൂരം, വ്യാപ്തി എന്നിവ ശ്രദ്ധിക്കാനും വിശകലനം ചെയ്യാനും പ്രയാസം.

l2

കാരണങ്ങൾ

കാഴ്ച, കേൾവി എന്നീ ഇന്ദ്രിയങ്ങളുടെ ഏകോപനത്തിലുണ്ടാകുന്ന തകരാറുകൾ പഠനപ്രശ്നമുള്ള പല കുട്ടികളിലും കാണാറുണ്ട്. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന രോഗങ്ങൾ, പോഷകാംശക്കുറവ്, പരിക്കുകൾ എന്നിവയും ജനനസമയത്തു കുട്ടിക്കു തൂക്കക്കുറവ്, മാസം തികയാതെ പ്രസവിക്കുക എന്നിവയൊക്കെ ഈ അവസ്ഥയ്ക്കു വഴിതെളിക്കാം. ചെറുപ്രായത്തിൽ തലച്ചോറിനു ക്ഷതമേൽക്കുകയോ, മെർക്കുറി, ലെഡ് തുടങ്ങിയ രാസപദാർഥങ്ങൾ അമിതമായി ശരീരത്തിലെത്തുകയോ ചെയ്യുന്നതും പഠനക്ലേശങ്ങൾക്കു കാരണമാകാം. ജനിതകമായ ഘടകങ്ങളും ചില കുട്ടികളിൽ പഠനപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്. മൂന്നു വയസ്സുവരെ മാതാപിതാക്കളുടെ സ്നേഹപൂർവമായ പരിലാളനം ലഭിക്കുകയും, സംസാരം കേൾക്കുകയും, പാട്ടുകേൾക്കുകയുമൊക്കെ ചെയ്യുന്നതു കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിൽ മൂന്നിരട്ടി കൂടുതലായി ഈ പ്രശ്നം കണ്ടുവരാറുണ്ട്.

ആരെ സമീപിക്കണം?

കുട്ടിയുടെ പഠനപ്രശ്നങ്ങൾക്കു പിന്നിലുള്ള ബഹുവിധ കാരണങ്ങൾ കൃത്യമായി നിർണയിക്കാൻ വിവിധ വിദഗ്ധരുടെ സേവനം വേണ്ടിവന്നേക്കും. കാഴ്ചശക്തി, കേൾവിശക്തി എന്നിവയുമായി ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ടോയെന്നു വിലയിരുത്താൻ പീഡിയാട്രീഷ്യന്റെ സേവനം വേണ്ടിവരും. പഠനപ്രശ്നം മാത്രമാണോ, അനുബന്ധമായി കാണപ്പെടുന്ന മാനസികാരോഗ്യപ്രശ്നങ്ങളായ എ.ഡി.എച്ച്.ഡി., വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങൾ എന്നിവയെന്തെങ്കിലുമുണ്ടോ എന്നു നിർണയിക്കാൻ െെസക്യാട്രിസ്റ്റിന്റെ സേവനം വേണ്ടിവരും. രക്തപരിശോധനകൾ, ഇഇജി, അവശ്യഘട്ടങ്ങളിൽ തലച്ചോറിന്റെ സ്കാൻ എന്നീ പരിശോധനകളും ചിലപ്പോൾ വേണ്ടിവന്നേക്കാം.

കുട്ടിയുടെ ബുദ്ധിവളർച്ചയുടെ തോതു നിർണയിക്കാനുള്ള െഎക്യു (IQ) പരിശോധന, പഠന െെവകല്യനിർണയ പരിശോധനകൾ, കുട്ടിയുടെ സാമൂഹിക വളർച്ച നിർണയിക്കാനുള്ള ടെസ്റ്റുകൾ തുടങ്ങിയ മനശ്ശാസ്ത്രപരിശോധനകളും ആവശ്യമായി വന്നേക്കാം. കുട്ടിയുടെ കഴിവുകളും പരിമിതികളും കൃത്യമായി മനസ്സിലാക്കി അനുയോജ്യമായ പരിശീലനരീതി വികസിപ്പിച്ചെടുക്കാനും പ്രശ്നപരിഹാര വിദ്യാഭ്യാസം നൽകാനും മനശ്ശാസ്ത്രജ്ഞരെയും സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനെയും സമീപിക്കണം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. അരുൺ ബി നായർ
സൈക്യാട്രിസ്റ്റ്
മെഡി. കോളജ്
തിരുവനന്തപുരം

Tags:
  • Parenting Tips