വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷമൊരുക്കുന്നതിൽ ഒന്നാം സ്ഥാനം കുട്ടികളുടെ സ്ക്രീൻ ടൈം നിയന്ത്രിക്കുന്നതിനാണ്. ഇന്നു മിക്ക വീടുകളിലും ടിവിയും മറ്റു ദൃശ്യമാധ്യമ സാധ്യതകളുമുണ്ട്. 18 മാസം വരെ കുട്ടിയെ സ്ക്രീൻ കാണിക്കരുതെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പറയുന്നത്. രണ്ടു വയസ്സ് ആകുമ്പോഴേക്ക് അറിവ് പകരുന്ന കാര്യങ്ങളോ മറ്റോ 20–30 മിനിറ്റ് നേരം വരെ കാണാം.
നാലോ അഞ്ചോ വയസ്സുള്ള കുട്ടി ഒരു മണിക്കൂറോളം സ്ക്രീൻ ടൈം എടുത്താൽ അവർ എന്താണു കാണുന്നതെന്നു മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത്ര സമയം വരെമാത്രമേ സ്ക്രീൻ കാണാവൂ എന്നു കുട്ടികളോടു കൃത്യമായി പറയുക. കുട്ടികൾക്ക് ഉതകുന്ന വിഷയങ്ങളാണു കാണുന്നതെന്ന് ഉറപ്പു വരുത്തുക. യുട്യൂബ് കിഡ്സിൽ പോലും പ്രായത്തിന് അനുസരിച്ചല്ലാത്ത വിഷയങ്ങൾ ഇടയ്ക്കു കയറി വരാറുണ്ട്.
കുട്ടി കാണുന്ന കാര്യങ്ങളെ കുറിച്ചു വീട്ടിൽ ചർച്ച ചെയ്യാൻ ശ്രമിക്കുക. എന്തു കണ്ടാലും മാതാപിതാക്കൾ ശ്രദ്ധിക്കില്ല എ ന്ന ധാരണ കുട്ടിക്കു വരാതെ നോക്കാം. കുട്ടി ഒരു കാർട്ടൂൺ കഥാപാത്രത്തെ കുറിച്ചോ മറ്റോ പറയുന്നതു ശ്രദ്ധയോടെ കേൾക്കുക. കുതിരയെ കുറിച്ചോ എലിയെ കുറിച്ചോ ചിത്രശലഭത്തെ കുറിച്ചോ ഒക്കെയാണെങ്കിൽ അവയുടെ മറ്റു സവിശേഷതകളും പറഞ്ഞു കൊടുക്കാം.
കുട്ടിയുടെ ലോകത്തിലെ ഒരംഗമാകാൻ മുതിർന്നവരും തയാറാകണം. ഇതു വഴി കുട്ടിക്ക് ന മ്മളുമായി കാര്യങ്ങൾ തടസമില്ലാതെ ചർച്ച ചെയ്യാമെന്നുള്ള ആത്മവിശ്വാസം വരും.
കുട്ടികൾ അവർക്ക് ഉതകാത്ത കാര്യങ്ങൾ കാണുന്നുവെന്നു കണ്ടാൽ അക്കാര്യം അവഗണിക്കാതെ അതേക്കുറിച്ചു സംസാരിക്കുക. മുത്തശ്ശനും മുത്തശ്ശിയും ഒക്കെയുള്ള പല വീടുകളിലും അവർ വാർത്തയും സീരിയലും സ്ഥിരമായി വയ്ക്കും. ബോംബ് പൊട്ടിയ വാർത്ത, ബലാൽസംഗത്തെ കുറിച്ചുള്ള വാർത്ത തുടങ്ങിയ പ്രായത്തിനുതകാത്ത വിവരങ്ങൾ കുട്ടിയുടെ തലയിലേക്ക് ഇതുവഴി കയറുന്നുണ്ട്. പല മാതാപിതാക്കളും ഇതു സ്ഥിരമായി കാണുകയും കേൾക്കുകയും ചെയ്യുന്നതു കൊണ്ട് അവർക്ക് ഇത്തരം കാര്യങ്ങൾ അവഗണിക്കാൻ കഴിഞ്ഞേക്കും. കുട്ടിക്ക് അതു സാധിക്കില്ല. ഇത്തരം കാര്യങ്ങൾ വീട്ടിൽ പൊതുവായി വയ്ക്കുന്നത് ഒ ഴിവാക്കാം. കാണേണ്ടവർക്ക് ഫോണിലോ അവരുടെ മുറിയിലോ സൗകര്യം ഒരുക്കാം. ഹെഡ് ഫോൺ വഴി മാത്രം കേൾക്കുകയും ചെയ്യുക.
ഒരുമിച്ച് കാണുന്ന സിനിമയുടേയോ പാട്ടിന്റെയോ ഇടയ്ക്കു കുട്ടിയുടെ പ്രായത്തിനുതകാത്ത കാര്യങ്ങൾ വന്നാൽ എന്തു ചെയ്യണം എന്നുള്ളതാണു മറ്റൊരു കാര്യം. ഉടനെ ചാനൽ മാറ്റാതെ, ടിവി ഓഫ് ആക്കാതെ, ദേഷ്യപ്പെടാതെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കു പാകത്തിനുള്ള ഉത്തരം കൊടുക്കുക. എന്തായാലും കുട്ടിയത് കണ്ടു. സ്വാഭാവികമായും അവർ അതേക്കുറിച്ചു ചിന്തിക്കും. ചില അവസരത്തിൽ ചോദ്യങ്ങളും ചോദിക്കും. ആ അവസരങ്ങൾ ഒക്കെ ആരോഗ്യകരമായ ചർച്ചാ സമയങ്ങളായി മാറ്റം.
ഒരു പ്രണയ രംഗത്തെ കുറിച്ചാണു ചോദ്യമെങ്കിൽ ‘അതൊരു പ്രണയ രംഗമായിരുന്നു, അവർ മുതിർന്ന വ്യക്തികളായതു കൊണ്ടാണ് അങ്ങനെ അഭിനയിച്ചത്. അവർ അ ഭിനേതാക്കളാണ്, അതു വെറും അഭിനയമാണ്’ എന്നൊക്കെ അവരോടു പറയാം.
പേസ്റ്റിന്റെ പരസ്യം കണ്ട് എന്റെ മകൾ ‘ശരിക്കും പല്ല് ഇത്ര വെളുക്കുമോ അമ്മാ?’ എന്നു ചോദിച്ചിരുന്നു. മറുപടിയായി ആരോഗ്യകരമായ പല്ലുകൾക്ക് അത്രയും വെളുപ്പില്ല അതൊക്കെ അവർ ലൈറ്റ് അടിച്ചു കാണിക്കുന്നതാ എന്നൊക്കെ പറയാം.
കുട്ടികളെ അവഗണിക്കാതെ കേൾക്കാ ൻ തയാറാകുക. അങ്ങനെയാണ് അവർക്ക് വിശ്വാസം ഉടലെടുക്കുന്നത്. എന്തുണ്ടെങ്കിലും ഇവരോടു പറയാൻ പറ്റും എന്നൊരു ധാരണ വരും.
വിവരങ്ങൾക്ക് കടപ്പാട്:
സ്വാതി ജഗ്ദീഷ്
സെക്‌ഷ്വാലിറ്റി എജ്യൂക്കേറ്റർ