കരിയറിസ്റ്റ് ആയ സ്ത്രീക്ക് ജോലിസ്ഥലത്തും പൊതുപരിപാടിയിലും മക്കളുമായി പോകേണ്ട സാഹചര്യമുണ്ടാകാം. അതിനെ ഇത്ര വിമർശിക്കുന്നതെന്തിന്?
അമ്മമാരുടെ മനസ്സറിയുന്നവർക്ക് വിമർശിക്കാനാകില്ല: നീതുലക്ഷ്മി എ. മേനോൻ, പ്രിൻസിപ്പൽ, എറണാകുളം
ആദ്യത്തെ മകൾ ശ്രേയക്ക് ഒൻപതു മാസം പ്രായമുള്ളപ്പോഴാണ് തിരുവാലൂർ സായ് വിദ്യാ വിഹാർ സ്ക്കൂളിൽ അധ്യാപികയായി ജോലി ലഭിക്കുന്നത്. രണ്ടാമത്തെയാൾ തനിഷ്ക്കയ്ക്കു പത്തു മാസം പ്രായമുള്ളപ്പോൾ പ്രിൻസിപ്പലായി ജോലിക്കയറ്റം ലഭിച്ചു. ഇപ്പോൾ ശ്രേയക്ക് ഏഴും തനിഷ്ക്കയ്ക്കു മൂന്നും വയസ്സായി.
പ്രിൻസിപ്പലായതിനു പുറകേയാണു കോവിഡ് ലോക്ഡൗൺ തുടങ്ങുന്നത്. ഓൺലൈൻ ക്ലാസ്സുകൾ ആദ്യമായി നമ്മുടെ നാട്ടിൽ വരുന്നു. അതുവരെയുണ്ടായിരുന്ന അധ്യാപന രീതികൾ അപ്പാടെ മാറി. ക്ലാസ്സെടുക്കുന്നതിനൊപ്പം സാങ്കേതിക പ്രശ്നങ്ങൾ, ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത്, അതെക്കുറിച്ച് അറിവുണ്ടാക്കിയെടുക്കൽ, കുട്ടികൾ ഓൺലൈൻ ക്ലാസ്സിൽ കൃത്യമായി ഇരിക്കുന്നുണ്ടോ എന്നുറപ്പാക്കൽ, തുടങ്ങി ജോലിഭാരം ഏറെ.
പ്രിൻസിപ്പൽ ആയതിനാൽ മാസ്ക്കും ഗ്ലൗസും ധരിച്ചു സ്കൂളിലെത്തിയിരുന്നു. ക്ലാസ് സമയം കഴിഞ്ഞ് ഏഴ് – എട്ടു മണിക്കായിരിക്കും മാതാപിതാക്കളുമായുള്ള മീറ്റിങ്. കുട്ടികളുടെ മാതാപിതാക്കൾ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുകയും സംശയ നിവാരണം ചെയ്യുകയും വേണം. അവധി ദിവസങ്ങളിലും മീറ്റിങ്ങുകളുണ്ടാകും.
ഗൂഗിൾ ക്ലാസ് റൂമിലൂടെയുള്ള നോട്സ് കറക്ഷൻ, ഹോം വർക്ക് നോക്കുക, ഉത്തരക്കടലാസ് നോക്കുക, എല്ലാം കുട്ടിയെ ഒക്കത്ത് എടുത്തുകൊണ്ടാണു ചെയ്യുക. അതിനിടയിൽ കുഞ്ഞ് ഒന്നു തൊട്ടാൽ പേജ് മാറിപ്പോകും. അതോടെ ചെയ്ത ജോലി വീണ്ടും ചെയ്യേണ്ടി വരും.
കുട്ടികളെ പരീക്ഷയെഴുതാൻ പരിശീലിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് നടത്തേണ്ട ദിവസം സ്കൂളിൽ നിന്നെത്തിയ ശേഷം മക്കളെ ഒന്നു കാണുക പോലും ചെയ്യാതെ മീറ്റിങ്ങിന് കയറി. എല്ലാ ക്ലാസിന്റെ പരിശീലനത്തിനും ഞാൻ വേണമെന്നതിനാൽ മീറ്റിങ്ങിൽ നിന്നിറങ്ങാൻ ഒരുപാട് വൈകി. ഇറങ്ങിയപ്പോഴേക്കും കുഞ്ഞുങ്ങൾ ഉറങ്ങി.
കോവിഡ് ഒതുങ്ങിയെങ്കിലും പ്രധാനാധ്യാപികയുടെ ജോലിക്കു സമയനിഷ്ഠ ഇല്ല. ഇത്തരം ജോലികൾ ചെയ്യുന്ന അമ്മമാർക്കു കുട്ടികളുമായി ചെലവഴിക്കാൻ കിട്ടുന്ന ഏതു സമയവും ഉപയോഗിക്കേണ്ടി വരാം. അതു യാത്രയിലോ മീറ്റിങ്ങിനിടയ്ക്കോ ആയിരിക്കാം. അമ്മമാരുടെ മനസ്സ് കാണാൻ കഴിയുമെങ്കിൽ ഇത്തരം കാര്യങ്ങളിൽ വലിയ വിമർശനങ്ങൾ ഉന്നയിക്കേണ്ടി വരില്ല.