Wednesday 06 November 2024 05:25 PM IST : By സ്വന്തം ലേഖകൻ

‘ഉന്മേഷത്തിന് ഗ്രീൻ ടീ, ഏകാഗ്രത വർധിപ്പിക്കാൻ ഇടയ്ക്ക് ഡാർക്ക് ചോക്ലേറ്റ്’; കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാൻ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തേണ്ടവ

foods-kid

ടിവിയും കംപ്യൂട്ടറും മൊബൈലുമൊക്കെ ഒഴിവാക്കി പഠനത്തിനായി മാത്രം സമയം ചിലവഴിച്ചതുകൊണ്ട് പഠിച്ചതെല്ലാം കുട്ടിയുടെ തലയിൽ നിൽക്കണമെന്നില്ല. പഠനത്തിനൊപ്പം കുട്ടികളുടെ ബുദ്ധിവളർച്ചയെ സഹായിക്കുന്ന ഭക്ഷണവും നൽകാൻ ശ്രദ്ധിക്കണം. ഓർമശക്തി വർധിപ്പിക്കാൻ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടവ ഇവയാണ്.

ഗ്രീൻ ടീ

പഠിക്കുന്ന കുട്ടികൾക്ക് ഗ്രീൻ ടീ ഇടയ്ക്കു നൽകാം. ഇത് ബ്രെയ്നെ സംരക്ഷിക്കുന്നതിനൊപ്പം ഉന്മേഷവും പ്രദാനം ചെയ്യുന്നു. തുടർച്ചയായി പഠിക്കുമ്പോഴുണ്ടാകുന്ന മടുപ്പൊഴിവാക്കാൻ ഇതു സഹായിക്കും.

മുട്ട

ബുദ്ധിശക്തി വർധിപ്പിക്കാൻ മുട്ട സഹായിക്കും. ഓംലെറ്റ് ആക്കിയോ, പുഴുങ്ങിയോ എങ്ങനെ വേണമെങ്കിലും കുട്ടികൾക്ക് മുട്ട നൽകാം. മുട്ടയിലടങ്ങിയിരിക്കുന്ന കോലിൻ ആണ് ഓർമശക്തി കൂട്ടാൻ സഹായിക്കുന്ന ഘടകം. പഠിച്ച സൂത്രവാക്യങ്ങളുൾപ്പെടെ എല്ലാം ഓർത്തെടുക്കാൻ ഇത് കുട്ടികളെ സഹായിക്കും. കുട്ടികളുടെ ബുദ്ധിശക്തി കൂട്ടാൻ പരീക്ഷാ കാലയളവിൽ ദിവസവും ഓരോ മുട്ട വീതം നൽകുന്നത് നന്നായിരിക്കും.

മത്തി, അയില

ഒമേഗ 3 ധാരാളമടങ്ങിയ മത്തിയും അയിലയും പോലുള്ള മൽസ്യങ്ങൾ തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. ഇവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി പഠനത്തെ സഹായിക്കുന്നു. ബ്രെയ്നിന്റെ സുഗമമായ പ്രവർത്തനത്തിന് ഒമേഗ 3 അടങ്ങിയ മൽസ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ചോക്ലേറ്റ്

കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ ഇടയ്ക്കു ഡാർക്ക് ചോക്ലേറ്റ് നൽകാം. വിരസതയകറ്റി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതു സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ്സും കഫീനുമാണ് ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. എന്നാൽ ഇവയൊന്നും അമിതമായി കുട്ടികൾക്ക് നൽകരുത്.

ഓട്സ്

തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവു വർധിപ്പിക്കാൻ ഓട്സ് സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയ ഓട്സ് വൈറ്റമിൻ ബി, വൈറ്റമിൻ ഇ പോട്ടാസ്യം, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്. തലച്ചോറിന്റെയും ശരീരത്തിന്റെയും കാര്യക്ഷമമായ പ്രവർത്തിന് ഇവ അത്യന്താപേക്ഷിതമാണ്.

പാൽ, തൈര്

പാലുൽപന്നങ്ങളിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബിയും മാംസ്യവും തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. പാലിലും തൈരിലുമടങ്ങിയിരിക്കുന്ന മാംസ്യവും കാർബോഹൈഡ്രേറ്റും തലച്ചോറിനാവശ്യമായ ഊർജം പ്രദാനം ചെയ്യുന്നു. പാലു കുടിക്കാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഊണിനൊപ്പം തൈരു നൽകാം.

Tags:
  • Mummy and Me
  • Baby Sitting
  • Parenting Tips