Tuesday 02 March 2021 12:48 PM IST

റോസാപ്പൂവിന്റെ ഇതളുകൾ കൊണ്ട് ‘ബേബി മൂൺ’, മെഴുതിരി വെളിച്ചത്തിൽ പ്രണയനിമിഷം: കുഞ്ഞാവയെ ഉദരത്തിലേറ്റി ആ യാത്ര

Sruthy Sreekumar

Sub Editor, Manorama Arogyam

arun-and-nimmi ഫോട്ടോ: വിഷ്ണു വി. രഘുനന്ദനൻ/ ഇൻസ്റ്റഗ്രാം

അമ്മയാകുന്നതിനു മുൻപുള്ള ദിവസങ്ങൾ. ഗർഭകാലത്തിന്റെ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും ഗർഭിണികളെ മാനസികമായും ശാരീരികമായും അലട്ടുന്ന സമയമാണത്. എന്നാൽ കുഞ്ഞു അതിഥി വരുന്നതിനു മുൻപ് ശരീരത്തിനും മനസ്സിനും സന്തോഷവും നൽകുന്ന, ജീവിതപങ്കാളിയുമൊത്തുള്ള യാത്രകളും സ്വകാര്യമായ നിമിഷങ്ങളും ഗർഭിണിയെ റിലാക്സ് ആക്കും. ഗർഭിണിയായാൽ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കണമെന്ന് പഴയതലമുറ പറഞ്ഞാലും ഇന്നത്തെ ഗർഭിണികൾ അതിനോട് സ്നേഹപൂർവം നോ പറയും. ആരോഗ്യകരമായ ഗർഭകാലമാണെങ്കിൽ യാത്രകൾക്കു തടസ്സമില്ല എന്നാണ് ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. ഗർഭകാലത്ത് ദമ്പതികൾ നടത്തുന്ന യാത്രകളെയാണ് ബേബിമൂൺ എന്ന് പറയാറുള്ളത്. അവതാരകയും വ്ലോഗറുമായ നിമ്മി അരുൺഗോപൻ മൂന്നാറിലേക്കു നടത്തിയ തന്റെ ബേബിമൂൺ യാത്രയെക്കുറിച്ചുള്ള അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

കാത്തിരുന്ന യാത്ര

ഗർഭിണിയായതു മുതൽ തീരുമാനിച്ചിരുന്ന കാര്യമാണ് ബേബിമൂൺ യാത്ര. ഞങ്ങൾ രണ്ടുപേരുെടയും ആഗ്രഹമായിരുന്നു അത്. ഒരു കുഞ്ഞ് വരിക എന്നത് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുക എന്നതാണ്. അതിനു മുൻപ് ഞങ്ങൾക്കു മാത്രമായി കുറച്ചു സമയം ചെലവഴിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ഈ യാത്ര.

ഏഴാം മാസത്തിന്റെ തുടക്കത്തിലായിരുന്നു ബേബിമൂൺ യാത്ര. വ്ലോഗറായതിനാൽ കുറച്ചു വീഡിയോസ് ഷൂട്ട് െചയ്യാൻ മൂന്നാറിലേക്കു പോകാൻ പ്ലാൻ െചയ്തിരുന്നു. ആ യാത്രയോടൊപ്പം ബേബിമൂൺ യാത്ര കൂടി ആകാം എന്ന് തീരുമാനിച്ചു. മൂന്നാർ എന്നത് എന്റെയും ഭർത്താവ് അരുൺഗോപന്റെയും പ്രിയപ്പെട്ട സ്ഥലമാണ്. ഞങ്ങൾ ഒന്നിച്ചുള്ള യാത്രകളിൽ ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ളത് മൂന്നാറിലേക്കായിരിക്കും. ഒരുപാട് ദുരത്തേക്ക് യാത്ര വേണ്ടെന്നു തീരുമാനിച്ചിരുന്നു. ഡോ. വിജയലക്ഷ്മി പിള്ളയാണ് എന്റെ ഗൈനക്കോളജിസ്റ്റ്. യാത്രയ്ക്കു മുൻപ് ഡോക്ടറോട് സംസാരിച്ചിരുന്നു. യാത്ര പോകുന്നതിൽ തടസ്സമില്ലെന്നു ഡോക്ടർ പറഞ്ഞു. യാത്രയ്ക്കു മുൻപ് മൂന്നാറിലേക്കുള്ള റോഡിന്റെ അവസ്ഥയൊക്കെ അന്വേഷിച്ചറിഞ്ഞിരുന്നു. അങ്ങനെ എല്ലാ മുൻകരുതലുകളും എടുത്തായിരുന്നു യാത്ര പ്ലാൻ െചയ്തത്.

മൂന്നാറിലെ ബ്രോഡ് ആന്റ് ബീൻസ് എന്ന റിസോർട്ടിലേക്കാണ് പോയത്. അവർ ഞങ്ങൾക്കുള്ള മുറി റോസാപ്പൂക്കളും മെഴുകുതിരികളും കൊണ്ട് നന്നായി അലങ്കരിച്ചിരുന്നു. കട്ടിലിൽ റോസാപ്പൂവിന്റെ ഇതളുകൾ കൊണ്ട് ബേബിമൂൺ എന്നെല്ലാം എഴുതി, മനോഹരമാക്കിയിരുന്നു. രാത്രി പൂൾ സൈഡിലായിരുന്നു ഡിന്നർ. ഭക്ഷണമൊക്കെ നല്ല ഹെൽതി രീതിയിൽ തന്നെയായിരുന്നു. പകൽ സമയം വെറുതെ കളഞ്ഞില്ല. യൂട്യൂബ് ചാനലിലേക്കുള്ള വീഡിയോ ഷൂട്ടൊക്കെ െചയ്തു ആക്ടീവ് ആയി ഇരുന്നു. നന്നായി റിലാക്സ് െചയ്ത്,

ആസ്വദിച്ച ദിവസങ്ങൾ...

ഈ സമയത്ത് യാത്ര െചയ്യാമോ, ജോലികൾ െചയ്യാമോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്. ഗർഭം എന്നു പറയുന്നത് ഒരു രോഗാവസ്ഥയല്ല. നമ്മൾ െചയ്തുകൊണ്ടിരുന്ന ജോലി ആസ്വദിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതു തുടർന്നും െചയ്യുക. ശരിക്കും ഗർഭകാലം ആസ്വദിക്കുകയാണ് വേണ്ടത്.