മരുന്ന് , അത് ഡോക്ടർ നിർദേശിക്കുന്നതായാലും മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുന്നതായാലും കഴിക്കുമ്പോൾ നമുക്ക് ഒട്ടേറെ ആശങ്കകളുണ്ടാകാം. മരുന്ന് ഉപയോഗത്തിൽ സർവസാധാരണമായ സംശയങ്ങൾക്ക് ഉത്തരങ്ങളിതാ.
Q മരുന്നുകളും ഗുളികകളും വീട്ടിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇൻസുലിൻ സൂക്ഷിക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
മരുന്നുകൾ ഈർപ്പമില്ലാത്ത സ്ഥലത്തു സൂക്ഷിക്കുക. കുട്ടികളുടെ െെക എത്താത്ത സ്ഥലത്തു മാത്രമേ മരുന്നു വയ്ക്കാൻ പാടുള്ളൂ. അവപ്രത്യേകം ലേബൽ ചെയ്യണം.
ബാത്റൂമുകളിലും അടുക്കളയിലും ഒരു കാരണവശാലും മരുന്നുകൾ വയ്ക്കാൻ പാടില്ല. മഴക്കാലത്തും വേനൽക്കാലത്തും മരുന്നുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇൻസുലിൻ ഫ്രിജിൽ വയ്ക്കാം, പക്ഷേ ഒരിക്കലും ഫ്രീസറിൽ വയ്ക്കരുത്. ഒരു മാസം വരെ ഇൻസുലിൻ റൂമിലെ താപനിലയിൽ വയ്ക്കാവുന്നതാണ്. അതിൽ കൂടുതൽ കാലം വയ്ക്കാൻ പാടില്ല.
മരുന്നുകൾ വേണ്ടത്ര ഫലം ചെയ്യണമെങ്കിൽ അവ ശരിയായ രീതിയിൽ സൂക്ഷിക്കുകയും വേണം. വല്ലാത്ത ചൂടും ഈർപ്പവും മരുന്നുകളുടെ പൊട്ടൻസിയെ ബാധിക്കാം. എല്ലാ മരുന്നുകൾക്കും അതിന്റേതായ സ്റ്റോറേജ് ടെംപറേച്ചറുണ്ട്. (റൂം ടെപറേചർ എന്നാൽ 15-30 ഡിഗ്രി സെൽഷസ്, Cool Temperature 8-15 ഡിഗ്രി സെൽഷസ്, Refrigeration 2-8 ഡിഗ്രി സെൽഷസ് , Freezing 10 to -25 ഡിഗ്രി സെൽഷസ് ).
മരുന്നുകളുടെ കവറിൽ അതിന്റെ കാര്യക്ഷമതയ്ക്ക് ആവശ്യമായ താപനില എഴുതിയിട്ടുണ്ട്. അവയെ ആ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ മരുന്നുകളുടെ പൊട്ടൻസി കുറയുകയും ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
Qഭക്ഷണത്തിനു മുൻപ് മരുന്നു കഴിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? കഴിക്കാൻ മറന്നാൽ ഭക്ഷണശേഷം കഴിക്കുന്നതു കൊണ്ടു ഗുണമുണ്ടോ?
ആഹാരവും പാനീയങ്ങളും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കാം. ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിച്ചില്ലെങ്കിൽ മരുന്നുകളുടെ ഗുണഫലം കുറയുകയും അതിൽനിന്നും വേണ്ടത്ര ഗുണം കിട്ടാതെ വരുകയും ചെയ്യും.
Q ഒാൺലൈനിൽ മരുന്നു വാങ്ങുന്നത് ശരിയായ രീതിയാണോ? ഏതെല്ലാം മരുന്നുകളാണ് ഒാൺ ലൈനിൽ വാങ്ങാൻ സുരക്ഷിതം?
ഒാൺലൈൻ മരുന്നുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അതു റജിസ്റ്റേഡ് ഫാർമസി ആണോ എന്നതാണ്. റജിസ്റ്റേഡ് അല്ല എങ്കിൽ വാങ്ങുന്ന മരുന്നുകൾ ചിലപ്പോൾ കാലാവധി കഴിഞ്ഞതോ, വ്യാജമോ ആകാൻ സാധ്യതയുണ്ട്. ഇന്റർനെറ്റ് ഇൻഫോർമേഷൻ വച്ച് ഒരിക്കലും മരുന്നുകൾ വാങ്ങരുത്.
എല്ലാ മരുന്നുകളും ഒരു ഡോക്ടറിന്റെ നിർദേശപ്രകാരം മാത്രമേ വാങ്ങാവൂ. അല്ലാത്തപക്ഷം മരുന്നുകളുടെ ഡോസ് തെറ്റാനും, അതിനു പാർശ്വഫലം ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വേദനസംഹാരികൾ അളവിൽ കൂടുതൽ കഴിച്ചാൽ വൃക്കരോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
Q പെയ്ൻ ബാമുകൾ പുരട്ടിയ ശേഷം ചൂട് പിടിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?
പെയ്ൻ ബാം പുരട്ടിയ ശേഷം പലരും ചൂട് വയ്ക്കാറുണ്ട്. അത് തെറ്റായ പ്രവണതയാണ്. ഒരിക്കലും ബാം പുരട്ടി ചൂട് പിടിക്കരുത്. അങ്ങനെ ചെയ്താൽ പുരട്ടിയ ഭാഗത്ത് പൊള്ളൽ ഏൽക്കാൻ സാധ്യതയുണ്ട്.
Q മരുന്നുകളുടെ ഉപയോഗയോഗ്യമായ കാലാവധിക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കഴിക്കാനിടയായാൽ അപകടസാധ്യതയുണ്ടോ?
എല്ലാ മരുന്നുകൾക്കും അതിന്റെ പൊട്ടൻസി ടെസ്റ്റ് ചെയ്തിട്ടുള്ള കാലാവധിയാണ് സുരക്ഷിത ഉപയോഗസമയം. കാലാവധിക്കുശേഷം ഉപയോഗിച്ചാൽ, അതിനാൽ ഉണ്ടാകുന്ന പാർശ്വഫലത്തിന് ഫാർമ കമ്പനിക്കാർ നിയമപരമായിട്ട് ബാധ്യസ്ഥരല്ല. കാലാവധിക്കു ശേഷം ഉപയോഗിച്ചാൽ പ്രത്യേകിച്ച്, ആന്റിബയോട്ടിക്കിന് വേണ്ടത്ര ഫലം കിട്ടില്ല. അതു രോഗവിമുക്തിസമയം കൂട്ടും. അതുമാത്രമല്ല, ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉണ്ടാകാം.
ഒാപ്പൺ ചെയ്ത സിറപ്പുകൾ, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ എന്നിവയിൽ ഫംഗൽ– ബാക്ടീരിയൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില മരുന്നുകൾ കാലാവധിക്കുശേഷം ടോക്സിക് ആകാനും സാധ്യതയുണ്ട്. .
Q മുതിർന്നവരുടെ മരുന്നു കുട്ടികൾ കഴിക്കാനിടയായാൽ എന്തുചെയ്യണം?
പ്രഥമശുശ്രൂഷ എന്താണ്?
മുതിർന്നവരുടെ മരുന്നു കുട്ടികൾ കഴിക്കാനിടയായാൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഉടനെതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. മരുന്നിന്റെ പേരും സ്ട്രിപ്പും ഡോക്ടറെ കാണിക്കേണ്ടതാണ്. മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ കൃത്യമായ പ്രതിവിധി നിർദേശിക്കാനാകൂ. എന്തുകൊണ്ടെന്നാൽ ഒാേരാ മരുന്നും പ്രത്യേക അവയവങ്ങളെ ബാധിക്കുന്നവയാണ്. അവയ്ക്കു പ്രത്യേക പ്രതിവിധികളാണ് വേണ്ടത്.
Q നിറംമാറ്റം വന്ന സിറപ്പുകൾ ഉപയോഗിക്കാമോ?
സിറപ്പു പോലുള്ള മരുന്നുകളുടെ നിറംമാറ്റം, കാലാവസ്ഥയിലെ മാറ്റംകൊണ്ടു വരുന്നതാണ്. നിറംമാറ്റം സിറപ്പിൽ കാണുന്നുണ്ടെങ്കിൽ ആ മരുന്ന് ഉപയോഗിച്ചാൽ വേണ്ടത്ര ഗുണം കിട്ടില്ല. അത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
Q ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും ഒരു നേരം കഴിക്കാൻ മറന്നുപോയാൽ എന്താണ്
ചെയ്യേണ്ടത്? മരുന്നിന്റെ ഗുണഫലങ്ങൾ നഷ്ടമാകുമോ?
ആന്റിബയോട്ടിക്കുകൾ അതിന്റെ മുഴുവൻ കോഴ്സ് തീരുന്നതുവരെയും മുടങ്ങാതെ എടുക്കേണ്ടതു തന്നെയാണ്. ആന്റിബയോട്ടിക്കുകൾ കൃത്യമായ ഡോസിൽ,
രീതിയിൽ കഴിച്ചില്ലെങ്കിൽ പ്രതിരോധശേഷിയുള്ള അണുക്കൾ ഉണ്ടാകും. അതിനെ എതിർക്കാൻ പിന്നീട് കൂടുതൽ ശക്തമായ ആന്റിബയോട്ടിക്കുകൾ വേണം.
Qഅറിയാതെ ഡോസ് കൂടുതലായി മരുന്നു കഴിച്ചാൽ എന്താണ് ശ്രദ്ധിക്കേണ്ടത്?
അറിയാെത, ഡോസ് കൂടുതലായി മരുന്നു കഴിച്ചാൽ, ഉടനെ ഡോക്ടറെ കാണണം. പല മരുന്നുകൾക്കുംപലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. മരുന്നുകൾക്കനുസൃതമായി ഡോക്ടർ പ്രതിവിധി നിർദേശിക്കും.
Q ഒേര തരം മരുന്നുകൾ പല കമ്പനികൾ നിർമിക്കുന്നുണ്ട്. ഇതിൽ ഏതാണ് നല്ലതെന്ന് എങ്ങനെ തിരിച്ചറിയാനാകും?
ഒേരതരം മരുന്നുകൾ പല കമ്പനികൾ നിർമിക്കുന്നുണ്ട്. ഈ കമ്പനികൾ കേന്ദഗവൺമെന്റിന്റെ കീഴിലുള്ള (CDSCO–Cental Drugs Standard Control Organization) അംഗീകരിച്ചവ ആയിരിക്കണം. ഈ അംഗീകാരമുള്ളവയുടെ മരുന്നുകൾക്കാണ് ഗുണമേൻമയുള്ളത്.
Q കുട്ടികൾക്ക് നൽകുന്ന സിറപ്പുകളും മറ്റും ഒരു പ്രാവശ്യം തുറന്നാൽ, എക്സ്പയറി ഡേറ്റ് കഴിഞ്ഞതല്ലെങ്കിലും കുറച്ചു നാളുകൾക്കുശേഷം വീണ്ടും ഉപയോഗിക്കുന്നതു നല്ലതാേണാ?
കുട്ടികൾക്കു നൽകുന്ന സിറപ്പുകൾ രണ്ടുതരമുണ്ട്. പ്രീമിക്സ് സിറപ്പും റീകൺസ്റ്റിറ്റ്യൂറ്റഡ് സിറപ്പും. ആദ്യത്തേത് സിറപ്പ് രീതിയിൽ തന്നെയാണ് കിട്ടുന്നത്. രണ്ടാമത്തേത് പൊടികളിൽ വെള്ളം ചേർത്തെടുക്കുന്നതാണ്. അത് ഉപയോഗിച്ചു തുടങ്ങിയാൽ ഫ്രിജിൽ തന്നെ സൂക്ഷിക്കണം. പത്ത് ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും വേണം.
പ്രീ മിക്സ് സിറപ്പ് തുറന്നതിനുശേഷം വെളിയിൽ വച്ചാൽ അതിന്റെ സംഭരണ കാലാവധി കുറയും. അത് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതാണ്. കൂടുതൽ കാലം വെളിയിൽ ഇരുന്നാൽ അണുബാധ വരാവുന്നതാണ്. നിറത്തിനോ മണത്തിനോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.
Q പാരസെറ്റമോൾ, ഡോളോ എന്നിവ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?
പാരസെറ്റമോൾ ഡോക്ടറിന്റെ നിർദേശപ്രകാരമല്ലാതെ കഴിക്കുമ്പോൾ ഫുൾഡോസ് 4 ആണെങ്കിൽ അതിൽ കൂടുതൽ ഒരു ദിവസം കഴിക്കരുത്. കരൾ, വൃക്ക രോഗങ്ങളുള്ള ആളുകൾ അത് ഡോക്ടറിന്റെ നിർദേശമില്ലാതെ കഴിക്കരുത്. നാലു ദിവസത്തിൽ കൂടുതൽ ഡോക്ടറിന്റെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്. കുട്ടികളിൽ തൂക്കമനുസരിച്ച് ഡോക്ടർ നിർദേശിച്ച ഡോസ് പാരാസെറ്റമോൾ മാത്രമേ കൊടുക്കാൻ പാടുള്ളൂ.
Q വേദനസംഹാരികൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം? കുട്ടികൾക്കു നൽകുമ്പോൾ എന്തൊക്കെ കരുതൽ വേണം?
കുട്ടികളിലും മുതിർന്നവരിലുംവേദനസംഹാരികൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൊടുക്കാൻ പാടില്ല. വേദന പലതരത്തിലുള്ള രോഗങ്ങളുടെ ഒരു അടയാളമാണ്. വേദനസംഹാരികൾ കഴിച്ചാൽ അതിന്റെ കാരണം പലപ്പോഴും അറിയാെത പോകും.
വേദനസംഹാരികൾ വൃക്കയെയും കരളിനെയും പ്രതികൂലമായി ബാധിക്കുമെന്നതും പ്രധാന വസ്തുതയാണ്. വൃക്കരോഗത്തിന്റെ പ്രധാനമായ ഒരു കാരണമാണ് അളവിലേറെ വേദനസംഹാരികൾ കഴിക്കുന്നത്. ചില വേദനസംഹാരികൾ കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്തതാണ്. കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒരു കാരണവശാലും വേദനസംഹാരികൾ കൊടുക്കരുത്.
Q ഒരേ മരുന്നുകളിൽ ഗുണനിലവാരം കൂടിയതോ കുറഞ്ഞതോ ആയ മരുന്നുകളുണ്ടോ?
വ്യത്യസ്ത കമ്പനി ഉൽപാദിപ്പിക്കുന്ന ഒരേ മരുന്നുകൾ തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. അവയെല്ലാം ഇന്ത്യയിലെ റെഗുലേറ്ററി അതോറിറ്റിയുടെ കീഴിൽ പരിശോധനയ്ക്ക് വിധേയമാകുന്നതാണ്. എന്നാൽ പ്രായോഗികമായി നമുക്ക് വിവിധ കമ്പനി ഉൽപാദിപ്പിക്കുന്ന മരുന്നിന്റെ പ്രവർത്തനത്തിൽ ചെറിയ വ്യത്യാസം കാണാം.
Q ഒരു നേരം പല ഗുളികകൾ കഴിക്കാനുള്ളപ്പോൾ അവ ഒന്നിച്ചു കഴിക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ? ചെറിയ ഇടവേളകൾ ആവശ്യമുണ്ടോ?
ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ കഴിക്കാൻ പാടുള്ളൂ. ചില മരുന്നുകൾ ഭക്ഷണത്തിനു മുൻപും ചിലതു ഭക്ഷണത്തിനു ശേഷവും കഴിക്കേണ്ടിവരും. ചില മരുന്നുകൾ മറ്റു മരുന്നുകളുമായി പ്രതിപ്രവർത്തിച്ചാൽ ചിലപ്പോൾ അവയുടെ ഫലം കുറയുകയോ,
ചിലപ്പോൾ അതിന്റെ ടോക്സിന്റെ അവസ്ഥ കൂട്ടുകയോ ചെയ്യാം. അതുകൊണ്ട്, മരുന്നുകൾ ഡോക്ടറിന്റെ നിർദേശപ്രകാരം കൃത്യസമയത്ത് മാത്രമേ കഴിക്കാൻ പാടുള്ളൂ.
Q എന്തുകൊണ്ടാണ് ചില മരുന്നു ഭക്ഷണത്തിനിടയിൽ കഴിക്കാൻ നിർദേശിക്കുന്നത്?
ചിലതരം രോഗങ്ങൾക്കു ഭക്ഷണം മുഴുവനും ശരീരത്തിൽ ആഗിരണം ചെയ്യപ്പെടേണ്ടാത്ത ആവശ്യകതയുണ്ട്. അതിനാലാണ് അത്തരം രോഗാവസ്ഥയ്ക്കുള്ള മരുന്നുകൾ ഭക്ഷണത്തിനിടയിൽ കഴിക്കുന്നതിന് നൽകുന്നത്.
Q സാധാരണയായി മരുന്നുകളുമായി പ്രതിപ്രവർത്തനമുണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ ഏതെല്ലാമാണ്?
കൊഴുപ്പ് കൂടിയതും നാരുള്ള ഭക്ഷണവും പൊതുവെ ശരീരത്തിൽ മരുന്നുകൾ അലിഞ്ഞുചേരുന്നതിൽ താമസം വരുത്താം. കാത്സ്യം കൂടിയ ഭക്ഷണം, പ്രത്യേകിച്ച് പാലും ചീസും ചില മരുന്നുകളുടെ ആഗിരണശക്തി കുറയ്ക്കും. പ്രത്യേകിച്ച് ആന്റിബയോട്ടിക്കുകളുടെ. ചില ഫലങ്ങൾ നമ്മുടെ ശരീരത്തിലുള്ള ചില എൻസൈമുകളുടെ പ്രവർത്തനം തടയും. ചില മരുന്നുകളുടെ പാർശ്വഫലം അതുമൂലം കൂടും
Q ചില ആന്റിബയോട്ടിക്കുകൾ വയറിനു പ്രശ്നമുണ്ടാക്കുന്നത് എന്തുകൊണ്ട്?
വീര്യമുള്ള ആന്റിബയോട്ടിക്കുകൾ എടുക്കുമ്പോൾ അതു നമ്മുടെ കുടലിലുള്ള നല്ല ബാക്ടീരിയയെയും നശിപ്പിക്കുന്നു. കുടലിലുള്ള നല്ല ബാക്ടീരിയ നമ്മുടെ സാധാരണ ദഹനത്തിന് അത്യാവശ്യമാണ്. നല്ല ബാക്ടീരിയ ഇല്ലാതാ കുന്നതുകൊണ്ടാണ് ആന്റിബയോട്ടിക്കുകൾ എടുക്കുമ്പോൾ ദഹനത്തെ അതു ബാധിക്കുന്നത്.
Q കാപ്സ്യൂൾ രൂപത്തിലുള്ള മരുന്നുകളുടെ മെച്ചം എന്തൊക്കെയാണ്?
കാപ്സ്യൂൾ രൂപത്തിലാക്കിയ മരുന്നുകൾ കഴിക്കാൻ എളുപ്പമാണ്. മരുന്നിന്റെ പ്രത്യേക മണം, അരുചി ഇവയെ കാപ്സ്യൂൾ രൂപത്തിലാകുമ്പോൾ മറികടക്കാൻ കഴിയുന്നു. അതുമൂലം മരുന്നുകൾ കൃത്യമായി എടുക്കാൻ സാധ്യത കൂടുതലാണ്. കാപ്സ്യൂൾ നിർമിക്കാൻ ടാബ്െലറ്റിനെക്കാളും ചെലവു കുറവാണ്. സൂര്യപ്രകാശം തട്ടാൻ പാടില്ലാത്ത മരുന്നുകൾ കാപ്സ്യൂൾ രൂപത്തിൽ സൂക്ഷിക്കാൻ പറ്റും.
Q മരുന്നു കഴിക്കുമ്പോൾ മദ്യം കഴിക്കുന്നത് എങ്ങനെയാണ് അപകടകരമാകുന്നത്?
ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നതിനാൽ മദ്യത്തോടൊപ്പം മരുന്നു കഴിക്കരുത്. രോഗിക്ക് ഇത്തരം അവസ്ഥയിൽ പൊതുവെയുള്ള ജാഗ്രത നഷ്ടപ്പെടുന്നു. പ്രത്യേകിച്ച് വേദനയ്ക്കും മാനസികരോഗങ്ങൾക്കും മരുന്നുകൾ കഴിക്കുന്നവർക്ക് മദ്യം കഴിച്ചാൽ ഇതു കൂടുതലായി സംഭവിക്കാം. Anti Hypertensive, Sedative Anxiety Medications, Cholesterol Medications തുടങ്ങിയ മറ്റു മരുന്നുകളും മദ്യവുമായി ചേരുന്നത് ദോഷകരമാണ്. മദ്യവും വേദനസംഹാരികളും ചേരുന്നതു ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
Qവെറുംവയറ്റിൽ മരുന്നുകഴിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ?
ചില മരുന്നുകൾ ഭക്ഷണത്തിനു മുൻപ് അല്ലെങ്കിൽ വെറുംവയറ്റിലാണ് എടുക്കേണ്ടത്. അല്ലാത്തപക്ഷം ആ മരുന്നിന്റെ ശരീരാഗീകരണത്തെ പ്രതികൂലമായി ബാധിക്കും. ഉദാ. തൈറോയ്ഡിനുള്ള മരുന്നുകൾ. മറ്റു മരുന്നുകൾ വെറും വയറ്റിൽ എടുത്താൽ വയറുവേദന, നെഞ്ചെരിച്ചിൽ, അജീർണം എന്നിവയുമുണ്ടാവാം.
Q ഭക്ഷണശേഷം ഉടനെ മരുന്നു കഴിക്കാമോ? എത്ര സമയത്തിനുള്ളിൽ കഴിക്കുന്നതാണ് സുരക്ഷിതം?
ഭക്ഷണശേഷം കഴിക്കേണ്ട മരുന്നുകൾ ഉടനെതന്നെ കഴിക്കേണ്ടതാണ്. അത് ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂറിനുള്ളിൽ എന്തായാലും കഴിക്കണം.
Q സപ്പോസിറ്ററികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?സപ്പോസിറ്ററി ഉപയോഗിക്കുമ്പോൾ ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ചു െെക കഴുകുക. അതിനുശേഷം സപ്പോസിറ്ററിയിൽ നിന്നു പ്ലാസ്റ്റിക് കോട്ടിങ് നീക്കം ചെയ്യുക. അടിയന്തിര സാഹചര്യമല്ലെങ്കിൽ, സപ്പോസിറ്ററി തുടങ്ങുന്നതിനു മുൻപ് കുടൽ ശുദ്ധമാണെന്ന് ഉറപ്പാക്കുക.
രോഗിയുടെ മലാശയത്തിലേക്ക് സപ്പോസിറ്ററി തിരുകുക. 15 മിനിറ്റ് കിടക്കണം. അപ്പോൾ മരുന്ന് ശരിയായി ആഗീരണം ചെയ്യപ്പെടും. രോഗി മലദ്വാരത്തിലോ, മലാശയത്തിലോ ശസ്ത്രക്രിയ വേണ്ടിവന്നിട്ടുള്ള ആളാണെങ്കിലോ, അവിടെ രക്തസ്രാവമോ അണുബാധയോ ഉള്ളവരാണെങ്കിലോ സപ്പോസിറ്ററി ഉപയോഗിക്കരുത്.ഡോക്ടറുടെ നിർദേശം കൂടി സ്വീകരിക്കുക.
Q കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ പൊതുവെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ വീണ്ടും ആവർത്തിച്ചു നൽകണോ?
കുട്ടികൾക്ക് മരുന്നു നൽകുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് അതിന്റെ ഡോസാണ്. ഒരേ മരുന്നിനുതന്നെ പലതരത്തിലുള്ള ഡോസിൽ ലഭ്യമാണ്. കുട്ടിയുടെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഡോസ് തന്നെ കൃത്യമായ സമയത്ത് കൊടുക്കേണ്ടതാണ്. കുട്ടി മരുന്ന് തുപ്പിക്കളഞ്ഞാൽ ഒരുപ്രാവശ്യം കൂടി വീണ്ടും ആവർത്തിച്ചു മരുന്നു നൽകണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ആനി എ. പുളിക്കൽ
കൺസൽറ്റന്റ്
എൻഡോക്രൈനോളജിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ , കൊച്ചി