Friday 08 October 2021 02:28 PM IST

അമ്മേ, ഇങ്ങനെയാണോ സ്കൂൾ? ഇതുവരെ സ്കൂളിൽ പോയി പഠിച്ചിട്ടില്ലാത്ത കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ammu Joas

Sub Editor

shutterstock_349673696

ഓൺലൈൻ പഠനമല്ലാതെ, സ്കൂളിൽ പോയി പഠിക്കുന്ന അനുഭവം ഇതുവരെ ലഭിക്കാത്ത കുട്ടികൾ. അവരുടെ ആരോഗ്യകരമായ മാനസിക, വൈകാരിക വളർച്ചയ്ക്കു ശ്രദ്ധിക്കേണ്ടത്. 

പുതിയ കുട, പുതിയ ഉടുപ്പ്... ഇതൊന്നുമില്ലാതെ, ടീച്ചറുടെ വിരൽസ്പർശമറിയാതെ, സ്കൂളിന്റെ പടിപോലും കാണാതെയാണ് ഒന്നാം ക്ലാസ്സുകാർ ഇക്കൊല്ലം രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചത്. ക്ലാസ്സ് റൂം എന്തെന്നു പോലും  മനസ്സിലാകാത്ത കിന്റർ ഗാർടൻ കുട്ടികൾ ഏതോ കാർട്ടൂൺ കാണുന്ന ലാഘവത്തോടെയാണ് ഇപ്പോൾ ഓൺലൈൻ ക്ലാസ്സിലിരിക്കുന്നത്.

ഇനി സ്കൂൾ തുറക്കുമ്പോൾ ആ പഠനരീതിയോടു പൊരുത്തപ്പെടാൻ ഈ കുരുന്നുകൾക്ക് എങ്ങനെ സാധിക്കും എന്നതാണ് മാതാപിതാക്കളുെട ടെൻഷൻ. വീട്ടിൽ തന്നെയുള്ള ഈ അടച്ചിരുപ്പ് കുരുന്നുകളുടെ പെരുമാറ്റത്തെയും പഠനരീതിയെയും ജീവിതത്തെ തന്നെയും തെറ്റായി സ്വാധീനിക്കുമോ?  

മാനസിക വളർച്ചയുടെ ഘട്ടം

കുഞ്ഞ് ജനിച്ചു മൂന്നു വയസ്സുവരെയാണ് മസ്തിഷ്ക കോശങ്ങളുടെ എണ്ണത്തിൽ വളർച്ചയുണ്ടാകുന്നത്. അതിനു ശേഷമുള്ള ബുദ്ധിവളർച്ച സംഭവിക്കുന്നത്, മസ്തിഷ്ക കോശങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കപ്പെടും വഴിയാണ്. മാനസിക, വൈകാരിക, സാമൂഹിക വികാസത്തിന് വ്യത്യസ്തമായ അനുഭവങ്ങളിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും കടന്നു പോകണം. എന്നാൽ കോവിഡ് കാലമായതോടെ മിക്ക കുട്ടികളും ‘അമ്മേ, ബോറടിക്കുന്നു, എന്നും വീട്ടിലിരുന്നു കളിച്ചു മടുത്തു...’ എന്നെല്ലാം നിഷ്കളങ്കമായി പറയുന്നില്ലേ? ആവർത്തന വിരസമായ ജീവിതത്തിലേക്കാണ് അവർ ശ്രദ്ധ ക്ഷണിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ അവരുടെ മാനസിക വികാസത്തിനുള്ള സാധ്യതയാണ് കുറയ്ക്കുന്നത്.

∙ പുറത്തു പോകാനോ ആളുകളുമായി ഇടപെടാനോ ഇ പ്പോൾ കുട്ടികൾക്ക് അവസരമില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ വിഡിയോ കോളിലൂടെ കണ്ടു സംസാരിക്കാൻ ഇടയ്ക്കിടെ അവസരം നൽകാം.

∙ ‘ഓടിക്കളിച്ചുകൊണ്ടിരുന്നപ്പോള്‍, കൂട്ടുകാരൻ വീണു പ രുക്കേറ്റു. അപ്പോള്‍ മോൾ/മോൻ എന്തു ചെയ്യും?’ ഇങ്ങനെ സാഹചര്യങ്ങൾ നൽകി അവയെ കുറിച്ച് ചിന്തിക്കാനും പ്രതികരിക്കാനും പറയണം.

∙ പ്രായത്തിന് അനുസൃതമായ ഉത്തരവാദിത്തങ്ങൾ കുട്ടികൾക്കു നൽകണം. ഭക്ഷണം കഴിക്കും മുൻപ് പാത്രങ്ങൾ എടുത്തു വയ്ക്കുക, കഴുകിയുണങ്ങിയ വസ്ത്രങ്ങൾ അലമാരയിൽ കൊണ്ടുവയ്ക്കുക, പച്ചക്കറികളും മറ്റും വാങ്ങിവരുമ്പോൾ അവ തരം തിരിച്ച് അടുക്കി വയ്ക്കുക എന്നിങ്ങനെ വീടിനുള്ളിലും ചെയ്യാൻ കാര്യങ്ങളേറെയുണ്ട്.

∙  പുതിയ ക്ലാസ്സിലെ കുട്ടികളുമായി മക്കൾക്ക് അപരിചിതത്വം കാണും. ഓൺലൈനിൽ ഹായ്, ബൈ പറയുന്നതിൽ മാത്രം ഒതുങ്ങുന്നതാകരുത് അവരുടെ ബന്ധം. ക്ലാസ്മേറ്റ്സിന്റെ മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിച്ച് കുട്ടികൾക്ക് അനോന്യം സംസാരിക്കാനും, വിശേഷങ്ങൾ പറയാനും സാഹചര്യം ഒരുക്കാം.

ചിട്ടകൾ പഠിക്കാനുണ്ട്

രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുക. പല്ലു തേച്ചു കുളിച്ച് ഭക്ഷണം കഴിച്ച് സ്കൂളിൽ പോകുക. ഒൻപതു മുതൽ മൂന്നു മണി വരെ സ്കൂളില്‍ ടൈംടേബിൾ അനുസരിച്ചുള്ള പഠനം. വൈകുന്നേരമായാൽ സ്കൂളിലേക്കു കൊണ്ടു പോയ ലഞ്ച് ബോക്സും ബുക്കുകളും മറക്കാതെ തിരികെ കൊണ്ടുവരിക. ഇതിലൂടെയൊക്കെ കുട്ടികൾ സ്വയമറിയാതെ ചില ചിട്ടകൾ പഠിക്കുന്നുണ്ട്.

∙ കുട്ടികൾക്ക് ഉണരാനും ഉറങ്ങാനും സമയം നിശ്ചയിക്കുകയും അതു പാലിക്കുകയും വേണം. മുന്നോട്ടുള്ള ചിട്ടയായ ജീവിതരീതിയുടെ തുടക്കമാണിതെന്ന് മനസ്സിലാക്കുക.

∙ സ്കൂളിൽ പോയി തുടങ്ങുമ്പോഴാണ് കുട്ടികൾ തനിയെ ഭക്ഷണം കഴിച്ചു തുടങ്ങുന്നത്. പാത്രത്തിൽ നിന്നു താഴെ വീഴാതെ കഴിക്കാനും, വസ്ത്രങ്ങളിൽ ആഹാരം വീഴ്ത്താതിരിക്കാനും  അവർ പഠിക്കുന്നു. എന്നാൽ കുട്ടികൾ വീട്ടിലിരിപ്പായപ്പോൾ മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെയാകും  ഭക്ഷണം വാരി നൽകുന്നത്. ആ ശീലം വേണ്ട. എല്ലാ നേരവും സ്വയം കഴിച്ചു ശീലിക്കട്ടെ.

shutterstock_771601060

∙ ക്ലാസ് വർക്, ഹോംവർക് എന്നീ വ്യത്യാസം  കുട്ടികൾക്കിപ്പോൾ മനസ്സിലാകുന്നുണ്ടോ എന്നു തന്നെ സംശയമാണ്. എല്ലാം ഇപ്പോൾ ‘ഹോമി’ലിരുന്നുള്ള വർക്ക് ആണല്ലോ... എല്ലാ ദിവസവും വൈകുന്നേരം ഹോം വർക്കിനായി കൃത്യസമയം വയ്ക്കാം. സ്കൂളിൽ പോയി തുടങ്ങുമ്പോഴും ഈ സമയം തന്നെ പാലിക്കാൻ പറയണം.

പുറത്തുവരട്ടെ അഭിരുചികൾ

സ്പോർട്സ് ‍‍ഡേ, ആർട്സ് ഡേ പോലുള്ള ഇവന്റ്സ് ഇല്ല എന്നതാണ് മറ്റൊരു വെല്ലുവിളി. കഴിവുകൾ പ്രകടിപ്പിക്കാനോ, അവയ്ക്കു ലഭിക്കുന്ന കയ്യടികളിൽ നിന്നു പ്രോത്സാഹനം കണ്ടെത്താനോ ഒന്നും അവർക്കാകുന്നില്ല. ചെറുപ്പത്തിലേ തന്നെ മാറ്റേണ്ട ഒന്നാണ് സ്റ്റേജ് ഫിയർ. പക്ഷേ, കൊച്ചുകുട്ടികൾക്കു അതിനുള്ള അവസരവും ഇപ്പോഴില്ല.

പലതരം കളികൾ, കലകൾ, ഭാഷകൾ എന്നിവ പരിശീലിക്കുന്ന കുട്ടികളിൽ ഉയർന്ന പഠന നിലവാരവും മാനസിക വളർച്ചയുമുണ്ടാകുമെന്ന് ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഇതിനുള്ള സാഹചര്യം വീട്ടിൽ തന്നെ ഒരുക്കികൊടുക്കാം.

∙ ഓൺലൈൻ ക്ലാസ് ഇല്ലാത്തപ്പോൾ ഗെയിം, ടിവി, കാർട്ടൂൺ എന്നിവയിലൂടെ സമയം കളയുന്ന കുട്ടികളെ കാരംസ്, സ്നേക്സ് ആൻഡ് ലാഡേഴ്സ്, മെമ്മറി ഗെയിംസ് തുടങ്ങിയവ പരിശീലിപ്പിക്കാം.

∙ കുട്ടിക്ക് ശോഭിക്കാൻ കഴിയുന്ന അഭിരുചി കണ്ടെത്താനാകുക പലപ്പോഴും അധ്യാപകർക്കാകും. ഓൺലൈനായി മിക്ക സ്കൂളുകളും ഇവന്റ്സ് സംഘടിപ്പിക്കുന്നുണ്ട്. ഇ ത്തരം മത്സരങ്ങളിൽ കുട്ടിയെ പങ്കെടുപ്പിക്കണം. ചിത്രംവരയോ, കഥ പറച്ചിലോ, പാട്ടോ എന്തുമാകട്ടെ കുട്ടിയുടെ ഉള്ളിലെ അഭിരുചി ഉണർത്താനുള്ള ചെറിയ അവസരം പോലും പാഴാക്കരുത്.

∙ കുട്ടികളുടെ കലാപ്രകടനങ്ങൾ റിക്കോർഡ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചു നൽകാം. അവയ്ക്കു ലഭിക്കുന്ന പ്രോത്സാഹനങ്ങൾ കുട്ടികളെ അറിയിക്കുകയും വേണം.

∙  വായനാലോകത്തേക്ക് കുട്ടികളെ നയിക്കാന്‍ യോജിച്ച സമയമാണിത്. വീട്ടിലിരുന്നു മടുത്ത കുട്ടികൾക്ക് പുസ്തകങ്ങൾ പുതിയ ലോകത്തിലേക്കുള്ള വാതിൽ തുറക്കും. ബുക്കുകൾ വാങ്ങിനൽകും മുൻപായി എല്ലാ ദിവസവും കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കാം. പതിയെ പതിയെ അവരെക്കൊണ്ട് കഥ വായിപ്പിക്കാം.

∙ കാർട്ടൂൺ ചാനലിലെ കഥാപാത്രത്തിന്റെ സംസാരരീതിയാണ് ഇപ്പോൾ മിക്ക കുട്ടികൾക്കും. അതിനാൽ നല്ല സംഭാഷണരീതിയും നിലവാരമുള്ള കാർട്ടൂണുകളെ കുട്ടികളെ കാണിക്കാവൂ. അതും ഒരു മണിക്കൂറിലധികം വേണ്ട. പല ഭാഷകളിലുള്ള കാർട്ടൂണുകളും അനിമേഷൻ സിനിമകളും കാണുന്നത് ഭാഷാനൈപുണ്യം വളർത്തും.

∙ ഭാഷ വളരുന്നത് സംസാരത്തിലൂടെയാണ്. അതിനുള്ള അവസരം വീട്ടിലുള്ളവർ തന്നെ ഒരുക്കണം. ഇംഗ്ലിഷ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകൾ വീട്ടിൽ സംസാരിക്കാം.  

വികൃതി കൂടുന്നുണ്ടോ?

‘വിചാരിക്കുന്ന കാര്യങ്ങൾ അപ്പോ തന്നെ സാധിച്ചു കിട്ടണം, അല്ലെങ്കിൽ വഴക്കും ബഹളവും. പറയുന്നതിൽ പകുതിയും കേൾക്കുന്നില്ല, അത്രയും ശ്രദ്ധക്കുറവ്’ മക്കളെപറ്റി ഇങ്ങനെ പരാതി പറയുന്നവർ കുട്ടികൾക്ക് എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോർഡർ) ഉണ്ടോ എന്നു പരിശോധിക്കണം.

കോവിഡ് കാലത്തിനു മുൻപ് കുട്ടികളിൽ നടത്തിയ പഠനത്തിൽ അഞ്ചു ശതമാനം കുട്ടികളിലായിരുന്നു എഡിഎച്ച്ഡി ഉണ്ടായിരുന്നത്. എന്നാൽ  സമീപകാലത്തു പുറത്തു വന്ന കണക്കിൽ അതു 10 ശതമാനമായി വർധിച്ചിട്ടുണ്ട്. ഇതിനു കാരണം വീട്ടിലെ അടച്ചിരിപ്പാകാം.

∙ ഓടിച്ചാടി നടക്കുന്നവരാണ് കുട്ടികൾ. വീടിനു പുറത്തിറങ്ങി തിമിർത്തു കളിക്കാനുള്ള അവസരം ഇല്ലാതായതോടെ കുട്ടികളുടെ എനർജി അമിത വികൃതി പുറത്തേക്കു വരാം. ശാരീരിക വ്യായാമം കുറവുള്ള കുട്ടികളിലും വികൃതി കൂടും. ഈ പ്രശ്നം പരിഹരിക്കാൻ രാവിലെയും വൈ കുന്നേരവും വ്യായാമം ശീലമാക്കാം. കളികളിൽ മക്കൾക്കൊപ്പം കൂടാം.

∙ വ്യായാമം അല്ലെങ്കിൽ കായിക വിനോദത്തിൽ ഏർപ്പെടുന്നുതു കൊണ്ട് മറ്റു ഗുണങ്ങളുമുണ്ട്. ആഹ്ലാദവും ഉന്മേഷവും ജനിപ്പിക്കുന്ന എൻഡോർഫിൻ ഉൽപാദിക്കപ്പെടും. അപ്പോൾ ‘ഹാപ്പി കിഡ്സ്’ ആയി അവർ പാറിനടന്നോളും.

പകലത്തെ കായിക വിനോദങ്ങളുടെ കുറവ് രാത്രിയിലെ ഉറക്കത്തെ ബാധിക്കും. കൃത്യമായ ഉറക്കം കിട്ടാതെ വരുന്നത് പഠനത്തെയും. അതിനാൽ ഫിസിക്കൽ ആക്ടിവിറ്റി കുട്ടികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

shutterstock_475752640

പങ്കുവയ്ക്കലിന്റെ സന്തോഷം

മിക്ക വീട്ടിലും ഇപ്പോൾ ഒറ്റകുട്ടികളാണ്. ഇഷ്ടമുള്ള ആ ഹാരവും കളിപ്പാട്ടവും ഒറ്റയ്ക്ക് ആസ്വദിച്ചു വളരുന്നവർ. ഇ നി  രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ തന്നെ രണ്ടാൾക്കും വെവ്വേറെയാകും സാധങ്ങൾ വാങ്ങുക. പക്ഷേ, സ്കൂളിൽ കൂട്ടുകാരുമായുള്ള പങ്കിടൽ കണ്ടീഷൻസ് ഇല്ലാതെയുള്ള ഷെയറിങ്ങാണ്. തന്റെ കയ്യിലുള്ള മിഠായിയുടെ ഒരു പങ്കാണ് സുഹൃത്തിനു നൽകുന്നത്.

∙ സുഹൃത്തുക്കളുടെ പിറന്നാളിന് സമ്മാനം വാങ്ങി അയച്ചു നൽകാം. നൽകുന്നതിലൂടെയും സന്തോഷം കണ്ടെത്താമെന്ന പാഠം കുട്ടികൾ പഠിക്കും. സൗഹൃദവും വളരും.

∙ കഥയും പാട്ടും ഒന്നിച്ചു പഠിക്കുക, അവ ഏറ്റുചൊല്ലുക തുടങ്ങിയ ക്ലാസ് മുറിയിലെ രസകരമായ നിമിഷങ്ങളാണ് സുഹൃത്തുക്കളുമായുള്ള ഇഴയടുപ്പം കൂട്ടുന്നത്. വിഡി     യോ കോളിലൂടെ ഇതിനുള്ള സാഹചര്യം ഒരുക്കാം.

അധ്യാപകരും ശ്രദ്ധിക്കണം

സ്കൂൾ സെക്കൻഡ് ഹോം ആണ്. ടീച്ചർമാരാണ് അവിടെ അമ്മയുടെയും അച്ഛന്റെയും റോള്‍ നിർവഹിക്കുന്നത്. ടീച്ചർ സ്വന്തം വീട്ടിലും കുട്ടി കുട്ടിയുടെ വീട്ടിലുമായതോടെ ആ ഇഴയടുപ്പം കുറഞ്ഞുപോയി. ഇത് നികത്താനുള്ള ശ്രമം മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നു വേണം.

∙ അധ്യാപകർ ഓൺലൈനായി തന്നെ കുട്ടികളോടു സം വദിക്കണം. എല്ലാ ദിവസം സിലബസിലുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നതിനു പകരം ആഴ്ചയിൽ ഒരു ദിവസമെങ്കിലും വെറുതെ സംസാരിച്ചിരിക്കാം. ക്ലാസിലെ കൂട്ടുകാർ തമ്മിൽ സംസാരിക്കാനുള്ള സമയവും നൽകണം.

∙ വീട്ടിലെ അലസമായ അന്തരീക്ഷത്തിലിരുന്നാണ് കൊച്ചുകുട്ടികളുടെ പഠനം. അതുകൊണ്ടു തന്നെ ശ്രദ്ധയും കുറയും. പഠിക്കാനായി പ്രത്യേക ഇടം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. പാഠപുസ്തകങ്ങൾ, ടൈം ടേബിൾ, പെ‌ൻസിൽ ബോക്സ് ഇവയെല്ലാം ഇവിടെ മാത്രമേ വയ്ക്കാവൂ. പഠന സാമഗ്രികളല്ലാതെ ശ്രദ്ധ മാറ്റുന്ന തരത്തിൽ  ഒന്നും അവിടെ വയ്ക്കരുത്.

ക്ലാസ്സിനിടയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയാൻ കുട്ടികളെ പ്രേരിപ്പിക്കണം. അതതു ദിവസം പ ഠിച്ച പാഠങ്ങള്‍ വൈകിട്ട് പറഞ്ഞുകേൾപ്പിക്കാൻ പറയാം. അവ ശ്രദ്ധയോടെ കേൾക്കുകയും വേണം. അപ്പോൾ കുട്ടിക്കും ഉൽസാഹം കൂടും.

അവർക്കുമുണ്ട് ഉത്കണ്ഠ

തീരെ ചെറിയ കുട്ടികളിൽ പോലും അമിത ഉത്കണ്ഠയുണ്ടാകുന്നുണ്ട് ഈ കോവിഡ് കാലത്ത്. തനിക്കോ തന്റെ അച്ഛനോ അമ്മയ്ക്കോ കോവിഡ് വ രുമോ എന്ന ആശങ്കകൾ വരെ കുഞ്ഞിമനസ്സിലുണ്ട്.

ആവർത്തിച്ചാവർത്തിച്ച് കൈ കഴുകുക, വീടിനു പുറത്തേക്കിറങ്ങിയാൽ കൊറോണ പിടിപെടുമോ എന്നു ഭയക്കുക, എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ കോവിഡ് ആണോ എന്നു പേടിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കുട്ടികളെ കോവിഡ് ജാഗ്രത ഉണ്ടാക്കാന്‍ അനാവശ്യമായി അവരി‍ൽ ഭയം വളർത്തരുത്. ജീവിതത്തിൽ എപ്പോഴും പാലിക്കേണ്ട വ്യക്തിശുചിത്വം മതി കോവിഡിനെയും തുരത്താൻ എന്നു പറയുക. വാക്സീന്‍ എടുത്തതിലൂടെ അമ്മയുടെയും അച്ഛന്റെയും ശരീരത്തിൽ കോവിഡ് ഫൈറ്റേഴ്സ് എത്തിയിട്ടുണ്ടെന്നും ഇനി പേടിക്കേണ്ട എന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കുക.

ശരീരവേദന എന്ന പരാതി

കൈകാലുകൾക്ക് വേദന, ക്ഷീണം, ഓർമക്കുറവ്, പ കൽസമയം ഉറക്കം തൂങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടെങ്കിൽ അതു വൈറ്റമിൻ ‍ഡിയുടെ അ പര്യാപ്തത ആകാം. എല്ലുകളുടെയും പല്ലുകളുടെയും വളർച്ച, രോഗപ്രതിരോധശേഷി, ശാരീരിക ക്ഷമത എന്നിവയ്ക്കെല്ലാം വൈറ്റമിൻ ഡി വളരെ അത്യാവശ്യമാണ്.  

ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയശേഷം പഠനത്തിൽ പിന്നാക്കം പോയ കുട്ടികളിൽ നടത്തിയ പഠനത്തിൽ 86 ശതമാനം പേരിലും വൈറ്റമിൻ ഡി കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. സൂര്യപ്രകാശം കൊള്ളുന്നത് കുറയുന്നതാണ് കാരണം. രാവിലെ ഏഴു മുതൽ ഒൻപതു വരെ, വൈകുന്നേരം നാലു മുതൽ ആറു വരെയുള്ള സമയത്ത് കുട്ടികളെ വെയിൽ കൊള്ളാൻ അനുവദിക്കണം. മുറ്റത്തോ ബാൽക്കണിയിലോ ടെറസ്സിലോ ഇറങ്ങി നിന്ന് വെയിലേൽക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ, സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Mummy and Me
  • Parenting Tips