Friday 27 October 2023 12:55 PM IST : By സ്വന്തം ലേഖകൻ

‘യൂട്യൂബിലും ഫോണിലും നോക്കിയാലേ നിങ്ങളുടെ കുഞ്ഞ് ഭക്ഷണം കഴിക്കുകയുള്ളോ?’: നിർബന്ധമായും ഇതു വായിക്കുക

kids-phone-addiction

5 വയസ്സിന് താഴെയുള്ള നിങ്ങളുടെ കുട്ടി യൂട്യൂബിൽ നോക്കിക്കൊണ്ടല്ലാതെ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലേ? ഇല്ലെങ്കിൽ മാതാപിതാക്കൾ അവന് ഭക്ഷണത്തോടൊപ്പം കഴിക്കാൻ കൊടുക്കുന്നത് ഒരു അപകടകാരിയായ ലഹരിയാണെന്ന് പറയുകയാണ് സമീർ ഇലാന്‍ ചെങ്ങംപള്ളി. കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യങ്ങളെ തകിടം മറിക്കുന്ന വിഷമാണ് മാതാപിതാക്കൾ നൽകുന്നതെന്നും സമീർ കുറിക്കുന്നു. ഫെയ്സ്ബുക്കിലാണ് സമീർ ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

5 വയസ്സിന് താഴെയുള്ള നിങ്ങളുടെ കുട്ടി യൂട്യൂബിൽ നോക്കിക്കൊണ്ടല്ലാതെ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ നിങ്ങൾ അവന് ഭക്ഷണത്തോടൊപ്പം കഴിക്കാൻ കൊടുക്കുന്നത് ഒരു അപകടകാരിയായ ലഹരിയാണ്.

ഒരു മരുന്നിനും ചികിൽസിച്ചു മാറ്റാൻ കഴിയാത്ത, ആ കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യങ്ങളെ തകിടം മറിക്കുന്ന വിഷമാണ് നിങ്ങൾ അവർക്ക് നൽകുന്നത്.
മാതാപിതാക്കൾ പിഞ്ചു കുട്ടികൾക്ക് ഫോൺ നൽകുന്നത് രണ്ട് ലക്ഷ്യങ്ങൾ മുൻ നിർത്തിക്കൊണ്ടാണ്.

ഒന്നാമത്തേത്, ഭക്ഷണം കഴിക്കാനും പഠിക്കാനും മടി കാണിക്കുന്ന കുട്ടികളെ ഫോൺ നൽകി പ്രലോഭിപ്പിച്ചാൽ അവർ അതൊരു reward ആയി കാണും.
ഫോൺ ഒരിക്കലും ഒരു നല്ല reward അല്ല.

ഒരു reward എന്നാൽ അത് ലഭിക്കുന്നവന് യാതൊരു തരത്തിലും ഉപദ്രവകാരിയാകരുത്. ഫോണിന്റെ ഏറ്റവും വലിയ ഉപദ്രവം അത് ഉണ്ടാക്കുന്ന അഡിക്ഷൻ ആണ്.
WHO യുടെ റിപ്പോർട്ട് പ്രകാരം "nomophobia" അഥവാ മൊബൈൽ ഫോൺ അഡിക്ഷൻ syndrome അമേരിക്കയിലെ 70% കുട്ടികൾക്കുമുണ്ട്. ഇതിന്റെ പരിണിതഫലം ഭയാനകമാണ്.
കുട്ടികളിൽ ഉറക്കക്കുറവ്, കാഴ്ച്ചക്കുറവ്, virtual life ന് പുറത്തേക്ക് ആശയവിനിമയം സാധ്യമാകാതിരിക്കുക, complex ആയിട്ടുള്ള ആശയങ്ങളെ മനസ്സിലാക്കാൻ പ്രയാസമാകുക, ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ പറ്റാതിരിക്കുക...

അങ്ങനെ പലതും....

വയസ്സും പക്വതയും ഉള്ള ഒരു കുട്ടിയെ നിങ്ങൾക്ക് പറഞ്ഞ് മനസിലാക്കാം. പക്ഷേ രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെ നിങ്ങൾ എന്ത് പറഞ്ഞാണ് പിൻവലിക്കുക.
അവന് ഇഷ്ടമുള്ള ഒന്നിനെ ആക്ഷേപ വാക്കുകൾ ഉപയോഗിച്ച് ബലമായി പിടിച്ചു വാങ്ങിച്ചാൽ അവന്റെ മനസ്സിൽ അത് ഒരു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കും.

രണ്ടാമത്തേത്, വീട് ജോലിയും അടുക്കളയുമായി ഏറ്റുമുട്ടുന്ന രക്ഷിതാക്കൾക്ക് മക്കളുടെ ശല്യം കുറച്ചു സമയത്തേക്ക് ഒഴിവാക്കാനുള്ള ഒരു മാർഗമായാണ് മൊബൈൽ ഫോൺ നൽകുന്നത്.
മൊബൈൽ ഫോൺ എന്നാൽ തുറന്നിട്ട ജനാലകൾ പോലെയാണ്. ഓരോ ജനാലയിലൂടെയും കാണുന്ന കാഴ്ചകൾ ഒന്നുപോലെ അല്ല.
ചില കാഴ്ചകൾ കണ്ണിന് കുളിർമ നൽകും, ചില കാഴ്ചകൾ മനസ്സിൽ കറ പരത്തും. യൂട്യൂബിലെ അൽഗോരിതത്തിന് ഫോൺ ഉപയോഗിക്കുന്നത് നിങ്ങളാണോ കുട്ടിയാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് ഇല്ല.

മൊബൈൽ ഫോൺ നൽകാതെ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരമില്ലേ?

തീർച്ചയായും ഉണ്ട്.

ഫോണിന് നിങ്ങളുടെ ജീവിതത്തിലുള്ള priority എടുത്തുകളയുക.
നിങ്ങളുടെ priority കളാണ് കുട്ടികളുടെയും priority. കാരണം, അവർക്ക് സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടുന്നേ ഉള്ളൂ. നിങ്ങൾ കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുകയും അത് ഒരു reward പോലെ പരിഗണിക്കുകയും ചെയ്‌താൽ അത് അവരുടെ ഒരു "ഗോൾ" ആയി മാറും.
ഇനി ഇതേ പ്രാധാന്യം നിങ്ങൾ പുസ്തകങ്ങൾക്ക് കൊടുക്കുന്നതായി അവർക്ക് തോന്നി തുടങ്ങിയാൽ പുസ്തകങ്ങൾ അവരുടെ ലക്ഷ്യമാകും. അവർ വായിച്ചുകൊണ്ട് വളരും.

അതുകൊണ്ട്, കുറഞ്ഞപക്ഷം നിങ്ങൾ കുട്ടികളുടെ മുൻപിൽ വെച്ചെങ്കിലും മൊബൈൽ ഫോണിൽ സമയം കളയരുത്.മറ്റൊന്ന്, വീട്ടുജോലികൾ വിഭജിക്കുകയും പങ്കാളികളിൽ ഒരാൾ എപ്പോഴും കുട്ടിയുടെ കൂടെ സമയം ചിലവിടുകയും ചെയ്യുക. ഇത് കുട്ടികളുടെ ബുദ്ധി വികാസത്തെയും ശാരീരിക മാനസിക വളർച്ചയെയും ത്വരിതപ്പെടുത്തും.