കുട്ടികളെ രസകരമായ കഥകൾ പറഞ്ഞുറക്കാെനത്തുന്ന കൂട്ടുകാരി ലാലയെക്കുറിച്ച് സ്രഷ്ടാക്കൾ പറയുന്നു...
‘‘മോന് ഞാൻ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മിക്കവാറും കഥകൾ നമ്മൾ ഉണ്ടാക്കി പറയുകയാണല്ലോ പതിവ്. പക്ഷെ അവയ്ക്കൊന്നും വ്യക്തമായ ഒരു അവസാനമോ ക്ലൈമാക്സോ നൽകാൻ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ട് കുറച്ച് നല്ല കഥകൾ കുട്ടികളെ കേൾപ്പിക്കണമെന്നു തോന്നി. അങ്ങനെയാണ് ഇത്തരമൊരു ചാനലിനെക്കുറിച്ച് ആലോചിക്കുന്നത്.’’ ലാലാ സ്റ്റോറീസിന്റെ ഫൗണ്ടർമാരിൽ ഒരാളായ ആർ. രാകേഷ് പറഞ്ഞു.‘‘ബെഡ് ടൈം സ്റ്റോറീസ് പറയുന്നത് അതുകേട്ട് കുട്ടി ഉറങ്ങാനാണല്ലോ. കഥയ്ക്കൊപ്പം വിഡിയോ കൂടിയുണ്ടെങ്കിൽ അതിൽ നോക്കിയിരുന്ന് കുട്ടി ഉറങ്ങില്ല. അതുകൊണ്ട് വിഡിയോ ഇല്ലാതെ ഓഡിയോ മാത്രമായി ചെയ്യാമെന്നും സ്ക്രീൻ ബ്ലാങ്ക് ആയി ഇടാമെന്നും വച്ചു. ചില രക്ഷിതാക്കളെ നേരിട്ടു ചെന്നു കണ്ട് ഇക്കാര്യം അറിയിച്ചപ്പോൾ കഥയ്ക്കൊപ്പം വിഡിയോ ഉണ്ടെങ്കിലേ കുട്ടികൾ അടങ്ങിയിരിക്കൂ എന്നായിരുന്നു അഭിപ്രായം. എങ്കിലും പരീക്ഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
ആക്ടീവ് ലിസെനിങ് അതായത്, കുട്ടികളുമായി സംവദിച്ചുകൊണ്ട് കഥ പറയുന്ന രീതിയാണ് ലാലയുടേത്. വളരെ വേഗം കുറച്ച് കഥ പറഞ്ഞ്, ഇടയിൽ ചോദ്യങ്ങളൊക്കെ ചോദിച്ച് കുട്ടികൾക്ക് ഉത്തരം പറയാനുള്ള സമയം കൂടി നൽകും. കൂടാതെ, കഥയ്ക്കൊടുവിൽ ചില ടാസ്കുകളും നൽകാറുണ്ട്. കഥാപാത്രങ്ങളെ കുട്ടികൾ ഭാവനയിൽ കണ്ട് വരച്ച് തരാറുണ്ട്. അവരുടെ ഭാവനാശേഷി കൂട്ടാൻ നല്ല മാർഗമാണിത്.

കുട്ടികളുടെ സൈക്കോളജി വിശദമായി പഠിച്ചു, നാലഞ്ച് മാസത്തോളം റിസെർച്ചും ചെയ്തു. അതിനുശേഷമാണ് ലാല കഥ പറയാൻ തുടങ്ങിയത്. ഈ രീതിയിൽ കഥ പറയുന്നത് ഹൈപ്പർ ആക്റ്റീവ് ആയ കുട്ടികൾക്ക് വളരെ ഫലപ്രദമാണ്. മൂന്നോ നാലോ ദിവസം അച്ഛനോ അമ്മയോ കുട്ടിയുടെ കൂടെയിരുന്ന് കഥകൾ കേൾപ്പിച്ചാൽ പിന്നെയത് കുട്ടികൾ ശീലമാക്കിക്കോളും. കഴിയുമെങ്കിൽ എന്നും അച്ഛനമ്മമാർ കൂടെയിരുത്തി കഥ കേൾപ്പിക്കണം. അപ്പോഴുള്ള റിസൽറ്റ് വേറെത്തന്നെയാണ്. അമ്മയും അച്ഛനും എനിക്ക് ശ്രദ്ധ തരുന്നുണ്ട് എന്ന തോന്നലും കുട്ടിയിലുണ്ടാക്കും ഇത്.’’

‘‘ഓരോ എപ്പിസോഡ് കഴിയുമ്പോഴും ധാരാളം കുട്ടികളുടെ ഫീഡ്ബാക്ക് കമെന്റ് ബോക്സിൽ എത്തും. ആദ്യമൊക്കെ കഥയുടെ ബാക്ഗ്രൗണ്ടിൽ ബിജിഎം കൊടുത്തിരുന്നു. അപ്പോൾ തന്നെ കിട്ടി, മ്യൂസിക് കൂടി വരുമ്പോൾ കഥയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്ന പോലുള്ള കമെന്റുകൾ. ഒരു കഥയിൽ മാനിനെ എലി രക്ഷിക്കുന്നതാണ് ക്ലൈമാക്സ്. രക്ഷിച്ചിട്ടും മാൻ എലിയോട് താങ്ക്സ് പറഞ്ഞില്ല എന്ന് ഒരു കുട്ടി കമെന്റ് ചെയ്തു. മുതിർന്നവർ നിസ്സാരമെന്നു കരുതി വിട്ടുകളയുന്ന കാര്യങ്ങൾ വരെ കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്നും അവർ അതിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും മനസ്സിലായി. ഇങ്ങനെ ഓരോ ചെറിയ കാര്യങ്ങൾ വരെ ഇപ്പോൾ ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.’’ മറ്റൊരു ഫൗണ്ടറായ ജസ്റ്റിൻ കെ. എബ്രഹാം പറഞ്ഞു.
കൂടുതൽ മിടുക്കരുണ്ടാകട്ടെ
‘‘മറ്റുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ ബഹുമാനിക്കണം എന്നതു പോലെ, കുട്ടികൾ ജീവിതത്തിൽ പഠിച്ചിരിക്കേണ്ട പല കാര്യങ്ങളും കഥകളിലൂടെ എളുപ്പത്തിൽ അവരുടെ മനസ്സിലെത്തിക്കാം. അത് കൂടുതൽ കാലം മനസ്സിൽ നിൽക്കുകയും ചെയ്യും. ഒരു അമ്മയുടെ കമെന്റ് ഇങ്ങനെയായിരുന്നു: ‘ ബ്രഷ് ചെയ്തോ എന്ന്് ലാല ചോദിച്ചപ്പോൾ മോൾ ഓടിപ്പോയി ബ്രഷ് ചെയ്തു.’ എന്ന്. ലാലയെ അവർ അത്രയേറെ ഇഷ്ടപ്പെടുന്നു എന്നത് അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. ആരാണ് ലാല എന്നൊക്കെ കുട്ടികൾ ഇപ്പോൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
കുട്ടികളെ മിടുക്കരാക്കാൻ കഥ കേൾപ്പിക്കുക, കൂടുതൽ മിടുക്കരാക്കാൻ കൂടുതൽ കഥ കേൾപ്പിക്കുക എന്ന് ഐൻസ്റ്റിൻ പറഞ്ഞിട്ടില്ലേ?അതാണ് ഞങ്ങളുടെയും മോട്ടോ. ദിവസേന എന്ന രീതിയിൽത്തന്നെ കഥകൾ ഇടാറുണ്ട്. ഇതിനകം നാൽപ്പതോളം കഥകൾ വന്നു കഴിഞ്ഞു. മൂന്ന് മുതൽ ഏഴ് വരെ വയസ്സിലുള്ള കുട്ടികൾക്കു വേണ്ടിയാണ് ലാലാ കഥപറയുന്നത്.പരസ്യം ചെയ്യാനായി നടൻ അജുവർഗീസിനെ സമീപിച്ചപ്പോൾ അദ്ദേഹത്തിന് ഞങ്ങളുടെ ആശയം ഇഷ്ടപ്പെട്ടു. ആദ്യം മുതൽ തന്നെ നല്ല സപ്പോർട്ട് നൽകി ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. അജുവേട്ടനും നിമിഷയും സംവിധായകൻ ബേസിൽ ജോസഫുമാണ് ലാല സ്റ്റോറീസിന്റെ പരസ്യത്തിൽ വേഷമിട്ടത്.
യുട്യൂബിലാണ് കഥകളുടെ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത്. ടാസ്കുകളും മറ്റ് ഇന്ററാക്‌ഷനുകളും ഇൻസ്റ്റഗ്രാമിലൂടെയും.’’