Friday 29 September 2023 12:33 PM IST : By സ്വന്തം ലേഖകൻ

‘രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചിലപ്പോൾ ഇത്തിരി കഞ്ഞിവെള്ളവും വറ്റുചോറും തരും’: ഓർക്കുക നാളെ നമ്മളും കൊഴിയുന്ന ഇലകളാകും, വാർധക്യത്തെ അറിയാം

_REE1075

‘രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ചിലപ്പോൾ ഇത്തിരി കഞ്ഞിവെള്ളവും വറ്റുചോറും തരും. വല്ലപ്പോഴും കുറച്ച് അരി തരും. അടുത്തു താമസിക്കുന്ന ബന്ധുക്കൾ ആഹാരം കൊണ്ടു തരുന്നതു പോലും മകനും ഭാര്യയ്ക്കും ഇഷ്ടമല്ലായിരുന്നു.’

മുണ്ടക്കയത്തിനടുത്ത് വണ്ടൻപതാലിൽ മകൻ പട്ടിണിക്കിട്ട അമ്മയുടെ വാക്കുകളാണിത്. മകന്റെ ക്രൂരതയ്ക്കിരയായി അച്ഛൻ മരിച്ചു. അവശനിലയിൽ കണ്ട അമ്മയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. പത്തു മക്കളുള്ള 85 വയസ്സുകാരിയായ അമ്മ പെരുവഴിയിൽ കാരുണ്യം കാത്തുകിടന്നത് അഞ്ചു മണിക്കൂർ.

അമ്മയെ വീട്ടിൽ താമസിപ്പിക്കാൻ മക്കൾക്കു താൽപര്യമില്ലായിരുന്നു. അവസാനം  നിയമനടപടി ഭയന്ന് ഓരോ മൂന്നു മാസവും ഓരോരോ മക്കളുടെ വീട്ടിൽ താമസിപ്പിക്കാം എന്ന കരാറുണ്ടാക്കി.

കട്ടപ്പനയിൽ 81 വയസ്സുള്ള മുത്തശ്ശിയെ കൊച്ചുമകളും ഭർത്താവും ചേർന്ന് മർദിച്ച് അവശയാക്കി വീട്ടിൽ നിന്നു പുറത്താക്കിയ സംഭവമുണ്ടായി. പാലക്കാട് നടന്ന മറ്റൊരു സംഭവം നോക്കുക. 98 വയസ്സുള്ള അമ്മയെ പാതയോരത്ത് ഉപേക്ഷിച്ച ശേഷം മകൾ കടന്നുകളഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് തന്റെ സഹോദരന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്ത ശേഷം മുങ്ങിയ മകൾക്കെതിരെ പിന്നീട് പൊലീസ് കേെസടുത്തു.

ഇത് മനുഷ്യത്വരഹിതമായ ഏതാനും പത്രവാർത്തകൾ മാത്രമല്ല. നമ്മുടെ വീടിനുള്ളിൽ മാതാപിതാക്കൾക്കു നേരെ നടക്കുന്ന അക്രമങ്ങളുെടയും അവഗണനയുടെയും നേർചിത്രങ്ങളാണ്. മക്കളുടെ കൈകളാൽ ജീവൻ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കൂടി വരുന്നു. 2016 മുതൽ 2020 വരെ 15,650 േകസുകളാണ് മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്. 2021ൽ അത് ആറായിരത്തോളം വരും. 2022ലും ഇത്തരം കേസുകൾക്ക് ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സാമൂഹിക നീതിവകുപ്പിന്റെ കണ്ടെത്തൽ.

ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകുന്നവർ നമ്മുടെ ഉറക്കം കെടുത്തേണ്ടതാണ്. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല.

കാരുണ്യരഹിതമെന്നു കരുതുന്ന ഈ സമൂഹത്തിൽ വൃദ്ധജനപരിപാലനത്തിന് ധാരാളം പദ്ധതികളുണ്ട്. വൃദ്ധജനങ്ങൾക്കും അവരെ ആശ്രയിക്കുന്നവർക്കും വൃദ്ധജനങ്ങളെ സഹായിക്കണമെന്നുള്ളവർക്കും ഈ പറയുന്ന വഴികൾ നോക്കാനുമാകും.

ആശങ്കപ്പെടേണ്ട, ആശ്രയമുണ്ട്

‘ലക്ഷക്കണക്കിന് രൂപയുെട സ്വത്ത് സ്വന്തം േപരിലുണ്ട്. മക്കളൊന്നും പരിപാലിക്കുന്നില്ല. നിത്യചെലവിന് വകയില്ല. മരുന്നിനു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. സന്നദ്ധപ്രവർത്തകരുടേയോ അയൽക്കാരുടെയോ കാരുണ്യം കൊണ്ട് ദിവസങ്ങ ൾ തള്ളിനീക്കുന്നു.’ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വൃദ്ധജനങ്ങൾക്ക് ആശ്വാസമായി ഒരു പദ്ധതിയുണ്ട്; ‘റിവേഴ്സ് മോർട്ഗേജ്’ പദ്ധതി. സ്വന്തം പേരിലുള്ള വീടോ ഭൂമിയോ പണയം വച്ച് നിശ്ചിത തുക കൈപ്പറ്റാം. നിശ്ചിത തുക ആദ്യഗഡുവായും പിന്നീട് മാസത്തിലോ മൂന്നു മാസത്തിലൊരിക്കലോ തുക കിട്ടുന്ന രീതിയിലും ബാങ്കുകൾ തുക നൽകും. 15 വർഷമാണ് കാലാവധി.

അതിനുശേഷം മക്കൾക്കോ അനന്തരാവകാശികൾക്കോ ലോൺ അടച്ച ശേഷം വസ്തു  തിരിച്ചെടുക്കാം. ഇല്ലെങ്കിൽ ഉടമസ്ഥാവകാശം ബാങ്കിന്.

ഉറപ്പാക്കാം, സുരക്ഷ

വാർധക്യകാലത്ത് നിത്യചെലവുകൾ അല്ലലില്ലാതെ നിറവേറ്റാനും ചികിത്സയ്ക്കു ബുദ്ധിമുട്ടു വരാതിരിക്കാനും മാസാമാസം നിശ്ചിത തുക ലഭിക്കത്തക്ക വിധം സാമ്പത്തിക പ്ലാനിങ് നേരത്തെ തന്നെ വേണം.

∙ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ബാങ്കിൽ സ്ഥിരനിക്ഷേപം നടത്താം. മാസാമാസം പലിശ ലഭിക്കും. വയോജനങ്ങൾക്ക് കൂടിയ പലിശനിരക്കാണ് ധ നകാര്യ സ്ഥാപനങ്ങൾ നൽകുന്നത്. പോസ്റ്റ് ഓഫിസ് സമ്പാദ്യപദ്ധതികൾക്കും ഈ നേട്ടമുണ്ട്.

∙ 60 വയസ്സിനു ശേഷം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന. 40 വയസ്സിനു മുൻപ് പദ്ധതിയിൽ ചേരണം. കൃത്യമായി തവണ അടയ്ക്കുന്നവർക്ക് 5000 രൂപ വരെ ഓരോ മാസവും ലഭിക്കും.

∙ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ പദ്ധതികളിൽ അംഗത്വം ഉറപ്പാക്കുകയും കൃത്യമായ കാലയളവിൽ പുതുക്കുകയും വേണം. ചികിത്സാ സേവനങ്ങൾ ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങളും മനസ്സിലാക്കി വയ്ക്കണം.

∙ ജീവിതത്തിന്റെ നല്ല കാലം വിദേശത്ത് ചെലവഴിച്ച് വാർധക്യത്തിന്റെ തുടക്കത്തിൽ നാട്ടിലേക്ക് തിരിച്ചെത്തുന്നവർ സാമ്പത്തിക സുരക്ഷയ്ക്കായി ഇൻഷുറൻസും പെൻഷനും ഉറപ്പാക്കണം. പ്രവാസികൾക്ക് ക്ഷേമം ഉറപ്പാക്കുന്ന പല പദ്ധതികളും ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നുണ്ട്.

പരാതിയുണ്ടോ? വിളിക്കാം 14567

മുതിർന്ന പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിനും ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനുമായി സർക്കാർതലത്തിൽ പല സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അതിലൊന്ന് ഹെ ൽപ് ലൈൻ നമ്പറാണ്. 14567 (ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ്) എന്ന ടോൾഫ്രീ നമ്പറിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ബന്ധപ്പെടാം. പൊലീസ്, ആരോഗ്യവകുപ്പ്, ലീഗൽ സർവീസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശഭരണ സ്ഥാപനങ്ങൾ, റവന്യുവകുപ്പ്, സന്നദ്ധ സംഘടനകൾ തുടങ്ങി വൃദ്ധജനങ്ങൾക്കാവശ്യമായ സഹകരണം ഇവിടെ നിന്നു കിട്ടും.

ആസ്വാദ്യമാക്കാം വാർധക്യത്തെ

വാർധക്യത്തിലാണെന്നു കരുതി വെറുതെയിരിക്കരുത്. എപ്പോഴും എന്തെങ്കിലും പ്രവൃത്തികളിൽ മുഴുകിയിരിക്കുക. പഴയ ഡയറികൾ വീണ്ടും വായിക്കാം. പാട്ടു കേൾക്കാം. പുസ്തകങ്ങൾ വായിക്കാം.

കടന്നുവന്ന ജീവിതവഴികളെ വീണ്ടും വിശകലനം ചെയ്യാം. പേരക്കുട്ടികളുമായി നല്ല സൗഹൃദം നിലനിർത്താം. അവരുടെ സഹായത്തോടെ പുതിയ സാങ്കേതികവിദ്യ പഠിക്കാം. കൃഷി, കന്നുകാലി വളർത്തൽ, പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്നത് മാനസികമായും ശാരീരികമായും ഉത്തേജനമുണ്ടാക്കും.

ബന്ധുക്കളുമായുള്ള നല്ല ബന്ധം, മക്കളുമായി ദിവസവുമുള്ള ആശയവിനിമയം, അയൽക്കാരുമായും സമൂഹവുമായുള്ള നല്ല ബന്ധം, സാംസ്കാരിക സംഘടനകളുമായുള്ള സഹകരണം, റസി‍ഡൻസ് അസോസിയേഷൻ പ്രവർത്തനം തുടങ്ങി വാർധക്യത്തെ സജീവമായി നിലനിർത്താനുള്ള മാർഗങ്ങൾ നിരവധിയുണ്ട്.

ഏകാന്തത വാർധക്യത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടാനുള്ള പ്രവണതയാണ് ഏകാന്തതയ്ക്ക് ഒരു പരിധിവരെ പ്രധാന കാരണം.

ഇച്ഛാശക്തി കൊണ്ട് ഏകാന്തതയെ തുരത്താം. തലമുറ വ്യത്യാസമില്ലാത്ത സംവാദം   പ്രധാന പരിഹാരമാണ്. ഏതു തലമുറയിൽപ്പെട്ടവരെയും സുഹൃത്തുക്കളാക്കുക. ആശയങ്ങൾ കൈമാറുകയും സ്വീകരിക്കുകയും ചെയ്യുക.

പുതിയ സാങ്കേതികവിദ്യകൾ വശമാക്കിയാൽ ഒരുപരിധി വരെ ഏകാന്തതയിൽ നിന്നു രക്ഷ നേ ടാം. ഇഷ്ടമുള്ള വിനോദപരിപാടികൾ ആസ്വദിക്കാം. സാങ്കേതികവിദ്യ കൊണ്ട് മറികടക്കാൻ ക ഴിയാത്ത പ്രശ്നങ്ങൾ ചുരുക്കമാണിന്ന്.

ഓൺലൈ ൻ ഇടപാടുകൾ മനസ്സിലാക്കിയാൽ സാധനങ്ങൾ വാങ്ങലും പണമിടപാടുകളും എളുപ്പമാവും.

വിജ്ഞാനം പകർന്നു കിട്ടാൻ ആധുനിക സാങ്കേതികത ഉപയോഗിക്കാം. ആരോഗ്യമുള്ള സമയത്ത് ചെയ്യുന്ന പ്രവൃത്തികൾ വരാനിരിക്കുന്ന വാർധക്യകാലത്തെക്കൂടി ഓർത്തുകൊണ്ടാകണം.

20-SM780520

വയോജനങ്ങൾക്കു കരുതലാകാം

വയോജനങ്ങൾ ഒറ്റയ്ക്കു താമസിക്കുമ്പോഴും മുതിർന്ന ദമ്പതികൾ മാത്രം താമസിക്കുമ്പോഴും വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

അപരിചിതർ വന്നാൽ സൂക്ഷിച്ചു വേണം അവരോട് പെരുമാറാൻ. വീട്ടിലെ താമസക്കാരുടെ വിവരങ്ങളും മറ്റു സ്വകാര്യങ്ങളും അപരിചിതരുമായി ഒരു കാരണവശാലും പങ്കുവയ്ക്കരുത്.

അത്രയ്ക്കും വിശ്വാസമുള്ളവരെ മാത്രമേ ബാങ്ക് ഇ ടപാടുകൾക്ക് ആശ്രയിക്കാവൂ. പ്രത്യേകിച്ച് എടിഎം കാർഡ് ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുന്നതിന്.

അടുത്ത വീടുകളുമായി നിരന്തര സമ്പർക്കം ഉണ്ടാക്കുകയും അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാലും അപരിചിതരുടെ സാന്നിധ്യം കണ്ടാലും അയൽവാസികളെയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലുംവിവരം അറിയിക്കുകയും വേണം.

മക്കളോ ഉറ്റബന്ധുക്കളോ ചൂഷണം ചെയ്യുകയോ ഒറ്റപ്പെടുത്തുകയോ സംരക്ഷിക്കാതിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാ ൻ കഴിയും. അതത് ഇടങ്ങളിലെ ആർഡിഒയുടെ ചുമതലയിലാണ് പരാതി നൽകേണ്ട ട്രൈബ്യൂണൽ. മുതിർന്ന പൗരന്മാർ എവിടെയാണോ ആ സ്ഥലത്ത് പരാതി നൽകാം. ക്രിമിനൽ നടപടി നിയമം 125(ഡി) വകുപ്പു പ്രകാരം മക്കളിൽ നിന്നു ജീവനാംശം ലഭിക്കാൻ മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിക്കണം.

ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ രേഖപ്പെടുത്താൻ മറക്കരുത്.

വാർധക്യം ജീവിതത്തിന്റെ അവസാനമല്ല

വാർധക്യം ചിലർക്ക് ഒരു മാനസികാവസ്ഥയാണ്. ചിലർ 50 വയസ്സാകുമ്പോഴേക്കും വാർധക്യത്തിലെത്തിയിരിക്കും. ചിലരാകട്ടെ തൊണ്ണൂറാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്ക് നിലനിർത്തുന്നു.

ലോകം മാറുന്നു. അതിന് അനുസരിച്ച് വാർധക്യവും മാറണം. എന്നാൽ പരമ്പരാഗതമായ ചില വിശ്വാസങ്ങൾ വാർധക്യത്തെ ഇപ്പോഴും ചില ചട്ടക്കൂടുകളിൽ ഒതുക്കുകയാണു ചെയ്യുന്നത്. ‘ഈ വയസ്സുകാലത്ത് ഇനി എന്തു ചെയ്യാനാണ്?’ എന്ന ചിന്തയാണ് മിക്കപ്പോഴും  വൃദ്ധജനങ്ങളെ നിഷ്ക്രിയരാക്കുന്നത്.

ഇനി എന്തെങ്കിലുമൊക്കെ െചയ്യണം എന്നു വിചാരിക്കുന്നത് പോസിറ്റീവ് ചിന്തയാണ്. സ്വന്തം വീടിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിസ്വാർഥതയോടെ എന്തെങ്കിലും ചെയ്യാൻ വാർധക്യം ഉപയോഗിക്കാം. ഇത് മാനസികമായും ശാരീരികമായും ഊർജം നൽകും.

വീട്ടിൽ ജോലിക്കായി ഒരാളെ നിർത്തുന്നതിനു പകരം വാർധക്യത്തിലെത്തിയ അച്ഛനെയും അമ്മയെയും കൂടെ കൂട്ടാം എന്നു കരുതുന്നവരുമുണ്ട്. വാർധക്യം പുതിയൊരു തുടക്കമാകണം.

അത്രയും കാലത്തെ ജീവിതാനുഭവങ്ങളുെട വെളിച്ചത്തിൽ എന്തൊക്കെ കാര്യങ്ങളാണു ചെയ്യാനാകുക, പ്രത്യേകിച്ചും മറ്റുള്ളവർക്കു കൂടി ഉപകാരം ഉണ്ടാക്കുന്ന രീതിയിൽ എന്നു ചിന്തിക്കണം.

വാർധക്യത്തിൽ ഞാനിനി എന്തു പഠിക്കാനാണ് എ ന്നു ചിന്തിക്കുന്നവരുണ്ട്. വാർധക്യത്തിൽ എന്തും പഠിക്കാം എന്നതാണു സത്യം. അറിവ് നൽകുന്ന ആനന്ദവും ആത്മവിശ്വാസവും വളരെ വലുതാണ്. ഇതിന് ഓർമശക്തിയൊന്നും ഘടകമല്ല. പഠിക്കാനൊരു മനസ്സും പഠനത്തിന് ലക്ഷ്യവും വേണമെന്നു മാത്രം.  

പുതിയ കാര്യങ്ങൾ സ്വീകരിക്കാനുള്ള മനസ്സ് വാർധക്യത്തിന് വളരെ അത്യാവശ്യമാണ്. ‘ഇതൊന്നും എന്നെക്കൊണ്ട് പറ്റുന്നതല്ല...’ എന്നല്ല പറയേണ്ടത് ഞാൻ ശ്രമിക്കും എന്നു തന്നെയാണ്.

കോവിഡ്കാലത്ത് ലോകക്രമത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഒരു ഉദാഹരണം നോക്കുക; സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും മൊൈബൽ ഫോൺ  ഉപയോഗിക്കേണ്ട വിധം പഠിക്കാത്ത വൃദ്ധജനങ്ങൾ കുറവാണ്. ഇതുപോലെതന്നെ നൂറുകണക്കിന് പുതിയ കാര്യങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയും.

കൊള്ളാവുന്ന മേഖലകൾ അന്വേഷിച്ച് അങ്ങോട്ടു പോകണം. അത് വിരസതയിൽ നിന്നുള്ള മോചനവുമാകും. എന്തെങ്കിലും ഒരു നല്ല കാര്യത്തിനോടുള്ള അഭിനിവേശം നല്ലതാണ്. അതും വാർധക്യജീവിതം കൂടുതൽ ഊർജസ്വലമാക്കും.

മറന്നുകൂടാ, കരുതലും സ്നേഹവും കൊണ്ടുള്ള കടം വീട്ടൽ

മാനസികമായും ശാരീരികമായും വൃദ്ധജനങ്ങളെ ഉപദ്രവിക്കുക എന്നതു മാത്രമല്ല അവരെ അവഗണിക്കുന്നതും േവണ്ട പരിഗണന കൊടുക്കാതിരിക്കുന്നതും വൃദ്ധജനപീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്.

തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിലെ വിടവുകളാണ് പലപ്പോഴും മുതിർന്ന വ്യക്തികളെ അവഗണിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന വ്യക്തികൾ മറ്റുള്ളവർക്ക് ബാധ്യതയാകും.

കുടുംബത്തിന്റെ നാഥനായും ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയായും കഴിഞ്ഞുവന്ന ആൾ കാലം കഴിയുന്നതോടെ കുടുംബത്തിൽ ബാധ്യതയാകുന്നു. ഇത് തിരിച്ചറിയാതെ പഴയ പ്രതാപത്തോടെ മറ്റുള്ളവരോട് പെരുമാറുന്നു. അങ്ങനെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുകയും ചെറിയ രീതിയിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.

മക്കളെക്കാൾ പലപ്പോഴും മരുമക്കളിൽ നിന്നാണ് വൃദ്ധജനങ്ങൾക്ക് കൂടുതൽ പീഡനങ്ങൾ നേരിടേണ്ടി വരുന്നത്. മക്കൾക്ക് മാതാപിതാക്കളോടുള്ള വൈകാരികബന്ധം ഇവിടെ അപ്രസക്തമാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും വീടിനുള്ളിൽ മക്കൾ നിശബ്ദരാകുകയും മരുമക്കൾ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഇതു പലപ്പോഴും വീടിനുള്ളിൽ മുതിർന്ന പൗരന്മാരെ അവഗണിക്കാനും അവരുടെ ആവശ്യങ്ങ ൾ നിറവേറ്റാതിരിക്കാനും കാരണമാകുന്നു.

മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ അവസ്ഥ മാനസിക പ്രശ്നങ്ങളാണ്. ഇതിൽ തന്നെ മറവിരോഗമാണ് ഏറ്റവും പ്രധാനം. തലച്ചോറിലെ കോശങ്ങൾക്ക് സംഭവിക്കുന്ന നാശമാണ് ഇതിനു കാരണം. ഇതറിയാതെ പുതിയ തലമുറ അവരെ കുറ്റപ്പെടുത്തുകയും ചെയ്യും.

പുതുതായി ഉണ്ടാകുന്ന കാര്യങ്ങൾ മറന്നുപോവുകയും പഴയ കാര്യങ്ങൾ ഓർത്തിരിക്കുകയും ചെയ്യും. നഴ്സറി സ്കൂളിൽ പഠിച്ച സമയത്ത് ഉള്ള കാര്യങ്ങൾ ഓർമയിലുണ്ട്. രാവിലെ ആഹാരം കഴിച്ചത് മറന്നുപോയോ എന്നാകും ബന്ധുക്കൾ ചോദിക്കുന്നത്. തലച്ചോറിനു സംഭവിക്കുന്ന നാശമാണ് രാവിെല ആഹാരം ക ഴിച്ചതുപോലും ഓർമിക്കാൻ കഴിയാത്ത വിധം മുതിർന്ന വരെ മറവിയിലേക്കു തള്ളുന്നത്.

ഓർക്കുക നാളെ നമ്മളും കൊഴിയുന്ന ഇലകളാകും

മറവി ചിലപ്പോൾ ഗുരുതരമായ പെരുമാറ്റവൈകല്യത്തിന് കാരണമാകാം. ഉദാഹരണത്തിന് വീട്ടിലുള്ള പ ണമോ ആഭരണമോ മറ്റ് വില പിടിപ്പുള്ള സാധനങ്ങളോ എവിടെയെങ്കിലും വച്ച് മറന്നുപോകാം. ഇത് കണ്ടുപിടിക്കാൻ കഴിയില്ലെന്നു തോന്നുമ്പോൾ സംഗതി  കുടുംബാംഗങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്യും. ഇത് മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകും.

‌തലച്ചോറിലെ ചില ഭാഗങ്ങൾക്ക് നാശം സംഭവിക്കുമ്പോഴാണ് പലപ്പോഴും പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകുന്നത്. മറ്റുള്ളവർക്ക് പലപ്പോഴും അഹങ്കാരമെന്നു തോന്നുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമായ പെരുമാറ്റങ്ങൾ വൃദ്ധജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകാം. ഇത് രോഗത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അവരോട് സ്നേഹത്തോടെ തന്നെ പെരുമാറണം.

വാർധക്യത്തെ കാർന്നു തിന്നുന്ന മാനസികാവസ്ഥയാണ് വിഷാദം. മടിയുടെ രൂപത്തിലാണ് വിഷാദം തുടങ്ങുന്നത്. ക്ഷീണം, അകാരണമായ സങ്കടം, പേടി, മറവി, തുടങ്ങി പലവിധ ലക്ഷണങ്ങളും വൃദ്ധജനങ്ങൾ കാണിക്കുന്നത് വിഷാദരോഗത്തിന്റെ ഭാഗമായിട്ടായിരിക്കാം. തലച്ചോറിൽ സംഭവിക്കുന്ന ചില രാസമാറ്റങ്ങളുടെ ഫലമാണ് വിഷാദം എന്നതുകൊണ്ടുതന്നെ മരുന്നു കൊണ്ട് ഒരുപരിധി വരെ നിയന്ത്രിക്കാം.

പ്രത്യക്ഷത്തിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങ ൾ പ്രകടിപ്പിക്കുന്നില്ലെങ്കിലും വൃദ്ധജനങ്ങൾ പ്രകടിപ്പിക്കുന്ന പല പെരുമാറ്റവൈകല്യങ്ങളും വിഷാദത്തിന്റെ ലക്ഷണമാകാം. എല്ലാ കാര്യങ്ങൾക്കും സങ്കടപ്പെടുക, മുൻപ് വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തയുടെയും പ്രവൃത്തിയുടെയും വേഗതക്കുറവ് തുടങ്ങിയവ വിഷാദത്തിന്റെ ലക്ഷണങ്ങളാണ്.

വിഷാദം പോലെ തന്നെ മനോജന്യശാരീരിക പ്രശ്നങ്ങളും അലട്ടാം. വ്യക്തമായ കാരണങ്ങൾ ഇല്ലാതെയും ശാരീരിക അസുഖങ്ങൾ അല്ലാതെയും ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ വൃദ്ധജനങ്ങൾ േനരിടുന്ന മനോൈവകല്യമാണ്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. അരുൺ ബി. നായർ, സൈക്യാട്രിസ്റ്റ്,

മെഡിക്കൽ കോളജ്, തിരുവനന്തപുരം

വയോമിത്രം പ്രോജക്റ്റ്, സാമൂഹ്യനീതി വകുപ്പ്,

പൂജപ്പുര, തിരുവനന്തപുരം

Tags:
  • Mummy and Me
  • Parenting Tips